പഞ്ചായത്തിലൂടെ

ചങ്ങനാശ്ശേരിയില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ ആദ്യം കാണുന്ന ഏക കരഭൂമി വെളിയനാട് ആയിരുന്നു എന്നാണ് പറയുന്നത്. ചേര രാജാക്കന്മാരുടെ കാലത്ത് തമിഴ് ഭാഷയ്ക്ക് ഇവിടെ പ്രധാന്യം ഉണ്ടായിരുന്നു. തമിഴ് ഭാഷയില്‍ വെളിയനാട് എന്ന പദത്തിന്റെ അര്‍ത്ഥം വിദേശ രാജ്യം എന്നാണ്. ചങ്ങനാശ്ശേരിയില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ കായലിന്റെ നടുക്ക്  എന്നു തോന്നുമാറ് കാട് പിടിച്ച് കിടന്നതും എട്ടുപത്തുനാഴിക ദൂരെയുള്ളതുമായ പ്രദേശമായിരുന്നതിനാല്‍ ഒരു വിദേശ രാജ്യമായി അന്നത്തെ ആളുകള്‍ ഇതിനെ കരുതിയിരിക്കാം. വിദേശരാജ്യം എന്നര്‍ത്ഥം വരുന്ന വെളിയിലെനാട് ക്രമേണ വെളിയനാട് ആയി രൂപാന്തരപ്പെട്ടു എന്നാണ് ഐതിഹ്യം. വെളിയനാട് പ്രദേശത്തെ പൌരാണിക ക്ഷേത്രങ്ങളില്‍ ഒന്നാണ് നല്ലൂത്രക്കാവ് ക്ഷേത്രം. വെളിയനാട് പഞ്ചായത്തിന്റെ 2-ാം വാര്‍ഡില്‍ ചേലയാറിന്റെ തീരത്ത് വിശുദ്ധ ഗ്രിഗോറിയോസ്സ് തൌമത്തൂര്‍ഗ്രസ്സിന്റെ നാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവലായം 1898 നവംബര്‍ മാസം 13-ാം തീയതിയാണ് സ്ഥാപിച്ചത്. പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പഞ്ചായത്താഫീസ്സിനു സമീപമുള്ള മാര്‍ സ്തേഫാനോസ്സ് ക്നാനായ യാക്കോബായ പള്ളി 1956 ല്‍ സ്ഥാപിതമായിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തിന്റെ 3-ാം വാര്‍ഡില്‍ ചേലയാറിന്റെ തീരത്ത് കുന്നംകരി സെന്റ് മേരീസ് ബേദ്ലേഹം പള്ളി സ്ഥിതി ചെയ്യുന്നു. വെളിയനാട്  പഞ്ചായത്തില്‍ ഏതാണ്ട് 1941 ഹെക്ടര്‍ ഭൂമിയുണ്ട്. എട്ടു വാര്‍ഡുകളുള്ള വെളിയനാട് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.41 ച.കിലോമീറ്റര്‍ ആണ്. ജനസംഖ്യയില്‍ 62.5% കര്‍ഷകരും  കര്‍ഷക തൊഴിലാളികളുമാണ്. ഒരു ഹെക്ടറില്‍  കൂടുതല്‍  ഭൂമിയുള്ളവരുടെ എണ്ണം പരിമിതമാണ്. ഒരു പുഞ്ചകൃഷി മാത്രം ഇപ്പോള്‍ നടത്തി വരുന്ന ഈ പഞ്ചായത്തില്‍ മൃഗപരിപാലനത്തിലൂടെയും മത്സ്യബന്ധത്തിലൂടെയും വരുമാനം കണ്ടെത്തുന്നവരാണ് സാധാരണ ജനങ്ങള്‍. ഈ പഞ്ചായത്തില്‍ കഴിഞ്ഞ കുറേ വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സര്‍ക്കാര്‍ മൃഗാശുപത്രി ഉണ്ട്. വെളിയനാട് ഗ്രാമപഞ്ചായത്തില്‍ 18 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചേലയാറ്, പനയാറ്, മണ്ണാര്‍ തോട്, കരിത്തോട്, നെല്‍പ്പുരത്തോട്, മുട്ടാര്‍ , നിലംപേരൂര്‍  എന്നീ പ്രധാന ജലാശയങ്ങളാണ് മത്സ്യബന്ധനത്തിന് പ്രയോജനപ്പെടുന്നത്. ഈ പഞ്ചായത്തില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് ഉള്ളത്. ചേലയാറ്, പനയാറ്, പുത്തനാറ് എന്നീ പ്രധാന നദികളും നെല്‍പ്പുരതോട്, വണ്ണാര്‍തോട്, കരിതോട് എന്നിവയും വെളിയനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. വിദ്യാഭ്യാസ രംഗത്ത് ഒട്ടു വളരെ നേട്ടങ്ങള്‍ കൈവരിച്ച പ്രദേശമാണ് വെളിയനാട് പഞ്ചായത്ത്. പഞ്ചായത്തില്‍ രണ്ടു ഹൈസ്കൂളുകള്‍ ഉള്‍പ്പെടെ എട്ട് അംഗീകൃത സ്ക്കൂളുകള്‍ നിലവിലുണ്ട്. ആദ്യത്തെ ഔപചാരിക വിദ്യാലയം ഏകദേശം  ഒരു നൂറ്റാണ്ടിനു മുന്‍പ് സ്ഥാപിച്ച ഗവ.എല്‍ പി ബി സ്ക്കൂളാണ്. പുത്തന്‍ കളത്തിലെ  പി.പി.കുര്യന്റെ ശ്രമഫലമായി സ്ഥാപിതമായ ഈ സ്ക്കൂള്‍ കുട്ടനാട്ടിലെ തന്നെ രണ്ടാമത്തെ സ്ക്കൂളാണ് എന്നത് പ്രത്യേകം ശ്രദ്ധയേമാണ്. പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ ഹൈസ്ക്കൂളാണ് കിടങ്ങറായിലുള്ള ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍.