കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ പ്രതാപം പേറുന്ന ഭൂപ്രദേശങ്ങളാണ് ബ്ളോക്കിലെ ആറു പഞ്ചായത്തുകളും. കുട്ടനാട് എന്ന പേര് ഉണ്ടായതിനെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു. ഇപ്പോഴത്തെ കുട്ടനാട് സ്ഥിതി ചെയ്യുന്നിടം പുരാതനകാലത്ത് വിസ്തൃതമായ വനപ്രദേശങ്ങളായിരുന്നുവെന്നും, എന്നാല്‍ പില്ക്കാലത്തുണ്ടായ കാട്ടുതീയില്‍ ഈ വനങ്ങള്‍ ദഹിച്ചുപോയെന്നും, അങ്ങനെ കാട്ടുതീയാല്‍ ചുട്ടുപോയ നാട് എന്ന അര്‍ത്ഥത്തില്‍ “ചുട്ടനാട്” എന്നു വിളിക്കപ്പെട്ടുവെന്നും, അത് കാലാന്തരേണ കുട്ടനാട് എന്നായിത്തീര്ന്നുവെന്നുമാണ് പ്രബലമായൊരൈതിഹ്യം. എന്നാല്‍ രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ഭരണം നടത്തിയിരുന്ന ചേര-ചോള രാജാക്കന്മാരുടെ കാലത്താണ് കുട്ടനാട് എന്ന പേര് ലഭിച്ചത് എന്ന് ചരിത്ര പണ്ഡിതന്മാര് പറയുന്നു. ചേരന്മാരും ചോളന്മാരും ഉയര്‍ന്ന പ്രദേശങ്ങളെ “നത്തൈനാട്” എന്നും താഴ്ന്ന പ്രദേശങ്ങളെ “കുത്തൈനാട്” എന്നും വിളിച്ചു വന്നിരുന്നു. അങ്ങനെ “കുത്തൈനാട്” എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പില്ക്കാലത്ത് “കുട്ടനാട്” ആയിത്തീരുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. ചേര-ചോള രാജാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു എ.ഡി ആദ്യ നൂറ്റാണ്ടുകളില്‍ ഈ പ്രദേശം. പിന്നീട് ചെറുതും വലുതുമായ നിരവധി നാടുവാഴികളുടെ ആധിപത്യത്തിന്‍കീഴിലായിരുന്ന കുട്ടനാട് ഉള്‍പ്പെടുന്ന പ്രദേശം ഏറ്റവുമൊടുവില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായി. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് വര്‍ണ്ണവ്യവസ്ഥയുടെ താഴെത്തട്ടിലും അതില്‍ പോലും പെടാതെയുമിരുന്ന, മനുഷ്യ ജീവികള്‍ക്ക് കേവലം അക്ഷരാഭ്യാസം പോലും ഇവിടെയുണ്ടായിരുന്ന മേലാളജാതിക്കാര്‍ നിഷേധിച്ചിരുന്നു. കൃഷിയാണ് ഈ പ്രദേശത്തെ പ്രധാന തൊഴില്‍മേഖല. മധ്യതിരുവിതാംകൂറിന്റെ സംസ്ക്കാരം നിലനിര്‍ത്തിപ്പോരുന്ന ഇവിടുത്തെ ഗ്രാമങ്ങള്‍ ഗ്രാമീണനാടന്കലകളുടെ കളിത്തൊട്ടിലാണ്. ജലാശയങ്ങളും തടാകങ്ങളും തുരുത്തുകളും ദ്വീപസമൂഹങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശം. കേരളത്തിന്റെ സാംസ്കാരികപ്രതീകങ്ങളായി ലോകമെങ്ങും അറിയപ്പെടുന്ന ജലോത്സവങ്ങളില്‍ പലതും നടന്നുവരുന്നത് ഈ ബ്ളോക്കിലെ വിവിധ പ്രദേശങ്ങളിലാണ്. ആയില്യം-മക ദിനാഘോഷത്തോടനുബന്ധിച്ച് രാമങ്കരിയിലും മങ്കൊമ്പിലും ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് കിടങ്ങറയിലും വള്ളംകളി നടത്തിവന്നിരുന്നു. കൂടാതെ കാവാലം, മുട്ടാര്‍, മിത്രക്കരി, കുന്നംകരി, ചെറുകര എന്നീ പ്രദേശങ്ങളും വള്ളംകളി ജലോത്സവങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. പുളിങ്കുന്ന് “രാജീവ്ഗാന്ധി ജലോത്സവം” വളരെ പ്രസിദ്ധമാണ്. ഭൂപ്രകൃതിയാലും ജൈവവൈവിധ്യത്താലും അനുഗൃഹീതമാണ് കുട്ടനാട്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശം എന്ന പ്രത്യേകത കൂടി കുട്ടനാടിനുണ്ട്. പമ്പയാറും, മണിമലയാറും ബ്ളോക്കിലൂടെ കടന്നുപോകുന്നു. ബ്ളോക്കിന്റെ പരിധിയില്‍പ്പെടുന്ന നീലംപേരൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ളത്. ബ്ളോക്കിന്റെ പരിധിയില്‍ വരുന്ന പ്രധാന കായല്‍ നിലങ്ങള്‍ രാജരാമപുരം, ഇരുപത്തിനാലായിരം, പഴയ പതിനാലായിരം, ആറായിരം, മംഗലം മഠത്തില്‍ കായല്‍, മതികായല്‍ എന്നിവയാണ്. കൂടാതെ ചെറുതും വലുതുമായ നിരവധി പാടങ്ങളും ഇവിടെയുണ്ട്. കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ ഒരു ഭാഗം ഉള്‍പ്പെടുന്ന ബ്ളോക്കുപ്രദേശത്ത് പൊതുവേ ചെളിമയവും നല്ല വളക്കൂറുമുള്ള മണ്ണാണ്. ബ്ളോക്കിലെ പ്രധാന തൊഴില്‍മേഖല നെല്‍കൃഷിയാണ്. വെള്ളത്തിനടിയില്‍ നിന്നും ചേറു കുത്തിയെടുത്ത് ചവറും, മരക്കൊമ്പുകളുമിട്ട് ബലപ്പെടുത്തി നെല്‍വയലുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന അപൂര്വ്വസമ്പ്രദായം കുട്ടനാടിന്റെ മാത്രം സവിഷേഷതയും, കാര്‍ഷികസംസ്കൃതിയെ നെഞ്ചിലേറ്റി സ്നേഹിച്ച ഒരു ജനതയുടെ പരമ്പരാഗതവും, സ്വാഭാവികവും, നൈസര്‍ഗ്ഗികവുമായ ബുദ്ധിയുടെയും കായികകരുത്തിന്റെയും തെളിവുമായിരുന്നു. ഇതിന് പുറംവേലി എന്നായിരുന്നു പറഞ്ഞിരുന്നത്. കുത്തിയെടുത്ത് പുറംവേലി കൊണ്ട് വേര്‍തിരിച്ച വയലുകളിലെ വെള്ളം വറ്റിക്കുന്നതിനുള്ള യന്ത്രങ്ങളൊന്നും അക്കാലത്ത് ഇവിടെ എത്തിപ്പെട്ടിരുന്നില്ല. ചക്രം ചവിട്ടിയാണ് വെള്ളം വറ്റിച്ചിരുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ ഇടവിട്ടായിരുന്നു. ഇവിടെ ആ കാലങ്ങളില്‍ നെല്‍കൃഷി ചെയ്തുകൊണ്ടിരുന്നത്. ചെമ്പാവും, ചെന്നല്ലും, വരികുറുകയും, അതിക്കിരാലിയും, കുളപ്പാലയും, വൈക്കത്താര്യനും, കരിവെണ്ണലും, കൊച്ചുവിത്തും, മൈലയും, കുഞ്ഞതിക്കിരയും മറ്റുമായിരുന്നു അക്കാലത്തെ വിത്തിനങ്ങള്‍. രാസവളങ്ങളെപ്പറ്റിയോ കീടനാശികളെപ്പറ്റിയോ അന്നുള്ളവരുടെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. പകരം ജൈവവളപ്രയോഗം മാത്രമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. കീടനശീകരണത്തിന് പുഴുക്കൊട്ടയും നായ്ങ്കണയും മറ്റും ഉപയോഗിച്ചിരുന്നു. വിളവോ കൂടിയതു പത്തു മേനി ആയിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം ആകെ കൈമാറ്റം വന്നിരിക്കുന്നു. ഒക്ടോബര്‍, നവംബര്‍ മുതല്‍ ഫെബ്രുവരി, മാര്‍ച്ച് വരെയുള്ള പുഞ്ച സീസണിലാണ് നെല്ല് പ്രധാനമായും കൃഷി ചെയ്യുന്നത്. പുരയിടങ്ങളില്‍ പ്രധാനമായും തെങ്ങു കൃഷി ചെയ്യുന്നു. ഇടവിളയായി വാഴ, പച്ചക്കറികള്‍, മരച്ചീനി, കുരുമുളക്, കമുക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വെളിയനാട് ബ്ളോക്ക് ഉള്‍പ്പെടുന്ന കുട്ടനാടന്‍ പ്രദേശം പണ്ടുമുതല്‍ തന്നെ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലായിരുന്നു. സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം തുടങ്ങുന്നതിന് മുന്‍പു തന്നെ കുട്ടനാട്, കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള പ്രദേശമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയങ്ങള്‍ ബ്ളോക്കുപ്രദേശത്ത് ഇപ്പോഴുമുണ്ട്. 1850-ല്‍ സ്ഥാപിതമായതും കാവാലം പഞ്ചായത്തിലെ ആദ്യസ്ക്കൂളുമായ സി.എം.എസ് എല്‍.പി സ്കൂളാണ് ബ്ളോക്കിലെ ഏറ്റവും പഴക്കം ചെന്ന പള്ളിക്കൂടം. എല്‍.ഡി.സുഫ്റ എന്ന വിദേശിയായിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചത്. അധ:സ്ഥിത ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ ഈ സ്ക്കൂള് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷിച്ച വേഴപ്ര ഗവ.എല്‍.പി.സ്ക്കൂളും ഈ ബ്ളോക്കിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ്. രാമങ്കരി പഞ്ചായത്തിലെ വേഴപ്രയില് തന്നെയുള്ള ഗവ.യു.പി.എസും, വെളിയനാട് ഗവ.എല്‍.പി.എസുമാണ്പഴക്കം ചെന്ന മറ്റു പ്രമുഖവിദ്യാലയങ്ങള്. റോഡുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ജലമാര്‍ഗ്ഗമുള്ള ഗതാഗതമായിരുന്നു പഴയകാലത്ത് ഇവിടെ മുന്നിട്ടുനിന്നിരുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ആവിര്‍ഭാവത്തോടെയാണ് ഈ പ്രദേശത്തെ ഗതാഗതരംഗം വികസിച്ചത്. ജലഗതാഗതം മാത്രമുണ്ടായിരുന്ന കാലത്ത് തണ്ടുവച്ച വള്ളങ്ങള്‍, ചുരുളന്വള്ളങ്ങള്, വളവര വച്ച വള്ളങ്ങള്‍ എന്നിവയായിരുന്ന വിവിധ ജലവാഹനങ്ങള്‍. കുറഞ്ഞത് 50 ആളുകളെയെങ്കിലും കയറ്റാവുന്ന മനോഹരമായ കൂടാരവള്ളങ്ങള് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചുവന്നിരുന്നു. ഭരണാധികാരികളുടെ സന്ദര്‍ശനയാത്ര, ജന്മിമാരുടെ ഉല്ലാസയാത്ര എന്നിവയ്ക്കെല്ലാം തണ്ടു വച്ച വള്ളങ്ങളാണുപയോഗിച്ചിരുന്നത്. എഞ്ചിന്റെ വരവോടെ എഞ്ചിന് ഘടിപ്പിച്ച ബോട്ടുകള്‍ യാത്രയ്ക്കായി ഉപയോഗിച്ചുതുടങ്ങി. സര്‍ക്കാരിന്റെ ജലഗതാഗത വകുപ്പ് നിലവില്‍ വന്നതോടുകൂടി കുട്ടനാടന്‍ നിവാസികളുടെ യാത്രാക്ളേശം അല്പാപമായി പരിഹരിക്കപ്പെട്ടു. ബോട്ട് അടുക്കുന്നതിനുവേണ്ടി രണ്ട് തെങ്ങിന് തൂണുകളില്‍, തെങ്ങ് കൊണ്ടുള്ള ഒരു പാലം ഘടിപ്പിച്ച ജെട്ടികളാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി-കൊല്ലം, ചങ്ങനാശ്ശേരി-എറണാകുളം എന്നീ റൂട്ടുകളില്‍ യാത്രാബോട്ടുകളും ചരക്കുബോട്ടുകളും സര്‍വ്വീസ് നടത്തിയിരുന്നു. ജലഗതാഗതാവശ്യം ഇന്ന് വളരെ കുറയുകയും, കരഗതാഗതം വളരെയേറെ വികസിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇന്നും ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന ചില പ്രദേശങ്ങള്‍ ബ്ളോക്കിലുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ആവിര്‍ഭാവത്തോടെ ഇതുമായി ബന്ധപ്പെടുന്ന നിരവധി റോഡുകള്‍ നിലവില്‍ വരുകയും ഇതിലൂടെ കുട്ടനാടിന്റെ മുഖഛായ തന്നെ മാറുകയും ചെയ്തു. ബ്ളോക്കിലെ വെളിയനാട്, രാമങ്കരി ഗ്രാമങ്ങളിലൂടെ എം.സി റോഡ് കടന്നു പോകുന്നുണ്ട്. ലോകപ്രശ്സതനായ കൃഷിശാസ്ത്രജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്, നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍, പ്രശസ്തകവികളായ ഡോ.അയ്യപ്പപണിക്കര്‍, നീലംപേരൂര്‍ മധുസൂദനന്‍നായര്‍, കാനോയിങ്ങ് ചാമ്പ്യന്‍ മിനിമോള്‍, പി.എന്‍.പണിക്കര്‍, സര്‍ദാര്‍ കെ.എം.പണിക്കര്‍, കെ.കുഞ്ചുപിള്ള, കേന്ദ്ര സംഗീത-നാടക അക്കാദമി അവാര്‍ഡ് നേടിയ കഥകളി ആചാര്യന് കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന് തുടങ്ങിയ പ്രഗത്ഭമതികള്‍ക്ക് ജന്മം നല്കിയ നാടാണിത്. പ്രശസ്തമായ മങ്കൊമ്പ് ദേവീക്ഷേത്രം, ഇരട്ട വിഗ്രഹപ്തിഷ്ഠ ഉള്ളതും, കൊടിമരം ഇല്ലാത്തതുമായ മിത്രക്കരി ദേവീക്ഷേത്രം, പുളിങ്കുന്ന് മുസ്ളീം ദേവാലയം എന്നിവയാണ് ഇവിടുത്തെ പ്രമുഖ ആരാധനാലയങ്ങള്‍. കുട്ടനാടന്റെ ഹൃദയത്തുടിപ്പുകളായിരുന്ന നാടന്‍ കലാരൂപങ്ങളായ ഞാറ്റുപ്പാട്ടും, കൊയ്ത്തുപാട്ടുമൊക്കെ ഇന്ന് അന്യം നിന്നു പോയിരിക്കുന്നു. വഞ്ചിപ്പാട്ടുശീലുകള് ഇപ്പോള്‍ ഇടയ്ക്കൊക്കെ കേട്ടെങ്കിലായി. 1954-ല്‍ കുമരംകരി ദേവസ്വം വക ഊട്ടുപുരയില്‍ ബ്ളോക്കോഫീസ് പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ കുറിച്ചി, വാഴപ്പള്ളി, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, വെളിയനാട് എന്നീ പഞ്ചായത്തുകള്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും കുമരങ്കരിയിലുള്ള ബ്ളോക്കാഫീസില് എത്തിച്ചേരുന്നതിന് യാത്രാക്ളേശം ഒരു പ്രധാന പ്രശ്നമായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ബോട്ടുസര്‍വ്വീസ് ആയിരുന്നു ഏക യാത്രാമാര്‍ഗ്ഗം. വെള്ളപ്പൊക്കം ബ്ളോക്കോഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ 1976 ആഗസ്റ്റ് മാസം 6-ാം തീയതി ബ്ളോക്കാഫീസ് കുമരങ്കരിയില്‍ നിന്നും മാറ്റി രാമങ്കരി പഞ്ചായത്തില്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചു.