പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

  പഞ്ചായത്തില്‍ എടുത്തുപറയത്തക്ക പ്രകൃതിവിഭവമാണ് വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെറുതും വലുതുമായ പാറക്കൂട്ടങ്ങളുടെ നീണ്ട നിര. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വീക്ഷിക്കുമ്പോള്‍ ഏറ്റവും ഉയരം കൂടിയ കുന്ന് 139 മീറ്റര്‍ ഉയരമുള്ള മറവന്‍കോട് തെക്കുകിഴക്കായും 126 മീറ്റര്‍ ഉയരമുള്ള ചെന്നാപാറ വടക്കു കിഴക്കായും 125 മീറ്റര്‍ ഉയരമുള്ള മരുതിമല വടക്കുപടിഞ്ഞാറായും 106 മീറ്റര്‍ ഉയരമുള്ള കോട്ടേപാറ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി അനുസരിച്ച് വെളിയം പഞ്ചായത്തിനെ താഴ്വര, ഇടത്തരം ചരിവുകള്‍, ചരിവുകള്‍, കുന്നിന്‍പുറങ്ങള്‍ എന്നിങ്ങനെ നാല് പ്രധാനമേഖലകളായി തിരിക്കാം. പഞ്ചായത്തിന് താഴെ കാണുന്ന പ്രദേശങ്ങളെയാണ് താഴ്വര എന്ന വിഭാഗത്തില്‍ ഇവിടെ കാണുന്നത്. സാധാരണയായി താഴ്വര  പ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുവാന്‍ യോജിച്ച ഫലപുഷ്ടിയുള്ള എക്കല്‍ കലര്‍ന്ന ചെളിമണ്ണാണ് കാണപ്പെടുന്നത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ജലലഭ്യത ഇവിടെ കൂടുതലാണ്. ഏകദേശം 41-ഓളം ഏലാകള്‍ ഇവിടെ കാണപ്പെടുന്നു. പഞ്ചായത്തുപ്രദേശത്ത് 5 ഡിഗ്രിയ്ക്കും 18 ഡിഗ്രിയ്ക്കും ഇടയില്‍ ചരിവുള്ള ഭാഗങ്ങളെയാണ് ഇടത്തരം ചരിവുകള്‍ എന്നുപറയുന്നത്. ഈ പ്രദേശങ്ങളില്‍ സാധാരണയായി മിശ്രിതവിളകളാണ് കാണപ്പെടുന്നത്. കമുക്, വാഴ, തെങ്ങ്, മരച്ചീനി, പയര്‍വര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍  എന്നിവ പ്രധാന മിശ്രവിളകളാണ്. ചില സ്ഥലങ്ങളില്‍ റബ്ബറും കാണപ്പെടുന്നു. ഇവിടങ്ങളില്‍ പശിമരാശി മണ്ണാണ് കാണപ്പെടുന്നത്. ഇടത്തരം ചരിവുകള്‍ 1256 ഹെക്ടര്‍ വിസ്തൃതിയില്‍ കാണപ്പെടുന്നു. പഞ്ചായത്ത് പ്രദേശത്ത് 18 ഡിഗ്രിയ്ക്ക് മുകളിലുള്ള പ്രദേശങ്ങളെയാണ് ചരിവുപ്രദേശം എന്നുപറയുന്നത്. ഈ ഭൂപ്രദേശങ്ങള്‍ സാധാരണയായി 60 മീറ്ററിനും 100 മീറ്ററിനും ഇടയില്‍ കാണപ്പെടുന്നു. ഇവിടങ്ങളില്‍  റബ്ബറാണ് കൂടൂതലായി കാണപ്പെടുന്നത്. കൂടാതെ മിശ്രിത കൃഷിയും ചില സ്ഥലങ്ങളില്‍ കാണാം. ഈ പ്രദേശങ്ങളില്‍ കാണുന്നത് ചരല്‍ കലര്‍ന്ന ചെമ്മണ്ണാണ്.  756 ഹെക്ടര്‍ വിസ്തൃതിയില്‍ ചരിവുകള്‍ വ്യാപിച്ചു കിടക്കുന്നു. ഇവിടങ്ങളില്‍ റബ്ബറാണ് പ്രധാനമായും കൃഷി ചെയ്യുന്നതെങ്കിലും മറ്റുകൃഷികളും കാണപ്പെടുന്നു. ജലലഭ്യതയുടെ കാര്യത്തില്‍ വളരെ മോശമായ സ്ഥിതിയാണ് ഈ സ്ഥലങ്ങളില്‍ അനുഭവപ്പെടുന്നത്. കുന്നിന്‍പുറങ്ങള്‍ 483 ഹെക്ടര്‍ വിസ്തൃതിയില്‍  വ്യാപിച്ചു കിടക്കുന്നു. വെളിയം ഗ്രാമപഞ്ചായത്ത് പ്രദേശം സമശീതോഷ്ണമേഖലയില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ കഠിനമായ വേനല്‍ക്കാലവും രണ്ട് സീസണിലായി മഴക്കാലവുമാണ്. ജനുവരി മാസത്തില്‍ ഊഷ്മാവ് 21 ഡിഗ്രി വരെ താഴുകയും മാര്‍ച്ച് ഏപ്രില്‍ മേയ് മാസങ്ങളില്‍ 38 ഡിഗ്രി വരെ ഉയരുകയും  ചെയ്യുന്നുണ്ട്. ഈ പഞ്ചായത്തില്‍ ശരാശരി ലഭിക്കുന്ന മഴ 2552 മില്ലിമീറ്ററാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ  ഭാഗമായി ഇടവപ്പാതിമഴയും തെക്കുകിഴക്കന്‍ മണ്‍സൂണിന്റ ഭാഗമായി തുലാവര്‍ഷവും ലഭിക്കുന്നു. കൂടുതല്‍ മഴ ലഭിക്കുന്നത് ഇടവപ്പാതി കാലത്താണ്. തുലാവര്‍ഷം വേണ്ടത്ര ലഭിക്കാത്ത വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുകയും ജലസ്രോതസുകള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. പഞ്ചായത്തിന്റെ മധ്യഭാഗത്തുനിന്ന് വടക്കോട്ടും വടക്കുകിഴക്കായും തെക്കുകിഴക്കായും തെക്കുപടിഞ്ഞാറായും പ്രധാന തോടുകളും കൈത്തോടുകളും വ്യാപിച്ചുകിടക്കുന്നു. പഞ്ചായത്തിന്റെ എല്ലാ തോടുകളും ഇത്തിക്കരയാറിലാണ് ചെന്നുചേരുന്നത്. ആകെ തോടുകള്‍ 21 കി.മീ നീളം വരും. ഇതില്‍ പ്രധാനതോട് 11 കി.മി നീളം വരുന്നതാണ്. ചെറുതും വലുതുമായ 15 കുളങ്ങള്‍കൂടി ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ജലസ്രോതസ്. എല്ലാ കുളങ്ങളും വര്‍ഷം മുഴുവനും വെള്ളം കിട്ടുന്നതാണ്.

വിദ്യാഭ്യാസം

ഒരു നൂറ്റാണ്ടു മുമ്പുതന്നെ ഔപചാരിക വിദ്യാഭ്യാസരംഗത്ത് കൈത്തിരി തെളിച്ച അഭിമാനകരമായ ചരിത്രമാണ് വെളിയം ഗ്രാമപഞ്ചായത്തിനുള്ളത്. 1896-ല്‍ വെളിയം ജംഗ്ഷനില്‍ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതിക്ഷേത്രം ഇന്നത്തെ എല്‍.പി.ജി.എസ് സ്ഥാപിച്ചുകൊണ്ട് യശ:ശരീരനായ ഇലവുംമൂട്ടില്‍ പപ്പുവാധ്യാര്‍ തുടക്കം കുറിച്ചതോടെ ഇവിടത്തെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നു. അതിനുമുമ്പുതന്നെ നല്ല നിലയില്‍ കുടിപള്ളിക്കൂടങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കട്ടയിലും വെളിയം പടിഞ്ഞാറ്റിന്‍കരയിലും പ്രവര്‍ത്തിച്ചിരുന്ന കുടിപള്ളിക്കൂടങ്ങള്‍ ഏറെ പഴക്കമുള്ളവയായി കണക്കാക്കാം. കളപ്പില എന്ന സ്ഥലത്ത് ഗുരുകുലമാതൃകയില്‍ യശ:ശരീരനായ പൂവണത്തിന്‍മൂട്ടില്‍ കണ്ണന്‍ ആശാന്‍ നടത്തിയിരുന്ന സംസ്കൃതപാഠശാലയില്‍ അകലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നതായി പറയപ്പെടുന്നു. 1904-ലാണ് രണ്ടാമത്തെ ഔപചാരിക വിദ്യാലയം ആരംഭിക്കുന്നത്. തുടര്‍ന്ന് 1916, 1919,1920 എന്നീ വര്‍ഷങ്ങളില്‍ ഓരോ പ്രാഥമിക വിദ്യാലയങ്ങള്‍ കൂടി സ്ഥാപിതമായി. അടുത്തത് ഇംഗ്ളീഷ് വിദ്യാലയത്തിന്റെ രംഗപ്രവേശമായിരുന്നു. 1941 ല്‍ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്ത്  ഒരു മലയാളം  മീഡിയം സ്കൂള്‍ സ്ഥാപിച്ചു. 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1950 ല്‍ രണ്ട് സ്കൂളുകളും 1952 ല്‍ ഒരു സ്കൂളും കൂടി ഉണ്ടായി. പിന്നീട് കേരളപിറവിയ്ക്ക് ശേഷമാണ് പഞ്ചായത്തില്‍ സ്കൂളുകള്‍ ഉണ്ടാകുന്നത്. 1957,1962 1968,1979 എന്നീ വര്‍ഷങ്ങളില്‍. 1962 ല്‍ ഓരോ എല്‍.പി, യു.പി സ്കൂളുകളാണ് ഉണ്ടായത്. അപ്ഗ്രേഡ് ചെയ്യപ്പെട്ട വിദ്യാലയങ്ങള്‍ ചേര്‍ത്ത് ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലായി ഇപ്പോള്‍ രണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളും ഒരു സാധാരണ ഹൈസ്കൂളും, അഞ്ച് അപ്പര്‍ പ്രൈമറി സ്കൂളുകളും, എട്ട് ലോവര്‍ പ്രൈമറി സ്കൂളുകളും ഉള്‍പ്പെടെ പതിനാറ് വിദ്യാലയങ്ങളാണ് ഉള്ളത്. പുറമെ പട്ടികജാതി വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒന്നും സ്കൂള്‍ പി.റ്റി.എ കള്‍ നടത്തുന്ന രണ്ടും പ്രീപ്രൈമറി സ്കൂളുകളും സാമൂഹ്യക്ഷേമവകുപ്പിന്റെ ധനസഹായത്തോടെയുള്ള പന്ത്രണ്ട് നഴ്സറി സ്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 1966-ല്‍ മാത്രമാണ് ഇവിടെ ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നത്. അതുവരെ മുഖ്യമായും കൊട്ടാരക്കര, വാളകം, മൈലോട് എന്നീ സ്കൂളുകളെയാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് വെളിയം പഞ്ചായത്തുകാര്‍ ആശ്രയിച്ചിരുന്നത്. തന്മൂലം പഴയകാലങ്ങളില്‍ ഇവിടെ വളരെ പേര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നിരിക്കിലും 75 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സര്‍വ്വകലാശാലാ ബിരുദവും നിയമബിരുദവും നേടിയ ചുരുക്കം ചിലര്‍ ഇവിടെ ഉണ്ടായിരുന്നു. 1957-ല്‍ സ്ഥാപിച്ചതാണ് എല്‍.പി.എസ് കുടവട്ടൂര്‍ എന്ന വിദ്യാലയം. ഈ സ്ക്കൂള്‍ ഓടനാവട്ടത്തു നിന്നും ഉദ്ദേശം 3 കിലോമീറ്റര്‍ പടിഞ്ഞാറ് പബ്ളിക്  റോഡിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും അത്യുന്നതങ്ങളില്‍ എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പഞ്ചായത്തിലെ ആദ്യത്തെ ന്യായാധിപതിയായ എന്‍.തുളസീഭായി, സിനിമാരംഗത്ത് അഖിലേന്ത്യപ്രശസ്തി നേടിയ ഭരത്മുരളി എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്.

അടിസ്ഥാനമേഖലകള്‍

പഞ്ചായത്തിന്റെ ആകെയുള്ള ഗതാഗതമാര്‍ഗ്ഗം റോഡുകളാണ്. മലമടക്കുകളും കുന്നിന്‍ ചരിവുകളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും കൊണ്ട് അതിവിസ്തൃതമായ വെളിയം പഞ്ചായത്തില്‍ എല്ലാ പ്രദേശങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടു നിരവധി റോഡുകളുണ്ട്. ചുങ്കത്തറ പാലം, തുറവൂര്‍ പാലം, പുല്ലാഞ്ഞിക്കാട്ടുപാലം, അറക്കടവുപാലം എന്നിവ ഒറ്റപ്പെട്ട പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളാണ്. ചില പരമ്പരാഗത വ്യവസായങ്ങള്‍ 1950 കളില്‍ തന്നെ ഈ പഞ്ചായത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. കശുവണ്ടി, കൈത്തറി, ഖാദി, ഇരുമ്പുപണി, ഈറ്റ പണി, കലം നിര്‍മ്മാണം, ഫര്‍ണീച്ചര്‍ നിര്‍മ്മാണം, സ്വര്‍ണ്ണപണി എന്നിങ്ങനെ പൂര്‍ണ്ണമായും പാരമ്പര്യമായ ചില വ്യവസായ സംരംഭങ്ങള്‍ മാത്രമാണ് ഈ പഞ്ചായത്തിന് അവകാശപ്പെടാന്‍ കഴിയുന്നത്. 50-കളുടെ മധ്യത്തോടെ ഈ പഞ്ചായത്തില്‍ ആരംഭിക്കപ്പെട്ട കൈത്തറി നെയ്ത്തും സഹകരണ വ്യവസായ യൂണിറ്റുകളും പഞ്ചായത്തില്‍ നിലനിന്നിരുന്ന കൂട്ടായ്മയുടേയും സഹവര്‍ത്തിത്വത്തിന്റേയും പുരോഗമന സഹകരണമനോഭാവത്തിന്റെയും പ്രതീകങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അവ അന്യം നിന്നുപോയിരിക്കുന്നു. കൈത്തറിനെയ്ത്ത്, ഈറ്റപണികള്‍ മാത്രമാണ് അവശേഷിക്കുന്ന പാരമ്പര്യവ്യവസായങ്ങള്‍. ഹാന്‍വീവിന്റെ  നേത്യത്വത്തില്‍  വെളിയം പൊങ്ങോട്  പ്രവര്‍ത്തിക്കുന്ന കൈത്തറി ഉല്‍പ്പന്ന സംഭരണ ഡിപ്പോ ഇവിടത്തെ നെയ്ത്ത് തൊഴിലാളികള്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതുതായി കൂടുതല്‍ പേര്‍ വിശേഷിച്ച് സ്ത്രീകള്‍ ഏര്‍പ്പെടുന്ന ഒരു തൊഴില്‍ മേഖലയാണ് തയ്യലും റെഡിമെയ്ഡ്  വസ്ത്രനിര്‍മ്മാണവും. ആ രംഗത്ത് 160-ഓളം വ്യക്തിഗത യൂണിറ്റുകളും രണ്ട് ഡി.ഡബ്ളു.സി.ആര്‍.എ യൂണിറ്റുകളും മുട്ടറയില്‍ പുതുതായി ആരംഭിച്ച റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണശാലയുമുണ്ട്. അച്ചടി, ബുക്ക് ബയിന്റിംഗ് മേഖലയിലായി 5 പ്രസ്സുകളും ബുക്ക് ബയന്റിംഗിന് മാത്രം ഏര്‍പ്പെട്ടിരിക്കുന്ന മുട്ടറ എസ്സ്.എം ബുക്ക് ബയന്റിംഗ് എന്ന ഡി.ഡബ്ളു.സി.ആര്‍.എ യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചുടുകട്ട വ്യവസായം, സിമന്റ് ബ്ളോക്ക് നിര്‍മ്മാണം എന്നീ രംഗത്ത് പഞ്ചായത്തിന്റെ 8 യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പാറകോറികള്‍, വെട്ടുകല്ല് വ്യവസായം എന്നീ മേഖലകളിലും ധാരാളം പേര്‍ പണിയെടുക്കുന്നുണ്ട്. തീപ്പെട്ടി, ചന്ദനത്തിരി, മെഴുകുതിരി യൂണിറ്റുകളും വെളിയത്ത് ഒരു തീപ്പെട്ടിക്കൊളളി വ്യവസായ യൂണിറ്റും (കെ.വി ഇന്‍ഡസ്ട്രീസ്) പ്രവര്‍ത്തിക്കുന്നുണ്ട്. ഫര്‍ണീച്ചര്‍ നിര്‍മ്മാണ ശാലകള്‍, ലെയ്ത്തുകള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പുകള്‍ ടയര്‍ റീ ബട്ടന്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍,  ഫോട്ടോ സ്റുഡിയോകള്‍, മോട്ടോര്‍ വയന്റിംഗ് റിപ്പയര്‍ സ്ഥാപനങ്ങള്‍, റേഡിയോ, വാച്ച് റിപ്പയര്‍, അസംബ്ളി യൂണിറ്റുകള്‍ വെളിയം ആപ്കോസ് (മില്‍മ) മുട്ടറ ആപ്കോസ് (മില്‍മ) എന്നീ പാല്‍ ഉത്പന്ന നിര്‍മ്മാണയൂണിറ്റുകള്‍, മാലയില്‍ കോഴിപ്പറമ്പ് ബാബുവിന്റെ ഫോംബെഡ് നിര്‍മ്മാണ യൂണിറ്റ് സോഫാകംബെഡ്, അപ്പോള്‍സ്റ്ററി യൂണിറ്റ് (ഓടനാവട്ടം) ബോംബെ അപ്പോള്‍സ്റ്ററി വര്‍ക്സ്, ഇരുമ്പുപണിശാലകള്‍, കൊപ്രസംഭരണ സംസ്കരണയൂണിറ്റുകള്‍, എണ്ണയാട്ടുമില്ലുകള്‍ (ലൂര്‍ദ്ദുമാതാ ഓയില്‍ മില്‍ ഓടനാവട്ടം, എലൈറ്റ് ഓയില്‍ മില്‍ അലിമുക്ക്) എന്നിവയും പഞ്ചായത്തിലെ വ്യവസായ യൂണിറ്റുകളാണ്.

സംസ്കാരം

  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും പഞ്ചായത്തിലുണ്ട്. കേരളത്തില്‍ വര്‍ത്തമാനപത്രങ്ങള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍ വെളിയം പഞ്ചായത്തില്‍ വരിക്കാരുണ്ടായിരുന്നതായി തെളിവുകളുണ്ട്. വായനശാലകളും ഗ്രന്ഥശാലകളും  ആരംഭിക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും ആരോഗ്യകരമായ ഒരു മത്സരം പണ്ടുമുതലേ ഉണ്ടായിരുന്നതായി കാണാം. കേരളത്തിന്റെ തനതുകലയായ കഥകളി കൊട്ടാരക്കരയില്‍ ഉദയം ചെയ്തതിന്റെ തൊട്ടുപിന്നാലെ വെളിയം പഞ്ചായത്തില്‍ ഒരു കഥകളിയോഗം രൂപം കൊണ്ടിരുന്നതായി പറയപ്പെടുന്നു. കൊട്ടാരക്കരയില്‍ അരങ്ങേറിയിരുന്ന ഏത് കഥകളിവേഷവും വളരെ താമസിയാതെ ഇവിടെ പൂങ്ങോട്ടു കുടുംബത്തിന്റെ വിശാലമായ മുറ്റത്ത് ആടിയിരുന്നതായി കേള്‍വിയുണ്ട്. എന്തിനേറെപ്പറയുന്നു മഹാകവി വള്ളത്തോളും ഉള്ളൂരും സരസകവി മൂലുരും മറ്റ് സാഹിത്യനായകന്മാരും സംബന്ധിച്ച ചടങ്ങുകള്‍ ഈ പഞ്ചായത്തില്‍ നടന്നിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസരംഗത്ത് 100 വര്‍ഷത്തെ ചരിത്രമുളള പഞ്ചായത്താണ് ഇത്. അതിനുമുമ്പ് അനൌപചാരികമായിട്ടാണെങ്കിലും മാഹം വരെ പഠിപ്പിച്ചിരുന്ന ഒരു സംസ്കൃതവിദ്യാലയം ഗുരുകുലമാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്നതായി തെളിവുകളുണ്ട്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ലെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലം വരെയായി 18 വിദ്യാലയങ്ങള്‍ ഈ പഞ്ചായത്തിന്റെ സംസ്കാരത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നു. വളരെ പഴക്കമുളള വായനശാലകളും ഗ്രന്ഥശാലകളും ഇവിടത്തെ സാംസ്കാരികസമ്പത്തിന്റെ പ്രതീകങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നില കൊള്ളുന്നു. കലാകായികസമിതികള്‍ നിരവധിയാണ്. അടുത്തകാലത്തായി ഒരു പ്രൊഫഷണല്‍ നാടകവേദിയും ഉദയം ചെയ്തിട്ടുണ്ട്.