ചരിത്രം

മഹാഭാരത കഥയിലെ ബകാസുരന്റെ ആസ്ഥാനമായിരുന്ന ബകപുരമാണ് കാലക്രമത്തില്‍ രൂപാന്തരപ്പെട്ട വീയപുരം ആയതെന്നു പരക്കെ വിശ്വസിക്കുന്നു. കുന്തിയും മക്കളും അജ്ഞാതവാസം നടത്തിയ ഏകചക്രയാണ് ഇന്നത്തെ കാര്‍ത്തികപ്പള്ളി എന്നും ഐതീഹ്യവും തൊട്ടടുത്ത പ്രദേശങ്ങളായ ആയാപറമ്പ് (ചെറുതന), ഊട്ടുപറമ്പ് (കരുവാറ്റ), പാണ്ഡവന്‍ കാവ് (മുതുകുളം), ഏവൂര്‍, പത്തിയൂര്‍, കണ്ടല്ലൂര്‍, മണ്ണാറശാല തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് പറയപ്പെടുന്ന പാണ്ഡവപുരാണങ്ങളും ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നു. ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നതു കൊണ്ട് ഇവിടെ വയസ്ക്കര, ഒളശ്ശ, പുത്തിയില്‍ മഠങ്ങള്‍, പനയന്നാര്‍കാവ് ദേവസ്വം, ആമ്പക്കാട്ട്, വരിക്കോലില്‍ നായര്‍ തറവാടുകള്‍ ഇവര്‍ക്കൊക്കെ കരം ഒഴിവാക്കി നെല്പാടങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാവ് അനുവദിച്ചു നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളായിരുന്ന പ്രദേശങ്ങള്‍ അധിവാസ കേന്ദ്രമാക്കുന്നതും ഏതാണ്ടിതേ സമയത്തു തന്നെയാണ്. ഏ.ഡി 984 (കൊല്ലവര്‍ഷം 159-ല്‍) കാര്‍ത്തികപ്പള്ളി ഓടനാട് (ഇന്നത്തെ ഓണാട്ടുകര) രാജാവ് പിടിച്ചടക്കിയതോടെയാണ് വനങ്ങള്‍ വെട്ടി അധിവാസകേന്ദ്രങ്ങളാക്കുന്നതിന് ആരംഭമിട്ടത്. രാജാവ് ഏ.ഡി. 1424-ല്‍ കായംകുളത്തേക്കു തലസ്ഥാനം മാറ്റി രാജ്യത്തിന്റെ പേര്‍ കായംകുളം എന്നാക്കിയപ്പോള്‍ വീയപുരംകാരും കായംകുളം രാജ്യത്തിന്റെ പ്രജകളായി. വിദ്യാഭ്യാസപരമായി ഈ പഞ്ചായത്ത് വളരെ മുന്‍പന്തിയിലാണ്. ഒരു ഹൈസ്ക്കൂളും അഞ്ച് യു പി സ്ക്കൂളും അഞ്ച് എല്‍ പി സ്ക്കൂളുകളും ഈ പഞ്ചായത്തിലുണ്ട്. ചികില്‍സാരംഗത്തും ഒട്ടേറെ പ്രതിഭാധനര്‍ വീയപുരത്തിന്റെ സന്തതികളായുണ്ട്.  ചെമ്പ്രോന്‍ കൊട്ടാരത്തിലെ രാജവര്‍മ്മ കൊച്ചു രാമന്‍ വൈദ്യര്‍,  കൃഷ്ണ വൈദ്യര്‍, ഒറ്റമൂലിയില്‍ അദ്വിതീയനായിരുന്ന അയ്യങ്കാളി എന്നിവര്‍ ആയൂര്‍വേദരംഗത്ത് ഏറെ ശോഭിച്ചിരുന്നവരായിരുന്നു. ആമ്പക്കാട്ട് പരമേശ്വരന്‍ പിള്ള ഹോമിയോപ്പതിയിലും, ഡോ കെ ഒ ഉമ്മന്‍, ഡോ കെ ജി കൃഷ്ണന്‍ നമ്പൂതിരി, ഡോ കെ സി ജോണ്‍ ഇവര്‍ അലോപ്പതിയിലും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരാണ്. നദികളും, പാടശേഖരങ്ങളും, പരുത്തിക്കാടുകളുമുള്ള വീയപുരവും സമീപപ്രദേശങ്ങളും ശുദ്ധജല മത്സ്യങ്ങളുടെ ഒരു പ്രധാന ആവാസ പ്രജനന കേന്ദ്രമായാണ് ശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ അറിയപ്പെടുന്നത്. നദികളും പാടശേഖരങ്ങളും ചെറിയതോടുകളും കുളങ്ങളും കൊണ്ട് അനുഗ്രഹീതമാണ് വീയപുരം. അനുഷ്ഠാന വള്ളംകളി കേരളത്തില്‍ നടക്കുന്നത് മൂന്നു സ്ഥലങ്ങളില്‍ ആണ്. ഹരിപ്പാട് സുബ്രമണ്യസ്വാമീ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഓണ ദിവസങ്ങളില്‍ നടത്തപ്പെടുന്ന പായിപ്പാട് ജലോല്‍സവത്തിന് മറ്റൊരു പ്രധാന്യംകൂടിയുണ്ട്. ലോകത്താകമാനം നോക്കിയാല്‍ ഒരിടത്തും മൂന്നു ദിവസം വള്ളം കളിയില്ല. വീയപുരത്തും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് 10 കരക്കാര്‍ക്കും ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവമാണ് ഇവിടുത്തെ സാംസ്ക്കാരിക രംഗത്ത് മുന്‍പന്തിയില്‍. കേരളത്തില്‍ പ്രശസ്തമായ മൂന്നു ചുണ്ടന്‍ വള്ളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. വെളളംകുളങ്ങര, പായിപ്പാട്, കാരിച്ചാല്‍, വെയ്പ് വള്ളങ്ങളില്‍ പട്ടേരിപ്പുരയും ചെറിയ കളിവള്ളങ്ങള്‍ വേറെയും ഉണ്ട്. ഈ വള്ളങ്ങള്‍ പ്രധാന മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടുണ്ട്. നെല്‍കൃഷി ധാരാളം ഉള്ള വീയപുരം പഞ്ചായത്തില്‍ ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും ധാരാളമായി പഴയ കാലങ്ങളില്‍ ഉണ്ടായിരുന്നു.