പഞ്ചായത്തിലൂടെ

കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കുകിഴക്കു ചേര്‍ന്നുകിടക്കുന്ന ഒരു കുട്ടനാടന്‍ പ്രദേശമാണ് വീയപുരം പഞ്ചായത്ത്. പഞ്ചായത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 5.4 ച.കി.മീ ആണ്. ഭൂവിസ്തൃതിയില്‍ ഗണ്യമായ ഭാഗം പുഞ്ചനിലങ്ങളാണ്. വെള്ളംകുളങ്ങര, കാരിച്ചാല്‍, പായിപ്പാട് വീയപുരം, വീയപുരം കിഴക്ക് മേല്‍പ്പാടം, പടിഞ്ഞാറ് മേല്‍പ്പാടം എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന്റെ ഭൂവിസ്തൃതി 5.4 ച.കി.മീ. ആണ്. 918 ഹെക്ടറോളം വരുന്ന പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും 2 മീറ്റര്‍ വരെ താഴ്ന്ന വെള്ളക്കെട്ടായ സ്ഥലമാണ്. പമ്പ, അച്ചന്‍കോവില്‍ എന്നീ നദികള്‍ പഞ്ചായത്തില്‍ കൂടെ ഒഴുകി കായലില്‍ പതിക്കുന്നു. തോടുകള്‍ക്ക് മാത്രമായി പതിനൊന്നര കിലോമീറ്റര്‍ നീളം ദൈര്‍ഘ്യമുണ്ട്. ഇവയുടെ ശാഖകളായി നിരവധി തോടുകള്‍ വെറെയും ഉണ്ട്.  ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി ഏറെക്കുറെ നിരപ്പായ രീതിയിലാണ് കാണുന്നത്. ചരിത്രാതീത കാലത്ത് ഈ പ്രദേശം നിബിഡവനഭൂമിയായിരുന്നു എന്നാണ് പഴമ. പ്രധാന കൃഷി നെല്ലാണ്. ഇത് താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. കരപ്രദേശങ്ങളില്‍ പ്രധാനവിള തെങ്ങാണ്. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. 92 ശതമാനം കര്‍ഷകരും നാമമാത്ര കര്‍ഷകരാണ്. കുട്ടനാടിന്‍ പ്രദേശത്തിന്റെ ഭാഗമായ പുഞ്ചനിലങ്ങളാണ് ഇവിടുത്തെ നെല്‍വയലുകള്‍. ഉയരം കൂടിയ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്തിരുന്ന സ്ഥാനങ്ങളില്‍ പൂര്‍ണ്ണമായും അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ഇന്ന് ഉപയോഗിക്കുന്നത്. പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ ഒരു വിത്തുല്പാദന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ 20 കി.മീറ്ററോളം നീളത്തില്‍ പമ്പയാറിന്റെയും, അച്ചന്‍കോവിലാറിന്റെയും കൈവഴികളും, 30 കി.മീറ്ററോളം നീളം വരുന്ന കൈത്തോടുകളും കൂടാതെ ശുദ്ധജല മത്സ്യക്കൃഷിക്ക് സാദ്ധ്യതയുളള പുറംപോക്കുകളും, സ്വകാര്യകുളങ്ങളും നിലവിലുണ്ട്. അതോടൊപ്പം വര്‍ഷത്തില്‍ ആറുമാസം മത്സ്യബന്ധനം നടത്തുവാനും, ചെമ്മീന്‍ കൃഷി ചെയ്യുവാനും സൌകര്യമുള്ള പുഞ്ചപ്പാടങ്ങളും ഈ പഞ്ചായത്തിലുടനീളം സ്ഥിതിചെയ്യുന്നു. ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പ്രൈമറി സ്ക്കൂള്‍ സ്ഥാപിച്ചത് മാര്‍ത്തോമ്മാ സഭയാണ്. പുരാണ പ്രസിദ്ധമായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മേല്‍പ്പാടം എം ടി എല്‍ പി സ്കൂള്‍ മാര്‍ത്തോമാ പള്ളി പണിയുന്നതിന് മുമ്പേ സ്ഥാപിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. വീയപുരം ഗ്രാമപഞ്ചായത്തിന്റെ നാലു വശവും വിസ്തൃതമായ നെല്‍പ്പാടങ്ങളാണ്. വീയപുരം ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറേ ഭാഗത്തുകൂടി ഹരിപ്പാട് കടപ്ര എന്‍ എച്ച് 47 ന്റെ ശാഖ കടന്നു പോകുന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ 1960 ല്‍ ഒരു ഗവ:ആയൂര്‍വേദ ഡിസ്പെന്‍സറി സ്ഥാപിതമായി. 1996 ല്‍ 3-ാം വാര്‍ഡില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിച്ചു. രണ്ടാം വാര്‍ഡിലും, നാലാം വാര്‍ഡിലും ഓരോ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രവും ഒന്‍പത് അംഗന്‍വാടികളും പ്രവര്‍ത്തിക്കുന്നു. വീയപുരം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത് മൂന്നാം വാര്‍ഡിലാണ്.