വീയപുരം

കേരളത്തില്‍ മദ്ധ്യതിരുവിതാംകൂറിന്റെ ഭാഗമായ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കു കിഴക്കു അരികു ചേര്‍ന്ന  ഒരു ഗ്രാമീണ കാര്‍ഷിക പ്രദേശമാണ് വീയപുരം പഞ്ചായത്ത്.ചരിത്രാതീത കാലത്ത് ഈ പ്രദേശം നിബിഡവനഭൂമിയായിരുന്നു എന്നാണ് പഴമ. ഒരു പകുതി ഓണാട്ടുകരയും മറുപകുതി മേലേ കുട്ടനാടും ഉള്‍പ്പെടുന്ന ഇവിടെ പഞ്ചായത്തും വില്ലേജും പേരിലും വിസ്തൃതിയിലും ഒന്നുതന്നെ. താലൂക്ക് ആസ്ഥാനമായ ഹരിപ്പാട് നിന്ന് എന്‍ എച്ച് 47, എം. സി റോഡുകളുടെ തിരുവല്ലയിലേക്കുള്ള ലിങ്ക് റോഡ് എന്നിവ  ഈ ഗ്രാമത്തില്‍ കൂടി കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക് അരികു ചേര്‍ന്ന് നെല്‍വയലുകളുടെ നടുവിലൂടെ അച്ചന്‍കോവിലാറൊഴുകുന്നു. മറുകര പള്ളിപ്പാട് പഞ്ചായത്ത് ആണ്. പഞ്ചായത്തിന്റെ പടിഞ്ഞാറ് ചെറുതന പഞ്ചായത്തും അതിര്‍ത്തി പങ്കു വക്കുന്നു. ഈ രണ്ടു പഞ്ചായത്തുകളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ തന്നെ സ്ഥിതി ചെയ്യുന്നു. വടക്ക് കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പമ്പയുടെയും അച്ചന്‍കോവിലിന്റെയും ഇരുകരകളിലായി കിടക്കുന്ന ഒരു പ്രദേശമാണ് വീയപുരം പഞ്ചായത്ത്. എല്ലാ കരകളിലൂടെയും ഈ ആറുകളുടെ ഒരു കൈവഴിയെങ്കിലും ഒഴുകുന്നു. കരഭൂമിയേക്കാളേറെ വയലേലകള്‍ ഉള്ള ഈ പഞ്ചായത്ത് കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ ഒരു ഭാഗം കൂടിയാകുന്നു. നദികളും, പാടശേഖരങ്ങളും, പരുത്തിക്കാടുകളുമുള്ള വീയപുരവും സമീപപ്രദേശങ്ങളും ശുദ്ധജല മത്സ്യങ്ങളുടെ ഒരു പ്രധാന ആവാസ പ്രജനന കേന്ദ്രമായാണ് ശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ അറിയപ്പെടുന്നത്.