വെച്ചൂര്‍

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ വൈക്കം ബ്ളോക്കിലാണ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെച്ചൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന വെച്ചൂര്‍  ഗ്രാമ പഞ്ചായത്തിന് 29.13 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തലയാഴം, കല്ലറ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കല്ലറ, നീണ്ടൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ആര്‍പ്പൂക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട് കായലും, തണ്ണീര്‍മുക്കം(ആലപ്പുഴ ജില്ല) പഞ്ചായത്തുമാണ്. കായലിനോടു ചേര്‍ന്നുകിടക്കുന്ന തീരപ്രദേശമാണ് വെച്ചൂര്‍ പഞ്ചായത്ത്. പഞ്ചായത്തില്‍ ഒരേക്കറോളം കണ്ടല്‍ക്കാടുകളുണ്ട്. കൈപ്പുഴയാറും, വേമ്പനാട് കായലുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. ഭൂപ്രകൃതി അനുസരിച്ച് വെച്ചൂര്‍ പഞ്ചായത്തിനെ തീരദേശം, സമതലം, കരിനിലങ്ങള്‍, ഉയര്‍ന്നതട്ട് എന്നിങ്ങനെ നാലായി തരം തിരിക്കാം. മണ്ണും മണലും ചെളിയും കലര്‍ന്ന മണ്ണാണ് ഇവിടെ സാധാരണയായി കണ്ടുവരുന്ന മണ്‍തരം. നെല്ല് ആണ് പഞ്ചായത്തിലെ മുഖ്യകൃഷി. നെല്ല് കൂടാതെ തെങ്ങ്, മരച്ചീനി, കമുക്, വാഴ, കശുമാവ്, റബ്ബര്‍, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കോട്ടയം സബ്ജയില്‍ സ്ഥിതി ചെയ്യുന്നത് വെച്ചൂര്‍ പഞ്ചായത്തിലാണ്. 1953-ലാണ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ വൈക്കം-വെച്ചൂര്‍ റോഡു മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. ദേശീയ ജലപാത കടന്നുപോകുന്ന വേമ്പനാട്ടുകായല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറേ തീരത്താണ്.