വാഴൂര്‍

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ വാഴൂര്‍ ബ്ളോക്കില്‍ വാഴൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാഴൂര്‍ ഗ്രാമപഞ്ചായത്ത്. 24.61 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പള്ളിക്കത്തോട്, എലിക്കുളം പഞ്ചായത്തുകള്‍, കിഴക്ക് ചിറക്കടവ് പഞ്ചായത്ത്, തെക്ക് വെള്ളാവൂര്‍, കങ്ങഴ പഞ്ചായത്തുകള്‍, പടിഞ്ഞാറ്  കൂരോപ്പട, പാമ്പാടി, നെടുംകുന്നം പഞ്ചായത്തുകള്‍ എന്നിവയാണ്. വിസ്തൃതമായ ചെരിവുകളും സമതലപ്രദേശങ്ങളും ഇടകലര്‍ന്നതാണ് പഞ്ചായത്തിന്റെ കൃഷിഭൂമികള്‍. പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ കൂടി വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന വാഴൂര്‍തോട് എന്നറിയപ്പെടുന്ന വല്ല്യതോട്, പടിഞ്ഞാറുഭാഗത്തുകൂടി ചാമംപതാല്‍ തോട്, ഉള്ളായം തോട്, വടക്കുഭാഗത്തുകൂടി പന്നകം തോട് എന്നിവ കടന്നുപോകുന്നു. നീര്‍വാര്‍ച്ച കൂടുതലുള്ള ചീങ്കല്‍ മണ്ണാണ് ഭൂരിഭാഗവും കാണപ്പെടുന്നത്. കല്ലും, മണ്ണും ഇടകലര്‍ന്ന ഭാഗങ്ങളും, പാറക്കൂട്ടങ്ങളും, ചെറിയ ചെറിയ കുന്നുകളും, താഴ്വരകളും ഇടകലര്‍ന്ന് കാണാം. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ വാഴൂര്‍ വില്ലേജിലും കങ്ങഴ വില്ലേജിലും ഉള്‍പ്പെട്ട് കെ.കെ റോഡിനു ഇരുവശത്തായി സ്ഥിതിചെയ്യുന്നതും, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, നെടുംകുന്നം, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നതുമാണ് വാഴൂര്‍ പഞ്ചായത്ത്. 1953-ല്‍ വാഴൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യത്തെ പ്രസിഡന്റ് പി.റ്റി.വര്‍ക്കി ആയിരുന്നു. 1950-ന് ശേഷം വാഴൂരിന്റെ മുഖഛായ തന്നെ മാറി. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളുമുണ്ടായി. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ പഞ്ചായത്തില്‍ വാഴൂര്‍ എന്‍.എസ്.എസ് കോളേജ് തീര്‍ത്ഥപാദപുരത്ത് സ്ഥിതി ചെയ്യുന്നു. കുതിരവെട്ടം എന്നും തീര്‍ത്ഥപാദപുരത്തിന് വിളിപ്പേരുണ്ട്. കുതിരവെട്ടമാണ് പില്‍ക്കാലത്ത് കുതിരവട്ടമായി മാറിയതെന്നു കരുതുന്നു. ഒരു കാലത്ത് വാഴൂരിലെയും പ്രാന്തപ്രദേശങ്ങളിലെയും ശ്മശാനമായിരുന്ന കുതിരവട്ടമിന്ന് ഒരു വൈജ്ഞാനിക പ്രദേശമായി പ്രശോഭിക്കുന്നു. പ്രശസ്ത നിലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഹൈസ്ക്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്. എന്‍.എസ്.എസ്.ഹൈസ്കൂള്‍ ടി.വി.പുരം, സെന്റ് പോള്‍സ് ഹൈസ്കൂള്‍ പുളിക്കല്‍ കവല, ഗവണ്‍മെന്റ് ഹൈസ്കൂള്‍ കൊടുങ്ങൂര്‍ എന്നിവയാണ് അവ. മൂന്ന് യു.പി.സ്കൂളുകളും ഏഴ് എല്‍.പി.സ്കൂളുകളും ഈ ഗ്രാമത്തിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കുന്നു. തീര്‍ത്ഥപാദപുരം ആശ്രമം ഇവിടുത്തെ മറ്റൊരു വിജ്ഞാന ക്ഷേത്രമാണ്. ചട്ടമ്പി സ്വാമികളുടെ ശിഷ്യ പ്രമുഖനും പ്രസിദ്ധ സംസ്കൃത പണ്ഡിതനും ആയിരുന്ന വിദ്യാനന്ദതീര്‍ത്ഥ പാദസ്വാമികളാണ് ഈ ആശ്രമം സ്ഥാപിച്ചത്. നോവല്‍റ്റി ക്ളബ്ബ് പുളിക്കല്‍ കവല, കര്‍ഷക ഗ്രന്ഥശാല കന്നുകുഴി, എന്‍.ജി.പി.എം തീര്‍ത്ഥപാദപുരം, യംഗ് മെന്‍സ് ക്ളബ്ബ് ആന്റ് റീഡിംഗ് റൂം 17-ാം മൈല്‍ എന്നിവ പ്രധാന കലാസാംസ്കാരിക സംരംഭങ്ങളാണ്. 1965-ല്‍ സ്ഥാപിച്ച പഞ്ചായത്ത് പബ്ളിക് ലൈബ്രറി കൊടുങ്ങൂര്‍ ചാമംപതാലില്‍ പ്രവര്‍ത്തിച്ചു വരുന്നു. പി.റ്റി.ചാക്കോ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് തുടങ്ങിയ വായനശാലകള്‍  ഈ പഞ്ചായത്തിലെ സാംസ്കാരിക കേന്ദ്രങ്ങളാണ്. വാഴൂര്‍ നിയോജകമണ്ഡലം കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭരായ ഒട്ടേറെ നേതാക്കളെ വാര്‍ത്തെടുത്തിട്ടുണ്ട്. ഈ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി.റ്റി.ചാക്കോ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ നേതാവും ആയിരുന്ന പി.റ്റി.ചാക്കോ സംസ്ഥാന പ്രതിപക്ഷ നേതാവായും കേരള ആഭ്യന്തരമന്ത്രിയായും ശോഭിച്ചു. കാനം രാജേന്ദ്രന്‍ എം.എല്‍.എ യായും സേവനം ചെയ്തു. കെ.നാരായണക്കുറുപ്പ് എം.എല്‍.എ.ആയും അഞ്ചുവര്‍ഷക്കാലം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും സേവനമുഷ്ഠിച്ചിട്ടുണ്ട്.