വാഴൂര്‍

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിലായാണ് വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചിറക്കടവ്, കങ്ങഴ, നെടുംകുന്നും, വെള്ളാവൂര്‍, വാഴൂര്‍,കറുകച്ചാല്‍ എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത്. ചിറക്കടവ്, ചെറുവള്ളി, വാഴൂര്‍, കങ്ങഴ, വെള്ളാവൂര്‍, നെടുംകുന്നം ,കറുകച്ചാല്‍,തോട്ടയ്ക്കാട്(ഭാഗികം)എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 142.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് പാമ്പാടി ബ്ളോക്കും, കിഴക്കുഭാഗത്ത് കാഞ്ഞിരപ്പള്ളി ബ്ളോക്കും, തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് മാടപ്പള്ളി ബ്ളോക്കുമാണ് വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. കോട്ടയം ജില്ലയുടെ തെക്കുഭാഗത്തായാണ് വാഴൂര്‍ ബ്ളോക്കു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലകളും താഴ്വരകളും ഇടകലര്‍ന്ന ഇടനാടന്‍ ഭൂപ്രകൃതി മേഖലയിലാണ് വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വളരെ ഉയര്‍ന്ന പ്രദേശങ്ങളും സമതല പ്രദേശങ്ങളും ഇവിടെ കാണാം. നെടുംകുന്നം പഞ്ചായത്തിലാണ് താഴ്ന്ന പ്രദേശങ്ങള്‍ കൂടുതലുള്ളതെങ്കില്‍ ചിറക്കടവു പഞ്ചായത്തിലാണ് കുന്നിന്‍ പ്രദേശങ്ങള്‍ കൂടുതലുള്ളത്. ബ്ളോക്കിന്റെ അതിര്‍ത്തിയില്‍ തെക്കുഭാഗത്തു കൂടെ കിഴക്കു പടിഞ്ഞാറായി 25 കിലോമീറ്ററോളം ദൂരം മണിമലയാര്‍ ഒഴുകുന്നു. ഉയര്‍ന്ന പ്രദേശങ്ങള്‍, സമതലങ്ങള്‍, കുന്നുകള്‍, താഴ്ന്ന പ്രദേശങ്ങള്‍, ചെരിഞ്ഞ പ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. നീര്‍വാര്‍ച്ചയ്ക്കിടയാക്കുന്ന ചെങ്കല്‍മണ്ണ്, കളിമണ്ണ്, എക്കല്‍കലര്‍ന്ന മണല്‍ മണ്ണ്, ചരല്‍കലര്‍ന്ന ചുവന്ന മണ്ണ്, വെട്ടുകല്ലുമണ്ണ്, ഫലഭൂയിഷ്ഠമായ കറുത്ത മണ്ണ് എന്നീ മണ്ണിനങ്ങളാണ് സാധാരണയായി ഇവിടെ കണ്ടുവരുന്നത്. മേലരുവി, ചിറക്കടവ് ചാത്തന്‍പാറ,നെടുംകുന്നം എന്നീ സ്ഥലങ്ങളാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന കെ.കെ.റോഡും (കോട്ടയം-കുമിളി പാത), പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ എരുമേലി, ശബരിമല ഇവയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന റോഡും ഈ ബ്ളോക്കു പ്രദേശത്തു കൂടിയാണു കടന്നുപോകുന്നത്. 1958-ലാണ് വാഴൂര്‍ ബ്ളോക്ക് രൂപീകൃതമായത്. ബ്ളോക്കിന്റെ ആസ്ഥാനം ചാമംപതാലില്‍ സ്ഥിതി ചെയ്യുന്നു. കാര്‍ഷിക പ്രധാനമായ സമ്പദ്ഘടനയാണ് ഈ പ്രദേശത്തിനുള്ളത്.