ചരിത്രം

ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സര്‍ സി പി രാമസ്വാമി അയ്യരെ സന്ദര്‍ശിക്കാന്‍ വന്ന ബ്രിട്ടീഷ് വൈസ്രോയിയെ കരിങ്കൊടി കാണിച്ച് ഗോ  ബാക്ക് വിളിച്ച സംഭവത്തില്‍ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികള്‍ കളവംകോടം ചൂഴാറ്റ് വീട്ടില്‍ സി കെ രാഘവന്‍, കെ ഡി പ്രഭാകരന്‍ എന്നിവര്‍ ഈ പഞ്ചായത്തുകാരാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ പാദസ്പര്‍ശം കൊണ്ട് പുളകിതമായ വയലാറിലെ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ, തിരുവിതാംകൂറില്‍ പ്രാചീനകാലത്തുടലെടുത്ത കേരളാദിത്യപുരം ക്ഷേത്രം, കേരളത്തില്‍ അറിയപ്പെടുന്ന പ്രമുഖ നാഗാരാധനാ ക്ഷേത്രമായ തിരുനാഗംകുളങ്ങര, മറ്റുപലക്ഷേത്രങ്ങളും, 6 ക്രിസ്ത്യന്‍ പള്ളി, 3 മുസ്ളീംപളളി ഇവയെല്ലാം തന്നെ സര്‍വ്വമതസാഹോദര്യത്തോടെ ജീവിക്കുന്ന ഗ്രാമീണരുടെ ആദ്ധ്യാത്മിക സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നു.

ഭരണ ചരിത്രം

1948-ല്‍ വില്ലേജ് യൂണിയനായി പ്രവര്‍ത്തനമാരംഭിച്ച പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡന്റ് പാറേഴത്ത് പരമേശ്വരകുറുപ്പായിരുന്നു. 1979 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വി എന്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും,  എം കെ കൃഷ്ണന്‍ വൈസ്‌പ്രസിഡന്റുമായുള്ള ഭരണസമിതിയാണ് നിലവില്‍ വന്നത്. 1996 ല്‍ നടന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സിന്ധു വാവക്കാട് പ്രസിഡന്റായും കെ പി ഭാസി വൈസ് പ്രസിഡന്റായും കെ എന്‍ രവീന്ദ്രന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായുള്ള 10 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ലാലീസരസ്വതി, കെ മാധവന്‍, വി കെ സുകുമാരന്‍കുട്ടി, തിലകമ്മഷാജി, വയലാര്‍ ലത്തീഫ്, കെ സച്ച്, വത്സലാതമ്പി എന്നിവര്‍ ഇപ്പോള്‍ ഭരണം നടത്തിവരുന്നു.

സാംസ്ക്കാരിക ചരിത്രം

കേരളീയ സംസ്കാരം ഏകദേശം സമന്വയിപ്പിക്കപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്താണ് ഇന്നു വയലാര്‍. ഇരുപത്തിയേഴ് ഏഴങ്ങളും വളരെയധികം മനകളും കാവുകളോടും കൂടി ഉന്നത തറവാട്ടുകാരുണ്ടായിരുന്ന നാടായിരുന്നു വയലാര്‍. സാംസ്കാരിക നവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച അനേകം പേര്‍ ഇവിടെയുണ്ട്. വായനശാലയുടെ പ്രവര്‍ത്തനം തുടങ്ങിയത് എല്ലാംതന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായിട്ടാണ്. വയലാര്‍ രാമവര്‍മ്മ, എന്‍ കെ എന്‍ നമ്പൂതിരിപ്പാട് (നാനം തിരുമേനി), ശ്രീമംഗലത്ത് രാമകൃഷ്ണക്കുറുപ്പ്, കെ കൃഷ്ണന്‍നായര്‍ എന്നിവര്‍ പത്രാധിപസമിതി അംഗങ്ങളായി 1128 ല്‍ ‘നവസാഹിതി’ എന്ന ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ഇതിന്റെ കോപ്പി ഇന്നും പഞ്ചായത്ത് വായനശാലയിലുണ്ട്. സമുദായത്തില്‍ തന്നെ പല വിഭാഗങ്ങള്‍തമ്മില്‍ അയിത്തം  നിലനിന്നിരുന്ന കാലത്ത് പന്തിഭോജനം നടത്തി എന്നതിന് സമൂഹം എം കെ കൃഷ്ണനു ഭ്രഷ്ടു കല്‍പിച്ചിരുന്നുവത്രേ. അതേനാട്ടില്‍ അതേകാലത്ത് മേല്‍പറഞ്ഞ എന്‍ കെ എന്‍ നമ്പൂതിരിപ്പാടിന്റെ അന്തര്‍ജനം നാനാജാതി മതസ്ഥര്‍ക്കും ചോറുവെച്ചു വിളമ്പിക്കൊടുത്തിരുന്നു എന്നത് നാടിന്റെ സാംസ്കാരത്തെ എടുത്തുകാണിക്കുന്നു. ഉഴുവ ശ്രീ ചിത്രാ റീഡിങ്ങ് റൂം, കളവങ്കോടം സഹകരണ ബാങ്കിനോടനുബന്ധിച്ചുള്ള വായനശാല, വയലാര്‍ നവസാഹിതി ഗ്രന്ഥശാല എന്നിവ വയലാറിലെ വളരെപ്പഴക്കംചെന്ന സരസ്വതി ക്ഷേത്രങ്ങളാണ്. ഈ നാടിനെ ലോകത്തിനുമുന്നില്‍ എടുത്തുകാട്ടിയ വയലാര്‍ രാമവര്‍മ്മയെ ആദരവോടുകൂടി മാത്രമേ വയലാറിനു സ്മരിക്കാനാവൂ. കലാ-സാഹിത്യ-സാംസ്കാരിക മേഖലകള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന അനേകം പ്രതിഭകള്‍ ഇന്നും വയലാറിന്റെ സമ്പാദ്യമാണ്. കഥകളി ഭാഗവതരായി ലോകാരാധ്യനായിത്തീര്‍ന്ന കാരോക്കര കുട്ടപ്പക്കുറുപ്പ് വയലാറുകാരനായിരുന്നു. ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, നൃത്തകലാരംഗം, ഉടുക്കുപാട്ടുകാര്‍, വില്‍പാട്ടുകാര്‍, പുള്ളുവന്‍പാട്ടുകാര്‍ ഇവരെല്ലാം വയലാറില്‍ സുലഭമാണ്. അതുപോലെതന്നെ ചെണ്ടവാദ്യം, തിരുവാതിരക്കളി, കോല്‍ക്കളി എന്നീ കലാപ്രസ്ഥാനങ്ങളും ഗരുഡന്‍തൂക്കം, അമ്മന്‍കുടം, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നവര്‍ ഇവിടെയുണ്ട്.