പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

കിഴക്ക് വയലാര്‍ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേര്‍ന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറു നാഷണല്‍ ഹൈവേയും വടക്ക് കാവില്‍ പള്ളിത്തോടും ചേര്‍ന്നപ്രദേശം അതിരിടുന്നതാണ്  വയലാര്‍ ഗ്രാമപഞ്ചായത്ത്. 1591 ഹെക്ടര്‍ വിസ്തൃതിയാണ് ഈ പഞ്ചായത്തിന്. നിലം, പുരയിടം, പുറംമ്പോക്ക്, കൃഷിയോഗ്യമായത്, യോഗ്യമല്ലാത്തത്, കായല്‍, തോട് എന്നിവ ഉള്‍പ്പെടുന്ന ഭാഗമാണ് ഇത്. നെല്ല്, തെങ്ങ്, പച്ചക്കറികള്‍, മരച്ചീനി, കുരുമുളക്, വാഴ, മാവ്, പ്ളാവ്, കശുമാവ്, കമുക് എന്നീ കരകൃഷിയും ചെമ്മീന്‍, മറ്റു മത്സ്യങ്ങള്‍ എന്നീ കായല്‍ കൃഷിയും സമ്മിശ്രമാണ് പഞ്ചായത്തിലേത്. ഏതാണ്ട് ഒരേനിരപ്പുള്ള ഭൂമി പൊതുവേ മണല്‍ മണ്ണിനാല്‍ ആവരണം ചെയ്യപ്പെട്ടതാണ്. എന്നാല്‍ ചാത്തന്‍ചിറ, പുല്ലന്‍ചിറ, പ്ളാശ്ശേരിച്ചിറ, കുണ്ടത്തിക്കടവ്, നാഗംകുളങ്ങര, കേളമംഗലം, എട്ടുപുര, കുട്ടംചാല്‍ മുതലായ കായലോരപ്രദേശങ്ങളില്‍ ഭാഗികമായി ചെളിമയമുള്ള മണല്‍മണ്ണ് കാണുന്നു. ജലാശയങ്ങളുമായി കൂടുതല്‍ ബന്ധമില്ലാത്ത പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം പൊതുവേ ഫലഭൂയിഷ്ഠമല്ലാത്ത മണല്‍മണ്ണ് നിറഞ്ഞതാണ്. നീര്‍വാഴ്ച കിഴക്കന്‍ ഭാഗങ്ങളെക്കാള്‍ വളരെ കൂടുതലാണിവിടെ. വയലാര്‍ കായലുമായി ബന്ധപ്പെട്ടു കിഴക്കുപടിഞ്ഞാറ് ഒഴുകുന്ന വെളുത്തേടത്തു തോട്, പുത്തന്‍തോട്, വേലപ്പന്‍തോട് എന്നിവയും തെക്ക് വടക്കായി പുല്ലന്‍ചിറ, ചാത്തന്‍ചിറ, പ്ളാശ്ശേരിച്ചിറ തോടും കണ്ണേകാട്ട് തോടും ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളെ ചുറ്റി പൊന്നാംവെളി, കുട്ടംചാല്‍, മാലിത്തോട് ഇവകള്‍ ഒഴുകുന്നു. പ്രസ്തുത തോടുകളെല്ലാം കായലും കടലുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു. തന്മൂലം ഉപ്പുനിറഞ്ഞതാണ് അവിടത്തെ ജലം. പഞ്ചായത്തിലെ പ്രധാന കൃഷികള്‍ തെങ്ങും നെല്ലും ആയിരുന്നു.

വിദ്യാഭ്യാസ രംഗം

വയലാര്‍ പഞ്ചായത്തില്‍ ആദ്യമായി ഒരു സ്കൂള്‍ ആരംഭിച്ചത് 1919-ല്‍ ആയിരുന്നു. പിന്നീട് 1923-ല്‍ കാവില്‍പ്പള്ളിയോടനുബന്ധിച്ച് സെന്റ് മൈക്കിള്‍സ് സ്ക്കൂളും ഈ സ്ക്കൂള്‍ പിന്നീട് യു പി സ്ക്കൂളാക്കുകയും പില്‍ക്കാലത്ത് യു പി വിഭാഗം ഇല്ലാതാകുകയും ചെയ്തു. 1924-ല്‍ വയലാര്‍ കിഴക്കേപള്ളിയങ്കണത്തില്‍ ലിറ്റില്‍ ഫ്ളവര്‍ സ്ക്കൂളും പില്‍ക്കാലത്ത് വയലാര്‍ വടക്കു ഭാഗത്തുള്ള വിദ്യാലയവും സ്ഥാപിതമായി. ഇന്ന് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എന്ന പേരിലറിയപ്പെടുന്ന വിദ്യാലയം ശ്രീകാലാലിന്‍ കൊച്ചുണ്ണി കുറുപ്പ് സൌജന്യമായി കൊടുത്ത സ്ഥലത്ത് 1919-ല്‍ വെറും മൂന്ന് ക്ളാസ്സുകള്‍ മാത്രമായിട്ടു തുടങ്ങിയതാണ്. കാവില്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുശേഷം 1924-ല്‍ കളവങ്കോടത്തെ കരപ്പുറം മിഷന്‍ വിദ്യാലയം ആരംഭിച്ചു. തുടക്കം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു. ഒരു വ്യാഴവട്ടകാലം ആ അവസ്ഥ തുടര്‍ന്നു. 1937-ല്‍ ആണ് ഇവിടെ ഒന്നു മുതല്‍ നാലു വരെയുള്ള ക്ളാസ്സുകള്‍ ആരംഭിച്ചത്. പിന്നീട് 1952-ല്‍ ഈ സ്ക്കൂള്‍ അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ന്നു.

വ്യാവസായിക വികസനം

പഞ്ചായത്തില്‍ ഏതാണ്ട് 478 ചെറുകിട ഇടത്തരം കയര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം 25% ആളുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നതായി കാണാം. അതുപോലെതന്നെ സ്ത്രീകള്‍ കയര്‍പിരി മേഖലയിലും പണിയെടുക്കുന്നു. കയറ്റുപായ്, തടുക്ക് ഇവ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ മിക്കപ്രദേശങ്ങളിലുമുണ്ട്. പഴയ ഉല്‍പ്പാദനപ്രക്രിയകള്‍ തന്നെയാണ് ഇന്നും തുടര്‍ന്നു വരുന്നത്. ഈ രംഗത്ത് ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. കൂടാതെ സഹകരണമേഖലയില്‍ ഒരു കൈത്തറി യൂണിറ്റും രണ്ടു വനിതാ ഗാര്‍മെന്റ് മേക്കിംഗ് യൂണിറ്റും ഒരു വനിതാവ്യവസായ യൂണിറ്റും ഒരു വനിതാ കെല്‍ട്രോണ്‍ യൂണിറ്റും പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യ മേഖലയില്‍ ഒരു വെളിച്ചണ്ണ ഉല്‍പ്പാദന കേന്ദ്രവും (ആര്‍ ഡി ഓയില്‍ പ്രൊഡക്ഷന്‍) ചിരട്ട ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു വ്യവസായ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതൊടൊപ്പം ഖാദി വ്യവസായ യൂണിറ്റും നിലവിലുണ്ട്.

മത്സ്യബന്ധനവും മൃഗപരിപാലനവും

10 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വയലാര്‍ ഗ്രാമത്തിന്റെ വടക്കും കിഴക്കും ഭാഗികമായി തെക്കും പ്രദേശങ്ങളിലെ മിക്ക പട്ടികജാതിക്കാരുടേയും മറ്റു സമൂഹത്തിലെ 15-16 ശതമാനം ആളുകള്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട മൃഗപരിപാലനം, മത്സ്യബന്ധനം, കോഴിവളര്‍ത്തല്‍ എന്നീ ഘടകങ്ങളിലൂടെ ധാരാളം കുടുംബങ്ങള്‍ ജീവനമാര്‍ഗ്ഗം തേടുന്നുണ്ട്. മൂന്നു വശവും കായലുകളാല്‍ ചുറ്റപ്പെട്ട ഈ പഞ്ചായത്തില്‍ ഉള്‍നാടന്‍ ജലസംഭരണികളും ഉണ്ട്. ഇതിലെല്ലാം ധാരാളം മത്സ്യങ്ങള്‍ ഉണ്ടാവുകയും വളരുകയും ചെയ്യുന്നു. ഈ നാട്ടിലെ പ്രധാന മത്സ്യ ഇനങ്ങളായ വരാല്‍, കരിമീന്‍, കണമ്പ്, കൊഞ്ച്, ചെമ്മീന്‍, കാരി, സാലോപ്പിയ, ഞണ്ട്, ചെമ്പല്ലി, പള്ളത്തി, പരല്‍ തുടങ്ങി പോഷകപ്രധാനമായ അനേകം മത്സ്യയിനങ്ങള്‍ ഇവിടെയുണ്ട്.

സഹകരണ മേഖല

1913 ല്‍ കൊച്ചിയിലും 1914 ല്‍ തിരുവിതാംകൂറിലും സഹകരണ നിയമങ്ങള്‍ പാസ്സാക്കിയിരുന്നു. താമസംവിനാ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ നാട്ടിന്‍പുറങ്ങളിലും സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ശ്രീനാരായണധര്‍മ്മപരിപാലനയോഗം, നായര്‍ സര്‍വ്വീസ് സൊസൈറ്റി തുടങ്ങിയ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൂടും വെളിച്ചവും സ്വാംശീകരിച്ച് പഞ്ചായത്തിലും സഹകരണപ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചു. പഞ്ചായത്തില്‍ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് നായര്‍ പരസ്പര സഹായസഹകരണസംഘം എന്ന പേരില്‍ 233-ാം നമ്പര്‍ സംഘം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന് സമാന്തരമായി മറ്റൊരു പരസ്പര സഹായസഹകരണസംഘം കളത്തി വെളിക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്നു.