വയലാര്‍

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് വയലാര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. കിഴക്ക് വയലാര്‍ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേര്‍ന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറു നാഷണല്‍ ഹൈവേയും വടക്ക് കാവില്‍ പള്ളിത്തോടും ചേര്‍ന്നപ്രദേശവും അതിരിടുന്നതാണ്  വയലാര്‍ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ വടക്കുഭാഗത്ത് 47-ാം നമ്പര്‍ ദേശീയ പാതക്ക് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന 14.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയലാര്‍ ലോക ഭൂപടത്തില്‍ ഇടം ലഭിച്ച ഒരു ഗ്രാമമാണ്. ലോകജനതയെ കവിതയുടെ കല്ലോലങ്ങളാല്‍ പുളകിതമാക്കിയ അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ ജനനം കൊണ്ട് അനുഗ്രഹീതമാണ് വയലാര്‍ പഞ്ചായത്ത്. അമേരിക്കന്‍ മോഡല്‍ അറബി കടലില്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനത്തിനെതിരെയും പ്രായപൂര്‍ത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും സി കെ കുമാരപ്പണിക്കരുടെ നേതൃത്വത്തില്‍  തൊഴിലാളി വര്‍ഗ്ഗം നയിച്ച ഐതിഹാസികമായ വയലാര്‍ സമരം നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറില്‍ ഇദംപ്രഥമമായി ഒരു തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്. അക്കാലത്ത് ചേര്‍ത്തലയും വയലാറും “കുറിയമുട്ടം കായലിനാല്‍” വേര്‍പെട്ടിരുന്നു. ഇവയെ ഒരുപാലം കൊണ്ട് ചേര്‍ത്തല ടൌണുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞത് അന്തരിച്ച ശ്രീമതി ദേവകി കൃഷ്ണന്റെ അശ്രാന്തപരിശ്രമഫലമായിട്ടാണ്. ഇന്ന് നാം കാണുന്ന വയലാര്‍-കുറിയമുട്ടം പാലംവരുന്നതിനുമുമ്പ് കടത്ത് വളളമായിരുന്നു ചേര്‍ത്തലയെ വയലാറുമായി ബന്ധപ്പെടുത്തിയിരുന്നത്.