ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

വാടാനപ്പള്ളി എന്ന സ്ഥലനാമം തന്നെ പാലിഭാഷയുമായി ബന്ധമുള്ളതാണ്. വാടാനപ്പള്ളി എനാമാവ് പരിസരത്ത് നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ കുഴിച്ചാടികളും വിഗ്രഹങ്ങളും മറ്റും ഈ പ്രദേശത്തിന്റെ അതിപുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മ്ളാനഗജാപുരി എന്ന് ഒരു സംസ്കൃതകാവ്യത്തില്‍ വാടാനപ്പള്ളിയെ പരാമര്‍ശിച്ചിട്ടുണ്ട്. അശോകചക്രവര്‍ത്തിയുടെ ഭരണകാലമായ ബി.സി 3-ാം ശതകത്തോടെ തന്നെ ബുദ്ധമതം കേരളത്തില്‍ പ്രചരിച്ചിരുന്നതായി മനസിലാക്കാം. ഹിന്ദുക്ഷേത്രങ്ങളില്‍ നിലനിന്നുപോരുന്ന ഉത്സവ സമ്പ്രദായം പലതും ബുദ്ധമതത്തില്‍ നിന്നും കടംകൊണ്ടതാണ്. അക്കാലത്ത് ബുദ്ധമത വിഹാരങ്ങളെ പള്ളികള്‍ എന്നാണ് പറഞ്ഞിരുന്നത്. ക്രമേണ ഹൈന്ദവേതരദേവാലയങ്ങളെയെല്ലാം പള്ളികള്‍ എന്നു വിളിക്കുന്ന ഏര്‍പ്പാട് നിലവില്‍ വന്നു. ക്രിസ്ത്യാനികളും മുഹമ്മദീയരും തങ്ങളുടെ ദേവാലയങ്ങളെ പള്ളികള്‍ എന്നാണ് ഇന്നും വിളിച്ചുവരുന്നത്. പാലി ഭാഷയിലാണ് ശ്രീബുദ്ധന്‍ തത്വോപദേശം ചെയ്തിരുന്നത്. പള്ളി മുതലായ മലയാളത്തില്‍ പ്രചരിച്ചിട്ടുള്ള പല പാലിപദങ്ങളും ബുദ്ധമതസമ്പര്‍ക്കം മൂലം ലഭിച്ചിട്ടുള്ളവയാണ്. പള്ളി എന്ന സംജ്ഞ, ബുദ്ധമതവിഹാരങ്ങള്‍ സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളുടെയും പേരിനോടു ചേര്‍ന്നും പ്രചാരത്തിലുണ്ട്. അങ്ങനെയുണ്ടായ സ്ഥലനാമങ്ങളിലൊന്നാണ് വാടാനപ്പള്ളി. ഒരു പുരാതനഗ്രന്ഥത്തില്‍ വാടാനപ്പള്ളിയെ മ്ളാനഗജാപുരി എന്ന് സംബോധന ചെയ്തിട്ടുള്ളതായും പറയപ്പെടുന്നു. വിദേശികളും സ്വദേശികളുമായ ഭരണാധികാരികള്‍ തന്ത്രപ്രധാനമായ മണപ്പുറം ദ്വീപിനുവേണ്ടി പലപ്പോഴും പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യസമര ചരിത്രത്തിലും മണപ്പുറത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ഡച്ചുകാരും ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ളീഷുകാരും ഈ മണ്ണില്‍ ആധിപത്യം പുലര്‍ത്തിയിരുന്നവരാണ്. ഡച്ചുകാരെ തോല്‍പിച്ച് മൈസൂര്‍സുല്‍ത്താന്‍മാരായ ഹൈദറും ടിപ്പുവും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. അന്നത്തെ കയറ്റുമതി കേന്ദ്രങ്ങളില്‍ അട്ടുകുഴി(നാട്ടിക) മാടായി(വാടാനപ്പള്ളിക്ക് വടക്കുഭാഗം) എന്നിവ പ്രസിദ്ധങ്ങളായിരുന്നു. ഒരുകാലത്ത് കപ്പലടുക്കുന്ന തുറമുഖമായിരുന്ന ചേറ്റുവായില്‍ റോമക്കാര്‍ കുടിയേറി പാര്‍ത്തിരുന്നുവത്രെ. അവര്‍ ശവശരീരങ്ങള്‍ മണ്‍ഭരണികളിലാണ് മറവു ചെയ്തിരുന്നത്. ആ സമ്പ്രദായം പിന്നീട് നാട്ടുകാരും അനുകരിച്ചുപോന്നു. കുഴിച്ചാടികള്‍ എന്ന പേരില്‍ ഇപ്പോഴും മണപ്പുറത്തെ മണ്ണിനടിയില്‍ നിന്നും കണ്ടെടുക്കുന്ന വലിയ മണ്‍ഭരണികള്‍ അത്തരത്തിലുള്ളവയാണ്. 870-ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ദുര്‍ഗ്ഗാദേവിക്ഷേത്രമാണ് വാടാനപ്പള്ളിയിലെ ഏറ്റവും പുരാതനമായ ഹൈന്ദവക്ഷേത്രം. പഴയകാലത്ത് 700-ല്‍ പരം ഏക്കര്‍ ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്നാകട്ടെ ഏതാനും ഏക്കര്‍ ഭൂമി മാത്രമേ ക്ഷേത്രത്തിന്റെ കൈവശമുള്ളൂ. ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള തെക്കേ ജുമാ-അത്ത് പള്ളിയാണ് വാടാനപ്പള്ളിയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം ദേവാലയം. ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള വടക്കേ ജുമാ-അത്ത് പള്ളിയാണ് വാടാനപ്പളളിയിലെ പ്രസിദ്ധമായ മറ്റൊരു മുസ്ലീം ദേവാലയം. 1894-ലാണ് വാടാനപ്പള്ളിയില്‍ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലമെടുത്തത്. 1899-ലാണ് കുരിശുപള്ളി ഇടവകപള്ളിയായി ഉയര്‍ന്നത്. അതിനുമുമ്പ് കണ്ടശ്ശാംകടവ് പള്ളിയായിരുന്നു വാടാനപ്പള്ളിയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഇടവകപള്ളി. മത്സ്യബന്ധനം, കൃഷി, ബീഡിതെറുപ്പ്, പായനെയ്ത്ത്, കയര്‍പിരി, കള്ള് ചെത്ത്, കച്ചവടം മുതലായവയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍. ജാതിവ്യവസ്ഥ വളരെ ശക്തമായ നിലയില്‍ തന്നെ നിലവിലുണ്ടായിരുന്നു. വാടാനപ്പള്ളി, തൃത്തല്ലൂര്‍ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലായിരുന്നു കൃഷിഭൂമിയില്‍ ഏറിയ ഭാഗവും. അപൂര്‍വ്വം ചില ഈഴവ, ധീവര, മുസ്ലീം ഭൂപ്രഭുക്കളും ഉണ്ടായിരുന്നു. തെങ്ങോല ഉപയോഗിച്ചുണ്ടാക്കുന്ന ചെറ്റകുടിലുകളും കളിമണ്ണ് വാരിപ്പൊത്തിയുണ്ടാക്കുന്ന ചുമരുകളോടുകൂടിയ ഓലമേഞ്ഞ വീടുകളും എന്നതായിരുന്നു അന്നത്തെ ഒട്ടുമുക്കാലും വീടുകളുടെ പഴയകാല സ്ഥിതി. അധ:സ്ഥിതജനവിഭാഗത്തിന് ഷര്‍ട്ട് ഇടാനോ മാറുമറയ്ക്കാനോ മുട്ടിറങ്ങുന്ന മുണ്ടുടുക്കാനോ ഉള്ള അവകാശം പോലും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂപ്രഭുത്വ സമ്പദ് വ്യവസ്ഥയാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. 1920-ലാണ് വാടാനപ്പള്ളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യകാലത്ത് വാടാനപ്പിള്ളിയിലും പരിസരത്തുമുള്ള ജനങ്ങള്‍ ജോലിതേടി ചെന്നത് സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്കയിലായിരുന്നു. 1900-ത്തില്‍ തുടങ്ങിവെച്ച ഈ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും കള്ളുചെത്ത് തൊഴിലാളികളായിരുന്നു. 1937 കാലഘട്ടത്തില്‍ മണപ്പുറം പ്രദേശത്തുനിന്നും ഉദ്ദേശം കാല്‍ലക്ഷത്തോളം പേര്‍ സിലോണിലുണ്ടായിരുന്നുവത്രെ. കേരളത്തിലെ പല പ്രമുഖനേതാക്കളും സിലോണില്‍ ചെന്ന് ആശയപ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അവര്‍ക്കൊക്കെ മണപ്പുറം കുടിയേറ്റക്കാര്‍ താങ്ങും തണലുമായിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്ര്യമായതോടെ സിലോണില്‍ കുടിയേറ്റനിയന്ത്രണങ്ങളുണ്ടായി. സ്വാതന്ത്ര്യാനന്തരം ഇവിടെയുള്ള പലരും മദ്രാസ്സിലേക്കും ബോംബെയിലേക്കും ജോലി തേടിപ്പോകാനാരംഭിച്ചു. ഇത് മണപ്പുറത്തുനിന്നുള്ള രണ്ടാം കുടിയേറ്റത്തിന്റെ ആരംഭമായിരുന്നു. 1960-കാലമായപ്പോള്‍ ബോംബെയില്‍ ശിവസേനയുടെയും മദ്രാസ്സില്‍ ഡി.എം.കെയുടെയും പ്രാദേശികവാദങ്ങള്‍ തലപൊക്കുകയും മലയാളികളെല്ലാം വിഷമവൃത്തത്തിലാവുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അറബിനാടുകളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന വാര്‍ത്തയ്ക്ക് പ്രചാരം ലഭിച്ചത്. പിന്നീടങ്ങോട്ട് ഗള്‍ഫുമേഖലയിലുള്ളവര്‍ വാടാനപ്പള്ളിയുടെ സാമ്പത്തികവികസനത്തിന് നാന്ദി കുറിക്കുകയായിരുന്നുവെന്ന് പറയാം. കൊടുങ്ങല്ലൂര്‍ മുതല്‍ ചേറ്റുവ വരെയുള്ള മണപ്പുറംമേഖലയില്‍ സമീപപ്രദേശങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയില്‍ വികസനം നടന്നുകൊണ്ടിരിക്കുന്നത് വാടാനപ്പള്ളിയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായ ഒരു അവികസിതജില്ലയായിരുന്നു മലബാര്‍. തുക്കിടി അഥവാ സബ് കലക്ടര്‍ എന്ന ഉദ്യോഗസ്ഥന്റെ അധികാരപരിധിയില്‍ മലബാറിനെ ചെറിയ ചെറിയ റവന്യൂജില്ലകളായി വിഭജിച്ചിരുന്നു. അന്ന് മണപ്പുറത്ത് തന്നെ മണപ്പുറം, ആറ്റുപുറം എന്നിങ്ങനെ രണ്ടു ജില്ലകളുണ്ടായിരുന്നുവത്രെ. പൊന്നാനി താലൂക്കില്‍ നാട്ടിക റവന്യൂഫര്‍ക്കയിലെ ഒരു അംശ(വില്ലേജ്)മായിരുന്നു വാടാനപ്പള്ളി. അതിനുമുമ്പ് കുറെ കാലം ഏങ്ങണ്ടിയൂര്‍ അംശത്തിന്റെ ഭാഗമായിരുന്നു വാടാനപ്പള്ളി. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തോടെയാണ് വാടാനപ്പള്ളിയില്‍ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്. 1940-കളുടെ അന്ത്യത്തോടെ അന്നത്തെ കൊച്ചിരാജ്യത്തിന്റെ ഭാഗമായ മണലൂരില്‍ നടന്ന ചെത്ത് തൊഴിലാളി സമരത്തെ തുടര്‍ന്ന് അതിരൂക്ഷമായ പോലീസ് നരനായാട്ടാണ് വാടാനപ്പള്ളിയിലുണ്ടായത്. 1970-ലെ കുടികിടപ്പുനിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാടാനപ്പള്ളിയില്‍ നടന്ന 10 സെന്റ് വളച്ചുകെട്ടല്‍ സമരവും പ്രസിദ്ധമാണ്. 1959-ലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം വാടാനപ്പള്ളി പഞ്ചായത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം യാഥാര്‍ത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതുതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ തൃശൂര്‍ നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ പടിഞ്ഞാറുമാറി വാടാനപ്പള്ളി സ്ഥിതി ചെയ്യുന്നു. ഹൈന്ദവദേവാലയങ്ങളായി വാടാനപ്പള്ളി, തൃത്തല്ലൂര്‍, ഗണേശമംഗലം എന്നീ ക്ഷേത്രങ്ങളും ഒട്ടനവധി കുടുംബക്ഷേത്രങ്ങളും ഹിന്ദുക്കളുടേതായുണ്ട്. മുസ്ലീം ആരാധനാലയങ്ങളായി വടക്കെ ജുമാ അത്ത് പള്ളി, തെക്കെ ജുമാ അത്ത് പള്ളി എന്നീ പുരാതനപള്ളികളും ഒട്ടനവധി കൊച്ചുപള്ളികളുമുണ്ട്. കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലാണ് പഞ്ചായത്തിലെ ഏകക്രൈസ്തവദേവാലയം. 1962 ജനുവരി 1-ാം തീയതിയാണ് വാടാനപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്. 1963-ഡിസംബര്‍ മാസത്തോടുകൂടി ആദ്യതെരഞ്ഞെടുപ്പ് നടന്നു. ആരംഭത്തില്‍ 7 വാര്‍ഡുകളും 9 പ്രതിനിധികളുമാണുണ്ടായിരുന്നത്.

പൊതുസ്ഥിതി ചരിത്രം

ഒരു നൂറ്റാണ്ടിനുമുമ്പ് സ്ഥാപിക്കപ്പെട്ട ഈസ്റ്റ് എല്‍.പി.സ്കൂളാണ് വാടാനപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസസ്ഥാപനം. 1956 സെപ്തംബര്‍ 27-ാം തീയതി ശ്രീമതി ഇന്ദിരാഗാന്ധി ശിലാസ്ഥാപനം നടത്തുകയും ഒക്ടോബര്‍ 30-ാം തീയതി കേരളത്തിലെ പ്രഥമ ഗവര്‍ണ്ണര്‍ ഡോ.ബി.രാമകൃഷ്ണറാവു ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ചെയ്ത തൃത്തല്ലൂര്‍ നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമായിരുന്നു. 1930-ന് മുമ്പുതന്നെ ബോധാനന്ദവിലാസം എല്‍.പി.ഫിഷറീസ്, ആര്‍.സി.യു.പി, കടപ്പുറം എല്‍.പി, സൌത്ത് മാപ്പിള യു.പി എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ഇതുമൂലം പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സാക്ഷരത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1960-കളുടെ തുടക്കത്തില്‍ വാടാനപ്പള്ളി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരംഭിച്ചതോടെയാണ് പൊതുമേഖലയില്‍ അലോപ്പതി ചികിത്സാസൌകര്യം നിലവില്‍ വന്നത്. ഇന്നത്തെ നാഷണല്‍ ഹൈവേ 17 പണ്ട് ആല-ചേറ്റുവ റോഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ റോഡിന് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡും കിഴക്കുഭാഗത്ത് കിഴക്കെ ടിപ്പുസുല്‍ത്താന്‍ റോഡും ഉണ്ട്. ടിപ്പുവിന്റെ ചേറ്റുവ കോട്ടയും അവിടെ തങ്ങിക്കൊണ്ട് നടത്തിയ പടയോട്ടവും തിരിച്ചുവരവും ബന്ധപ്പെടുത്തിയാണ് ഈ രണ്ട് റോഡുകളും അറിയപ്പെടുന്നത്. റോഡ് ഗതാഗതം വികസിക്കുന്നതിനുമുമ്പ് വഞ്ചിമാര്‍ഗ്ഗമായിരുന്നു പ്രധാന യാത്രകളെല്ലാം നടത്തപ്പെട്ടിരുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ തൃശൂര്‍ തുടങ്ങിയ നഗരങ്ങളുടെ ഏറ്റവും അടുത്ത കടലോരമാണ് വാടാനപ്പള്ളിബീച്ച്. തെങ്ങുകൃഷിയാണ് പഞ്ചായത്തിലെ മുഖ്യകൃഷി. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, ചെത്ത്, മത്സ്യബന്ധനം, ബീഡിതെറുപ്പ് തുടങ്ങിയവ ഇന്ന് അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കള്ള്, ചെത്ത്, ബീഡി, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, പായനെയ്ത്ത് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങള്‍. 1967-ല്‍ മദ്യനിരോധനം എടുത്തുകളയുന്നതു വരെ കള്ളുചെത്ത് നിരോധിതമേഖലയായിരുന്നു വാടാനപ്പള്ളി. അന്ന് ചക്കരചെത്താണ് നിലവിലുണ്ടായിരുന്നത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നാലു കിലോമീറ്റര്‍ കടലോരമുണ്ട്. കനോലി കനാലിന്റെ തീരപ്രദേശമായി മറ്റൊരു നാലു കിലോമീറ്റര്‍ പുഴയോരപ്രദേശവുമുണ്ട്. ഇടവമാസം മുതല്‍ ചിങ്ങം വരെ കാലവര്‍ഷവും കന്നി-തുലാം മാസങ്ങളില്‍ തുലാവര്‍ഷവുമാണ് ലഭിച്ചുവരുന്നത്. മകര-കുംഭമാസങ്ങളില്‍ മഞ്ഞുകാലം അനുഭവപ്പെടാറുണ്ട്. പാലക്കാടന്‍ ചുരം വഴി കടന്നുവരുന്ന വരണ്ട കാറ്റ് വൃശ്ചികമാസത്തില്‍ കിഴക്കുനിന്നു ആഞ്ഞടിക്കാറുണ്ട്. എന്‍.എച്ച് 17-ന് ഇരുപുറവും ഫലപുഷ്ടി കുറഞ്ഞ മണല്‍ പ്രദേശമാണ്. കിഴക്കും പടിഞ്ഞാറും തീരദേശങ്ങളില്‍ പൊതുവെ ഫലപുഷ്ടിയുള്ള മണ്ണാണ്. വാടാനപ്പള്ളിപഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശവും കാര്‍ഷികയോഗ്യമാണ്. 1210 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷി നടത്തുന്നു. തിരക്കേറിയ ഒരു ഗതാഗതമേഖലയായി വാടാനപ്പള്ളി പഞ്ചായത്ത് ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളു. ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്തിയ രണ്ട് പാതകള്‍ (കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡ്, പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡ്) ആയിരുന്നു പഴയകാലത്ത് പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങള്‍. അതിനുശേഷമാണ് ദേശീയപാത 17 പഞ്ചായത്തില്‍ കൂടി നിര്‍മ്മിക്കപ്പെട്ടത്. ദേശീയപാത വന്നതിനുശേഷം എല്ലാ രംഗത്തും വാടാനപ്പള്ളി പഞ്ചായത്തിന്റെ വികസനത്തിന് അത് മുതല്‍ക്കൂട്ടായിത്തീര്‍ന്നു. ഇന്ന് പഞ്ചായത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പാതയും ദേശീയപാത 17 ആണ്. പഞ്ചായത്തില്‍ നടവഴികളായിരുന്ന ഭൂരിഭാഗം വഴികളും ഇപ്പോള്‍ പഞ്ചായത്തുറോഡുകളായി മാറിയിട്ടുണ്ട്.