വര്‍ക്കല

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെമ്മരുതി, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവാ, ഇലകമണ്‍,മണമ്പൂര്‍, ഒറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ വര്‍ക്കല ബ്ളോക്കിലുള്‍പ്പെടുന്നു. ചെമ്മരുതി, ഇടവാ, അയിരൂര്‍, മണമ്പൂര്, ഒറ്റൂര്‍, ചെറുന്നിയൂര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, വക്കം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വര്‍ക്കല ബ്ളോക്ക് പഞ്ചായത്തിന് 86.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1954-ലാണ് വര്‍ക്കല എന്‍.ഇ.എസ് ബ്ളോക്കായി പ്രവര്‍ത്തനമാരംഭിച്ചത്. വര്‍ക്കല, വെട്ടൂര്‍, ഇടവാ, ചെമ്മരുതി, ഇലകമണ്‍, ചെറുന്നിയൂര്‍, മണമ്പൂര്‍ എന്നിവയായിരുന്നു അക്കാലത്ത് വര്‍ക്കല ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്ന പഞ്ചായത്തുകള്‍. 1962-ല്‍ മണമ്പൂര്‍ പഞ്ചായത്തിനെ ഒറ്റൂര്‍, മണമ്പൂര്‍ എന്നിങ്ങനെ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചു. 1980-ല്‍ വര്‍ക്കല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തപ്പെട്ടു. ആദ്യത്തെ ജനകീയഭരണ സമിതി 1995 ഒക്ടോബര്‍ 2-നാണ് നിലവില്‍ വന്നത്. ആദ്യത്തെ ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി ശൈലജാ വാരിജാക്ഷനായിരുന്നു. നാരദമഹര്‍ഷിയുടെ വല്‍ക്കലം പതിച്ച സ്ഥലമാണ് വര്‍ക്കല എന്നറിയപ്പെട്ടതെന്നാണ് സ്ഥലനാമ ഐതിഹ്യം. ശ്രീനാരായണഗുരുദേവന്റെ സമാധിസ്ഥാനമായ ശിവഗിരി എന്ന പുണ്യഭൂമി സ്ഥിതി ചെയ്യുന്നതും വര്‍ക്കലയിലാണ്. കോവളത്തോടൊപ്പം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ കേരളത്തില്‍ നിന്നും സ്ഥാനം പിടിച്ച വര്‍ക്കലയുടെ മനോഹരമായ കടല്‍ത്തീരം സഞ്ചാരികളുടെ പറുദീസയാണ്. ലോകപ്രസിദ്ധ ചിന്തകനും ആത്മീയഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആചാര്യനുമായിരുന്ന ഗുരുനിത്യചൈതന്യയതി, കൂടാതെ മുനി നാരായണപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നാരായണഗുരുകുലം സ്ഥിതി ചെയ്യുന്നതും വര്‍ക്കല ബ്ളോക്കിനുള്ളിലാണ്. കണ്വമഹര്‍ഷിയുടെ തപോവനമായിരുന്നതെന്ന് കരുതപ്പെടുന്ന കണ്വാശ്രമം ഇവിടെ സ്ഥിതി ചെയ്യുന്ന മഹത്സ്ഥാപനമാണ്. കേരളകാളിദാസന്റെ മയൂരസന്ദേശംഎന്ന കാവ്യത്തില്‍ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തെപ്പറ്റി വളരെ ഹൃദ്യമായി പ്രതിപാദിക്കുന്നുണ്ട്. നിലത്തെഴുത്താശാന്മാര്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കുടങ്ങളായിരുന്നു ഇവിടുത്തെ ആദ്യകാല വിദ്യാഭ്യാസസ്ഥാപനങ്ങള്‍. മണമ്പൂരില്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കുടത്തില്‍ നിന്നായിരുന്നു കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. ദേശീയപാത-47 വര്‍ക്കല ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്. തിരുവനന്തപുരം-കൊല്ലം റെയില്‍റൂട്ടിലെ പ്രധാന റെയില്‍വേസ്റേഷനാണ് വര്‍ക്കല. അഞ്ചുതെങ്ങുകായലിനേയും ഇടവാ നടയറ കായലിനേയും ബന്ധിപ്പിക്കുന്ന റ്റി.എസ് കനാല്‍ കടന്നുപോകുന്നത് 1877-ല്‍ വര്‍ക്കലയില്‍ നിര്‍മ്മിക്കപ്പെട്ട രണ്ട് തുരങ്കങ്ങളില്‍ കൂടിയാണ്. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്ക് പഞ്ചായത്തിനെ കുന്നുകള്‍, കരിങ്കല്‍ക്വാറികള്‍, താഴ്വരകള്‍, നെല്‍പ്പാടങ്ങള്‍, സമതലം, ചരിവുപ്രദേശം, തീരസമതലം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണ്, കളിമണ്ണ്, മണല്‍മണ്ണ്, ചരല്‍മണ്ണ്, ചെങ്കല്ല് കലര്‍ന്ന മണ്ണ്,ഉപ്പുകലര്‍ന്ന മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. സമുദ്രത്താലും കായലിനാലും ചുറ്റപ്പെട്ടുകിടക്കുന്ന നിമ്നോന്നതമായ ഭൂപ്രദേശമാണ് വെട്ടൂര്‍ഗ്രാമം.