ചരിത്രം

വിദേശ മിഷനറിമാരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു വരാപ്പുഴ. സത്യ ക്രിസ്ത്യാനികള്‍ എന്ന് അവരെ വിളിച്ചിരുന്നതുകൊണ്ട് അവരുടെ അധിവാസകേന്ദ്രത്തിന് സത്യപട്ടണം എന്നര്‍ത്ഥം വരുന്ന വെരാപ്പൊളിസ് എന്ന് നാമകരണം ചെയ്തിരുന്നുവെന്നും വെരാപൊളിസ് എന്ന പദത്തില്‍ നിന്നും കാലാന്തരത്തില്‍ വരാപ്പുഴ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പെരുമാക്കന്മാരുടെ വാണിജ്യധനകാര്യമന്ത്രിയുടെ ആസ്ഥാനം ഏലൂരായിരുന്നു. മന്ത്രിയുടെ ഔദ്യോഗികനാമം ഏലേലചിങ്ങന്‍ (സിംഹന്‍) എന്നായിരുന്നു. ഏലന്‍ എന്ന ചെന്തമിഴ് വാക്കിന് വരന്‍ (അധികാരി) എന്നു കൂടി അര്‍ത്ഥമുണ്ട്. ആ വാക്കില്‍ നിന്ന് വരന്റെ പുഴയായും അതിനു രൂപപരിണാമം സംഭവിച്ച് വരാപ്പുഴയായെന്നും ഐതിഹ്യമുണ്ട്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാപ്പുഴയിലെ വരാഹക്ഷേത്രവുമായി ബന്ധപ്പെടുത്തി വരാഹപുരം എന്ന് വിളിച്ചിരുന്നത് ലോപിച്ച് വരാപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതായും ഐതീഹ്യമുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയുടെ അവസാന കണ്ണിയായിരുന്നു തേവര്‍കാട്ടിലെ അറക്കല്‍ ജനാര്‍ദ്ദനനായ്ക്കന്റേത്. ചില ശിക്ഷണാധികാരങ്ങള്‍ അന്നത്തെ ഭരണകര്‍ത്താക്കളില്‍ നിന്നും ലഭിച്ചിരുന്ന ഒരു നാട്ടു പ്രമാണി കൂടിയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനം പോലെയുളള സാമൂഹ്യ പരിഷ്കരണ കാര്യത്തില്‍ സുപ്രധാനമായ ഒരു പങ്കുവഹിച്ച വ്യക്തിയായിരുന്നു വലിയ വീട്ടില്‍ ശ്രീകമലനാഥപൈ. ഇ.എം.എസ് 1948-ല്‍ തന്റെ ഏതാനും നാളത്തെ ഒളിവു ജീവിതകാലം കഴിച്ചു കൂട്ടിയത് പുത്തന്‍പള്ളിയിലെ പാലക്കപ്പറമ്പു തറവാട്ടിലായിരുന്നു എന്നത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്താത്തതാണെങ്കിലും ഒരു ചരിത്ര യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. വരാപ്പുഴ പ്രദേശത്ത് വ്യക്തി ഭൂവുടമകള്‍ വളരെ കുറവായിരുന്നതായാണ് കാണുന്നത്. ഭൂമിയില്‍ ഭൂരിഭാഗവും തുറവൂര്‍, ആലപ്പുഴ ദേവസ്വങ്ങളുടേതായിരുന്നു. ഭൂമിയില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും പാട്ടക്കുടിയാന്മാരോ കുടികിടപ്പുകാരോ ആയിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ പ്രാരംഭഘട്ടമായ ഭൂനയബില്‍ 1957-ല്‍ ഇ.എം.എസിന്റെ ഭരണകാലത്ത് വന്നതോടെയാണ് കുടികിടപ്പുകാരെ തങ്ങളുടെ കുടിയിടത്തില്‍ നിന്നും ഒഴിപ്പിക്കാതിരിക്കാനുള്ള സംരക്ഷണം നിലവില്‍ വന്നത്. തുടര്‍ന്ന് ഭൂപരിഷ്കരണ നിയമം നടപ്പില്‍ വന്നങ്കിലും അതിനുമുമ്പേ തന്നെ 1969-ല്‍ വരാപ്പുഴയിലെ ഉന്നത ഭൂവുടമകളായ വലിയ വീട്ടില്‍ തറവാട്ടുകാര്‍ സ്വമേധയാ നൂറുപേര്‍ക്ക് എ.കെ.ജി.യെക്കൊണ്ട് കുടികിടപ്പവകാശം കൊടുപ്പിച്ചത് ഭൂപരിഷ്കരണ പ്രസ്ഥാനത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. ഭൂപരിഷ്കരണത്തിലൂടെ കുടികിടപ്പുകാര്‍ക്കും കര്‍ഷകര്‍ക്കും മറ്റും ഉടമാവകാശം സിദ്ധിച്ചതോടെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വമ്പിച്ച നേട്ടങ്ങളാണ് ഈ പ്രദേശത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.എ.ഡി.1400-ന് മുമ്പേ തന്നെ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി ശിവക്ഷേത്രം നിലനിന്നിരുന്നതായി രേഖകള്‍ ഉണ്ട്. എ.ഡി.1400-ല്‍ എഴുതപ്പെട്ട കോക സന്ദേശം എന്ന കാവ്യത്തിന്റെ കര്‍ത്താവ് തിരുമുപ്പം ക്ഷേത്രം സന്ദര്‍ശിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരികമായി പൊതുവെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പഞ്ചായത്തുകളിലൊന്നാണ് വരാപ്പുഴ ഗ്രാമ പഞ്ചായത്ത്. ഈ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിയിട്ടുള്ള മഹത് വ്യക്തികളെ സംഭാവന ചെയ്യുവാന്‍ വരാപ്പുഴ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. എം.പി.പോള്‍, ടി.എം.ചുമ്മാര്‍, റോസി തോമസ് എന്നിവരാണ് ഈ രംഗത്തെ പ്രഗല്‍ഭമതികള്‍. ഇവരുടെ സാഹിത്യസൃഷ്ടികള്‍ മലയാള സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് എം.പി.പോളിന്റെ സാഹിത്യ സൃഷ്ടികളാണ്. കായികരംഗത്ത് പഞ്ചായത്തിന് അന്തര്‍ദേശീയ അംഗീകാരം നേടി തന്ന റ്റി.ഡി.ജോസഫ് (പപ്പന്‍) ഈ പഞ്ചായത്തിന്റെ വിലപ്പെട്ട രത്നങ്ങളിലൊന്നാണ്.