ചരിത്രം

ഭരണ ചരിത്രം

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ 1939-40 കാലഘട്ടങ്ങളില്‍ (കൊ.വ 1115) വാമനപുരം വില്ലേജുയൂണിയന്‍ നിലവില്‍ വന്നതായി ചരിത്രരേഖകളില്‍ കാണുന്നു. വാമനപുരം, കീഴ്ചേരി, ആനക്കുടി, മിതൃമ്മല, കല്ലറ, തുമ്പോട്, തെങ്ങുംകോട്, പാങ്ങോട്, ഭരതനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഭൂപ്രദേശം അന്ന് ഈ വില്ലേജുയൂണിയന്റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നു. നെടുമങ്ങാട് തഹസീല്‍ദാര്‍  വേലായുധന്‍നായര്‍ പ്രസിഡന്റും പരസ്പരസഹായ സഹകരണ ഇന്‍സ്പെക്ടര്‍ വൈസ് പ്രസിഡന്റുമായിരുന്നു. വില്ലേജുയൂണിയന്‍ ഭരണസമിതിയില്‍ പി.ഡബ്യൂ.ഡി.സെക്ഷന്‍ ആഫീസര്‍, ആറ്റിങ്ങല്‍ കൃഷി ഇന്‍സ്പെക്ടര്‍, വാമനപുരം സബ് രജിസ്ട്രാര്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളും, വെങ്കിടചെല്ലശര്‍മ്മ, കുഞ്ഞന്‍പിള്ള, ഗംഗാധരന്‍, ഗോവിന്ദകുറുപ്പ്, നാരായണന്‍ നാടാര്‍, അസനാരുപിള്ള എന്നിവര്‍ ജനകീയ പ്രതിനിധികളുമായിരുന്നു. കൊ.വ 1115-ലെ ഒന്‍പതാം തിരുവിതാംകൂര്‍ വില്ലേജ് യൂണിയന്‍ ആക്ട് പ്രകാരം നിലവില്‍ വന്ന ഈ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വഴിവിളക്കുകളായി മണ്ണെണ്ണവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. വീടുകളില്‍ ചെന്ന് പരിശോധന നടത്തുന്നതിന് മിഡ് വൈഫുകളെയും പരിസരശുചികരണത്തിന് തൂപ്പുകാരെയും നിയമിച്ചിരുന്നു. കൊ.വ 1117 ആയപ്പോഴേക്കും വില്ലേജ് യൂണിയന്‍ പുന:സംഘടിപ്പിച്ച് വെഞ്ഞാറമൂട് ഉള്‍പ്പെടെ ഉള്ള നെല്ലനാട് പകുതിയിലെ ചില ഭാഗങ്ങളും പുല്ലമ്പാറ പകുതിയുടെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് പുതിയ വാമനപുരം വില്ലേജുയൂണിയന്‍ നിലവില്‍ വന്നു. വാമനപുരം സത്രം, വില്ലേജുയൂണിയന്‍ ആഫീസായി ഉപയോഗിച്ചുപോന്നു. പുതിയ വില്ലേജുയൂണിയന്റെ പ്രസിഡന്റായി അഡ്വ.മാധവക്കുറുപ്പ് 4 വര്‍ഷക്കാലവും പത്മനാഭപിള്ള പ്രസിഡന്റായി 2 വര്‍ഷക്കാലവും അധികാരത്തില്‍ തുടര്‍ന്നതായി രേഖകളില്‍ കാണുന്നു. 1951-ലെ തിരു-കൊച്ചി പഞ്ചായത്തുനിയമം അനുസരിച്ച് 01/01/1958 ല്‍ താലൂക്കില്‍ രൂപം കൊണ്ട ആദ്യകാലപഞ്ചായത്തുകളില്‍ ഒന്നായിരുന്നു വാമനപുരം. ഇതോടെ പഞ്ചായത്തതിര്‍ത്തിയില്‍ ഭരണപരമായി സാരമായ മാറ്റം വന്നു. കീഴ്ചേരി, വാമനപുരം, ആനാംകുഴി, കാഞ്ഞിരംപാറ, കല്ലറ, തുമ്പോട്, മിതൃമ്മല, അരുവിപ്പുറം തുടങ്ങി എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ വാമനപുരം പഞ്ചായത്ത്.ഇന്നത്തെ പഞ്ചായത്തതിര്‍ത്തിയില്‍പ്പെട്ട ഇരുളൂര്‍ മേലാറ്റുമൂഴി വാര്‍ഡുകള്‍ അന്ന് പുല്ലമ്പാറ പഞ്ചായത്തില്‍ ആയിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്  എം.ഷാഹുല്‍ ഹമീദ് ആയിരുന്നു. 1963-ല്‍ പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോള്‍ ഈ പഞ്ചായത്തിന്റെ മുഖഛായ വീണ്ടും മാറി. പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ നെല്ലനാട് പഞ്ചായത്തിന് കൈമാറുകയും ചെയ്തു. 18-12-1963-ല്‍ നിലവില്‍ വന്ന പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി എസ്.കൃഷ്ണന്‍ നായരും വൈസ് പ്രസിഡന്റായി എന്‍.പരമുവൈദ്യനും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന ഭരണസമിതിയായിരുന്നു ഇത്. ജനക്ഷേമകരമായ പല പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഈ ഭരണസമിതിയുടെ, 1977-ലെ പഞ്ചായത്തുവിഭജനം ഒഴികെയുള്ള മറ്റ് എല്ലാ കാര്യങ്ങളിലെയും തീരുമാനം ഏകകണ്ഠ്യേനയായിരുന്നു. 1977-ലെ പഞ്ചായത്തു പുന:സംഘടനയോടെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന മീതൂര്‍, മേലാറ്റുമൂഴി വാര്‍ഡുകള്‍ വാമനപുരം പഞ്ചായത്തിനോട് കൂട്ടിചേര്‍ക്കുകയും കല്ലറ, തുമ്പോട് എന്നീ വാര്‍ഡുകള്‍ കല്ലറ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. വാര്‍ഡുകള്‍ പുന:സംഘടിപ്പിച്ച് എണ്ണം അന്ന് ഒമ്പതായി ഉയര്‍ത്തുകയുണ്ടായി. 73-ാം ഭരണഘടനാഭേദഗതിയെ തുടര്‍ന്ന് 1994-ല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന പഞ്ചായത്ത് രാജ് നിയമപ്രകാരം വാമനപുരം പഞ്ചായത്തുപ്രസിഡന്റുസ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടു. വാര്‍ഡുകള്‍ പുന:സംഘടിപ്പിച്ച് പത്തെണ്ണമായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിന്റെ സ്ഥാപിതകാലത്തുതന്നെ പ്രധാനപ്പെട്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ നിലവിലുണ്ടായിരുന്നു. സബ് രജിസ്ട്രാര്‍ ആപ്പീസും ചാവടിയും അഞ്ചലാപ്പീസും ധര്‍മ്മാശുപത്രിയും പൊലീസ് ഔട്ട് പോസ്റ്റുമൊക്കെ ഇവയില്‍പ്പെടുന്നു. സ്വാതന്ത്ര്യാനന്തരം വാമനപുരം കേന്ദ്രമാക്കി അനുവദിച്ച പല ഓഫീസുകളും സ്ഥാപനങ്ങളുമൊക്കെ അറിഞ്ഞോ അറിയാതെയോ പഞ്ചായത്തിന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍, എന്‍.ഇ.എസ് ബ്ളോക്ക്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മൃഗാശുപത്രി, ഐ.സി.ഡി.എസ് ഓഫീസ് തുടങ്ങിയ മര്‍മ്മപ്രധാനമായ പല സ്ഥാപനങ്ങളും എഴുത്തുകുത്തുകളില്‍ വാമനപുരം എന്നാണെങ്കിലും പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണെന്നതാണ് യഥാര്‍ത്ഥ്യം. എന്നിരുന്നാലും പഞ്ചായത്തുപ്രദേശത്ത് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സഹകരണ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുപോരുന്നു.

നാട്ടറിവ്-ചരിത്രം

പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് തിരുവാമനപുരം ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ നാടിന് വാമനപുരം എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കൈപ്പുഴ രാജകുടുംബാംഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നതെന്നും ഒരിക്കല്‍ ഡച്ച് പട്ടാളത്തെ ഇവിടത്തെ കര്‍ഷകര്‍ സംഘടിച്ച് തിരിച്ചോടിച്ചിട്ടുണ്ടെന്നും പഴമക്കാര്‍ പറഞ്ഞുകേള്‍ക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ താലൂക്കില്‍ നെടുമങ്ങാട് കഴിഞ്ഞാല്‍ മര്‍മ്മപ്രധാനകേന്ദ്രമായി വാമനപുരം പണ്ടു മുതല്‍ക്കേ കണക്കാക്കി പോന്നിരുന്നു. അതുകൊണ്ടാവാം നെടുമങ്ങാടിന്റെ രണ്ടാം തലസ്ഥാനമായി വാമനപുരം അറിയപ്പെട്ടിരുന്നത്. തങ്ങളുടെ കുതിരപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി ബ്രിട്ടീഷ് ഭരണകാലത്ത് വാമനപുരത്തെ തെരഞ്ഞെടുത്തു എന്നതില്‍ നിന്നുതന്നെ ഈ നാടിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാമനപുരത്തിന്റെ ചരിത്രം കല്ലറ-പാങ്ങോട് സമരവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. വഴുതക്കാട് കുഞ്ഞുകൃഷ്ണന്‍ എന്ന പോലീസ് ആപ്പീസറെ കാഞ്ഞിരംപാറ ഭാഗത്ത് വച്ച് കൊല ചെയ്ത സംഭവവും കിലുക്കി മുത്തമ്മ ബ്രിട്ടീഷുകാരന്റെ ലോറി കത്തിക്കാന്‍ തീ കൊടുത്ത സംഭവവും കരിക്കകം മീരാസായു, കറുമ്പ അബ്ദുല്‍ റസാഖ്, വാത്തി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് റോഡിന്റെ ഇരുവശവും നിന്ന മരങ്ങള്‍ മുറിച്ചിട്ട് പട്ടാളലോറികള്‍ തടഞ്ഞ സംഭവവും കാഞ്ഞിരംപാറയിലെ പഴയ തലമുറകള്‍ ഇനിയും മറന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ളാവും വിശ്രമകേന്ദ്രവുമാണ് പില്‍ക്കാലത്ത് യഥാക്രമം ആശുപത്രിയായും എക്സൈസ്സ് ഓഫീസായും മാറിയിട്ടുള്ളത്.