പഞ്ചായത്തിലൂടെ

വാമനപുരം പഞ്ചായത്ത് 01/01/1958 ല്‍ എം.സി റോഡിനോട് ചേര്‍ന്നുളള നിലവിലെ കെ.എസ്.ഇ.ബി ഓഫീസ്   പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. കീഴ്ചേരി, വാമനപുരം, ആനാംകുഴി, കാഞ്ഞിരംപാറ, കല്ലറ, തുമ്പോട്, മിതൃമ്മല, അരുവിപ്പുറം തുടങ്ങി എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ വാമനപുരം പഞ്ചായത്ത്.ഇന്നത്തെ പഞ്ചായത്തതിര്‍ത്തിയില്‍പ്പെട്ട ഇരുളൂര്‍ മേലാറ്റുമൂഴി വാര്‍ഡുകള്‍ അന്ന് പുല്ലമ്പാറ പഞ്ചായത്തില്‍ ആയിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്  എം.ഷാഹുല്‍ ഹമീദ് ആയിരുന്നു. 1963-ല്‍ പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോള്‍ ഈ പഞ്ചായത്തിന്റെ മുഖഛായ വീണ്ടും മാറി. പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ നെല്ലനാട് പഞ്ചായത്തിന് കൈമാറുകയും ചെയ്തു. 18-12-1963-ല്‍ നിലവില്‍ വന്ന പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി എസ്.കൃഷ്ണന്‍ നായരും വൈസ് പ്രസിഡന്റായി എന്‍.പരമുവൈദ്യനും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന ഭരണസമിതിയായിരുന്നു ഇത്. ജനക്ഷേമകരമായ പല പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഈ ഭരണസമിതിയുടെ, 1977-ലെ പഞ്ചായത്തുവിഭജനം ഒഴികെയുള്ള മറ്റ് എല്ലാ കാര്യങ്ങളിലെയും തീരുമാനം ഏകകണ്ഠ്യേനയായിരുന്നു. 1977-ലെ പഞ്ചായത്തു പുന:സംഘടനയോടെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന മീതൂര്‍, മേലാറ്റുമൂഴി വാര്‍ഡുകള്‍ വാമനപുരം പഞ്ചായത്തിനോട് കൂട്ടിചേര്‍ക്കുകയും കല്ലറ, തുമ്പോട് എന്നീ വാര്‍ഡുകള്‍ കല്ലറ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. വാര്‍ഡുകള്‍ പുന:സംഘടിപ്പിച്ച് എണ്ണം അന്ന് ഒമ്പതായി ഉയര്‍ത്തുകയുണ്ടായി. 73-ാം ഭരണഘടനാഭേദഗതിയെ തുടര്‍ന്ന് 1994-ല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന പഞ്ചായത്ത് രാജ് നിയമപ്രകാരം വാമനപുരം പഞ്ചായത്തുപ്രസിഡന്റുസ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടു. വാര്‍ഡുകള്‍ പുന:സംഘടിപ്പിച്ച് പത്തെണ്ണമായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിന്റെ സ്ഥാപിതകാലത്തുതന്നെ പ്രധാനപ്പെട്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ നിലവിലുണ്ടായിരുന്നു. സബ് രജിസ്ട്രാര്‍ ആപ്പീസും ചാവടിയും അഞ്ചലാപ്പീസും ധര്‍മ്മാശുപത്രിയും പൊലീസ് ഔട്ട് പോസ്റ്റുമൊക്കെ ഇവയില്‍പ്പെടുന്നു. സ്വാതന്ത്ര്യാനന്തരം വാമനപുരം കേന്ദ്രമാക്കി അനുവദിച്ച പല ഓഫീസുകളും സ്ഥാപനങ്ങളുമൊക്കെ അറിഞ്ഞോ അറിയാതെയോ പഞ്ചായത്തിന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍, എന്‍.ഇ.എസ് ബ്ളോക്ക്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മൃഗാശുപത്രി, ഐ.സി.ഡി.എസ് ഓഫീസ് തുടങ്ങിയ മര്‍മ്മപ്രധാനമായ പല സ്ഥാപനങ്ങളും എഴുത്തുകുത്തുകളില്‍ വാമനപുരം എന്നാണെങ്കിലും പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണെന്നതാണ് യഥാര്‍ത്ഥ്യം. എന്നിരുന്നാലും പഞ്ചായത്തുപ്രദേശത്ത് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സഹകരണ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുപോരുന്നു.

ഭൂപ്രകൃതി-കാലാവസ്ഥ

കേരളത്തിന്റെ മൂന്ന് ഭൂപ്രകൃതികളിലൊന്നായ ഇടനാട്ടില്‍ സ്ഥിതി ചെയ്യുന്ന വാമനപുരം പഞ്ചായത്ത് 23.87 ച.കി.മീ വിസ്തൃതിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്നു. പൊതുവേ പറഞ്ഞാല്‍ പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമാണിത്. ചരിവ് പടിഞ്ഞാറോട്ടാണെങ്കിലും ഏറ്റവും പടിഞ്ഞാറ് ഭാഗത്ത് കിടക്കുന്ന കളമച്ചല്‍ വാര്‍ഡ് മുതല്‍ കിഴക്കേ അറ്റത്തുള്ള ഇരുളൂര്‍ വാര്‍ഡ് വരെ സമുദ്രനിരപ്പില്‍ നിന്ന് 75 മീറ്ററിലേറെ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍ ധാരാളമായുണ്ട്. ജില്ലയിലെ ഇതരഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേനലും മഴയും ഏറെക്കുറെ വ്യത്യാസമില്ലാത്ത രീതിയില്‍ തന്നെയാണ് വാമനപുരം പഞ്ചായത്തിലും അനുഭവപ്പെടുന്നത്. പൊതുവേ പറഞ്ഞാല്‍ സന്തുലിതമായ ഒരു കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ പൊതുവെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍,ഉയര്‍ന്ന സമതലങ്ങള്‍, ചരിവുപ്രദേശങ്ങള്‍, സമതലപ്രദേശങ്ങള്‍, നദീതീരപ്രദേശങ്ങള്‍, താഴ്ന്ന സമതലങ്ങള്‍ എന്നിങ്ങനെ 6 ഭാഗങ്ങളായി തിരിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 75 മീറ്ററോളം ഉയര്‍ന്നുനില്‍ക്കുന്ന കുന്നിന്‍പ്രദേശങ്ങളില്‍ പ്രധാനപ്പെട്ടവ പഴവിളകുന്ന്, പേഴുങ്കാമുകള്‍കുന്ന്, കൈലാസത്ത് കുന്ന്, മഹാദേവന്‍ കുന്ന്, ചാരുപാറ കുന്ന്, തഴുതല കുന്ന് തുടങ്ങിയവയാണ്.താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളാണ് ഉയര്‍ന്ന സമതലങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ജനസാന്ദ്രതയും കൂടുതലാണ്. ആനച്ചല്‍, പള്ളിക്കുന്ന്, പരപ്പാറമുകള്‍, കോലിഞ്ചി, മുളവന, കതിരുവിള തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയില്‍ വരുന്നു. നല്ല വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ തെങ്ങ്, വാഴ, കുരുമുളക്, റബ്ബര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ ഏറിയഭാഗവും ചരിവുപ്രദേശം എന്ന വിഭാഗത്തില്‍പ്പെടുന്നു. റബ്ബര്‍കൃഷി വ്യാപകമായതോടെ ചരിവുപ്രദേശങ്ങളും റബ്ബര്‍ കൈയ്യടക്കി. കുത്തനെ ചരിഞ്ഞ പ്രദേശങ്ങളൊഴിച്ചാല്‍ മറ്റ് ചരിവുപ്രദേശങ്ങള്‍ ജനനിബിഡമാണ്. പഞ്ചായത്താസ്ഥാനമായ വാമനപുരം ഉള്‍പ്പെടെ ആനച്ചല്‍, കളമച്ചല്‍, കരിവേലി, മേലാറ്റുമൂഴി, ആനാകുടി വാര്‍ഡുകള്‍ സമതലപ്രദേശങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളും ഇവയാണ്. പഞ്ചായത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളാണ് നദീതീരപ്രദേങ്ങള്‍. നാളികേരമാണ് ഇവിടത്തെ കാര്‍ഷികവിള. വര്‍ഷത്തില്‍ രണ്ടുതവണ വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശമാണെങ്കിലും ഇവിടെയും ജനവാസം തീരെക്കുറവല്ല. താഴ്ന്ന സമതലങ്ങള്‍ പാടശേഖരങ്ങളാണ്. പാടശേഖരങ്ങളില്‍ വച്ച് ഏറ്റവും വിസ്തൃതമായത് ആനാകുഴി ഏലായാണ്. പഞ്ചായത്ത് പ്രദേശത്തെ നെല്ലുല്‍പാദനക്ഷമത താരതമ്യേന കുറവാണ്.

കാര്‍ഷികരംഗം

നിലവിലുണ്ടായിരുന്ന ഭൂവുടമാസമ്പ്രദായത്തില്‍ കാതലായ മാറ്റം വന്നത്, 1957-ലെ മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷമായിരുന്നു. 1950 കാലഘട്ടങ്ങളില്‍ പ്രബലമായ നായര്‍സമുദായം തുടങ്ങി മുകളിലോട്ടുള്ള സവര്‍ണ്ണവര്‍ഗ്ഗക്കാര്‍ക്കു മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ. പീന്നിടുണ്ടായ സംസ്ഥാനവ്യാപകമായ കര്‍ഷകത്തൊഴിലാളിസംഘടനകളുടെ ജനകീയമുന്നേറ്റഫലമായി നിലവില്‍ വന്ന ഭൂപരിഷ്ക്കരണനിയമങ്ങളിലൂടെ ഇന്ന് പഞ്ചായത്തുപ്രദേശത്ത് 90%-ത്തിലേറെ പേരും നാമമാത്രമായിട്ടാണെങ്കിലും സ്വന്തമായി ഭുമി ഉള്ളവരാണ്. പരമ്പരാഗതകാര്‍ഷികവിളകളില്‍ നിന്നും കൂടുതല്‍ ലാഭകരമായ തോട്ടവിളകളിലേക്കുള്ള മാറ്റം വാമനപുരം പഞ്ചായത്തിന്റെ കാര്‍ഷികചരിത്രം പരിശോധിച്ചാല്‍ ദൃശ്യമാണ്. ജന്മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന കാലത്ത് പഞ്ചായത്തിന്റെ 70% വരുന്ന പ്രദേശത്തും (1671 ഹെക്ടര്‍) തെങ്ങ്, മരച്ചീനി, കശുമാവ്, കവുങ്ങ്, കുരുമുളക്, വെറ്റിലക്കൊടി ഇവയാണ് കൃഷി ചെയ്തുപോന്നിരുന്നത്. ഈ കാലഘട്ടത്തില്‍ പുറമ്പോക്കുഭൂമി ഒഴികെയുള്ള കൃഷിഭൂമി ഇരുനൂറിനു താഴെ വരുന്ന ഏതാനും ജന്മിമാരുടേയും ചില ദേവസ്വങ്ങളുടേയും വകയായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. അന്ന് യഥാര്‍ത്ഥകര്‍ഷകന്‍ ഇവരുടെ പാട്ടക്കാരും വാരക്കാരുമായിരുന്നു. കുടികിടപ്പുകാരും പരമ്പരാഗതമായി കാര്‍ഷികവൃദ്ധി സ്വീകരിച്ചുപോന്ന ഹരിജനങ്ങളും തുച്ഛമായ പ്രതിഫലത്തിന് അടിമകളെപ്പോലെ ഇവരുടെ കീഴില്‍ പണിയെടുത്തുവന്ന കര്‍ഷകത്തൊഴിലാളികളായിരുന്നു. 1950 കളില്‍ ഉണ്ടായ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങളും 58, 70 വര്‍ഷങ്ങളില്‍ നടപ്പില്‍ വന്ന കാര്‍ഷികനിയമങ്ങളും നിലവിലുണ്ടായിരുന്ന ഭൂവുടമവ്യവസ്ഥ കീഴ്മേല്‍ മറിച്ചു. ഇതോടെ 200-ഓളം കുടുംബങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരുന്ന കൃഷിഭൂമി യഥാര്‍ത്ഥ കര്‍ഷകരുടെ കൈകളില്‍ എത്തിച്ചേരുകയും ചെയ്തു. ഇന്ന് പഞ്ചായത്തില്‍ 90% കുടുംബങ്ങളും നാമമാത്രമായിട്ടാണെങ്കില്‍പോലും കൃഷിഭൂമി സ്വന്തമായിട്ടുള്ളവരാണ്.70 കളുടെ തുടക്കത്തില്‍ പഞ്ചായത്തിന്റെ കിഴക്കന്‍മേഖലകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന റബ്ബര്‍ പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ പഞ്ചായത്തിലങ്ങോളമിങ്ങോളം വേരുപിടിച്ചു. ഇന്ന് വാമനപുരം പഞ്ചായത്തിന്റെ ഏതു കോണില്‍ നോക്കിയാലും റബ്ബര്‍മരങ്ങള്‍ സുലഭമാണ്. ഒരുകാലത്ത് തെങ്ങും കശുമാവും തഴച്ചുവളര്‍ന്നിരുന്ന പറമ്പുകളെ റബ്ബര്‍ കൈയ്യടക്കി. പഞ്ചായത്തുപ്രദേശത്തെ ഇന്നത്തെ മുഖ്യവിളകള്‍ റബ്ബര്‍, തെങ്ങ്, നെല്ല്, വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, വെറ്റില മുതലായവയാണ്. കൂടാതെ ഇടവിളകളായി പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ് തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. ഫലവൃക്ഷങ്ങളായ മാവ്, പ്ളാവ്, നെല്ലി, വാളന്‍പുളി തുടങ്ങിയവയും പഞ്ചായത്തുപ്രദേശത്തു കണ്ടുവരുന്നുണ്ട്.കാര്‍ഷികപദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഈ പ്രദേശത്തെ കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നത് വാമനപുരം കൃഷിഭവനെയാണ്. 1987 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച വാമനപുരം കൃഷിഭവന്‍ ഇതിനകം പല പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പിലാക്കി കഴിഞ്ഞു. കൂടാതെ കര്‍ഷകര്‍ക്ക് കാര്‍ഷികവായ്പ നല്‍കി സഹായിച്ചുപോരുന്ന ഇതരസ്ഥാപനങ്ങളാണ് വാമനപുരം സര്‍വ്വീസ് സഹകരണബാങ്കും വാമനപുരം എസ്.ബി.ടി.യും. നാമമാത്രമായിട്ടാണെങ്കിലും പാലോട് കാര്‍ഷികവികസനബാങ്കിന്റെ സേവനവും കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നെല്‍ക്കൃഷി ഒരു വന്‍തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. പഴയകാലത്ത് വിശാലമായിരുന്ന പാടശേഖരങ്ങള്‍ ഇന്നു തുണ്ടുതുണ്ടുഭൂമികളായി ഭാഗിച്ചു കൃഷിയിറക്കുന്നതും നെല്ലുല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. മുന്‍കാലത്ത് ഓരോ പാടശേഖരങ്ങളുടെ ആരംഭത്തിലും ഒരോ ചിറയുണ്ടായിരുന്നു. അവയില്‍ ചിലത് സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതിനാലും ശേഷിച്ചവ കാലാകാലങ്ങളില്‍ സംരക്ഷിക്കുന്ന പതിവില്ലാതായതിനാലും അവയൊന്നും തന്നെ ഇന്നു കര്‍ഷകര്‍ക്ക് ഉപയുക്തമല്ല. പഞ്ചായത്തുപ്രദേശത്തുകൂടി ഒഴുകുന്ന വാമനപുരംനദിയില്‍ നിന്നും ക്രമാതീതമായി മണല്‍വാരല്‍ തുടങ്ങിയതോടെ നദിയുടെ ആഴം വര്‍ദ്ധിക്കുകയും ജലനിരപ്പ് താഴുകയും ചെയ്തു. ഇത് വയലേലകളില്‍ ജലദൌര്‍ലഭ്യത്തിനു മറ്റൊരു കാരണമായി.

വ്യാവസായികരംഗം

പഞ്ചായത്തില്‍ ഉണ്ടായിരുന്ന കശുവണ്ടി ഫാക്ടറി പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. അസംഘടിതമെങ്കിലും വ്യാപകമായി ഉണ്ടായിരുന്ന ബീഡിവ്യവസായം ഇന്ന് നാമമാത്രമായി അവശേഷിക്കുന്നു. കൈത്തറിമേഖല മാത്രമാണ് ഒരു വിധം പിടിച്ചുനില്‍ക്കുന്നത്. നിലവിലുള്ള ഒരു പ്രധാന വ്യവസായമാണ് ഇഷ്ടികനിര്‍മ്മാണം. ഓയില്‍ മില്ലുകള്‍, തടിമില്ലുകള്‍, ഫ്ളവര്‍ മില്ലുകള്‍, മോട്ടോര്‍ വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കളമച്ചല്‍ കൈത്തറി നെയ്ത്ത് സഹകരണസംഘവും ആനച്ചല്‍ കൈത്തറി നെയ്ത്ത് സഹകരണസംഘവുമാണ് കൈത്തറി മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ സഹകരണപ്രസ്ഥാനത്തിന്റെ വേരോടിയ ഒരു പഞ്ചായത്താണ് വാമനപുരം. പരസ്പരസഹായ സംഘങ്ങളില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. 1934-ല്‍ വാമനപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുതുടങ്ങിയ പരസ്പരസഹായസംഘം പില്‍ക്കാലത്ത് വാമനപുരം സര്‍വ്വീസ് സഹകരണസംഘമായി മാറി. ഏതാണ്ട് 1967 വരെ തിരുവനന്തപുരം ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ക്രെഡിറ്റ് സംഘങ്ങളിലൊന്നായിരുന്നു വാമനപുരം സഹകരണസംഘം.

ഗതാഗതം

ഗതാഗതസൌകര്യങ്ങളുടെ കാര്യത്തില്‍ പഞ്ചായത്തിന്റെ പൂര്‍വ്വചരിത്രം ഒട്ടുംതന്നെ ഭേദപ്പെട്ടതായിരുന്നില്ല.ഈ സ്ഥിതിയില്‍ ഇന്നും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. പണ്ടുകാലങ്ങളില്‍ പല പ്രദേശങ്ങളില്‍ നിന്നും രോഗികളെയും മറ്റും ചാക്കുകട്ടിലില്‍ ചുമന്നും വള്ളത്തില്‍ യാത്ര ചെയ്തുമാണ് ആശുപത്രികളില്‍ എത്തിച്ചിരുന്നത്. കാര്‍ഷികവിളകളും മറ്റു ചരക്കുകളും വള്ളങ്ങളിലും ചങ്ങാടങ്ങളിലും കയറ്റിയാണ് ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ കച്ചവടത്തിനായി കൊണ്ടുപോയിരുന്നത്. പണ്ടുകാലത്ത് ഗതാഗതത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന വാമനപുരംനദി ഇന്ന് ഗതാഗതയോഗ്യമല്ല. മാത്രമല്ല, വന്‍തോതിലുള്ള പരിസ്ഥിതിപ്രശ്നങ്ങളും ഈ നദി നേരിടുകയാണ്. ഒരുകാലത്ത് വാമനപുരംനദിയെ ആശ്രയിച്ചുള്ള ഗതാഗതവും നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം ഈ പഞ്ചായത്തില്‍ കളമച്ചല്‍ വാര്‍ഡില്‍ ബ്രീട്ടിഷുകാരുടെ കാലത്ത് നദിയിലൂടെയുള്ള തടികള്ളക്കടത്ത് തടയാന്‍ കാവല്‍പ്പുര തീര്‍ത്തിരുന്നത്. ഈ പ്രദേശം ഇന്ന് കാവസ്ഥലം എന്നപേരില്‍ അറിയപ്പെടുന്നു. വാമനപുരംനദിക്ക് കുറുകെ 1934-ല്‍ ബ്രീട്ടിഷുകാര്‍ പണിതീര്‍ത്ത ഇരുമ്പുപാലം 2009 വരെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ട് കാലം ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ സമീപത്ത് പുതിയ കോണ്‍ക്രീറ്റ് പാലം നിലവില്‍ വന്നിട്ടുണ്ട്.  രാജഭരണകാലത്ത് നിര്‍മ്മിച്ച ഇന്നത്തെ എസ്.എച്ച്-1 ആണ് പഞ്ചായത്തുപ്രദേശത്തുകൂടി കടന്നുപോകുന്ന ഏറ്റവും പുരാതനവും പ്രധാനവുമായ പാത. കുതിരവണ്ടിയ്ക്കും കാളവണ്ടിയ്ക്കും സഞ്ചരിക്കാന്‍ തയാറാക്കിയ കേവലം 15 അടി വീതിയുള്ള പാതയായിരുന്നു ഇത്.  കൂടാതെ അക്കാലത്തു നിര്‍മ്മിക്കപ്പെട്ട നടപ്പാതകളാണ് പഞ്ചായത്തിലെ ഇന്നത്തെ പ്രധാന റോഡുകളായിത്തീര്‍ന്നിരിക്കുന്നത്. കാരേറ്റ്-കല്ലറ റോഡ് ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള അതിര്‍ത്തിയിലൂടെ കടന്നുപോകുന്നു. ദേശീയസമരചരിത്രവുമായി ബന്ധമുള്ളതാണ് ഈ പാത. കല്ലറ-പാങ്ങോട് സമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന സഞ്ചാരമാര്‍ഗ്ഗം ഈ പാതയായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചുമടുകള്‍ ഇറക്കിവെച്ച് വിശ്രമിക്കാന്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികളുടേയും വിശ്രമകേന്ദ്രങ്ങളുടേയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം.

കുടിവെള്ളം

വാമനപുരം ഗ്രാമത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും നേരിടുന്ന വലിയൊരു പ്രശ്നമാണ് കുടിവെള്ളം. പഞ്ചായത്തിലെ നല്ലൊരു ഭാഗം ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളാകായാല്‍ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കുക അസാധ്യമാണ്. പഞ്ചായത്തില്‍ രണ്ട് ശുദ്ധജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു. കാഞ്ഞിരപാറ ശുദ്ധജലവിതരണപദ്ധതിയും വാമനപുരം വാട്ടര്‍ സപ്ളൈ സ്കീം (ആനാകുടി) എന്നിവയാണവ. 12 ലക്ഷം മുടക്കി 1982-ല്‍ പണി പൂര്‍ത്തിയാക്കിയ കാഞ്ഞിരംപാറ ശുദ്ധജലവിതരണപദ്ധതിയുടെ ജലസ്രോതസ്സ് കുഴല്‍ കിണറാണ്. പഞ്ചായത്തുപ്രദേശത്തെ മറ്റൊരു ജലസ്രോതസ്സ് വാമനപുരം നദിയാണ്. പഞ്ചായത്തു പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന നദി പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളെ തൊട്ടൊഴുകുന്നുണ്ട്.

ആരോഗ്യരംഗം

യാത്രാസൌകര്യങ്ങളോ, വാഹനസൌകര്യങ്ങളോ തീരെ ഇല്ലാതിരുന്ന ഗ്രാമത്തിന്റെ പലഭാഗങ്ങളും മുന്‍കാലങ്ങളില്‍ നിബിഡവനമായിരുന്നു. അന്ന് ചികിത്സയ്ക്ക് നാട്ടുവൈദ്യരെ ആശ്രയിക്കുകയേ പോംവഴിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് അബീബുളള ദിവനായിരുന്ന കാലത്ത് അന്ന് നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന എസ്.ജെ.നായരുടെ ശ്രമഫലമായാണ് ഇന്ന് കാണുന്ന വാമനപുരം പി.എച്ച്.സി നിലവില്‍ വന്നത്. എന്നാല്‍ പഞ്ചായത്ത് പുനര്‍വിഭജനത്തോടെ ഈ സ്ഥാപനം നെല്ലനാടിന് കൈമാറേണ്ടിവന്നു. പിന്നീട് ദീര്‍ഘകാലത്തെ ശ്രമഫലമായാണ് ഈ പഞ്ചായത്തിന്റേതായ ഒരു പി.എച്ച്.സി ഇവിടെ അനുവദിച്ചുകിട്ടിയത്. പഞ്ചായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗവ.ആരോഗ്യസ്ഥാപനം ആനക്കുടി പ്രാഥമികാരോഗ്യകേന്ദ്രമാണ്. ഇത് 7.4.81-ല്‍ ഗ്രാമീണ ഡിസ്പന്‍സറിയായി പ്രവര്‍ത്തനമാരംഭിക്കുകയും 1.4.89  മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രമായി മാറുകയും ചെയ്തു. പഞ്ചായത്തിലെ പകുതിയിലധികം പേര്‍ ബ്ളോക്കുതലകേന്ദ്രമായ വാമനപുരം പി.എച്ച്.സി.യെ ആശ്രയിക്കുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആയുര്‍വേദചികിത്സാകേന്ദ്രങ്ങള്‍,ഒരു ഹോമിയോ ചികിത്സാകേന്ദ്രം എന്നിവ ഈ പഞ്ചായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസരംഗം

വിദ്യാവിലാസിനി എന്ന പേരില്‍ കൊല്ലവര്‍ഷം 1071-ല്‍ വാമനപുരം കേന്ദ്രമായി ഒരു എല്‍.പി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉപരിപഠനത്തിന് പിരപ്പന്‍കോട്, ആറ്റിങ്ങല്‍, കിളിമാനൂര്‍ പ്രദേശങ്ങളില്‍ നടന്നുചെന്നെത്തുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഈ ദൂരം താണ്ടി  വിദ്യാഭ്യാസം നടത്തിപ്പോന്നവര്‍ അന്നു ധാരാളമുണ്ടായിരുന്നു. പിന്നീട് കൊല്ലവര്‍ഷം 1098-ല്‍ മേലാറ്റുമൂഴി കേന്ദ്രീകരിച്ച് മറ്റൊരു പ്രൈമറിസ്ക്കൂള്‍ സ്ഥാപിതമായി. വിദ്യാഭ്യാസരംഗത്ത് ഉന്നതമായ ഒരു പാരമ്പര്യം വാമനപുരത്തിന് അവകാശപ്പെടാനുണ്ടെങ്കിലും ഒരു നൂറ്റാണ്ടിനുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ കൊല്ലവര്‍ഷം 1071-ല്‍ വാമനപുരത്ത് സ്ഥാപിതമായ വിദ്യാവിലാസിനി എന്ന പ്രൈമറിവിദ്യാലയമാണ് ഈ രംഗത്തെ ആദ്യത്തെ സ്ഥാപനം. അതിനുമുമ്പുതന്നെ പഞ്ചായത്തില്‍ അങ്ങിങ്ങായി ചില കുടിപള്ളിക്കൂടങ്ങള്‍ നിലനിന്നിരുന്നതായി കാണുന്നുണ്ട്. വാമനപുരം കേന്ദ്രമായിത്തന്നെ സര്‍വ്വീസ് സഹകരണസംഘം വക ഭൂമിയില്‍ ഒരു സ്വകാര്യ മിഡില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ രണ്ട് സ്ക്കൂളുകളും കൂടി ഒന്നു ചേര്‍ന്നുണ്ടായതാണ് ഇന്ന് കാണുന്ന വാമനപുരം ഗവ.യു.പി.സ്ക്കൂള്‍. വിദ്യാവിലാസിനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈസ്ക്കുള്‍ വിദ്യാഭ്യാസത്തിന് പഞ്ചായത്തില്‍ മറ്റ് സ്ഥാപനങ്ങളൊന്നും തന്നെയില്ലായിരുന്നു.1121-ല്‍ സര്‍:സി.പി.യുടെ കാലത്ത് ഈ സ്കൂള്‍ സര്‍ക്കാരിനു കൈമാറുകയുണ്ടായി. സമീപത്തുണ്ടായിരുന്ന ഒരു യു.പി സ്കൂള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം സ്തംഭിച്ചതോടെ നാട്ടുകാരുടെ ശ്രമഫലമായി ആ സ്ഥാപനം കൂടി നിലവിലുണ്ടായിരുന്ന ഗവ.എല്‍.പി.സ്കൂളിനോടു ചേര്‍ക്കുകയും അങ്ങനെ വാമനപുരം എല്‍.പി സ്കൂള്‍, യു.പി സ്കൂളായി മാറുകയും ചെയ്തു. ശതാബ്ദി ആഘോഷിച്ച സ്കൂളിന് എം.പി.മാരുടെ പ്രാദേശികവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1995-ല്‍ ആറു മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു.

സാംസ്കാരിക രംഗം

കലാസാംസ്ക്കാരികസാമൂഹികരംഗങ്ങളില്‍ ശോഭനമായൊരു പാരമ്പര്യം ഈ പ്രദേശത്തിന് അവകാശപ്പെടാനുണ്ട്. വാമനപുരം എന്ന പേരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ ധാരാളമുണ്ട്. പഞ്ചവന്‍കാട് കഥകളിലും പുരാണങ്ങളിലും വരെ പരാമര്‍ശിക്കപ്പെടുന്ന പേരായതിനാല്‍ ഈ പ്രദേശത്തിന്റെ പഴക്കവും സാംസ്ക്കാരികപൈതൃകവും നമുക്ക് ഊഹിക്കാവുന്നതാണ്. കലാസാംസ്കാരികരംഗത്ത് വാമനപുരത്തിന് തിളക്കമാര്‍ന്ന ഒരു ചരിത്രമാണുള്ളത്. കഥകളിസംഘങ്ങളും ഒരു കാലത്ത് ഈ മണ്ണില്‍ വേരുപിടിച്ചിരുന്നു. ഹരികഥാപ്രസ്ഥാനത്തിന് വാമനപുരം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നെടുമങ്ങാട് താലൂക്കില്‍ പ്രസിദ്ധമായിരുന്ന ഒരു കലാസമിതിയാണ് പി.എസ്.കെ.എസ് എന്ന പേരില്‍ അറിയപ്പെട്ട വാമനപുരത്തെ പുരോഗമനസാഹിത്യകലാസമിതി. സ്വാതന്ത്ര്യലബ്ധിയോടുകൂടി പുരോഗമനചിന്താഗതിക്കാരായ ചെറുപ്പക്കാര്‍ ചേര്‍ന്നുണ്ടാക്കിയ ഈ സമിതി മുപ്പതോളം വര്‍ഷം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. നാടകാവതരണത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഈ സമിതി പലയിടങ്ങളിലും നാടകങ്ങളും മറ്റ് കലാരൂപങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കലാസാംസ്ക്കാരികരംഗത്ത് പഞ്ചായത്തിലെ ഇതരഭാഗങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. കൂട്ടത്തില്‍ പേരെടുത്തു പറയേണ്ട ഒന്നാണ് കാഞ്ഞിരംപാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുപോന്ന ഗ്രാമീണ കലാസമിതി. പ്രശസ്തമായ രീതിയില്‍ പലരേയും സിനിമാ-നാടക രംഗങ്ങളില്‍ പ്രാപ്തരാക്കിയ പാരമ്പര്യം ഈ സമിതിക്കുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുപോന്ന കലാകാരനായിരുന്നു എം.ആര്‍.നീലകണ്ഠന്‍കുട്ടി ഭാഗവതര്‍. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീതനാടകഅക്കാദമിയുടെ ഗ്രാന്റ് നേടിയ ഈ സ്ഥാപനം ഇന്ന് പ്രവര്‍ത്തനം നിലച്ചുപോയ ഒന്നാണ്. ഹരികഥയുടെ ഈറ്റില്ലവും ഒരുപക്ഷെ കഥാപ്രസംഗത്തിന്റെ തുടക്കവും വാമനപുരത്തായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. അന്തരിച്ച വാമനപുരം അനന്തകൃഷ്ണന്‍ ഭാഗവതരാണ് ഹരികഥയും അതിലൂടെ വളര്‍ന്ന് രൂപാന്തരം വന്ന കഥാപ്രസംഗവും നാടുനീളെ അവതരിപ്പിച്ചിരുന്നത്.തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ആസ്ഥാനഹരികഥാകാരന്‍ കൂടിയായിരുന്നു പ്രശസ്തനായ അനന്തകൃഷ്ണന്‍ ഭാഗവതര്‍.സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഗ്രന്ഥശാലകളും ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങി. സംസ്കാരികരംഗത്ത് ഇന്നാട്ടിലെ ഗ്രന്ഥശാലകള്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗ്രന്ഥശാലകളുടെയും കലാസംസ്ക്കാരിക സംഘടനകളുടെയും പ്രവര്‍ത്തനം ഈ പ്രദേശത്തെ സംസ്കാരികവളര്‍ച്ചയേയും വിദ്യാഭ്യാസരംഗത്തേയും ഏറെ സഹായിച്ചിട്ടുണ്ട്. 1939-ല്‍ വാമനപുരത്ത് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ച സരസ്വതിവിലാസം ഗ്രന്ഥശാലയാണ് പിന്നീട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയായി പുനര്‍നാമകരണം ചെയ്തത്. വാമനപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയും കാഞ്ഞിരംപാറ ജവഹര്‍ ഗ്രന്ഥശാലയും മേലാറ്റുമൂഴി ഗ്രാമീണഗ്രന്ഥശാലയും കളമച്ചല്‍ നേതാജി സ്മാരകഗ്രന്ഥശാലയും പഞ്ചായത്തുപ്രദേശത്തെ പഴക്കം ചെന്ന സ്ഥാപനങ്ങളാണ്.മതപരമായി സൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിന് എക്കാലവും ശ്രദ്ധിച്ചിട്ടുള്ള ഒരു പ്രദേശമാണിത്. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആരാധനാലയമായ ആനാകുടി തിരുവാമനക്ഷേത്രം ചരിത്രപ്രധാന്യമുള്ള ക്ഷേത്രമാണ്. കേരളത്തിലെ മൂന്ന് വാമനമൂര്‍ത്തികളില്‍ ഏറ്റവും വിശേഷപ്പെട്ടതും പ്രധാന്യമുള്ളതുമാണ് തിരുവാമനപുരം. തിരുവാമനപ്രതിഷ്ഠയുള്ളതിനാലാണ് ഈ പ്രദേശത്തിന് വാമനപുരം എന്ന പേരു വരാന്‍ കാരണമായതെന്ന് ശക്തമായ വാദം നിലനില്‍ക്കുന്നുണ്ട്. 500 കൊല്ലത്തിലധികം പഴക്കമുള്ള മേലാറ്റുമൂഴി ശാസ്താക്ഷേത്രം വാസ്തുശില്പഭംഗിയില്‍ പേര് കേട്ടതാണ്. വാഴ്വേലിക്കോണം ക്ഷേത്രം, കുറ്റൂര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ആനാകുഴി നെടുമ്പറമ്പ് ക്ഷേത്രം, കുറ്ററ മുസ്ളീം പള്ളി, ആനച്ചല്‍ മുസ്ളീം പള്ളി,  മീതൂര്‍ വാര്‍ഡിലെ രണ്ട് മുസ്ളിം പള്ളികള്‍, കണിച്ചോട് കുരിശടിയിലെ ക്രിസ്ത്യന്‍പള്ളി, മിതൂര്‍ ക്രിസ്ത്യന്‍ പള്ളി, കോലിഞ്ചി സി.എസ്.ഐ, പെന്തക്കോസ്ത് പള്ളികള്‍, പൂവത്തൂര്‍, ചാരുപാറ ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. കേരളത്തില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത് ഈ പ്രദേശത്തും അതിന്റെ അലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു വളരെ മുമ്പു തന്നെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ജാതീയമായ വിവേചനം മാറിയിരുന്നു. വിവാഹം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയവ പൊതുചടങ്ങുകളായി കാണാന്‍ ഈ പ്രദേശത്തെ ജനങ്ങള്‍ തയ്യാറായിരുന്നതായി കാണാം.