വാമനപുരം
പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് തിരുവാമനപുരം ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ നാടിന് വാമനപുരം എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കൈപ്പുഴ രാജകുടുംബാംഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നതെന്നും ഒരിക്കല്‍ ഡച്ച് പട്ടാളത്തെ ഇവിടത്തെ കര്‍ഷകര്‍ സംഘടിച്ച് തിരിച്ചോടിച്ചിട്ടുണ്ടെന്നും പഴമക്കാര്‍ പറഞ്ഞുകേള്‍ക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ താലൂക്കില്‍ നെടുമങ്ങാട് കഴിഞ്ഞാല്‍ മര്മ്മപ്രധാനകേന്ദ്രമായി വാമനപുരം പണ്ടു മുതല്ക്കേ കണക്കാക്കി പോന്നിരുന്നു. അതുകൊണ്ടാവാം നെടുമങ്ങാടിന്റെ രണ്ടാം തലസ്ഥാനമായി വാമനപുരം അറിയപ്പെട്ടിരുന്നത്. തങ്ങളുടെ കുതിരപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി ബ്രിട്ടീഷ് ഭരണകാലത്ത് വാമനപുരത്തെ തെരഞ്ഞെടുത്തു എന്നതില്‍ നിന്നുതന്നെ ഈ നാടിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാമനപുരത്തിന്റെ ചരിത്രം കല്ലറ-പാങ്ങോട് സമരവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. വഴുതക്കാട് കുഞ്ഞുകൃഷ്ണന്‍ എന്ന പോലീസ് ആപ്പീസറെ കാഞ്ഞിരംപാറ ഭാഗത്ത് വച്ച് കൊല ചെയ്ത സംഭവവും കിലുക്കി മുത്തമ്മ ബ്രിട്ടീഷുകാരന്റെ ലോറി കത്തിക്കാന്‍ തീ കൊടുത്ത സംഭവവും കരിക്കകം മീരാസായു, കറുമ്പ അബ്ദുല്‍ റസാഖ്, വാത്തി കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് റോഡിന്റെ ഇരുവശവും നിന്ന മരങ്ങള്‍ മുറിച്ചിട്ട് പട്ടാളലോറികള്‍ തടഞ്ഞ സംഭവവും കാഞ്ഞിരംപാറയിലെ പഴയ തലമുറകള്‍ ഇനിയും മറന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ളാവും വിശ്രമകേന്ദ്രവുമാണ് പില്ക്കാലത്ത് യഥാക്രമം ആശുപത്രിയായും എക്സൈസ്സ് ഓഫീസായും മാറിയിട്ടുള്ളത്. കേരളത്തിന്റെ മൂന്ന് ഭൂപ്രകൃതികളിലൊന്നായ ഇടനാട്ടില് സ്ഥിതി ചെയ്യുന്ന വാമനപുരം പഞ്ചായത്ത് 23.87 ച.കി.മീ വിസ്തൃതിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്നു. പൊതുവേ പറഞ്ഞാല്‍ പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമാണിത്. ചരിവ് പടിഞ്ഞാറോട്ടാണെങ്കിലും ഏറ്റവും പടിഞ്ഞാറ് ഭാഗത്ത് കിടക്കുന്ന കളമച്ചല്‍ വാര്‍ഡ് മുതല്‍ കിഴക്കേ അറ്റത്തുള്ള ഇരുളൂര്‍ വാര്‍ഡ് വരെ സമുദ്രനിരപ്പില്‍ നിന്ന് 75 മീറ്ററിലേറെ ഉയര്ന്നുനില്ക്കുന്ന കുന്നുകള്‍ ധാരാളമായുണ്ട്. ജില്ലയിലെ ഇതരഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേനലും മഴയും ഏറെക്കുറെ വ്യത്യാസമില്ലാത്ത രീതിയില്‍ തന്നെയാണ് വാമനപുരം പഞ്ചായത്തിലും അനുഭവപ്പെടുന്നത്. പൊതുവേ പറഞ്ഞാല്‍ സന്തുലിതമായ ഒരു കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ പൊതുവെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍, ഉയര്‍ന്ന സമതലങ്ങള്‍, ചരിവുപ്രദേശങ്ങള്‍, സമതലപ്രദേശങ്ങള്‍, നദീതീരപ്രദേശങ്ങള്‍, താഴ്ന്ന സമതലങ്ങള്‍ എന്നിങ്ങനെ 6 ഭാഗങ്ങളായി തിരിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 75 മീറ്ററോളം ഉയര്ന്നുനില്ക്കുന്ന കുന്നിന്‍പ്രദേശങ്ങളില്‍ പ്രധാനപ്പെട്ടവ പഴവിളകുന്ന്, പേഴുങ്കാമുകള്കുന്ന്, കൈലാസത്ത് കുന്ന്, മഹാദേവന് കുന്ന്, ചാരുപാറ കുന്ന്, തഴുതല കുന്ന് തുടങ്ങിയവയാണ്. താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളാണ് ഉയര്‍ന്ന സമതലങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ജനസാന്ദ്രതയും കൂടുതലാണ്. ആനച്ചല്‍, പള്ളിക്കുന്ന്, പരപ്പാറമുകള്‍, കോലിഞ്ചി, മുളവന, കതിരുവിള തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയില്‍ ui നല്ല വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ തെങ്ങ്, വാഴ, കുരുമുളക്, റബ്ബര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ ഏറിയഭാഗവും ചരിവുപ്രദേശം എന്ന വിഭാഗത്തില്‍പ്പെടുന്നു. റബ്ബര്‍കൃഷി വ്യാപകമായതോടെ ചരിവുപ്രദേശങ്ങളും റബ്ബര്‍ കൈയ്യടക്കി. കുത്തനെ ചരിഞ്ഞ പ്രദേശങ്ങളൊഴിച്ചാല്‍ മറ്റ് ചരിവുപ്രദേശങ്ങള്‍ ജനനിബിഡമാണ്. പഞ്ചായത്താസ്ഥാനമായ വാമനപുരം ഉള്‍പ്പെടെ ആനച്ചല്‍, കളമച്ചല്‍, കരിവേലി, മേലാറ്റുമൂഴി, ആനാകുടി വാര്‍ഡുകള്‍ സമതലപ്രദേശങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളും ഇവയാണ്. പഞ്ചായത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളാണ് നദീതീരപ്രദേങ്ങള്. നാളികേരമാണ് ഇവിടത്തെ കാര്‍ഷികവിള. വര്‍ഷത്തില്‍ രണ്ടുതവണ വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശമാണെങ്കിലും ഇവിടെയും ജനവാസം തീരെക്കുറവല്ല. താഴ്ന്ന സമതലങ്ങള്‍ പാടശേഖരങ്ങളാണ്. പാടശേഖരങ്ങളില്‍ വച്ച് ഏറ്റവും വിസ്തൃതമായത് ആനാകുഴി ഏലായാണ്. പഞ്ചായത്ത് പ്രദേശത്തെ നെല്ലുല്പാദനക്ഷമത താരതമ്യേന കുറവാണ്.