വാമനപുരം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് വാമനപുരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാമനപുരം, മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, നന്ദിയോട്, പെരിങ്ങമല, കല്ലറ, പാങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കിലുള്‍പ്പെടുന്നു. വാമനപുരം, കല്ലറ, നെല്ലനാട്, പുല്ലമ്പാറ, പാങ്ങോട്, കുറുപ്പുഴ, പാലോട്, പെരിങ്ങമല, തെന്നൂര്‍, മാണിക്കല്‍, കോലിയക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വാമനപുരം ബ്ളോക്കുപഞ്ചായത്തിനു 421.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കുതിപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു വാമനപുരം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ളാവും വിശ്രമകേന്ദ്രവും പില്‍ക്കാലത്ത് ആശുപത്രിയും എക്സൈസ് ഓഫീസുമായി മാറി. പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളിലേറ്റവും വിശേഷപ്പെട്ടതും പ്രാധാന്യമുള്ളതുമാണ് വാമനപുരം ഗ്രാമത്തിലുള്ള തിരുവാമനപുരം ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ നാടിന് ‘വാമനപുരം’ എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിരവധി ചരിത്രസംഭവങ്ങള്‍ ഈ മണ്ണില്‍ അരങ്ങേറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലറ-പാങ്ങോട് വിപ്ളവം. ഭൂപ്രകൃതി അനുസരിച്ച് ഈ ബ്ളോക്കുപ്രദേശത്തിനെ ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, ഉയര്‍ന്ന സമതലങ്ങള്‍, ചെരിവ് പ്രദേശങ്ങള്‍, സമതലപ്രദേശങ്ങള്‍, നദീതീരപ്രദേശങ്ങള്‍, താഴ്ന്ന സമതലങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ ഇടനാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന പ്രദേശമാണെങ്കിലും മലനാടിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതിയാണ് മുഴുവന്‍ ഭാഗങ്ങളിലും. വലിയ കുന്നുകളും, കുത്തിറക്കങ്ങളും, അങ്ങിങ്ങ് ഉയര്‍ന്ന പാറക്കെട്ടുകളും, താഴ്വാരങ്ങളില്‍ നിന്നാലിച്ചിറങ്ങുന്ന നീര്‍ചാലുകള്‍ ഒന്നിച്ചുചേര്‍ന്ന ചെറുതോടുകളും, കുന്നുകള്‍ക്കിടയിലെ നെല്‍പ്പാടങ്ങളും ചേര്‍ന്നതാണ് ഭൂപ്രകൃതി. വെട്ടുകല്‍ മണ്ണ്, കറുത്ത നിറമുള്ള മേല്‍മണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണും കണ്ടുവരുന്നു. അന്താരാഷ്ട്ര പ്രസിദ്ധമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഈ ബ്ളോക്കിലെ പാലോട് പഞ്ചായത്തിലാണ്.