വള്ളിക്കോട്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 15 ആണ്. മുന്‍കാലത്ത് കുന്നത്തൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോടു വില്ലേജില്‍ ഒരു വില്ലേജ് യൂണിയന്‍ നിലവില്‍ വന്നത് 1951 ല്‍ ആയിരുന്നു. ഏഴംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് ഡി.ദാമോദരന്‍ പോറ്റിയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വളളിക്കോട്. ചെറുകുന്നുകളും താഴ്വരകളുമടക്കം വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ഓമല്ലൂര്‍, കൊടുമണ്‍, പ്രമാടം, ചെന്നീര്‍ക്കര, തുമ്പമണ്‍, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകള്‍ വളളിക്കോടു പഞ്ചായത്തിന്റെ അതിരുകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കുനിന്നും വടക്കോട്ടും കിഴക്കുനിന്നും പടിഞ്ഞാറോട്ടും ചരിഞ്ഞു കിടക്കുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരില്‍ കൂടി ഏകദേശം 15 കിലോമീറ്റര്‍ ദൂരം അച്ചന്‍കോവിലാറ് ഒഴുകുന്നു. പതിനഞ്ച് കിലോമീറ്ററോളം വരുന്ന നദീതീരപ്രദേശം പൊതുവെ ഫലഭൂയിഷ്ഠമാണ്. സമതലനിരപ്പില്‍ നിന്നും 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കുന്നുകള്‍ ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്. വടക്കേ ഇന്‍ഡ്യയില്‍ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും തെക്കേ ഇന്‍ഡ്യന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ സ്വാധീനം സമീപപ്രദേശങ്ങളിലെന്നപോലെ വള്ളിക്കോട്ട് ഗ്രാമപ്രദേശത്തും ഉണ്ടായി. വള്ളിക്കോടു പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വന്‍പള്ളികള്‍ ഒരു കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. ഭരണസൌകര്യത്തിനായി പ്രാചീന ഭരണാധികാരികള്‍ കേരളത്തെ അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. അതില്‍ ഒരു ഗ്രാമം അച്ചന്‍കോവില്‍ മുതല്‍ ആറന്‍മുള വരെ വ്യാപിച്ചു കിടന്നിരുന്നു. അതിന്റെ ആസ്ഥാനം വള്ളിക്കോടായിരുന്നു. ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങള്‍ക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും (കോട്) ആസ്ഥാനമായിരുന്ന ’പള്ളിക്കോട് ‘പില്‍ക്കാലത്ത് വള്ളിക്കോട് എന്ന് അറിയപ്പെട്ടു.