ചരിത്രം

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വളപട്ടണത്തിന്റെ ചരിത്രത്തിലെ വീരസ്മരണകളാണ്. പഴയ ചിറക്കല്‍ താലൂക്കില്‍പ്പെട്ട വളപട്ടണത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനം ആരംഭിച്ചത് 1925-30 കാലഘട്ടത്തിലാണ്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ നേരിടുവാന്‍ വളപട്ടണത്ത് അന്ന് ബ്രിട്ടീഷ് പട്ടാളം എല്ലാ സന്നാഹങ്ങളും തയ്യാറാക്കിയിരുന്നു. ക്വിറ്റ് ഇന്‍ഡ്യാ പ്രമേയം പാസാക്കുന്നതിന് യോഗം ചേരുന്നതിനോ, ജാഥ നടത്തുന്നതിനോ പട്ടാളത്തിന്റെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കൊണ്ട് കഴിയുമായിരുന്നില്ല. എന്നാല്‍ വളപട്ടണത്തെ സമരസേനാനികള്‍ പകല്‍ സമയത്ത് പഴയ കോഹിനൂര്‍ കമ്പനിയുടെ പരിസരത്ത് ഒളിച്ചിരുന്ന് പാതിരാത്രിയില്‍ വലിയൊരു തോണിയില്‍ കയറി വളപട്ടണം പുഴയില്‍ സഞ്ചരിച്ച് രാവിലെ കീരിയാട് വയല്‍പ്രദേശത്ത് ഇറങ്ങി ഏകദേശം അമ്പതോളം വരുന്ന സംഘം അവിടെ യോഗം ചേര്‍ന്ന് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കുകയും ജാഥയായി വളപട്ടണത്തേക്ക് വരികയും ചെയ്തു. ഈ ജാഥയെ വളപട്ടണം വാം ഗ്രൌണ്ടിന് സമീപം വെച്ച് ബ്രിട്ടീഷ് പട്ടാളം തടയുകയും ജാഥാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും നേതൃത്വം കൊടുത്ത പണിക്കകത്ത് മുഹമ്മദ് സാലിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. മറ്റൊരു സംഭവം, വളപട്ടണം പോലീസ് സ്റ്റേഷന്റെ മുറ്റത്തുള്ള മാവില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി അധികാരികളെ ഞെട്ടിച്ച സംഭവമായിരുന്നു. രാത്രിയില്‍ പോലീസിന്റെയും പട്ടാളത്തിന്റേയും കണ്ണുവെട്ടിച്ച് മാവില്‍ കയറി ഒളിച്ചിരുന്നു. നേരം പുലരും മുമ്പ് മാവിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തികെട്ടുകയും അധികാരികളുടെ ദൃഷ്ടിയില്‍പ്പെടാതെ രക്ഷപ്പെടുകയും ചെയ്തത് വയലുമു എന്ന പേരില്‍ വിളിക്കുന്ന ബി.ടി.മുഹമ്മദ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ ധീരകൃത്യമാണ്. വളപട്ടണത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വലിയ സ്ഥാപനമായ ഗവണ്‍മെന്റ് ഹൈസ്കൂള്‍ 1964 ലാണ് സ്ഥാപിക്കപ്പെട്ടത്. 1968-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വളപട്ടണം ഗവണ്‍മെന്റ് ആസ്പത്രിയും നാട്ടുകാര്‍ സ്വന്തം പണം ചെലവഴിച്ചും ശ്രമദാനം നടത്തിയും കെട്ടിടം നിര്‍മ്മിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച് സ്ഥാപിക്കപ്പെട്ടവയാണ്.

സാംസ്കാരിക ചരിത്രം

1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്നും ഇസ്ളാംമത പ്രബോധനത്തിനായി മുഹമ്മദ് ഇബുനു അബൂബക്കര്‍, അഹമ്മദ് ജമാലുദ്ദീന്‍ ബുക്കാരി, ഹസ്രത്ത് റമളാന്‍, സീതി ഇബ്രാഹിം തങ്ങള്‍, അബ്ദുള്ള ഹാജി, ഹൈദ്രോസ് തങ്ങള്‍ എന്നീ പ്രവാചക പരമ്പരയില്‍പ്പെട്ട ഇസ്ളാമിക പണ്ഡിതന്‍മാര്‍ ഇവിടെ ഇസ്ളാംമതം പ്രചരിപ്പിച്ചതിന്റെ ഫലമായി ഇവിടുത്തെ ഭൂരിഭാഗം പേരും ഇസ്ളാംമതം സ്വീകരിച്ചു. വളപട്ടണം കോട്ടപ്പടി എന്ന പ്രദേശം പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണെന്ന് പറയപ്പെടുന്നു. ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു. ചേരമാന്‍ പെരുമാള്‍ രാജഭരണം മതിയാക്കി ഹജ്ജ് തീര്‍ത്ഥാടനത്തിന് വേണ്ടി ഇവിടുന്നാണ് മക്കയിലേക്ക് പുറപ്പെട്ടതെന്ന് പറയപ്പെടുന്നു. അതിനുശേഷം കോട്ട അനാഥമായി. അതിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. ചരിത്രപ്രസിദ്ധമായ കുക്കുളങ്ങര പ്പള്ളിയിലുള്ള ശിലാലിഖിതം സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ഈ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. മൂഷകവംശത്തില്‍പ്പെട്ട വല്ലഭരാജാവിന്റെ ആസ്ഥാനം കൂടിയാണ് വളപട്ടണമെന്നും പറയപ്പെടുന്നു. അതുകൊണ്ടാവാം ഈ നാടിന് വല്ലഭപട്ടണമെന്നും പിന്നീട് വളപട്ടണമെന്നും വിളിച്ചു വന്നിരുന്നത്. അറബിയില്‍ ബലാഫത്തയന്‍ എന്നും സംസ്കൃതത്തില്‍ വൃദ്ധിപുരമെന്നും പറയുന്നു.  കളരിവാതുക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ പൂരമഹോത്സവം മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍ വരെയാണ്. ഇടവമാസത്തിലാണ് പെരുങ്കുളിയാട്ട മഹോത്സവം. ഇതോടുകൂടി മലബാറിലെ ക്ഷേത്രങ്ങളിലുള്ള ഉത്സവങ്ങളുടെ സമാപനം കുറിക്കുന്നു. ഉല്‍സവത്തിനു വലിയ തിരുമുടിക്കു പുറമേ 6 ചെറിയ തിറകളുമുണ്ടാകും. മറ്റു ക്ഷേത്രങ്ങളില്‍ പൂതം, പോതി, ഗുളികന്‍ തുടങ്ങിയ വ്യത്യസ്ത തിറകള്‍ കെട്ടിയാടിക്കുന്നു. പ്രശസ്ത കുക്കുളങ്ങര പള്ളി, കുന്നത്ത് പള്ളി, ഫക്കീര്‍ കുന്ന് മഖാം പള്ളി എന്നിവിടങ്ങളില്‍ ഉറൂസും പ്രമുഖ പണ്ഡിതന്‍മാരുടെ മതപ്രസംഗ പരമ്പരകളും നടക്കാറുണ്ട്. പണ്ടുകാലങ്ങളില്‍ ഉല്‍സവാഘോഷത്തില്‍ ആനയും അമ്പാരിയും അടങ്ങിയ ചന്തകള്‍ ഉണ്ടാകാറുണ്ടായിരുന്നു.  ഇവിടുത്തെ മുസ്ളീം ആചാര്യന്‍മാര്‍ തൊട്ടടുത്തുള്ള ചിറക്കല്‍ രാജവംശവുമായി വളരെയടുത്ത സൌഹൃദം പുലര്‍ത്തിയിരുന്നു. അതിന്റെ ഭാഗമായി ഈ അടുത്തകാലം വരെ വളപട്ടണത്തെ ഖാദിമാര്‍ പെരുന്നാള്‍ ദിവസം ചിറക്കല്‍ കോവിലകത്തേക്ക് പോകുകയും രാജാവുമായി സുഹൃദ്ബന്ധം പുലര്‍ത്തുകയും പാരിതോഷികങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഖാദിമാര്‍ ഈ യാത്രയ്ക്കുപയോഗിച്ചിരുന്നത് പല്ലക്കായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണപ്പെട്ടിരുന്ന പൊങ്ങല്‍, തിരണ്ടുകുളി, താലികെട്ടു കല്ല്യാണം, കൊന്ത്രം പാട്ട് എന്നിവ അപ്രത്യക്ഷമായി. ഉപനയനം, അവികൂടല്‍, നാമകരണം എന്നീ ചടങ്ങുകളും വിവിധ മതസ്ഥരുടെ വ്യത്യസ്തരീതിയിലുള്ള വിവാഹചടങ്ങുകളും മരണാനന്തര ക്രിയകളും ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.