പഞ്ചായത്തിലൂടെ

വളപട്ടണം - 2010

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ കണ്ണൂര്‍ ബ്ളോക്കിലാണ് വളപട്ടണം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1938-ല്‍ രൂപീകൃതമായ പഞ്ചായത്തിന് 2.04 ച. കി. മീ. വിസ്തീര്‍ണ്ണമുണ്ട്. 4340 സ്ത്രീകളും 4580 പുരുഷന്‍മാരുമടങ്ങുന്ന 8920 ഓളം പേര്‍ വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 93.25 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച്  തീരദേശ മേഖലയില്‍ വരുന്ന പഞ്ചായത്തിന്റെ പ്രധാന കൃഷി തെങ്ങ്, വാഴ, കവുങ്ങ്, എന്നിവയാണ്. വളപട്ടണംപുഴ പഞ്ചായത്തിലുടെ ഒഴുകുന്നു. 13 കുളങ്ങളും  5 പൊതു കിണറുകളും  പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. കോട്ടപ്പടികുന്ന്, കളരിവാതുക്കല്‍കുന്ന്, മായിച്ചാല്‍കുന്ന്, പള്ളികുന്നംപുറം എന്നിവ പഞ്ചായത്തിലെ കുന്നിന്‍ പ്രദേശങ്ങളാണ്. നിരത്തുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 112 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട് ശുദ്ധജല വിതരണത്തിനായി 34 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, തുറമുഖം എന്നിവ സ്ഥിതിചെയ്യുന്നത് മംഗലാപുരമാണ്. സമീപത്തുള്ള റെയില്‍വേസ്റ്റേഷന്‍ വളപട്ടണത്തും ബസ്സ്റ്റാന്റ് തളിപറമ്പിലുമാണ് സ്ഥിതിചെയ്യുന്നത്. അഴീക്കലാണ് ഏറ്റവും അടുത്തുള്ള ജലഗതാഗതകേന്ദ്രം. ദേശീയ പാത 17, ജംഗ്ഷന്‍ റോഡ്, അഴിക്കല്‍ ഫെറിറോഡ്, മാര്‍ക്കറ്റ് റോഡ് എന്നീ പാതകളും വളപട്ടണം പാലവും ചേര്‍ന്നാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ച്  പ്രാദേശിക വികസനത്തിന് സഹായിക്കുന്നത്. വന്‍കിട വ്യവസായ സ്ഥാപനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ളൈവുഡ് പ്രൈവറ്റ് ലിമിറ്റഡാണ് പഞ്ചായത്തിലെ പ്രധാന വ്യാവസായിക സ്ഥാപനം. പ്ളൈവുഡ് നിര്‍മ്മാതാക്കളായ സെഞ്ചുറി പ്ളൈവുഡ്സ്, സി.എന്‍.പ്ളൈവുഡ്സ്, തടിമില്ലുകള്‍ തുടങ്ങിയവ ഇടത്തരം വ്യവസായങ്ങളാണ്. അച്ചാര്‍നിര്‍മ്മാണം, കൊപ്രാസംസ്കരണം, വസ്ത്രനിര്‍മ്മാണം എന്നിവ ചെറുകിട മേഖലയില്‍ പെടുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളായ സണ്‍ഷൈന്‍ ഫ്യുവല്‍സ്, ഹൈവേ ഫ്യൂവല്‍സ്, കെ.സി.ഗോവിന്ദന്‍ & സണ്‍സ് ഫ്യൂവല്‍സ്, ഭാരത് ഫ്യൂവല്‍സ് മുതലായവയാണ് പഞ്ചായത്തിലെ ഇന്ധന വിതരണ കേന്ദ്രങ്ങള്‍. 2 റേഷന്‍ കടകളും 2 മാവേലി-നീതി സ്റ്റോറുമടക്കം 4 പൊതു വിതരണ കേന്ദ്രങ്ങള്‍ പ്രദേശത്തു നിലവിലുണ്ട്. മാര്‍ക്കറ്റും ഷോപ്പിംഗ് കോംപ്ളക്സു ഉള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രം വളപട്ടണമാണ്. മുസ്ളീംങ്ങളും ഹിന്ദുക്കളും അധിവസിക്കുന്ന പ്രദേശമായ പഞ്ചായത്തിലെ ആരാധനാലയങ്ങളെല്ലാം മുസ്ളീം പള്ളികളും ക്ഷേത്രങ്ങളുമാണ്. മുഹിയുദ്ദീന്‍ പള്ളി, ആലൂല്‍ പള്ളി, കക്കുളങ്ങരപള്ളി, കുന്നത്ത് പള്ളി, ഫക്കീര്‍കുന്ന് മഖാം പള്ളി, കുളങ്ങരപള്ളി, കളരി വാതുക്കല്‍ ഭഗവതി ക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. കക്കുളങ്ങരപള്ളി ഉറൂസ്, പൊക്കിലകത്ത് ഷിയാറത്തുങ്കര പള്ളി ഉറൂസ്, കളരിവാതുക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവം എന്നിവ വര്‍ഷം തോറും നടന്നു വരുന്ന പ്രസിദ്ധമായ ഉത്സവാഘോഷങ്ങളാണ്. കേരള പത്രിക, മംഗളോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും സാഹിത്യകാരനുമായിരുന്ന ചെങ്കുളത്ത് ചെറിയകുഞ്ഞിരാമമേനോന്‍, ബഹുഭാഷാ പണ്ഡിതനായ വളപട്ടണം അബ്ദുള്ള, ആര്‍.ശങ്കറിന്റെ മന്ത്രിസഭയിലെ ഹരിജനക്ഷേമ മന്ത്രിയായിരുന്ന കെ.കുഞ്ഞമ്പു, വെസ്റ്റേണ്‍ ഇന്ത്യ പ്ളൈവുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകന്‍ എ.കെ.ഖാദര്‍കുട്ടി സാഹിബ് എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞ പ്രശസ്തരായ വ്യക്തികളാണ്. കളരിപയറ്റ് ദേശീയ ചാമ്പ്യനായ സീമ കായികലോകത്തിന് പഞ്ചായത്ത് നല്‍കിയ പ്രധാന സംഭാവനയാണ്. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി, കീരിയാട് ജനകീയ വായനശാല, അഹമ്മദ് കുരിക്കല്‍ സ്മാരക വായനശാല & ഗ്രന്ഥാലയം , ടി.പി.കെ.മെമ്മോറിയല്‍ വായനശാല & ഗ്രന്ഥാലയം, ടൌണ്‍ സ്പോര്‍ട്സ് ക്ളബ്ബ് വളപട്ടണം, വളപട്ടണം മുസ്ളീം ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. വളപട്ടണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണ് പഞ്ചായത്തിലെ ഏക പൊതുജനാരോഗ്യ കേന്ദ്രം. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. വളപട്ടണം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, താജുല്‍ ഉലും യത്തീംഖാന ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമവിലാസം എല്‍. പി. സ്കൂള്‍, കമലാനെഹ്റു യു. പി. സ്കൂള്‍, സുബുലുസലാം എല്‍. പി. സ്കൂള്‍, ക്രെസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവ പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള പ്രധാന സ്ഥാപനങ്ങളാണ്. വളപട്ടണം കമ്മ്യൂണിറ്റി ഹാളിലാണ് പ്രദേശത്തെ പൊതു പരിപാടികള്‍ നടത്തുന്നത്. പഞ്ചായത്തിലെ മൃഗാശുപത്രി, കൃഷിഭവന്‍, പോലീസ്സ്റ്റേഷന്‍, വില്ലേജാഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, തപാല്‍ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് വളപട്ടണത്താണ്. ദേശീയപാത അതോറിറ്റിയുടെ സബ് എഞ്ചിനീയര്‍ ഓഫീസ്, പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.