ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
വെണ്‍മലനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വെണ്‍മലനാട് പിന്നീട് വടക്കുംകൂര്‍, തെക്കുംകൂര്‍ എന്ന് രണ്ടായി പിരിഞ്ഞപ്പോള്‍ വൈക്കം വടക്കുംകൂര്‍ രാജവംശത്തിന്റെ അധീനതയില്‍പ്പെട്ട പ്രദേശമായി. 1742-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് വടക്കുംകൂറിനെ കീഴടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മുനിസിപ്പാലിറ്റികളിലൊന്നാണ് വൈക്കം. ബ്ളോക്കുപ്രദേശം കായലും, പുഴകളും, തോടുകളും ഇടകലര്‍ന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്. 1924-ലെ വൈക്കം സത്യാഗ്രഹത്തോടു കൂടിയാണ് ദേശീയ തലത്തില്‍ വൈക്കം ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ വൈക്കം ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പേരില്‍ വൈക്കം പണ്ടുമുതല്‍ക്കേ കേരളമൊട്ടാകെ അറിയപ്പെട്ടിരുന്നു.ദേശീയ സ്വാതന്ത്ര്യ സമരത്തില്‍,കേരളത്തില്‍ നടന്ന സുപ്രധാന സമരങ്ങളിലൊന്നായ വൈക്കം സത്യാഗ്രഹം നടന്നത് ഈ ബ്ളോക്കുപ്രദേശത്താണ്.എല്ലാ ജാതിമതസ്ഥര്‍ക്കും പൊതുവഴിയില്‍ കൂടി സഞ്ചരിക്കുവാനുള്ള അവകാശം നേടിയെടുക്കുന്നതിലേക്കായിരുന്നു ഇത് നടത്തപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇവിടുത്തെ ഒരു പ്രമുഖ സമരസേനാനിയായിരുന്നു വൈക്കം പത്മനാഭപിള്ള. ഭൂമിയുടെ ഉടമസ്ഥാവകാശം ചുരുക്കം ചിലരില്‍ നിക്ഷിപ്തമായിരുന്നു. ജാതിവ്യവസ്ഥയും, ഉച്ചനീചത്വങ്ങളും അതിന്റെ പാരമ്യതയിലെത്തി നിന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. വഴി നടക്കാനുള്ള സ്വാതന്ത്ര്യം, ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണെന്ന തിരിച്ചറിവായിരുന്നു വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചത്. പിന്നീടുള്ള മാറ്റങ്ങള്‍ക്ക്  ഗതിവേഗം വര്‍ദ്ധിച്ചു. പി.കൃഷ്ണപിള്ള, ബഷീര്‍, വൈക്കംചന്ദ്രശേഖരന്‍ നായര്‍, പാലാ നാരായണന്‍ നായര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കായി പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളാണ്. വൈക്കം മഹാദേവക്ഷേത്രം ഇവിടുത്തെ പുരാതനവും, പ്രധാനവുമായ ആരാധനാലയമാണ്. ഇതിനുപുറമേ നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ ഈ ബ്ളോക്കുപ്രദേശത്തുണ്ട്. ഭൂവുടമസ്ഥതയില്‍ വന്ന മാറ്റം ഒട്ടേറെ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കാര്‍ഷികരംഗത്തും അനുബന്ധ മേഖലകളിലും ഉണ്ടാകേണ്ടിയിരുന്ന ഉല്‍പാദന വര്‍ദ്ധന, പക്ഷെ നേടിയെടുക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയാകേണ്ട കാര്‍ഷികമേഖല ഇന്ന് തകര്‍ച്ചയെ നേരിടുകയാണ്. വര്‍ദ്ധിച്ച കാര്‍ഷിക ചെലവുകള്‍, ചെലവുകള്‍ക്ക് അനുസരിച്ചുള്ള വരവില്ലായ്മ എന്നിവ കാര്‍ഷികവൃത്തി അനാകര്‍ഷകമാക്കിയിരുന്നു. കൃഷിഭൂമി തരിശിടുകയും പിന്നീട് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുകയും ചെയ്തു. കൃഷിയുടെ അവിഭാജ്യഘടകമായിരുന്ന കാലിവളര്‍ത്തല്‍, കൃഷിരീതിയില്‍ വന്ന മാറ്റത്തോടെ ഉപേക്ഷിക്കപ്പെട്ടു. സമൃദ്ധമായ ഒരു മത്സ്യബന്ധനമേഖല ഈ ബ്ളോക്ക് പ്രദേശത്ത് നിലനിന്നിരുന്നു. ബ്ളോക്കിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ പൂത്തോട്ട മുതല്‍ കരിയാര്‍ വരെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കായലോരവും, മൂവാറ്റുപുഴയാറും കൈവഴികളും കരിയാറും ശാഖകളും നിരവധി തോടുകളും ഇടത്തോടുകളും കരിനിലങ്ങളും നൂറുകണക്കിന് കുളങ്ങളും ചേര്‍ന്ന ഉള്‍നാടന്‍ ജലാശയങ്ങളുമാണ് ഇവിടുത്തെ മത്സ്യബന്ധന മേഖല. കരിമീന്‍, തിരുത, ചെമ്പല്ലി, കട്ല, തെരണ്ടി, വറ്റ, കുറിച്ചില്‍, വാള, വരാല്‍, പൂമീന്‍, കാരി, കൂരി, മുഷി, കോല, കണ്ണി, കാളാഞ്ചി, നങ്ക്, പരല്‍, പൂളാന്‍, പുല്ലന്‍, നന്തന്‍, കയ്പ, തിലോപ്പിയ, ആരാന്‍, കുറുവ, പ്രാഞ്ഞില്‍, അറഞ്ഞില്‍, മനഞ്ഞില്‍ തുടങ്ങിയ മത്സ്യങ്ങളും ചെമ്മീന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട കൂനചെമ്മീന്‍, നാരന്‍, കാര, തെള്ളി, ചൂടന്‍, കൊഞ്ച് എന്നിവയും ഞണ്ട്, ഞവിണിക്ക, കക്ക തുടങ്ങിയവയും സുലഭമായിരുന്ന മേഖലയാണിത്. മത്സ്യബന്ധത്തിനായി ചൂണ്ട, ഒറ്റാല്‍, തെറ്റാലി, കൂടി, കൂര് എന്നിവയും വലകളായ പന്ത്രണ്ടുവടി, ഊന്നി, കമ്പ, ഉടക്ക്, അടക്കം കൊല്ലി, വട്ടവല, കോരുമല, വീശുമല, ഉണ്ടവല തുടങ്ങിയവും പടല, വള്ളി, വല്ലം തുടങ്ങിയ മാര്‍ഗ്ഗങ്ങളും കാലങ്ങളായി ഉപയോഗിച്ചുപോരുന്നു. ഒഴുക്കു നിറഞ്ഞ കായല്‍തീരവും തുരുത്തുകളും, പ്രകൃതിദത്തമായ മത്സ്യപ്രജനന കേന്ദ്രങ്ങളായിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ ഈ പരിസ്ഥിതി തകിടം മറിഞ്ഞു. കായല്‍ ദരിദ്രമായി, ഒപ്പം കായലോര ജനജീവിതവും. കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കി വികസിച്ചുവന്നതാണ് ഇവിടത്തെ വ്യാവസായിക മേഖല. കയര്‍, കൊപ്ര, തഴപ്പായ്, മറ്റ് കുടില്‍ വ്യവസായങ്ങള്‍ എന്നിവ ഇന്നും നിലനില്‍ക്കുന്നുണ്ട്. മറ്റ് വന്‍കിട വ്യവസായങ്ങളോ ആധുനിക വ്യവസായങ്ങളോ വളര്‍ന്നുവന്നില്ല എന്നു മാത്രമല്ല ഈ പരമ്പരാഗത വ്യവസായങ്ങള്‍ തന്നെ പ്രതിസന്ധിയിലുമാണ്. സ്വാതന്ത്ര്യസമ്പാദത്തിനു ശേഷം ഗ്രാമവികസനം, സാമൂഹ്യക്ഷേമം എന്നിവ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കണം എന്നു തീരുമാനിക്കപ്പെട്ടു. ഇത്തരം പരിപാടികള്‍ ഗ്രാമതലത്തില്‍ നടപ്പാക്കാനുള്ള സംവിധാനമായിട്ടാണ് വൈക്കത്ത് എന്‍.ഇ.എസ് ബ്ളോക്ക് ആരംഭിച്ചത്. കോട്ടയം-എറണാകുളം, ആലപ്പുഴ-മധുര, കുമരകം-കമ്പം എന്നീ സംസ്ഥാന പാതകള്‍ വൈക്കത്തു കൂടിയാണ് കടന്നുപോകുന്നത്. കെ.ടി.ഡി.സി.യുടെ ഒരു കായലോര വിശ്രമകേന്ദ്രം ഇപ്പോള്‍ വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എതാനും സ്വാകാര്യ ഏജന്‍സികള്‍ എറണാകുളത്ത് എത്തുന്ന വിനോദസഞ്ചാരികളെ ജലയാത്രയ്ക്കായി വൈക്കത്തു കൊണ്ടുവരുന്നുണ്ട്. ഒരു വര്‍ഷം ഏതാണ്ട് 3000-നും, 4000-നുമിടയ്ക്ക് സന്ദര്‍ശകര്‍ ഇപ്രകാരം വരുന്നുണ്ടെന്ന് കണക്കാക്കാം. 150 കിലോമീറ്ററോളം ഗതാഗതയോഗ്യമായ പുഴകളും തോടുകളും 25 കിലോമീറ്ററോളം കായലോരവുമുള്ള ഈ ബ്ളോക്കില്‍ ജലഗതാഗതത്തിന് ഇന്നും വമ്പിച്ച സാധ്യതയാണ് നിലനില്‍ക്കുന്നത്.