വൈക്കം

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലാണ് വൈക്കം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, ടി.വി.പുരം, വെച്ചൂര്‍, ഉദയനാപുരം എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് വൈക്കം.വെച്ചൂര്‍, തലയാഴം, ചെമ്പ്, കുലശേഖരമംഗലം, വൈക്കം, വടക്കേമുറി, വെണ്‍മലനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വൈക്കം ബ്ളോക്ക് പഞ്ചായത്തിന് 123 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് എറണാകുളം ജില്ലയില്‍പ്പെട്ട മുളന്തുരുത്തി ബ്ളോക്കും, കിഴക്കുഭാഗത്ത് കടുത്തുരുത്തി ബ്ളോക്കും, തെക്കുഭാഗത്ത് കൈപ്പുഴയാറും, ഏറ്റുമാനൂര്‍ ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടുകായലുമാണ് വൈക്കം ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. സമുദ്രനിരപ്പില്‍ നിന്നും 6 മുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടുത്തെ ഭൂപ്രദേശത്തിന്റെ 70%-വും വേമ്പനാട്ടുകായലിന്റെ സാമീപ്യമുള്ള തീരസമതലമാണ്. തീരസമതലം, കുന്നുകള്‍-ചെരിവുകള്‍, കരിനിലങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കാവുന്ന ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. ആഴമുള്ള മണല്‍മണ്ണാണ് കൂടുതലായും ഈ പ്രദേശത്തു കാണുന്നത്. മണല്‍മണ്ണ്, വെട്ടുകല്ലുള്ള ചരല്‍കലര്‍ന്ന മണ്ണ്, കറുത്ത ചെളിമണ്ണ്, പുളിരസമുള്ള മണ്ണ് എന്നീ മണ്ണിനങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള ചെരിവ് തീരെ കുറഞ്ഞ സ്വഭാവമുള്ളതിനാല്‍ മണ്ണൊലിപ്പ് താരതമ്യേന കുറവാണ്. തെങ്ങാണ് ഇവിടുത്തെ മുഖ്യവിള. മാവ്, പ്ളാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും കമുക്, കശുമാവ്, വാഴ, പച്ചക്കറി തുടങ്ങിയ ഇടവിളകളും കൃഷി ചെയ്തുവരുന്നു.മള്‍ബറികൃഷിയ്ക്ക് അനുയോജ്യമായ മണ്ണാണിത്. റബര്‍കൃഷിയും ചെയ്തുവരുന്നുണ്ട്.കുന്നുകളും ചെരിവുകളും.വളരെ ചെറിയ ചെരിവോടുകൂടിയ ഉയര്‍ന്ന പ്രദേശങ്ങളും മുഖ്യമായും ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം ഭാഗത്താണ്.വെട്ടുകല്ലുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് ഇവിടെയുള്ളത്.ഈ പ്രദേശങ്ങളിലെ പ്രധാന കൃഷി റബ്ബറാണ്.ഒപ്പം തെങ്ങും മറ്റും ഫലവൃക്ഷങ്ങളും ഇടവിളകളും കൃഷി ചെയ്തു വരുന്നുണ്ട്.കോട്ടയം ജില്ലയുടെ വടക്കുപടിഞ്ഞാറേ മൂലയില്‍ എറണാകുളം ജില്ലയോടു ചേര്‍ന്നുകിടക്കുന്ന വൈക്കം ബ്ളോക്കുപ്രദേശം കായലും, പുഴകളും, തോടുകളും ഇടകലര്‍ന്ന പ്രകൃതിരമണീയമായ ഒരു ഭൂവിഭാഗമാണ്.