ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തെക്കുനിന്ന് ഭൂമി വെട്ടിപ്പിടിച്ച് വന്നപ്പോള്‍ അക്കൂട്ടത്തില്‍ കീഴടക്കിയ കൊച്ചി രാജ്ഞിയുടെ വക വടവുകോട്ടിലുള്ള 618 ഏക്കര്‍ ഭൂമി, പിന്നീട് രാജ്ഞിയുടെ അപേക്ഷയനുസരിച്ച് തിരികെ കൊടുക്കുകയുണ്ടായി. പ്രസ്തുത ഭൂപ്രദേശമാണ് ഇന്നത്തെ വടവുകോട് ഗ്രാമം. വടവുകോട് പ്രദേശത്തെ തിരുവാണിയൂര്‍ മുതലായ മിക്ക ഗ്രാമങ്ങളും പുരാതനകാലത്ത് ജൈനമതസംസ്കാരം പുലര്‍ന്നിരുന്ന പ്രദേശങ്ങളാണ്. സമാധാനപ്രിയരായ ജൈനമതസ്ഥരെ തുരത്തിയോടിച്ച് ജൈനകേന്ദ്രങ്ങള്‍ പിടിച്ചടക്കിയ ഹൈന്ദവ ബ്രാഹ്മണമേധാവികള്‍ ജൈനക്ഷേത്രങ്ങളെ ശിവക്ഷേത്രങ്ങളാക്കി മാറ്റുകയായിരുന്നു. ജൈനരുടെ ദേവസങ്കല്‍പമാണ് മാണിക്കന്‍. അപ്രകാരം മാണിക്യന്റെ ഊര് മാണിയൂരായി. ബഹുമാനസൂചകമായി മാണിയൂര്‍ തിരുമാണിയൂരും, കാലക്രമേണ “മ”കാരം “വ”കാരത്തിനു വഴിമാറി തിരുമാണിയൂര്‍ ആയി മാറുകയും ചെയ്തു. പുരാതനകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന കുന്നത്തുനാട് എന്ന പ്രദേശത്തിന്റ അധിപനെ ഒരിക്കല്‍ സൂത്രശാലിയായഏതോ പരദേശിയും, തന്റെ ഭൃത്യനും കൂടി കള്ളച്ചൂതില്‍ തോല്‍പിച്ച് നാട് കൈവശമാക്കി എന്ന് പറയപ്പെടുന്നു. തമിഴില്‍ അയ്യാവ് എന്നാല്‍ യജമാനനും ഏഴ എന്നാല്‍ അടിയനുമാണ്. അങ്ങനെ കള്ളച്ചൂതില്‍ ലഭിച്ച ഭൂമി അയ്യയും ഏഴയും ചേര്‍ന്ന് പങ്കിട്ടെടുത്തു. അയ്യായ്ക്ക് ലഭിച്ച അര നാടാണത്രെ ഐക്കരനാട്. ഏഴയ്ക്ക് ലഭിച്ചത് ഏഴൂ(ലൂ)രും. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തിന് വിധേയമാവും മുമ്പ് വരെ പെരുവന്‍മൂഴി വരെയുള്ള പ്രദേശങ്ങള്‍ കൊച്ചി രാജകുടുംബം വകയായിരുന്നു. പൂതൃക്കയില്‍ സ്ഥിതി ചെയ്യുന്ന പൂതൃക്കോവില്‍ ക്ഷേത്രത്തിന്റെ പേരു ലോപിച്ചാണ് പൂതൃക്ക എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. ഐക്കരനാട്ടിലാണ് ഐതിഹ്യപ്രസിദ്ധമായ കടമറ്റം. പാടങ്ങളേക്കാള്‍ ഉയര്‍ന്ന കൃഷിഭൂമിയ്ക്കാണ് മറ്റം എന്നു പറയുന്നത്. ഇവിടുത്തെ പ്രശസ്തമായ കടമറ്റത്ത് പള്ളി 1600 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ചരിത്രപ്രസിദ്ധമായ കടമറ്റത്തു പള്ളിയില്‍ നിന്നും 1861-ല്‍ വിട്ടുപോന്ന കുടുംബക്കാര്‍ സ്ഥാപിച്ച പള്ളിയാണ് മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി. 20-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ കടമറ്റത്തു പള്ളിയില്‍ നിന്നും ഏതാനും കുടുംബക്കാര്‍ വേറിട്ടു പോന്ന് സ്ഥാപിച്ച ക്രിസ്ത്യന്‍ദേവാലയമാണ് കുന്നക്കുരുടി പള്ളി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ ബ്ളോക്കിലെ തൊണ്ണൂറു ശതമാനം ഭൂപ്രദേശങ്ങളും വിവിധ ദേവസ്വങ്ങളും ബ്രാഹ്മണ-നായര്‍ ജന്മിമാരും ചേര്‍ന്ന് കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. സവര്‍ണ്ണമേധാവിത്വവും ജന്മി-കുടിയാന്‍ സമ്പ്രദായവും ശക്തമായി ഇവിടെ നിലനിന്നിരുന്നു. ഭൂമി കൈവശപ്പെടുത്തിവച്ചിരുന്ന ജന്മികുടുംബങ്ങള്‍ പുരവയത്ത് പിരിവുകള്‍ എന്ന പേരില്‍ പിരിവുകളും നടത്തിയിരുന്നു. ഓണക്കുല, ഓണക്കാഴ്ച, കൊച്ചചക്ക തുടങ്ങി കൃഷിയുടെ ആദ്യഫലം നിര്‍ബന്ധമായും ജന്മിമാരുടെ മനകളില്‍ കൊണ്ടുപോയി കൊടുക്കണമായിരുന്നു. നെല്‍ക്കൃഷിക്കാരാകട്ടെ ഒരു പറ വിത്ത് വിതച്ചാല്‍ പത്ത് പറ നെല്ല് മനയ്ക്കല്‍ പാട്ടം കൊടുക്കണമായിരുന്നു. 1953-1954 കാലമായപ്പോഴേക്കും ദാരിദ്യ്രത്തിലമര്‍ന്ന കൃഷിക്കാര്‍ സംഘടിക്കാന്‍ തുടങ്ങി. രാത്രകാലങ്ങളില്‍ അവര്‍ ഒരിടത്ത് കൂടിയിരുന്ന് പാട്ടവും വാരവും വെട്ടിക്കുറയ്ക്കണമെന്നും, കൃഷിഭൂമി കൃഷിക്കാര്‍ക്ക് ലഭിക്കണമെന്നും, പുരവയത്ത് പിരിവുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്ക്കൂളുകള്‍ വ്യാപകമാകുന്നതിനു മുമ്പ് ആശാന്‍കളരികളായിരുന്നു ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങള്‍. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം ഒറ്റപ്പെട്ട ക്ഷേത്രപ്രവേശന - അയിത്തോച്ചാടന സമരങ്ങള്‍ മഴുവന്നൂരിലെ വലമ്പൂര്‍ ഭാഗത്തും, തെക്കേ മഴുവന്നൂരിലും നടന്നിട്ടുണ്ട്. പിന്നീട് നടന്ന കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ കാര്‍ഷിക മേഖലയിലെ ഉടമസ്ഥതാ ബന്ധങ്ങളില്‍ ഐതിഹാസികമായ മാറ്റത്തിനു വഴി തെളിച്ചു. കുന്നത്തൂര്‍ താലൂക്ക് പ്രദേശത്തെ ജനകീയ നവോത്ഥാനസമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഹരിഹരന്‍മാസ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയോടൊപ്പം പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനിയിരുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇവിടുത്തെ ഗ്രാമങ്ങളില്‍ ജാതിപരമായി അസമത്വങ്ങള്‍ രൂക്ഷമായി നിലനിന്നിരുന്നു. തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനവും, സ്വാതന്ത്ര്യ സമരവും തൊഴിലാളികളുടേയും അധിഃസ്ഥിത വിഭാഗത്തിന്റെയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങളും സാമൂഹ്യരംഗത്ത് വലിയ ചലനങ്ങളുണ്ടാക്കി. കാര്‍ഷിക വിപ്ളവവും ഭൂപരിഷ്കരണനടപടികളും ജന്‍മി-കുടിയാന്‍ ബന്ധങ്ങളിലും, സമൂഹത്തിലാകെയും, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. എഴുപതുകളില്‍ പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ ആവിര്‍ഭാവത്തോടുകൂടി ബ്ളോക്ക് പ്രദേശത്തെ നെല്‍ കൃഷിക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് സംജാതമായി. അതുവരെ മഴയെ പൂര്‍ണ്ണമായും  ആശ്രയിച്ച് നിലവിലുള്ള കുളങ്ങള്‍, തോടുകള്‍ എന്നിവയില്‍ നിന്ന് തേവി കൃഷി ചെയ്യുന്ന ഒരു രീതിയാണ് നിലവിലുണ്ടായിരുന്നത്. അക്കാലത്ത് നെല്‍കൃഷിയുടെ വിസ്തൃതി സമൂഹത്തില്‍ മാന്യതയുടെ ഒരു അളവുകോലായിരുന്നു. ഇന്നാകട്ടെ, നെല്‍കൃഷി ഒരു ബാധ്യതയായി കര്‍ഷകര്‍ ചിന്തിക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. വടവുകോടില്‍ ഉണ്ടായിരുന്ന പ്രസിദ്ധമായ “കാളവയല്‍”, കാര്‍ഷികവൃത്തിയില്‍ ഈ പ്രദേശത്തിനുണ്ടായിരുന്ന താല്‍പര്യത്തിന്റെ ഉത്തമോദാഹരണമാണ്. അയല്‍ പ്രദേശങ്ങളില്‍ നിന്നുപോലും കര്‍ഷകര്‍ കാലികളെ വാങ്ങിക്കുന്നതിന് ഇവിടെ എത്തിയിരുന്നു. സമൂഹത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന വര്‍ഗ്ഗത്തിന്റെ സംസ്കാരമായിരുന്നു മൊത്തം സാമൂഹത്തിന്റെ സംസ്ക്കാരം. അധഃസ്ഥിത വിഭാഗത്തിന് തനത് കലാരൂപങ്ങളും സംസ്കാരവും ഉണ്ടായിരുന്നു. ഈ ബ്ളോക്ക് ഉള്‍പ്പെടുന്ന പഞ്ചായത്ത് പ്രദേശങ്ങളില്‍ കാവടിയാട്ടം, ഉടുക്കുപാട്ട്, പരിശമുട്ടുകളി, വില്ലടിച്ചാന്‍പാട്ട്, ചിന്തുപാട്ട് തുടങ്ങിയ പല നാടന്‍കലാരൂപങ്ങള്‍ക്കും ശക്തമായ വേരോട്ടമുണ്ടായിരുന്നു. പെരുന്നാളുകളില്‍ കോലഞ്ചേരി പള്ളി പെരുന്നാള്‍, കടമറ്റം പള്ളി പെരുന്നാള്‍ എന്നിവ പ്രസിദ്ധമാണ്. ചന്ദനക്കുട മഹോത്സവും ചില മുസ്ളിം പള്ളികളില്‍ നടത്തിയിരുന്നു. വടവുകോട് ബ്ളോക്കിന്റെ പടിഞ്ഞാറുഭാഗത്തു കൊച്ചിന്‍ ഓയില്‍ റിഫൈനറിയും ഫാക്ടും പ്രവര്‍ത്തിക്കുന്നു. ദേശീയപാത ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്. കോലഞ്ചേരിപ്പള്ളി, കടമറ്റം പള്ളി, തിരുവാണിയൂര്‍ മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രസിദ്ധമായ ആരാധനാലയങ്ങള്‍.