വടവുകോട്

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കിലാണ് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വടവുകോട് ബ്ളോക്ക് പഞ്ചായത്ത്. ഐക്കരനാട് സൌത്ത്, തിരുവാണിയൂര്‍, ഇരപുരം, ഐക്കരനാട് നോര്‍ത്ത്, അറക്കപ്പടി, വടവുകോട്, പുത്തന്‍കുരിശ്, മുഴുവന്നൂര്‍, കുന്നത്തുനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വടവുകോട് ബ്ളോക്ക് പഞ്ചായത്തിന് 185.95 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കൂവപ്പടി, വാഴക്കുളം ബ്ളോക്കുകളും, കിഴക്കുഭാഗത്ത് മൂവാറ്റുപുഴ ബ്ളോക്കും, തെക്കുഭാഗത്ത് പാമ്പാക്കുട, മുളന്തുരുത്തി ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് ഇടപ്പള്ളി, മുളന്തുരുത്തി ബ്ളോക്കുകളുമാണ് വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. മധ്യകേരളത്തില്‍ അറബിക്കടലോരത്തു നിന്ന് ഏകദേശം 32 കിലോമീറ്റര്‍ കിഴക്കുമാറി മലനാടിനോടടുത്തുള്ള ഇടനാടന്‍ മേഖലയിലാണ് വടവുകോട് ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. പൊതുവില്‍ ഭൂപ്രകൃതിയനുസരിച്ചു ഉയര്‍ന്ന കുന്നിന്‍പ്രദേശം, ചരിവുപ്രദേശം, പാടശേഖരങ്ങള്‍, നിരപ്പുപ്രദേശം, ചതുപ്പുനിലം എന്നിങ്ങനെ ഈ ബ്ളോക്കിനെ അഞ്ചായി തരംതിരിക്കം. ഈ ബ്ളോക്കില്‍ തരിശുനില പ്രദേശങ്ങള്‍ അത്രയേറെ കാണാന്‍ സാധിക്കുന്നില്ല. മിക്ക ഗ്രാമങ്ങളിലും ചെങ്കല്‍ പ്രദേശങ്ങളോ, ചെങ്കല്‍ കലര്‍ന്ന മണ്ണോ കാണപ്പെടുന്നു. കരിങ്കല്‍ നിക്ഷേപങ്ങള്‍ ബ്ളോക്കിന്റെ പടിഞ്ഞാറേയതിരുകളിലും വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും കാണുന്നു. വടക്കുഭാഗത്തായി അങ്ങിങ്ങ് ചീങ്കണ്ണിക്കല്ലു നിറഞ്ഞ ഭാഗങ്ങളും കാണാം. കളിമണ്ണൂം, ചെളിമണ്ണും നിറഞ്ഞ ഫലഭൂയിഷ്ഠമായ എക്കല്‍ പ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നു. തെക്കുകിഴക്കായി ഒഴുകുന്ന മൂവ്വാറ്റുപുഴയാറ് ബ്ളോക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളെ പൊതുവേ ഫലഭൂയിഷ്ഠമാക്കുന്നു. വര്‍ഷത്തില്‍ ഏഴുമാസം വരണ്ട കാലാവസ്ഥയും 5 മാസം വര്‍ഷപാതവുമാണ്. ഉയര്‍ന്ന ഊഷ്മാവ് 29 ഡിഗ്രി സെല്‍ഷ്യസും, താഴ്ന്നത് 20 ഡിഗ്രി സെല്‍ഷ്യസുമാണ്. ബ്ളോക്കുപ്രദേശത്ത് പൊതുവേ സമശീതോഷ്ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ ബ്ളോക്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 മുതല്‍ 850 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളുള്‍പ്പെടുന്നു. 1961 ഒക്ടോബറിലാണ് വടവുകോട് ബ്ളോക്ക് രൂപീകൃതമായത്. ആദ്യകാലങ്ങളില്‍ ബ്ളോക്ക് ഉപദേശകസമിതിയാണ് ബ്ളോക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.