വടശ്ശേരിക്കര


22579803

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്. 59.59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക്-ചിറ്റാര്‍പഞ്ചായത്തും, വടക്ക്-പെരുനാട്, നാരാണം മൂഴി, റാന്നി, പഴവങ്ങാടി പഞ്ചായത്തുകളും, തെക്ക്-മലയാലപ്പുഴ പഞ്ചായത്തും പടിഞ്ഞാറ്-മൈലപ്ര,റാന്നി പഞ്ചായത്തുകളും   ആണ്. ദക്ഷിണഗംഗയെന്നു പുകഴ്പെറ്റ പമ്പാനദിയുടെയും കല്ലാറിന്റേയും സംഗമസ്ഥാനമെന്ന നിലയില്‍ ഭൂമിശാസ്ത്രത്തില്‍ പണ്ടേ വടശ്ശേരിക്കര സ്ഥാനം പിടിച്ചിട്ടുണ്ട്. മലകളും കുന്നുകളും ഉള്‍പ്പെട്ട ഹരിതഭംഗി നിറഞ്ഞ  ഹൃദയഹാരിയായ ഈ ഗ്രാമത്തിന്റെ കുറേ ഭാഗം വനമാണ്. സഹ്യാദ്രി മേഖലകളിലെ ശബരി മലയില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യനദിയായ പമ്പയും സഹ്യാദ്രിയിലെ മറ്റു മലകളില്‍നിന്നും ഉത്ഭവിക്കുന്ന കക്കാട്ടാറും, കല്ലാറും പത്തനംതിട്ട ജില്ലയിലെ  വിവിധ പഞ്ചായത്തുകളുടെ വനപ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ച് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു. ഇവയില്‍ പമ്പാനദിയും, കക്കാട്ടാറും സമീപ പഞ്ചായത്തായ പെരുനാട്ടിലെ പൂവത്തുംമുട്ട് എന്ന സ്ഥലത്ത് സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി വടശ്ശേരിക്കര പഞ്ചായത്തിന്റെ ഹൃദയഭാഗമായ ബംഗ്ളാംകടവ് അല്ലെങ്കില്‍ മൂന്നാറ്റുംമുക്ക് എന്ന ഭാഗത്ത് കല്ലാറിനോടു ചേരുന്നു. കല്ലാറിന്റെ വടക്ക് ഭാഗം കുമരംപേരൂര്‍ വടക്കേക്കര മുറിയെന്നും തെക്കുഭാഗം കുമരംപേരൂര്‍ തെക്കേക്കരമുറിയെന്നും പമ്പാനദിയുടെ വടക്ക് പടിഞ്ഞാറായി വടശ്ശേരിക്കര മുറിയെന്നും മൂന്നായി വിഭജിക്കുന്നു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മലമ്പ്രദേശങ്ങള്‍ നിറഞ്ഞ ഒരു കാര്‍ഷിക ഗ്രാമമാണ്. പമ്പയും, കല്ലാറും, കക്കാട്ടാറും ഗ്രാമത്തേയും ഗ്രാമവാസികളേയും ഒരുപോലെ അനുഗ്രഹിച്ചു കൊണ്ടൊഴുകുന്നത് ഭാഗ്യദായകമാണ്. ജനങ്ങളുടെ പ്രധാന തൊഴിലും വരുമാനവും കൃഷിയില്‍ നിന്നാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് റബ്ബര്‍, തേയില എന്നിവ പ്ളാന്റ് ചെയ്യാനായി  വെള്ളക്കാര്‍ ഈ പ്രദേശത്ത് കടന്നു വന്നത് വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സഹായകമായിതീര്‍ന്നിട്ടുണ്ട്. പുണ്യനദിയായ പമ്പയുടെ മലമടക്കുകളില്‍ കൂടി ഒഴുകി എത്തുന്ന കല്ലാര്‍ നദിയുടെ മഹാത്മ്യം കണ്ടറിഞ്ഞ വടശ്ശേരി ഇല്ലത്തുകാര്‍ ഇതിന്റെ സംഗമ സ്ഥാനത്തു താമസമാക്കിയതിനാല്‍ ഈ കര ‘വടശ്ശേരിക്കര‘ ആയ കഥയാണ് ചരിത്രത്തില്‍ കാണുന്നത്. ലോക പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ.ജി.ജോര്‍ജ്ജ് മാത്യൂ കിഴക്കേതില്‍ പി.യു.സി.എല്‍ ഡയറക്ടര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്.

humming_bird_flyings_animation_clipart