വടക്കേക്കര
എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പറവൂര്‍ ബ്ളോക്കിലാണ് വടക്കേക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുത്തകുന്നം, വടക്കേക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിനു 9.32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുത്തന്‍ വേലിക്കര, തൃശ്ശൂര്‍ ജില്ലയിലെ എറിയാട്, മേത്തല പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചേന്ദമംഗലം, പുത്തന്‍ വേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പള്ളിപ്പുറം, എറിയാട് (തൃശ്ശൂര്‍) പഞ്ചായത്തുകളുമാണ്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍ കൊടുങ്ങല്ലൂര്‍ അഴിമുഖത്തോട് അടുത്തുകിടക്കുന്ന പ്രദേശമാണ് വടക്കേക്കര. ഇന്നു പറവൂര്പാലം സ്ഥിതിചെയ്യുന്ന പെരിയാറിന്റെ കൈവഴിയായി ഒഴുകുന്ന തോടിന്റെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് വടക്കേക്കര എന്ന പേര് ഉത്ഭവിച്ചത് എന്ന് വി.വി.കെ.വാലത്ത് തന്റെ “സ്ഥലനാമ ചരിത്രം” എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 1341ലെ വെള്ളപ്പൊക്കത്തിലാണ് വൈപ്പിന്‍ ദ്വീപ് കടലൊഴിഞ്ഞ് കരയായി തീര്‍ന്നതെന്ന് ചരിത്ര സാക്ഷ്യങ്ങളുണ്ട്. വടക്കേക്കര എന്ന സ്ഥലവുമായി ബന്ധപ്പെട്ട ഒന്നാണ് സെയ്ന്റ് തോമസ് മാല്യങ്കരയില്‍ കപ്പലിറങ്ങിയ ഐതിഹ്യം. ആദ്യകാലത്ത് ഇന്നത്തെ പറവൂര്‍ തോട് കുറച്ചുകൂടി വടക്കോട്ട് മാറിയാണ് ഒഴുകിയിരുന്നതെന്ന് പറയപ്പെടുന്നു. ഇന്ന് മുറവന്തുരുത്ത്, ഒറവന്തുരുത്ത്, കട്ടത്തുരുത്ത്, മടപ്ളാത്തുരുത്ത്, ഗോതുരുത്ത്, തെക്കേതുരുത്ത്, തുരുത്തിപ്പുറം, പാല്യത്തുരുത്ത്, വാവക്കാട്, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട്, മുത്തകുന്നം, മാല്യങ്കര, കുഞ്ഞിതൈ എന്ന പേരുകളില്‍ അറിയപ്പെടുന്ന കുറേയേറെ തുരുത്തുകള്‍ ആദ്യകാലത്ത് വടക്കേക്കരകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് വന്‍തോതില്‍ ചെമ്മീന്‍പരിപ്പു കയറ്റുമതി, ഉണക്കമീന്‍ കയറ്റുമതി എന്നിവ ഇവിടങ്ങളില്‍ നിന്നുണ്ടായിരുന്നു. ഒരുകാലത്ത് തോടുകളും തുറകളും നിറഞ്ഞതായിരുന്നു തുരുത്തുകളുടെ ഉള്‍ഭാഗങ്ങള്‍. അതുകൊണ്ട് സഞ്ചാരത്തിനും ചരക്കു കൈമാറ്റത്തിനും വഞ്ചികളും, വള്ളങ്ങളും ആദ്യകാലത്ത് ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാണ്. ഈ വലിയ പ്രദേശത്ത് രണ്ടു പ്രധാന റോഡുകളാണ് ഉണ്ടായിരുന്നത് :ഒന്നു പറവൂര്‍ കര്യാപ്പിള്ളി റോഡും മറ്റൊന്ന് പറവൂര്‍ മുനമ്പം (കഞ്ഞിത്തൈ) റോഡും. കുഞ്ഞിതൈ, മടപ്ളാതുരുത്ത്, ചെട്ടിക്കാട് കരകളില്‍ പണ്ടുമുതലേ ആംഗ്ളോ-ഇന്ത്യന്‍ വിഭാഗക്കാര്‍ അധിവസിച്ചിരുന്നു. മൂപ്പന്മാര് (കുഡുംബികള്‍) ഇപ്പോള്‍ കുഞ്ഞിതൈകരയില് മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഉണ്ണാമന്പറമ്പ്, വാവലാന് പറമ്പ്, സുന്ദരന്‍ പറമ്പ് എന്നിങ്ങനെ ചില മൂപ്പന്മാരുടെ പേരുകളില്‍ അറിയപ്പെടുന്ന പറമ്പുകള്‍ ഇപ്പോഴും കുഞ്ഞിതൈയിലുണ്ട്. മാല്യങ്കര, കുഞ്ഞിതൈ, കൊട്ടുവള്ളിക്കാട് എന്നിവയുടെ കരകളില്‍ കായല്‍ നിരപ്പിനോട് ചേര്‍ന്ന് പണ്ടുമുതലേ അരയ സമുദായക്കാര്‍ താമസിച്ചുപോരുന്നു.