ചരിത്രം
ഭരണ ചരിത്രം
1947-ലാണ് ഈ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി വില്ലേജ് അപ്ലിഫ്റ്റ് കമ്മിറ്റി രൂപീകൃതമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതൊരു നോമിനേറ്റഡ് കമ്മിറ്റി ആയിരുന്നു. അന്ന് എട്ടര ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണവും മുപ്പത്തയ്യായിരത്തിലേറെ ജനസംഖ്യയുമുള്ള, മുനമ്പം, പള്ളിപ്പുറം പ്രദേശങ്ങളടക്കം പറവൂര്‍ പാലത്തിന്റെ വടക്കേ ഭാഗത്തുള്ള മുഴുവന്‍ കരകളുമടങ്ങിയതായിരുന്നു ഈ കമ്മിറ്റിയുടെ ഭരണാധിപത്യത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍. രാജ്യത്താകെ 18 അപ്ലിഫ്റ്റ് സെന്ററുകളുണ്ടായിരുന്നതില് ഒന്നായിരുന്നു ഈ കമ്മിറ്റിയുടെ കീഴിലുള്ള വടക്കേക്കര സെന്റര്‍. ഈ വലിയ പ്രദേശത്തിന്റെ വികസനാവശ്യങ്ങള്‍ വില്ലേജ് അപ്ലിഫ്റ്റ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതുമാത്രമായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. എന്നാല്‍ നടപടിക്കുള്ള അധികാരം ആ ഓഫീസര്‍ക്കായിരുന്നു. കമ്മിറ്റി ഓഫീസ് ഇല്ലാത്തതുകൊണ്ട് ആദ്യത്തെ അഞ്ചു കമ്മിറ്റികളും സ്ഥിരം പ്രസിഡന്റായിരുന്ന ഡോ.ടി.അനന്തന് പിള്ളയുടെ വീടായ ശ്രീവിലാസത്തുവച്ചാണ് കൂടിക്കാണുന്നത്. 1953 അവസാനകാലത്ത് പഞ്ചായത്തിനെ രണ്ടാക്കി ചിറ്റാറ്റുകര പഞ്ചായത്ത് പുതുതായി ഉണ്ടാക്കി. പള്ളിപ്പുറം പഞ്ചായത്ത് നിലവില്‍ വന്നതോടെ മുനമ്പം-പള്ളിപ്പുറം പ്രദേശങ്ങള്‍ വടക്കേക്കര പഞ്ചായത്തില്‍ നിന്നും മാറ്റപ്പെട്ടു. ഇപ്പോള്‍ മുറവന്തുരുത്ത്, തുരുത്തിപ്പുറം, കട്ടത്തുരുത്ത്, മടപ്ളാത്തുരുത്ത്, മുത്തകുന്നം, കൊട്ടുവള്ളിക്കാട്, മാല്യങ്കര, ചെട്ടിക്കാട്, കുഞ്ഞിതൈ, വാവക്കാട് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇന്നു പറവൂര്പാലം സ്ഥിതിചെയ്യുന്ന പെരിയാറിന്റെ കൈവഴിയായി ഒഴുകുന്ന തോടിന്റെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് വടക്കേക്കര എന്ന പേര് ഉത്ഭവിച്ചത് എന്ന് വി.വി.കെ.വാലത്ത് തന്റെ “സ്ഥലനാമ ചരിത്രം” എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ പട്ടണം, നീണ്ടൂര്‍, ആളംതുരുത്ത് തുടങ്ങി പറവൂര്‍ തോടിന്റെ വടക്കോട്ട് മുത്തകുന്നം വരെയുള്ള എല്ലാ പ്രദേശങ്ങളും ഈ സ്ഥലപ്പേരില്‍ അറിയപ്പെടേണ്ടതായിരുന്നു.
സാമൂഹ്യ ചരിത്രം
ഏകദേശം രണ്ടു നൂറ്റാണ്ടുകള്ക്കിപ്പുറത്തുമാത്രമാണ് ഇവിടെ ജനവാസം ഉറപ്പിക്കപ്പെട്ടതെന്നതിന് മറ്റു തെളിവുകളുമുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനം 1882-ലാണ് സ്ഥാപിക്കപ്പെട്ടതെന്നതാണ് സൂചന. എന്നാല്‍ ഈ പഞ്ചായത്തിനു ചുറ്റുമുള്ള പ്രദേശങ്ങളായ കൊടുങ്ങല്ലൂര്‍, പറവൂര്‍, പട്ടണം, ചേന്ദമംഗലം, പള്ളിപ്പുറം എന്നീ പ്രദേശങ്ങള്‍ ചരിത്രപ്രസിദ്ധങ്ങളാണുതാനും. 1788-നും 1805-നും ഇടയ്ക്കുള്ള ഘട്ടത്തിലെ ടിപ്പുവിന്റെ തിരുവിതാംകൂര്‍ ആക്രമണകാലത്തുതന്നെ വടക്കേക്കര പ്രദേശത്ത് ജനവാസം തുടങ്ങിയിട്ടുണ്ടാകണം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുര്യാപ്പിള്ളി (കറിയ പള്ളി-വാലത്ത്) പ്രധാന യുദ്ധ കേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ കുര്യാപ്പിള്ളിക്കോട്ടയും ഒരു ഗുഹയും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഈ പ്രദേശം മുഴുവന്‍ പറവൂര്‍ രാജാവിന്റെ അധീനതയിലായിരുന്നു എന്നും വി.വി.കെ.വാലത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും, വടക്കേക്കര പ്രദേശത്തേക്ക് കുടിയേറ്റം നടന്ന് ജനവാസം ഉറപ്പിക്കപ്പെട്ട കാലത്തായിരിക്കണം ടിപ്പുവിന്റെ ആക്രമണം നടന്നിട്ടുള്ളത്. തോടരികുകള് കേന്ദ്രീകരിച്ച് മറ്റെല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഓലകൊണ്ടും ചെറ്റ കൊണ്ടും ഉണ്ടാക്കിയെടുത്ത വീടുകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. അങ്ങിങ്ങു കാണപ്പെടുന്ന ആ വീടുകളില്‍ നിവസിച്ചിരുന്ന സ്ത്രീ പുരുഷന്മാര് ഒറ്റ മുണ്ടു മാത്രം ധരിച്ചിരുന്നവരായിരുന്നു. പുരുഷന്മാര് വശത്തേക്കു ചരിച്ചിട്ട കുടുമയുള്ളവരായിരുന്നു. അവര്‍ കടുക്കന്‍ ധരിച്ചിരുന്നു (ഒരു ചെവി ആഭരണമാണ് കടുക്കന്‍). സ്ത്രീകള്‍ക്കും കാതിലും, കഴുത്തിലും ആഭരണങ്ങളുണ്ടായിരുന്നു. ഇവിടുത്തെ ഓരോ തുരുത്തും സ്വതന്ത്രമായാണ് കഴിഞ്ഞിരുന്നത് എന്നു വേണം കരുതുവാന്‍. തുരുത്തിലുള്ളവര്‍ പരസ്പരം ബന്ധപ്പെടുന്നതിന് വഞ്ചി ഉപയോഗിച്ചിരുന്നു. മുത്തകുന്നം തുരുത്തുകള്‍ കേന്ദ്രീകരിച്ച് പണ്ട് തീവെട്ടിക്കൊള്ളക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവര്‍ കൊള്ള ചെയ്ത വസ്തുക്കള്‍ കുഴിച്ചിട്ടിരുന്നസ്ഥലത്തുനിന്ന് കണ്ടുകിട്ടിയിട്ടുള്ളവര് പലരും മുത്തകുന്നത്ത് പിന്നീട് പണക്കാരായി എന്നു പറയുന്നു.
തൊഴില്‍ മേഖല
നാളികേരയുല്പ്പാദനം ഒരു വ്യാവസായിക ആവശ്യമായി ഉയര്‍ന്നുവരികയും കൊപ്ര, കയര്‍ എന്നിവ വ്യാവസായികോല്പ്പന്നങ്ങളായി തീരുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കള്ളുല്‍പ്പാദനം, ചക്കരയുല്പാദനം എന്നിവ വിപുലമായി നടത്തിയിരുന്നു. കള്ള് കുടങ്ങളിലാക്കി വഞ്ചിയില്‍ വച്ച് തോടുകളിലൂടെ സഞ്ചരിച്ച് വില്‍പ്പന നടത്തിയിരുന്നു. കള്ളില്‍ നിന്ന് ചാരായം ഉല്പാദിപ്പിച്ചിരുന്നു. ചാരായത്തിനു മുന്‍പ് താവറം എന്നാരു പേരുണ്ടായിരുന്നു. ആറ്റുതീരത്ത് താമസിച്ചിരുന്ന വാലന്മാരുടെ തൊഴില്‍ ആയിരുന്നു മത്സ്യബന്ധനം. കുറുപ്പന്മാരുടെ തൊഴില്‍ ഈഴവരുടെ ജനനമരണാടിയന്തിരങ്ങള്ക്കുള്ള സഹായം ചെയ്യലായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് പൊതുവില്‍ തൊഴിലില്‍ വിലക്കുകളില്ലായിരുന്നുവെങ്കിലും അധ:സ്ഥിതരുടെ തൊഴിലുകളിലേക്കോ ചെത്തു തൊഴിലിലേക്കോ അവര്‍ കടന്നുകയറിയിട്ടില്ല. കക്കവാരല്‍, കയര്‍പിരി, തേങ്ങപൊതി, എണ്ണയാട്ട് തുടങ്ങിയ തൊഴിലുകളില്‍ അവര്‍ ഏര്‍പ്പെട്ടുപോന്നു. ചില ആംഗ്ളോ-ഇന്ത്യാക്കാര്‍ പരമ്പരാഗതമായ വള്ളപ്പണി (വള്ളം ഉണ്ടാക്കല്‍, റിപ്പയര്‍) യിലാണ് ഏര്‍പ്പെട്ടുപോന്നിരുന്നത്. മുസ്ളീം കുടുംബക്കാര് ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്തിയിരുന്നവരാണ്.
സാമ്പത്തിക വിനിമയ പശ്ചാത്തലം
തിരുവിതാംകൂറിന്റെയും, ബ്രിട്ടീഷ് സര്‍ക്കാറിന്റെയും നാണയങ്ങള്‍ ഓരേ സമയത്ത് ഇവിടെ പ്രചരിച്ചിരുന്നു. ഒരു ബ്രിട്ടീഷ് രൂപയ്ക്ക് 28 ചക്രവും 28 1/2 തിരുവിതാംകൂര്‍ ചക്രവുമായിരുന്നു മൂല്യം. അതായത് ഒരു ചക്രത്തിന് 16 കാശ്. ചെറിയനാണയമായിരുന്നു കാശ്. പണമിടപാടുകളില്‍ ബ്രിട്ടീഷ് രൂപയാണ് ഉപയോഗിച്ചിരുന്നത്. പണിയാളര്‍ക്ക് കൂലി പണമായി കൊടുത്തിരുന്നില്ല. ഇന്നത്തെ പൈസയുടെ കണക്ക് നിലവില്‍ വരുന്നതിനു മുന്‍പ് കാലണ, അരയണ, ഒരണ, രണ്ടണ, കാല് രൂപ, അര രൂപ, ഒരു രൂപ തുട്ടുകള്‍ നിലവിലുണ്ടായിരുന്നു. കാലണ വട്ടത്തില്‍ നടുക്കു തുളയുള്ളതും തുളയില്ലാത്തതും എന്നിങ്ങനെ രണ്ടുതരം. അരയണ രണ്ടണ തുട്ടുകള്‍ ചതുര രൂപങ്ങളായിരുന്നു. ഒരണ, കാല് രൂപ, അരരൂപ ഇവയും വട്ടത്തിലുള്ളവയായിരുന്നു. ഒരു രൂപയ്ക്ക് പതിനാറണ, ഒരണയ്ക്ക് ആറു പൈസ, ഇതായിരുന്നു കണക്ക്. ഒറ്റ നോട്ട്, രണ്ടിന്റെ നോട്ട്, അഞ്ച്, പത്ത്, നൂറ് എന്നീ നോട്ടുകളും പ്രാബല്യത്തിലിരുന്നു. ഇതെല്ലാം 47നു ശേഷമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നാണയങ്ങളാണ്. അറുപതുകളുടെ ആദ്യ വര്‍ഷങ്ങളിലാണ് ഇന്ന് പ്രചാരത്തിലുള്ള നയാപൈസ കണക്ക് ഉണ്ടാകുന്നത്.
സാംസ്ക്കാരിക ചരിത്രം
ഈ പ്രദേശത്തിന്റെ ചരിത്രത്തില്‍ അതിപ്രാധാന്യമുള്ള രണ്ടു സംഘടനകള്‍ ഇവിടെ രൂപം കൊണ്ടു. 1882-ല്‍ ആന്ധ്രാക്കാരനായ വെങ്കിടഗിരി ശാസ്ത്രികളുടെ നിര്‍ദ്ദേശങ്ങളില്‍ രൂപം കൊണ്ട എച്ച്.എം.ഡി.പി സഭയാണ് ഇതില്‍ ആദ്യത്തെ സംഘടന. ഈ സംഘടനയുടെ കീഴില്‍ രൂപം കൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ സംഘടനയുടെ ഉദയത്തിനു തൊട്ടുപിന്നാലെയാണ് 1887-ല്‍ എച്ച്.എം.വൈ സഭ കൊട്ടുവള്ളിക്കാട്ടില് സ്ഥാപിതമാകുന്നത്. ജാതിയും, ജാതിക്കുള്ളില്‍ ജാതികളുമായി, സംഘടനാബോധത്തിന്റെ പിന്‍ബലമില്ലാതെ ചിതറിക്കഴിഞ്ഞിരുന്ന രണ്ടു സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ഈ സംഘടനകള്‍ തീര്‍ച്ചയായും അക്കാലത്ത് അത്താണിയായി വര്‍ത്തിച്ചു. പൊതുവില്‍ ഒറ്റ മുണ്ടുമാത്രം ധരിച്ചിരുന്ന കാലഘട്ടം പിന്നീട് നവോത്ഥാനത്തിന്റെ ഫലമായി ഈഴവ സ്ത്രീകള്‍ റൌക്കയും പുരുഷന്മാര് ഷര്‍ട്ടും ധരിച്ചുതുടങ്ങി.