ഉഴവൂര്‍

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലാണ് ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്ളാമറ്റം, മരങ്ങാട്ടുപള്ളി, കാണക്കാരി, വെളിയന്നൂര്‍, കിടങ്ങൂര്‍, കുറുവിലങ്ങാട്, ഉഴവൂര്‍, രാമപുരം എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇലയ്ക്കാട്, മണിപ്പള്ളി, കാണക്കാരി, വെളിയന്നൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, വെള്ളിലാപ്പള്ളി, ഉഴവൂര്‍, രാമപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 221 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. 1954-ല്‍ മീനച്ചില്‍ താലൂക്കിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കോഴാ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ട് ഉഴവൂര്‍ വികസന ബ്ളോക്ക് നിലവില്‍ വന്നു. പട്ടംതാണുപിള്ള, മുഖ്യമന്ത്രിയായിരുന്ന ജോസഫ് ചാഴികാടന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് ഉഴവൂര്‍ വികസന ബ്ളോക്ക് രൂപം കൊണ്ടത്. ഉയര്‍ന്ന പ്രദേശങ്ങളും, കുന്നുകളും, ചെരിഞ്ഞ പ്രദേശങ്ങളും ഏറെയുള്ള ഭൂപ്രകൃതിയാണിവിടുത്തേത്. സമതലങ്ങള്‍ അത്രയധികമുള്ള പ്രദേശങ്ങള്‍ ഈ ബ്ളോക്കിലില്ല. ഉയര്‍ന്ന പ്രദേശങ്ങള്‍, കുന്നുകള്‍, ചരിഞ്ഞ പ്രദേശങ്ങള്‍, സമതലം എന്നിങ്ങനെ വേര്‍തിരിക്കാവുന്ന ഭൂപ്രകൃതിയാണ് ഈ ബ്ളോക്കിനുള്ളത്. ഈ ബ്ളോക്കിലെ ഗ്രാമങ്ങളില്‍ പ്രധാനമായും റബര്‍, ജാതി, ഗ്രാമ്പു, കുരുമുളക്, കമുക് എന്നിവ കൃഷി ചെയ്തുവരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ഉഴവൂരിന്റെ പുത്രനാണ്.