ഉണ്ണികുളം

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ ബാലുശ്ശേരി ബ്ളോക്ക് പരിധിയില്‍ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 38.26 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പനങ്ങാട്, താമരശ്ശേരി പഞ്ചായത്തുകള്‍, കിഴക്ക് താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകള്‍, തെക്ക് കിഴക്കോത്ത്, നരിക്കുനി, കാക്കൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് നന്മണ്ട, പനങ്ങാട്, കാക്കൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പഴയ മലബാര്‍ ജില്ലയില്‍ കുറുമ്പ്രനാട് താലൂക്കിലെ അവസാനത്തെ അംശമായ (104) ഉണ്ണികുളം 1937-ലാണ് പഞ്ചായത്തായി രൂപീകൃതമായത്. 1937 മുതല്‍ 1940 വരെ തച്ചോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ പ്രസിഡന്റായിരുന്നു. 1940 മുതല്‍ 1962 വരെ ചെറിയപറമ്പത്ത് രാമന്‍കുട്ടികിടാവായിരുന്നു പ്രസിഡന്റ്. 1962-ല്‍ കേരള പഞ്ചായത്ത് ആക്ട് പ്രാബല്യത്തില്‍ വന്നതോടെ കൈപൊക്കി മെമ്പര്‍മാരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി ബാലറ്റ് സമ്പ്രദായത്തിലുള്ള തെരഞ്ഞെടുപ്പ് നിലവില്‍ വന്നു. അതുപ്രകാരം അന്നു വരെ പഞ്ചായത്ത് നിലവിലില്ലാതിരുന്ന ശിവപുരം വില്ലേജുകൂടി ഉണ്ണികുളത്തോട് കൂട്ടിച്ചേര്‍ത്ത് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.കെ.കൃഷ്ണന്‍ നമ്പ്യാര്‍ പ്രസിഡന്റായ പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വരികയും ചെയ്തു. ഒരു കാലത്ത് ഇവിടെ വളരെ പ്രചാരമുണ്ടായിരുന്ന ആയോധന കലയായിരുന്നു കളരി. ധാരാളം കളരിക്കളങ്ങളും കളരി ഗുരുക്കന്മാരും ഒരു കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്നു. കുലിക്കിലേരി എന്ന സ്ഥലനാമം ഇത്തരം കുഴിക്കളരിയുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. കാളപൂട്ട് മത്സരത്തിന് ഒരു കാലത്ത് ഖ്യാതി നേടിയ പ്രദേശമാണ് ഈ ഗ്രാമം. കാന്തപുരത്ത് വര്‍ഷം തോറും നടന്നുവന്നിരുന്ന ഈ വിനോദം ഗ്രാമവാസികള്‍ക്ക് ഹരം പകര്‍ന്നിരുന്നു. വളരെ പുരാതനമായ ക്ഷേത്രങ്ങളും മുസ്ളീംപള്ളികളും ഈ പഞ്ചായത്തിലുണ്ട്. 1000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന കരുമല വിഷ്ണുക്ഷേത്രവും, ഭഗവതീക്ഷേത്രവും, ശിവപുരത്തെ ശിവക്ഷേത്രവും, മങ്ങാട്ടെ ഭഗവതീക്ഷേത്രവും, കാന്തപുരം കോട്ടമല ക്ഷേത്രവും, ശിവപുരം, കാന്തപുരം എന്നീ പ്രദേശങ്ങളിലെ മുസ്ളീംപളളികളും ഇവയില്‍പ്പെട്ട ചിലതാണ്. കരിയാത്തന്‍ കാവിലെ പ്രാചീനമായ ലക്ഷ്മി നാരായണ ക്ഷേത്രവും പരിസരവും ഒരു കാലത്ത് നമ്പൂതിരിമാരുടെ കേന്ദ്രമായിരുന്നു. പഴയ മദിരാശി സംസ്ഥാനത്തില്‍പ്പെട്ട മലബാര്‍ ജില്ലയുടെ ഭാഗമായ ഒരു ശരാശരി ഗ്രാമം മാത്രമായിരുന്നു ഉണ്ണികുളം. ഇപ്പോഴത്തെ ദേശീയ പാതയില്‍പെട്ട കൊയിലാണ്ടിയില്‍ നിന്നും വയനാട്ടിലേക്കുള്ള റോഡിന്റെ ഭാഗമായി കൊയിലാണ്ടി-താമരശ്ശേരി റോഡ് ഉണ്ണികുളത്തിന്റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്നത് കൊണ്ട്മാത്രമായിരുന്നു മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാനും അറിയപ്പെടാനും ഗ്രാമത്തിന് കഴിഞ്ഞിരുന്നത്.