ഉള്ളിയേരി

കോഴിക്കോട് ജില്ലയില്‍, കൊയിലാണ്ടി താലൂക്കില്‍, ബാലുശ്ശേരി ബ്ളോക്കിലാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉള്ളിയേരി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്തിനു 25.6 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ബാലുശ്ശേരി, അത്തോളി, കോട്ടൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് അത്തോളി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അരിക്കുളം ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും, കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമാണ്. 1961 ഡിസംബര്‍ 12-ാം തിയതിയാണ് ഉള്ളിയേരി പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ് 1963 സെപ്തംബര്‍ 21-നു നടന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണസമിതിയെ തെരഞ്ഞെടുക്കുവാന്‍ ഒരു ശ്രമം നടന്നെങ്കിലും അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയാതിരുന്നതിനാല്‍ മത്സരം അനിവാര്യമാകുകയാണുണ്ടായത്. 1963 മുതല്‍ 1979 വരെ നിലവിലിരുന്ന ഭരണസമിതിയുടെ പ്രസിഡന്റ് പി.ഗോവിന്ദന്‍ കുട്ടിനായരും, വൈസ് പ്രസിഡന്റ് കോയക്കുട്ടി ഹാജിയുമായിരുന്നു. നിരവധി കുന്നുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്നപ്രദേശങ്ങളും, ഫലഭൂയിഷ്ഠമായ സമതലങ്ങളും, വെള്ളക്കെട്ടുകളും, തീരദേശവും, പുഴകളും ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്ത്. കേരളത്തിന്റെ പൊതുഭൂപ്രകൃതിയില്‍ ഇടനാട് വിഭാഗത്തില്‍പ്പെടുന്ന ഈ പ്രദേശത്തിന്, മലനാട്, ഇടനാട്, തീരദേശം എന്നീ തരത്തിലുള്ള പൊതുസ്വഭാവ സവിശേഷതയുമുണ്ട്. വടക്കും പടിഞ്ഞാറും കോരപ്പുഴയുടെ വിവിധഭാഗങ്ങള്‍ അതിരുകളായി കണക്കാക്കാം. വടക്ക് നടുവണ്ണൂര്‍ പഞ്ചായത്തിനെയും ഈ പഞ്ചായത്തിനെയും തെരുവത്ത് കടവ്പാലം ബന്ധിപ്പിക്കുന്നു. ചുരുക്കം ചില കുന്നുകളുടെ ഉയര്‍ന്ന ഭാഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവെ സസ്യാവൃതമാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി എന്നിവയാണ് പ്രധാനവിളകള്‍. പഞ്ചായത്തില്‍ ഏതാണ്ട് 14 കി.മീ. പുഴയോര പ്രദേശമാണ്. ഇവിടം ഒരു ജലപ്രദേശമാണ്. നെല്‍ കൃഷിക്ക് യോഗ്യമല്ലാത്ത പ്രദേശങ്ങളാണിവ. കോരപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് രാമന്‍പുഴ, അയനിക്കാട് പുഴ, ഒള്ളൂര്‍ പുഴ, തോരായിമുട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മേടക്കുന്ന്, കക്കാട് മല, കോട്ടക്കുന്ന്, വെങ്കല്‍കുന്ന്, എളങ്ങോട്ട് മല, പാലോറമല, അരിയാട്ടുമ്മല്‍, നൂഞ്ഞിലക്കുന്ന്, തോന്ന്യന്‍മല, തണ്ണീരിയന്‍ മല, കൊലയാന്‍ മല, കൈപ്രം കുന്ന്, ചമ്മുങ്കര, ഒയലമല, മൊടാലത്ത് കുന്ന്, ചങ്ങരം കുന്ന് തുടങ്ങിയ ചെറുതും വലുതുമായ ഏതാണ്ട് 42 ഓളം കുന്നുകളും മഞ്ചായക്കല്‍ മുട്ട്, കടുക്കയി മുട്ട്, പുത്തഞ്ചേരി കെട്ട്, കുന്നത്തറ ബണ്ട് എന്നീ വെള്ളക്കെട്ട് പ്രദേശവും ഉള്‍പ്പെടുന്നതാണ് ഈ ഗ്രാമം. വിനോദസഞ്ചാരത്തിന് ഏറെ സാദ്ധ്യതകളുള്ള ഒരു മേഖലയാണിത്. പുത്തഞ്ചേരിയിലുള്ള കോട്ടക്കുന്നും വെള്ളക്കെട്ടും ഇതില്‍ പ്രധാനപ്പെട്ടതാണ്. ചേരമാന്‍ പെരുമാളിന്റെ പടയോട്ടക്കാലത്ത് അദ്ദേഹത്തിന്റെ ഇടത്താവളമായി ഉപയോഗിക്കപ്പെട്ട കോട്ട സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഇതിന് തെളിവായി പറയുന്നത് കുന്നിന്റെ താഴ്വരയിലുള്ള കൂറ്റന്‍ കിടങ്ങാണ്. മൂന്നുഭാഗവും വെള്ളവും ഒരു ഭാഗത്ത് കിടങ്ങും ഈ കുന്നിന്റെ യുദ്ധതന്ത്ര പ്രാധാന്യം വെളിവാക്കുന്നു.