ചരിത്രം

പൂര്‍വ്വകാല പ്രാദേശിക ചരിത്രം

മഹാഭാരതകഥയിലെ പാണ്ഡവകുടുംബം അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട് ഹിഡുംബ വനത്തിലൂടെ ഏകചക്രം എന്ന ഗ്രാമത്തിലെത്തുകയും അവിടെ വെച്ച് ബകനെ വധിക്കുകയും ചെയ്തു. ആ ഏകചക്രഗ്രാമമാണ് ഇന്നത്തെ ഉദയംപേരൂര്‍ എന്നതാണ് ഉദയംപേരൂര്‍ പഞ്ചായത്തിന്റെ ഐതീഹ്യം. പ്രതാപശാലിയും, ധര്‍മ്മിഷ്ഠനുമായിരുന്ന ഉദയനമഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അന്നത്തെ ജനങ്ങള്‍ ഏകചക്രഗ്രാമത്തെ ഉദയംപേരൂര്‍ എന്ന് നാമകരണം ചെയ്തത്. ഉദയംപേരൂര്‍ എന്നാല്‍ ഉദയനന്റെ പേരുള്ള ഊര് എന്നാണര്‍ത്ഥം. ഉദയനമഹാരാജാവിന്റെ പൂന്തോട്ടമായിരുന്നു ഇന്നത്തെ പൂത്തോട്ട. ചരിത്രം സൂചിപ്പിക്കുന്നതനുസരിച്ച് മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപനായിരുന്നു രാമയ്യന്‍ ദളവ. ഈ കാലഘട്ടത്തില്‍ കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഉദയംപേരൂരില്‍ ഇന്നത്തെ ഉദയംപേരൂര്‍ കവലയ്ക്കും കണ്ടനാട് കവലയ്ക്കും ഇടയ്ക്ക് 356 മുറികളോടുകൂടിയ ഒരു വലിയ മലഞ്ചരക്കു വ്യാപാരകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ ഈ പാണ്ഡികശാലയില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ 500 കണ്ടി കുരുമുളക് കപ്പം ചോദിക്കുകയും ഇത് നല്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യം രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ പിടിച്ചടക്കുകയും ഈ പാണ്ഡികശാല തീവെച്ച് നശിപ്പിക്കുകയും ഇതിനുശേഷം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. പാണ്ഡികശാല നടത്തിയിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ നാടുവിട്ടുപോകുകയും രാമയ്യന്‍ ദളവ മരിക്കുകയും ശേഷം അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപനാകുകയും ഈ പ്രദേശത്ത് സുറിയാനി ക്രിസ്ത്യാനികളെ പുനരധിവസിപ്പിച്ച് പാണ്ഡികശാല പുനഃരുജ്ജീവിപ്പിക്കുകയും ചെയ്തു.

സമര ചരിത്രം

ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക പുരോഗതിക്കുവേണ്ടി ഒട്ടനവധി പോരാട്ടങ്ങള്‍ നടന്ന പ്രദേശമാണിത്. സ്വാതന്ത്ര്യത്തിനു മുന്‍പ് 1924-ലെ വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് അതിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പദയാത്ര മഹാനായ ടി.കെ.മാധവന്‍ ഉത്ഘാടനം ചെയ്തത് ഇന്നത്തെ പൂത്തോട്ടയില്‍ നിന്നാണ്. ഈ സമരത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ആമചാടിയില്‍ തേവന്റെ കണ്ണുകളില്‍ കുമ്മായം കലക്കി ഒഴിച്ച സംഭവം ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനുശേഷം 1954-ല്‍ ചെത്തുതൊഴിലാളി സമരത്തിനെതിരെ (കൂലിവര്‍ദ്ധനവിനു വേണ്ടി നടന്ന സമരം) ഭീകരമായ പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടു. മിച്ചഭൂമിക്കുവേണ്ടിയിട്ടുള്ള ഈ പഞ്ചായത്തില്‍ ആദ്യമായി മുഴിക്കല്‍ പ്രദേശത്താണ് കുടില്‍ കെട്ടിസമരം ചെയ്തത്. 1972-ല്‍ കണ്ടനാട് കര്‍ഷകതൊഴിലാളിക്ക് കൂലി വെട്ടികുറച്ചതിനെതിരായി നടത്തിയ സമരമാണ് കണ്ടനാട് സമരം. 1974-ലെ കൊലവെട്ടി ചെത്തുതൊഴിലാളി സമരം ഈ പഞ്ചായത്തിലെ സമരത്തിന്റെ ഒരു നാഴികക്കല്ല് ആണ്. കായലോരഗ്രാമത്തെ പുളകമണിയിച്ച മറ്റൊരു സമരമാണ് പായല്‍ സമരം അഥവാ പട്ടിണിമാര്‍ച്ച്. കൈക്കുഞ്ഞുങ്ങളെ കൈയിലേന്തിയ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ജില്ലാ കേന്ദ്രത്തിലേക്കു 1970-ല്‍ നടത്തിയ പട്ടിണി മാര്‍ച്ച,് ആ കാലഘട്ടത്തില്‍ ഈ പഞ്ചായത്തിന്റെ ദാരിദ്യ്ര മുഖം വിളിച്ചോതുന്നു. പത്ത് സെന്റ് ഭൂമി വളച്ചുകെട്ടി കുടികിടപ്പു ഭൂമിയില്‍ അവകാശത്തിനായി കര്‍ഷകരും തൊഴിലാളികളും നടത്തിയ സമരവും ഈ പഞ്ചായത്തിന്റെ മുഖച്ഛായ മാററുന്നതിന് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. 1920-ല്‍ ഒരു പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വിദ്യാഭ്യാസ ചരിത്രം

പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന് 300-ല്‍ പരം വര്‍ഷത്തെ ചരിത്രമുണ്ട്. ഏ.ഡി.802-ല്‍ തെക്കന്‍ പറവൂരില്‍ സ്ഥാപിച്ച സെന്റ് ജോണ്‍ പള്ളി അങ്കണത്തില്‍ ആയിരുന്നു തുടക്കം. ഇത് ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഒന്നാം തരവും രണ്ടാം തരവും വിദ്യാഭ്യാസം നടത്തിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 1826 ജനുവരി ഒന്നാം തിയതി തറക്കല്ലിട്ട് ആരംഭിച്ച് തിരുകുടുംബം (ഹോളിഫാമിലി ലിറ്റില്‍ പ്രൈമറി സ്ക്കൂള്‍) ആണ് ഉദയംപേരൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ആദ്യത്തെ അപ്പര്‍ പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, തെക്കന്‍ പറവൂരില്‍ സ്ഥാപിച്ച ലിറ്റില്‍ ഫ്ളവര്‍ അപ്പര്‍ സ്ക്കൂള്‍ ആണ്. വൈക്കത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ അക്കാലത്ത് ഉണ്ടായിരുന്ന ഏക ഇംഗ്ളീഷ് മീഡിയം സ്ക്കൂളും ഇതു തന്നെ. 1935-ല്‍ തിരുവിതാംകൂര്‍ സഹകരണസംഘം രജിസ്ട്രാര്‍ ആയിരുന്ന ബി.ഗോവിന്ദപിള്ള ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ആദ്യത്തെ ഹൈസ്ക്കൂള്‍ 1950-51 കാലത്ത് ആരംഭിച്ച് എസ്.എന്‍.ഡി.പി.ഹൈസ്ക്കൂളുമാണ്. ഒരു ബി.എഡ് ട്രെയിനിംഗ് സെന്ററുള്‍പ്പെടെ ഒരു പ്ളസ്ടുസ്കൂളും , ഒരു വി.എച്ച്.എസ്.സിയും, മൂന്നു ഹൈസ്ക്കൂളുകളും ഒരു ഐ.റ്റി.സി,യും, ഇന്നത്തെ പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖല സമ്പുഷ്ടമായിരിക്കുന്നു..പഞ്ചായത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനം സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ ബി.എഡ്. ട്രെയിനിംഗ് കോളേജാണ്.