ചരിത്രം

1924-1925-ലെ സമീപസ്ഥലമായ വൈക്കത്തെ സത്യാഗ്രഹത്തോട് ബന്ധപ്പെട്ടാണ് ഈ നാടിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. സത്യാഗ്രഹകാലത്ത് നിരീക്ഷകരായും ജാഥാംഗങ്ങളായും ഈ നാട്ടിലെ പുരോഗമന ചിന്താഗതിക്കാര്‍ പങ്കെടുത്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തില്‍ നാടെങ്ങും കൊടും പട്ടിണിയും ദാരിദ്ര്യവും അരങ്ങ് തകര്‍ത്തപ്പോള്‍ കെ.വിശ്വനാഥന്റെ നേതൃത്വത്തില്‍, കൈയില്‍ വട്ടിയും കൊട്ടയുമായി വന്ന സ്ത്രീകള്‍ ഉള്‍പ്പെടെ അനേകം പേര്‍ വൈക്കം തഹസീല്‍ദാരുടെ മുന്നിലേക്ക് നടത്തിയ പട്ടിണി ജാഥ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പിന്റെ ദൃശ്യമാണ് കാഴ്ചവയ്ക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കട വഴി മിതമായ വിലയ്ക്ക് വിതരണം ചെയ്യണമെന്നായിരുന്നു ജാഥയുടെ ആവശ്യം. 1-5-1946-ല്‍ സ്ഥാപിക്കപ്പെട്ടതും 177 നമ്പറായി കേരള ഗ്രന്ഥശാലാസംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ആയ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ വായനശാലയാണ് വൈക്കം താലൂക്കിലെ ആദ്യത്തെ ഗ്രന്ഥശാല എന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നു. 25-11-1948-ല്‍ സ്ഥാപിതമായ വൈ.എം.എന്‍.എ. (യംഗ് മെന്‍സ് നായര്‍ അസോസിയേഷന്‍) ഈ നാടിന്റെ സാംസ്കാരിക ജീവിതത്തിന്റെ മുഖ്യധാര ആയിരുന്നു. കേരളത്തിന്റെ കലാസാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായ ചിലരെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്. ടി.വി.പുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയല്ലെങ്കിലും വിവാഹത്തിലൂടെ ഇന്നാട്ടുകാരനായി മാറിയ, കേരളത്തിന്റെ ശക്തിയും ചൈതന്യവും കാവ്യാത്മകവുമായ ഈരടികളിലൂടെ അന്യ ദേശങ്ങളിലേക്ക് വ്യാപിപ്പിച്ച മഹാകവി പാലാ നാരായണന്‍ നായരാണ് ഈ നാടിന്റെ സാംസ്കാരിക ജീവിതത്തിലെ ഭദ്രദീപം. ദല്‍ഹിയിലെ മലയാളി സമൂഹത്തിലെ പ്രമുഖ കണ്ണിയായ നാടകകൃത്ത് ഓഞ്ചേരി എന്‍.എന്‍.പിള്ള പഞ്ചായത്തിന്റെ പ്രിയ പുത്രനാണ്. മലയാളത്തിലെ ആദ്യ സിനിമയായ “ബാലനിലെ” നായിക ശ്രീമതി എം.കെ.കമലം ഈ നാടിന്റെ ദത്തുപുത്രിയായിക്കഴിഞ്ഞിരിക്കുന്നു. സംസ്കൃത പണ്ഡിതനായ പൊന്നുവള്ളില്‍ മൂത്തേത്, കവിയായ എസ്.രമേശന്‍, നാടകകൃത്തായ വൈക്കം ബേബി, സാഹിത്യഗവേഷകനും നിരൂപകനുമായ പ്രൊഫ.വി.രമേഷ്ചന്ദ്രന്‍, പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായ ടി.വി.പുരം രാജു, നിരൂപകനായ പ്രൊ. കെ.വി.ജോസഫ്, ചലച്ചിത്രസംവിധായകരായ വിജയ് പി. നായര്‍, എം.എല്‍.ജോയി, വൈക്കം നാടക സംവിധായകനും നടനുമായ വേക്കന്‍ (വൈക്കം തിരുനാള്‍), മൃദംഗ വിദ്വാനായ വൈക്കം ഭാസി, അദ്ദേഹത്തിന്റെ ഭാഗിനേയനായ മൃദംഗ വിദ്വാന്‍ വൈക്കം വേണുഗോപാല്‍, നെല്ലൂര്‍ വാസുദേവന്‍ ഭാഗവതര്‍, കെ.എന്‍.തങ്കപ്പന്‍ ഭാഗവതര്‍, സംഗീതജ്ഞയായ വല്ലകത്ത് ഭവാനി അമ്മ, കാഥികന്മാരായ നാവള്ളി, വൈക്കം ദാമുമാസ്റ്റര്‍ എന്നിവര്‍ ഇന്നാട്ടുകാരെന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. ടി.വി.പുരം പഞ്ചായത്തിന്റെ വ്യാവസായിക ചരിത്രം പരിശോധിച്ചാല്‍ വളരെക്കാലം മുമ്പ് മുതല്‍ക്കേ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കയര്‍ വ്യവസായം വ്യാപകമായി പ്രചരിച്ചിരുന്നതായി കാണാം. എന്നാല്‍ 1930-1940 കളില്‍ ടി.വി.പുരം കവലയില്‍ ഒരു തുണി നെയ്ത്തുശാല പ്രവര്‍ത്തിച്ചിരുന്നു. പരമ്പരാഗത മേഖലയില്‍ അങ്ങേയറ്റം പ്രാധാന്യമുള്ള കയര്‍ വ്യവസായത്തില്‍തന്നെ ചകിരി പിരിക്കലിലാണ് കൂടുതല്‍ ആളുകളും ഏര്‍പ്പെട്ടിരിക്കുന്നത്. കുടില്‍ വ്യവസായങ്ങളില്‍ പ്രധാന്യം തഴപ്പായ് നെയ്ത്താണ്. നാട്ടില്‍ വ്യാപകമായുള്ള കുടിപ്പള്ളിക്കൂടങ്ങളിലാണ് ആദ്യകാലത്ത് എഴുത്തും വായനയും അഭ്യസിച്ചിരുന്നത്. ചാളി ആശാന്‍, ചെരട്ടശ്ശേരില്‍ കൃഷ്ണന്‍ ആശാന്‍, വാവച്ചി ആശാന്‍, കറുത്തേടത്ത് രാവുണ്ണി ആശാന്‍, ഇലഞ്ഞനയില്‍ കേശവന്‍ ആശാന്‍, തേവരേഴത്ത് ഭാസ്ക്കരന്‍ ആശാന്‍, ആണ്ടിക്കോവില്‍ ഗോവിന്ദന്‍ ആശാന്‍ തുടങ്ങിയവരായിരുന്നു പ്രധാനപ്പെട്ട നാട്ടെഴുത്താശാന്‍മാര്‍. ഒരു നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള രണ്ട് വിദ്യാലയങ്ങള്‍ ഈ നാട്ടിലുണ്ട്. 1892-ല്‍ സ്ഥാപിതമായ സെന്റ് ജോസഫ് എല്‍.പി.സ്കൂളും മുത്തേടത്ത് കാവിലുണ്ടായിരുന്ന ആലങ്കര പള്ളിക്കൂടവും. ഈ പഞ്ചായത്തിലെ ആദ്യ ബിരുദധാരി മുന്‍സിഫ് പുത്തന്‍ വീട്ടില്‍ രാമന്‍പിള്ള ബി.എ.ബി.എല്‍ ആണ്. അനൌപചാരിക വിദ്യാഭ്യാസരംഗത്ത് മഹനീയ സംഭാവന നല്‍കിപ്പോന്ന സ്ഥാപനങ്ങളാണ് പണ്ഡിറ്റ് കുറുപ്പന്‍ മെമ്മോറിയല്‍ വായനശാലയും ടി.വി.പുരം പഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയും.