ചരിത്രം

1962-ല്‍ തുവ്വൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. 1963 ഡിസംബര്‍ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പഴയ വള്ളുവനാട് താലൂക്കിലെ തുവയൂര്‍ എന്ന സ്ഥലമാണ് തുവ്വൂര്‍ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന വളക്കോട്ടില്‍ നാരായണന്‍ മാസ്റ്റര്‍ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ല്‍ തുവ്വൂര്‍ അധികാരിയായിരുന്ന കുരിയാടി നാരായണന്‍ നായര്‍ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ (ഇന്നത്തെ തറക്കല്‍ യു.പി.സ്കൂള്‍) സ്ഥാപിച്ചു. ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകള്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയില്‍വേ പാതയും കടന്ന് പോകുന്നുണ്ട്. എസ്.എച്ച്396 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയും മൂന്നര കിലോമീറ്റര്‍ തുവ്വൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുല്‍ത്താന്‍ റോഡ് 9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീണ്ടു കിടക്കുന്നു.കാട്ടമ്പലം ശിവക്ഷേത്രം, തുവ്വൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം,ചെമ്മന്തട്ട വിഷ്ണുക്ഷേത്രം, തുവ്വൂര്‍ വലിയ ജുമാഅത്ത് പള്ളി, നീലാഞ്ചേരി ജുമാഅത്ത് പള്ളി, വെള്ളോട്ടുപാറ ആര്‍.സി.ചര്‍ച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.