തുവ്വൂര്‍

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന പഞ്ചായത്താണ് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത്. 1962-ലാണ് തുവ്വൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. 31.38 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാളികാവ് ഗ്രാമപഞ്ചായത്തും കിഴക്കു ഭാഗത്ത് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തും തെക്കുഭാഗത്ത് എടപ്പറ്റ, കരുവാരകുണ്ട്  ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറു ഭാഗത്ത് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണിത്. മാമ്പുഴയിലെ ചുള്ളിയോട് മല, അക്കരപ്പുറത്തെ മൊറാട് കുന്ന് എന്നിവ പഞ്ചായത്തിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കവുങ്ങ്, റബ്ബര്‍, തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയാണ് പഞ്ചായത്തില്‍ ഇന്നു കൃഷിചെയ്തു വരുന്ന പ്രധാന വിളകള്‍.  ഒലിപ്പുഴയും 4 പൊതുകുളങ്ങളും നിരവധി തോടുകളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള പഞ്ചായത്താണ് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത്.2010ല്‍ എത്തിനില്‍ക്കുമ്പോള്‍  സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹൈസ്ക്കൂളും ഒരു യു. പി. സ്ക്കൂളും 4 എല്‍. പി. സ്ക്കൂളും സ്വകാര്യ മേഖലയില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളും   തുവ്വൂരില്‍ പ്രവര്‍ത്തിക്കുന്നു.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി തുവ്വൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു. റെയില്‍വേ സ്റ്റേഷനും റെയില്‍വേ മേല്‍പ്പാലവും തുവ്വൂരിന്റെ ഹൃദയഭാഗത്തു കൂടെ കടന്നു പോകുന്നു. പെരിമ്പിലാവ്–വഴിക്കടവ് സ്റ്റേറ്റ് ഹൈവേ തുവ്വൂരിലൂടെ കടന്നുപോകുന്നു. കൂടാതെ വളരെയധികം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒരു റോഡാണ് തുവ്വൂരിലൂടെ കടന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 18 മുസ്ലീം പള്ളികളും 4 ക്ഷേത്രങ്ങളും പഞ്ചായത്തിന്റെ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. ഒരു ക്രിസ്ത്യന്‍ പള്ളി തുവ്വൂരില്‍ സ്ഥിതിചെയ്യുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആണ്ടുനേര്‍ച്ച ഉത്സവം എന്നീ വിവിധ ആഘോഷപരിപാടികള്‍ ഈ നാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. പഞ്ചായത്തു രൂപീകൃതമായതു മുതല്‍ ഇരുപത് വര്‍ഷം വരെ തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ടി. കുഞ്ഞാപ്പു ഹാജി, ഫുട്ബോള്‍രംഗത്ത് പ്രസിദ്ധനായ പറവട്ടി അബൂബക്കര്‍, ആയുര്‍വേദ ആചാര്യനായ അപ്പുകുട്ടന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ഈ  പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ സവിശേഷ വ്യക്തിത്വങ്ങളാണ്. കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്സ് ക്ലബ്ബ് തുവ്വൂരില്‍ നിലവിലുണ്ട്. മംഗളോദയ ഗ്രന്ഥശാലയാണ് തുവ്വൂരിലെ പ്രധാന ഗ്രന്ഥശാല. ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. തുവ്വൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സ്വകാര്യ ആശുപത്രികള്‍, ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങളാണ്. പി. എച്ച്. സിയുടെ പ്രാഥമിക ആരോഗ്യകേന്ദ്രം തുവ്വൂരിലും ഇതിന്റെ സബ് സെന്ററുകള്‍ പായിപ്പുല്ല്, നീലാഞ്ചേരി, തരിപ്രമുണ്ട, അക്കരപ്പുറം, വലിയട്ട എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു.വിമലാഹൃദയാശ്രമകേന്ദ്രം തുവ്വൂര്‍ പഞ്ചായത്തിലെ അഗതിമന്ദിരമാണ്. അല്‍ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ  ഈ പ്രദേശത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്.