ചരിത്രം

1951 കാലഘട്ടത്തില്‍ 10% പേര്‍ക്ക് പോലും കൃഷിഭൂമി സ്വന്തമായി ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ ഗണ്യമായ ഭൂമിഭാഗവും വിവിധ ദേവസ്വങ്ങളുടേയും നായര്‍ ജന്മിമാരുടേയും സ്വത്തായിരുന്നു. വാരം എന്ന പാട്ട വ്യവസ്ഥയിലാണ് അവര്‍ കുടിയാന്മാര്‍ക്ക് ഭൂമി പതിച്ചു നല്‍കിയിരുന്നത്. ഈ വ്യവസ്ഥപ്രകാരം തെങ്ങുപോലുള്ള സ്ഥിരവിളകളുടെ കൃഷി അനുവദിച്ചിരുന്നില്ല. ഭൂപരിഷ്കരണത്തിലൂടെ നൂറുകണക്കിന് കുടികിടപ്പുകാര്‍ക്ക് ഭൂമി സ്വന്തമായി ലഭിച്ചു. കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി വ്യാപിച്ചിരുന്നു. ആദ്യകാലത്ത് വയല്‍ പ്രദേശങ്ങളില്‍ മുഴുവന്‍ ഭൂമിയിലും നെല്ല് ആയിരുന്നു കൃഷി ചെയ്തിരുന്നത്. അമ്പതുകളുടെ അവസാനത്തോടെ നിലവില്‍ വന്ന കുടിയായ്മ നിയമം പാട്ടകുടിയാന്മാര്‍ക്ക് സംരക്ഷണം നല്‍കിയതോടെ പാടങ്ങളില്‍ തെങ്ങ് നടാന്‍ തുടങ്ങി. ഒരു കാര്‍ഷിക ഗ്രാമമായ തൂണേരി പഞ്ചായത്തില്‍ കൃഷിയുടെ അവിഭാജ്യഘടകമായിരുന്നു കന്നുകാലി വളര്‍ത്തല്‍. നിലം ഉഴുന്നതിനും വണ്ടിവലിക്കുന്നതിനും പാല്‍ ഉല്പാദിപ്പിക്കുന്നതിനും പുറമേ ജൈവവളങ്ങളുടെ മുഖ്യസ്രോതസ്സായിരുന്നു കന്നുകാലികള്‍. ഒരു കാലത്ത് വിളവെടുപ്പ് കഴിഞ്ഞാല്‍ കന്നുകാലികളുടെ മേച്ചില്‍ പുറങ്ങളായിരുന്നു നെല്‍പ്പാടങ്ങള്‍. പശുവിനെ വളര്‍ത്താന്‍ ഏറ്റെടുക്കുന്ന പതിവും ഉണ്ടായിരുന്നു. സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം  നില്‍ക്കുന്ന  ഒരു ഗ്രാമപഞ്ചായത്താണിത്.

വിദ്യാഭ്യാസ ചരിത്രം

തൂണേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാലപ്രം ചാലിയാ യു.പി.സ്കൂള്‍. ഈ വിദ്യാഭ്യാസ സ്ഥാപനം ആപോലത്ത് 1912-ലാണ് സ്ഥാപിച്ചത്. ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത് നെല്ലോളി എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ്. ഈ പ്രദേശത്തുള്ള സാമൂഹ്യപ്രവര്‍ത്തകരുടേയും പൌരപ്രമുഖരുടേയും പരിശ്രമ ഫലമായിട്ടാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഈ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ഉള്ള സ്കൂളാണ് കോടഞ്ചരി എല്‍.പി.സ്കൂള്‍. ഈ വിദ്യാലയം 1881-ല്‍ കോടഞ്ചരിയിലെ ആയാടത്ത്പീടികയില്‍ കോമപ്പക്കുറുപ്പ് ആയത്തപ്പീടികയില്‍ എന്ന പറമ്പിലെ കുളത്തിന് സമീപം സ്ഥാപിച്ച ഈ സ്കൂള്‍ ആയത്ത് കുളങ്ങര സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ വിദ്യാലയത്തില്‍ വളരെ അകലെ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ വന്നുപഠിച്ച് അഞ്ചാം തരം പാസായി.

വ്യാവസായിക ചരിത്രം

ഒട്ടേറെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളുടെ ഒരു ശൃംഖലതന്നെ മുന്‍കാലത്ത് ഇവിടെ നിലനിന്നതായി കാണുന്നു. ലോഹഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, എണ്ണയാട്ട്, അവില്‍ നിര്‍മ്മാണം, പപ്പടനിര്‍മ്മാണം, തവി, ഉറി, മണ്‍കലം തുടങ്ങിയ ഗൃഹവസ്തുക്കളുടെ നിര്‍മ്മാണം, തുണിനെയ്ത്ത് തുടങ്ങി അന്ന് നിലനിന്നിരുന്ന വൈവിധ്യമാര്‍ന്ന കുടില്‍ വ്യവസായങ്ങള്‍ പഞ്ചായത്തിനെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ പോന്നവയായിരുന്നു. പരമ്പരാഗതമായി കൈത്തറി വ്യവസായത്തില്‍ നിലയുറപ്പിച്ചിരുന്ന ഒരു സമുദായം ഈ ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഒരു കാലത്ത് മൊത്തം ആവശ്യമുണ്ടായിരുന്ന മണ്‍പാത്രങ്ങള്‍ ഇവിടെതന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു. മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിരുന്നവര്‍ ആന്തിയൂര്‍ നായര്‍ (ആന്ധ്രനായര്‍) സമുദായക്കാരായിരുന്നു. ഒരു കളിമണ്‍ വ്യവസായ സഹകരണ സംഘം ഇവിടെ നിലനിന്നിരുന്നു.

സാംസ്കാരിക ചരിത്രം

പഞ്ചായത്തിനുമുണ്ട് കേരളത്തിലെ മറ്റു പ്രദേശങ്ങളെ പോലെ മഹത്തായ ഒരു സാംസ്കാരിക പാരമ്പര്യം. ഗ്രന്ഥശാലാ പ്രസ്ഥാനം വെള്ളൂരിലും തൂണേരിയിലും ആരംഭിക്കുന്നത് 1955-കള്‍ക്കു ശേഷമാണ്. 1957-ല്‍ വെള്ളൂരിലും 59-ല്‍ തൂണേരിയിലും ഗ്രന്ഥശാലകള്‍ ആരംഭിച്ചു. കഥകളിയും കൂത്തും തുള്ളലും പാഠകവും കോല്‍ക്കളിയും അറബനമുട്ടും ഒപ്പനയും മാപ്പിളപ്പാട്ടും ഈ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗങ്ങളായിരുന്നു. ജാതിമതഭേദമെന്യേ സര്‍വ്വരും പങ്കെടുക്കുന്ന നാടന്‍കലാരൂപമാണ് കോല്‍ക്കളി. ക്ഷേത്രങ്ങള്‍ ഒരു കാലഘട്ടത്തില്‍ മറ്റൊരു വിഭാഗത്തിന്റേത് മാത്രമായിരുന്നു. ഇസ്ളാം മതക്കാരുടെ പഴയ ആരാധനാലയങ്ങളാണ് തെര്‍ന്നീ പളളി, എളവള്ളൂര്‍ പള്ളി, തട്ടാറത്ത് പള്ളി, കാളിയാത്ത് താഴ പള്ളി എന്നിവ. ഈ ആരാധനാലയങ്ങളില്‍ പലേടത്തും ഹിന്ദുക്കള്‍ നേര്‍ച്ച നേരാറുണ്ട് എന്നത് മതസൌഹാര്‍ദ്ദത്തിന്റെ തെളിവാണ്. ദഫ്മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിവ ഈ വിഭാഗങ്ങളുടേതായ കലാരൂപങ്ങളാണ്. ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം, ചെറുവട്ടായി വിഷ്ണു ക്ഷേത്രം, കുളശ്ശേരി ശിവക്ഷേത്രം, തൂണേരി പരദേവതാ ക്ഷേത്രം തുടങ്ങിയവ ഹിന്ദുക്കളുടെ പുരാതനക്ഷേത്രങ്ങളാണ്. തൂണേരി പരദേവതാ ക്ഷേത്രത്തിലെ പ്രധാന ഉത്സവാഘോഷം തെയ്യം ആട്ടമാണ്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുമതത്തിലെ ഒരു വിഭാഗം ആളുകള്‍ പറശ്ശിനി മുത്തപ്പനെ  ആരാധിച്ചു വരുന്നു. കൊട്ടിയൂര്‍ വൈശാഖം ഉത്സവത്തിനു ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നും നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ വ്രതമെടുത്ത് നെയ്യമൃതും കഞ്ഞിപ്പുരകളില്‍ നിന്നും തിയ്യസമുദായത്തില്‍പ്പെട്ടവര്‍ വ്രതമെടുത്ത് ഇളനീരും കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നത് തുടര്‍ന്നു വരുന്നു. പരേതാത്മാക്കളുടെ പ്രീതിക്കായി ഹിന്ദുമതക്കാര്‍ കര്‍ക്കിടകവാവ്  ഒരിക്കല്‍, തുലാം പത്ത്, ധനു പത്ത് എന്നിവ ആചരിക്കുന്നു.