ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം
കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൂണേരി ബ്ളോക്കിലെ എല്ലാ പഞ്ചായത്തുകള്‍ക്കും സമ്പുഷ്ടമായൊരു ഇന്നലെയുടെ ചരിത്രമുണ്ട്. ചെക്കി ചെടി ഇടതൂര്‍ന്നു വളര്‍ന്നിരുന്ന പ്രദേശമായിരുന്ന ചെക്യാട് ഗ്രാമത്തിന് ചെക്കികാട് എന്നായിരുന്നു ആദ്യത്തെ സ്ഥലനാമം. പിന്നീടത് ലോപിച്ച് ചെക്യാട് എന്നായി മാറി. കുറ്റിപുറം, ആയഞ്ചേരി എന്നീ കോവിലകങ്ങളുടെ വകയായിരുന്നു അധിക പ്രദേശങ്ങളും. രണ്ട് യോഗികള്‍ കുറ്റിപുറം തമ്പുരാന്റെ അസുഖം ഭേദമാക്കിക്കൊടുത്തുവെന്നും അതിന് പ്രതിഫലമായി അവര്‍ക്ക് കുടിയിരിക്കുവാന്‍ ചെക്യാട് കുറെ ഭൂമി ചാര്‍ത്തിക്കൊടുത്തുവെന്നും പറയപ്പെടുന്നു. ആ യോഗികള്‍ കുളിച്ചിരുന്ന തോട് യോഗിത്തോട് എന്ന പേരിലും അറിയപ്പെട്ടുവന്നു. ആ യോഗിത്തോടാണ് പില്‍ക്കാലത്ത് ചോയിത്തോട് ആയിമാറിയത് എന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. ചെക്യാട് പഞ്ചായത്തിന്റ ഇന്നത്തെ തലസ്ഥാനമായ പാറക്കടവില്‍ സുമാര്‍ 500 വര്‍ഷം മുമ്പ് വളരെ വിപുലമായ രൂപത്തില്‍ ഒരു അങ്ങാടി പ്രവര്‍ത്തിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ടാണ് പുഴയോരത്തെ പുരാതന അങ്ങാടി നിലനിന്നിരുന്ന പ്രദേശത്തെ ഇന്നും പഴയങ്ങാടി എന്നപേരില്‍ അറിയപ്പെടുന്നത്. വഞ്ചിയും ഉരുവും ഉപയോഗിച്ച് ഈ അങ്ങാടിയിലേക്ക് അക്കാലത്ത് ചരക്കുകള്‍ കൊണ്ടുവന്നിരുന്നുവെന്നും പറയപ്പെടുന്നു. പഴയ കാലത്ത് നാട്ടുപ്രമാണിമാരും അധികാരികളുമാണ് ഭരണം നടത്തിയിരുന്നത്. ചെറിയ ചെറിയ കേസുകള്‍ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള അധികാരം അന്നത്തെ അധികാരിയില്‍ നിക്ഷിപ്തമായിരുന്നു. അതുകൊണ്ടാണ് അധികാരിയെ അക്കാലത്തെ ജനങ്ങള്‍ വില്ലേജ് മുന്‍സീഫ് എന്ന് വിളിച്ചിരുന്നത്. കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ തന്നെ സകലമാന നിയന്ത്രണങ്ങളും ജന്മിയില്‍ നിക്ഷിപ്തമായിരുന്നു. 12 വര്‍ഷത്തേക്ക് ജന്മിമാര്‍ ചാര്‍ത്തിക്കൊടുത്ത ഭൂമിയില്‍ നിന്നും പ്രതിവര്‍ഷം പണമായും മറ്റ് സാധനങ്ങളായും ജന്മിക്ക് പുറപ്പാട് കൊടുക്കാനും അന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ കുടിയൊഴിപ്പിക്കലായിരുന്നു അനന്തരഫലം. ജന്മിമാരുടെയും നാടുവാഴിയുടെയും യാത്ര പ്രധാനമായും മഞ്ചലില്‍ ആയിരുന്നു. ഏതാനും ആളുകള്‍ ചുമന്നുകൊണ്ടു പോകുന്ന തുണിമഞ്ചത്തിനായിരുന്നു മഞ്ചല്‍ എന്ന് പറയുന്നത്. 1911-നു മുമ്പ് സ്ഥാപിക്കപ്പെട്ടതാണ് ചെക്യാട് ബോര്‍ഡ് സ്കൂള്‍ (ഇപ്പോഴത്തെ ഗവ.എല്‍.പി.സ്കൂള്‍). 1928-ല്‍ ചെക്യാട്ടെ ചാത്തോത്ത് രാമന്‍ ഗുരുക്കള്‍ എന്നയാളുടെ വീട്ടില്‍ ഗുരുകുലസമ്പ്രദായത്തിലാരംഭിച്ച കുടിപ്പള്ളിക്കൂടം, താനക്കോട്ടൂരിലെ പാറപ്പൊയില്‍ എം.എല്‍.പി.സ്കൂള്‍ എന്നിവയെല്ലാം ചെക്യാട്ടെ ആദ്യകാല വിദ്യാലയങ്ങളാണ്. കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപുരകളും രൂപാന്തരം പ്രാപിച്ചതാണ് ബ്ളോക്കിലെ മിക്ക വിദ്യാലയങ്ങളും. ഇവിടെ നിന്നു വളരെ അകലെയുള്ള കടത്തനാട് രാജാസ് ഹൈസ്കൂളില്‍ നടന്നു പോയി വിദ്യനേടിയ ചുരുക്കം ചിലരും അന്നുണ്ടായിരുന്നു. തച്ചോളി ഒതേനനെയും ഉണ്ണിയാര്‍ച്ചയേയും പുകഴ്ത്തുന്ന വടക്കന്‍ വീരഗാഥയോടൊപ്പം ഉദയവര്‍മ്മത്തമ്പുരാനിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികളും ഇവിടെ കേട്ടുതുടങ്ങി. നാദാപുരത്തെ മുന്‍ എം.എല്‍.എ പുറമേരി ഇ.കെ.ശങ്കരവര്‍മ്മരാജയായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് വടകര വെച്ചുനടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സെക്രട്ടറി. അദ്ദേഹത്തിന്റെ മകള്‍ കൌമുദി തമ്പുരാട്ടി തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ 1924-ല്‍ ഗാന്ധിജി വടകര സന്ദര്‍ശിച്ചപ്പോള്‍ അഴിച്ചുകൊടുത്ത സംഭവം കേരളം എന്നും ഓര്‍ക്കുന്ന ചരിത്രമാണ്. തായമ്പകയുടേയും കഥകളിയുടെയും ഭരതനാട്യത്തിന്റേയും സാന്ദ്രമധുരമായ അനുഭൂതികളോടൊപ്പം ചെണ്ടമേളത്തിന്റെയും, തിറയാട്ടത്തിന്റെയും സംഗീതത്തിന്റെയും താളവീചികളും പുറമേരിയുടെ ധന്യപാരമ്പര്യത്തിന് ഇഴയിടുന്നു. കുറ്റിപുറം കോവിലകം ആസ്ഥാനമായി പ്രവര്‍ത്തിച്ച കേരളത്തിലെ ഏറ്റവും വലിയ കഥകളി സംഘത്തിന്റെ ഒരു സ്ഥിരം ശാഖ പുറമേരിയില്‍ ഉണ്ടായിരുന്നു. പഴയ മലബാര്‍ ജില്ലയില്‍ കുറമ്പ്രനാട് താലൂക്കില്‍ ചരിത്രപ്രസിദ്ധമായ കടത്തനാട് രാജവംശത്തിന്റെ ഭരണമേഖലയില്‍ പെട്ടതായിരുന്നു ഇന്നത്തെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ മുഴുവന്‍ ഭാഗവും. കടത്തനാട് പണ്ട് കോലത്തുനാടിന്റെ ഭാഗമായിരുന്നു. 458 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിലൂടെ സാമൂതിരി പോളനാട് കീഴടക്കിയപ്പോള്‍ പോളത്തിരിക്കും കുടുംബത്തിനും കോലത്തിരി അഭയം നല്‍കി. ഒരു കോലത്തിരി രാജകുമാരന്‍ ഒരു പോളത്തിരി രാജകുമാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ആ ദമ്പതികള്‍ക്ക് കോലത്തിരി രാജാവ് നല്‍കിയതാണ് പുറമേരി ഉള്‍പ്പെട്ട കടത്തനാട് എന്നു പറയപ്പെടുന്നു. പുറം എന്ന വിശേഷ വാചിയും ഏരി എന്ന സാമാന്യവാചിയും ചേര്‍ന്ന് പുറമേരി എന്ന പേരുണ്ടായതാവാമെന്ന് അനുമാനിക്കുന്നു. മലയോട് ചേര്‍ന്ന കരനിലമെന്നാ ജലസേചന സൌകര്യമുള്ള വലിയ ചിറയോടു കൂടിയ കൃഷിസ്ഥലമെന്നാ ആവാം ഇതിന്റെ അര്‍ത്ഥം. 1896-ല്‍ കടത്തനാട് ഉദയവര്‍മ്മ രാജ, പുറമേരിയുടെ ഹൃദയഭാഗത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചതോടെയാണ് പുറമേരിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. തന്റെ ആവാസസ്ഥാനമായ ആറോത്ത് മഠത്തില്‍ എളിയ നിലയില്‍ ആരംഭിച്ച പാഠശാലയില്‍ നിന്നാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. അയിത്തക്കാരായി അവഗണിക്കപ്പെട്ടിരിക്കുന്നവര്‍ക്കു കൂടി ഉപയോഗപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത്. കടത്തനാട്ട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു അധിക ഭൂമിയും. ഭൂമി ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വിട്ടു കൊടുത്ത് ഭരണകര്‍ത്താക്കള്‍ കൃഷി വ്യാപകമാക്കി. പിന്നീട് ഘട്ടംഘട്ടമായി മറ്റുള്ളവരിലേക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമ്പ്രദായം നിലവില്‍ വന്നു. അക്കാലത്ത് പ്രധാനമായും നെല്‍കൃഷിയാണുണ്ടായിരുന്നത്. ജന്മിത്വത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചിരുന്ന കര്‍ഷകര്‍ അന്നീ ഗ്രാമത്തിലുണ്ടായിരുന്നു. വടക്കേ മലബാറിലെ ആദ്യത്തെ മാസിക പുറമേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. ആറോത്ത് മഠത്തിലെ കവനോദയം പ്രസ്സില്‍ നിന്ന് അച്ചടിച്ച് പുറത്തിറക്കിയ ജനരഞ്ജിനി എന്ന മാസികയുടെ പത്രാധിപര്‍ അന്ന് വെറും പതിനെട്ട് വയസ്സു മാത്രമുള്ള കവി കെ.സി.നാരായണന്‍ നമ്പ്യാരായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കര്‍ഷകഗ്രാമമായിരുന്നു തൂണേരി. ഇവിടുത്തെ പ്രധാന തൊഴില്‍ മേഖല കാര്‍ഷികമേഖലയായിരുന്നു. നെല്‍കൃഷിയായിരുന്നു പ്രധാനം. തൂണേരി ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാലപ്രം ചാലിയാ യു.പി.സ്കൂള്‍. ഈ വിദ്യാഭ്യാസ സ്ഥാപനം ആപോലത്ത് 1912-ലാണ് സ്ഥാപിതമായത്. ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത് നെല്ലോളി എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ്. ഈ പ്രദേശത്തുള്ള സാമൂഹ്യപ്രവര്‍ത്തകരുടേയും പൌരപ്രമുഖരുടേയും പരിശ്രമ ഫലമായിട്ടാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. കോടഞ്ചേരി എല്‍.പി.സ്കൂള്‍ 1881-ലാണ് സ്ഥാപിതമായത്. കോടഞ്ചേരിയിലെ ആയാടത്തുപീടികയില്‍ കോമപ്പക്കുറുപ്പ് ആയത്തപ്പീടികയില്‍ എന്ന പറമ്പിലെ കുളത്തിന് സമീപം സ്ഥാപിച്ച ഈ സ്കൂള്‍ ആയത്ത് കുളങ്ങര സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ വിദ്യാലയത്തില്‍ വളരെ അകലെ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ വന്നുപഠിച്ചിരുന്നു. ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം, ചെറുവട്ടായി വിഷ്ണു ക്ഷേത്രം, കുളശ്ശേരി ശിവക്ഷേത്രം, തൂണേരി പരദേവതാ ക്ഷേത്രം തുടങ്ങിയവ പുരാതനക്ഷേത്രങ്ങളാണ്. തൂണേരി പരദേവതാ ക്ഷേത്രത്തിലെ പ്രധാന ഉത്സവാഘോഷം തെയ്യം ആട്ടമാണ്. കുന്നുകളാലും മലകളാലും വലയം ചെയ്യപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമായതിനാലാവാം വളയം എന്ന ഗ്രാമത്തിന് ആ പേരുണ്ടായതെന്ന് പറയപ്പെടുന്നു. കടത്തനാട് രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം മുഴുവനും. അക്കാലത്തെ കോവിലകം കവികളില്‍ ഒരാളായിരുന്നു ഈ ഗ്രാമത്തിലെ താമരശ്ശേരി രാമന്‍ നമ്പ്യാര്‍. കാടുകളിലും മലകളിലും മാത്രം ജീവിച്ചിരുന്ന ആദിവാസി വിഭാഗം മഴയില്ലാത്ത രാത്രികാലങ്ങളില്‍ പാട്ടും കൂത്തുമായി ചിലവഴിച്ചു. കുറുംകുഴല്‍, തുടി, വലിയ ചെണ്ട എന്നീ വാദ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളും കളികളും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കലകള്‍ക്കെല്ലാം അനുഷ്ഠാന സ്വഭാവവും ഉണ്ടായിരുന്നു. മാന്‍പാട്ട്, കൂമന്‍പാട്ട്, നരിപ്പാട്ട്, നിടത്തിണ്ടാട്ടം ഇവയായിരുന്നു പ്രധാന കലാരൂപങ്ങള്‍. ഗോത്രമൂപ്പന്‍ തന്നെ ആയിരുന്നു ഈ കലാരൂപങ്ങളുടെയെല്ലാം നെടുനായകന്‍ എന്നതായിരുന്നു മറ്റൊരു പ്രത്യേകത. സമ്പന്നമായ ഒരു നാടക സംസ്ക്കാരത്തിന്റെ ചരിത്രമാണ് വളയത്തിന് പറയാനുള്ളത്. ഈ ഗ്രാമത്തില്‍ അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അടൂര്‍ക്കാവിനെ ചുറ്റിപ്പറ്റി ആദിവാസി സംസ്ക്കാരവും പടിഞ്ഞാറ് ഭാഗമായ ഇപ്പോഴത്തെ പരദേവതാക്ഷേത്ര പരിസരത്ത് അമ്പലവാസി ഗ്രാമസംസ്കൃതിയും ഉണ്ടായിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അകത്തൂട്ട്, പുറത്തൂട്ട് എന്നറിയപ്പെടുന്ന ചടങ്ങുകളോടെയുള്ള ഉത്സവം അടൂര്‍കാവിലും, വെള്ളാട്ട്, തിറ എന്നീ പേരുകളില്‍ പരദേവതാക്ഷേത്ര പരിസരത്തും ഉത്സവ ചടങ്ങുകള്‍ നടന്നുവന്നിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍മരങ്ങളും കാടുകളും ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന ഒരു കാട്ടുപ്രദേശമായ ഇവിടെ നരി, പന്നി, മാന്‍, മുള്ളന്‍പന്നി, മുയല്‍, അപൂര്‍വ്വമായി ആനകള്‍ വരെ വിഹരിച്ചു നടന്നിരുന്നു. ചെറുമോത്ത്, കുയിതേരി, ചെക്കോറ്റ, കുറ്റിക്കാട് എന്നീ പ്രദേശങ്ങളിലാണ് ആദ്യകാലത്ത് ജനവാസം ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മേല്‍പറഞ്ഞ എല്ലാ പ്രദേശങ്ങളിലുമായി നൂറോളം വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരയിടങ്ങളില്‍ തെങ്ങ്, കവുങ്ങ്, പ്ളാവ്, മാവ്, കുരുമുളക് എന്നിവ കൃഷി ചെയ്തിരുന്നു. വയലുകളില്‍ നെല്‍കൃഷി വ്യാപകമായിത്തന്നെ ഉണ്ടായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന പഴയ കുറുമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളില്‍ ഒന്നായിരുന്നു വാണിമല്‍ പ്രദേശം. വിലങ്ങാട് കുഞ്ഞോന്‍ ചിറയില്‍ നിന്നുല്‍ഭവിച്ച് മാഹികടലില്‍ ചെന്നുചേരുന്ന മയ്യഴിപ്പുഴ ഈ പ്രദേശത്തിന് അനുഗ്രഹമായിരുന്നു. ആദ്യകാലത്ത് ഈ ഗ്രാമം  കുറ്റിപുറം കോവിലകത്തിന്റെ കീഴിലായിരുന്നു. വയനാട്ടിലേക്ക് പോകുന്ന അറബിക്കച്ചവടക്കാരുടെ വാണിജ്യകേന്ദ്രമായിരുന്നു വാണിമല്‍. വാണിജ്യത്തിന് പേരുകേട്ട ഒരു സ്ഥലം എന്ന നിലയ്ക്ക് വണിക്കുകള്‍ (കച്ചവടക്കാര്‍) തമ്പടിച്ചിരുന്നത് കൊണ്ട് വാണിമല്‍ എന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. ജ്ഞാനത്തിന്റെ ദേവതയായ വാണി (സരസ്വതി) വിളയാടുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് വാണിമല്‍ എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. ഇവിടുത്തെ മറ്റു പ്രദേശങ്ങളായ ഭൂമിവാതുക്കല്‍, കോടിയുറ, വെള്ളിയോട് തുടങ്ങിയ സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് പിന്നിലും കഥകളുണ്ട്. ഭൂമിപോലും വാതുവെക്കുന്ന (പണയം വെക്കുന്ന) ഒരു വിഭാഗം ഉള്ളതുകൊണ്ടും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടും ചുറ്റുപാടുമുള്ള വനപ്രദേശങ്ങളില്‍ നിന്ന് ഒരു തെളിഞ്ഞ ഭൂമിയിലേക്ക് ഉള്ള ഒരു വാതില്‍ എന്ന നിലയിലാണ് ഭൂമിവാതുക്കല്‍ എന്ന പേരുണ്ടായത് എന്നും പറയപ്പെടുന്നു. ദാവാരികള്‍ എന്നറിയപ്പെടുന്ന ഒരു കച്ചവടവിഭാഗം താമസിച്ച പ്രദേശമായിരുന്നു വെള്ളിയോട്. ഇവര്‍ ഒരു പക്ഷേ യവനരോ, അറബികളോ ആകാം. ദാവാരിയില്‍ നിന്നാണ് വ്യാപാരി എന്ന മലയാളപദം പ്രചാരത്തിലായത്. കുരുമുളക് അടക്കമുള്ള വനവിഭവങ്ങള്‍ക്ക് പകരമായി വെള്ളി, ഓട്, സ്വര്‍ണ്ണം എന്നിവ കൈമാറ്റം ചെയ്ത സ്ഥലത്തെ വെള്ളിയോട് എന്ന് വിളിച്ചതാകാം. യവന കച്ചവടക്കാര്‍ കുരുമുളകും മറ്റും കച്ചവടം ചെയ്യാന്‍ വരുന്ന കേന്ദ്രത്തില്‍ പ്രത്യേക കൊടി വളരെ ഉയരത്തില്‍ കെട്ടുക പതിവുണ്ടായിരുന്നു. അത് കണ്ടിട്ടാണ് മല മുകളില്‍ താമസിച്ച കുറിച്യര്‍ കുരുമുളകും മറ്റു വനവിഭവങ്ങളുമായി കൊടി കണ്ട സ്ഥലത്തേക്ക് വരാറുണ്ടായിരുന്നതെന്നും ആ സ്ഥലത്തിനാണ് കോടിയുറ എന്ന് പേരുണ്ടായതെന്നും ഐതിഹ്യമുണ്ട്. ‘കൊ’ എന്നാല്‍ രാജാവിന്റെ സ്ഥലം എന്നര്‍ത്ഥമുണ്ടായിരുന്നു. ഒരു കാലത്ത് കോലത്തുരാജാവിന്റെ സ്ഥലാതിര്‍ത്തി കോ പറമ്പ് എന്നറിയപ്പെട്ടിരുന്നു. കോ പറമ്പ് എന്ന പേര് ലോപിച്ചായിരിക്കാം കുളപറമ്പ് എന്ന പേര് വന്നത് എന്ന് അനുമാനിക്കാം. കുറിഞ്ചി (വനപ്രദേശം) പ്രദേശത്ത് താമസിക്കുന്നവരായതു കൊണ്ടാണ് കുറിച്യര്‍ എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും കാട് വെട്ടി അവശ്യവസ്തുക്കള്‍ കൃഷി ചെയ്തും ഉപജീവനമാര്‍ഗ്ഗം നടത്തിയ ഈ വിഭാഗത്തിലെ ചിലര്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായ പഴശ്ശിയുടെ പോരാട്ടത്തിലെ പ്രധാന പോരാളികളായിരുന്നു. ഇവരില്‍ അതിപ്രധാനിയായ തലക്കല്‍ ചന്തു ഇവിടുത്തുകാരനാണ്.