തൃത്താല

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത്. ആനക്കര, ചാലിശ്ശേരി കപ്പൂര്‍ നാഗലശ്ശേരി, പള്ളിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃത്താല ബ്ളോക്ക് പഞ്ചായത്തിന് 172.16 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 14 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ലയും, തെക്കുഭാഗത്ത് തൃശ്ശൂര്‍, മലപ്പുറം ജില്ലകളും, പടിഞ്ഞാറുഭാഗത്ത് മലപ്പുറം ജില്ലയുമാണ് തൃത്താല ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലാണ് തൃത്താല ബ്ളോക്കിന്റെ ആസ്ഥാനം. സമുദ്രനിരപ്പില്‍ നിന്ന് 10 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ബ്ളോക്കിലുണ്ട്. നിമ്നോന്നതി അനുസരിച്ച് ബ്ളോക്കിലുള്ള സ്ഥലങ്ങളെ കുന്നുകള്‍, ചെരിവുപ്രദേശങ്ങള്‍, നിരപ്പുസമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാവുന്നതാണ്. കുത്തനെയുള്ള ചെരിവുകളും താഴ്വര പ്രദേശങ്ങളും, കുന്നിന്‍മുകളിലെ പരന്ന സമതലപ്രദേശങ്ങളും ഈ ബ്ളോക്കിന്റെ സവിശേഷതകളാണ്. ഈ ബ്ളോക്കുപ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് ഭാരതപ്പുഴയാണ്. ബ്ളോക്കു പ്രദേശം ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തില്‍പ്പെടുന്നു. ഭാരതപ്പുഴയുടെ 15 കിലോമീറ്ററോളം ഭാഗം തൃത്താല ബ്ളോക്കിലൂടെയാണ് ഒഴുകുന്നത്. 1962-ലാണ് തൃത്താല പ്രീ-എക്സ്റ്റഷന്‍ ബ്ളോക്ക് നിലവില്‍ വന്നത്. 1963-ലാണ് എന്‍.ഇ.എസ് ബ്ളോക്കായി ഉയര്‍ത്തപ്പെട്ടത്. ബ്ളോക്കുരൂപീകരണ കാലം മുതല്‍ തന്നെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഏഴു പഞ്ചായത്തുകളും ബ്ളോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. 1972-73-ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പൈലറ്റ് ഇന്റന്‍സീവ് റൂറല്‍ എംപ്ളോയ്മെന്റ് പ്രോജക്റ്റ് എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി കേരളത്തില്‍ തെരഞ്ഞെടുത്ത ഒരേയൊരു ബ്ളോക്ക് തൃത്താല ആയിരുന്നു. എ.അബ്ദുള്‍ റഹ്മാന്‍ തൃത്താല ബ്ളോക്കിന്റെ ആദ്യത്തെ ബി.ഡി.ഒ ആയിരുന്നു. പട്ടാമ്പി-ഗുരുവായൂര്‍ റോഡ്, പാലക്കാട്-പൊന്നാനി റോഡ്, പൊന്നാനി-ഗുരുവായൂര്‍ റോഡ് എന്നിവയാണ് ഈ ബ്ളോക്കിലൂടെ കടന്നു പോകുന്ന പ്രധാന ഗതാഗത പാതകള്‍.