ചരിത്രം

സാമൂഹ്യചരിത്രം

തൃപ്രങ്ങോടിന്റെ ദേശദൈവമായ ശിവ (തൃപ്രങ്ങോടപ്പന്‍)നുമായി ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളില്‍ “ശ്വേതാരണ്യം”, “പരക്രോഡം” എന്നീ വാക്കുകള്‍ കൊണ്ടും തൃപ്രങ്ങോടിനെ വര്‍ണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാല്‍ തൃപ്പാദംകോട് എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്. പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു. മാത്രമല്ല, പല വ്യക്തികള്‍ക്കും ഇപ്പോഴും ഈ പേരുകളുണ്ട്. അതുകൊണ്ട് “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം. പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട് എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. തൃപ്രങ്ങോട്ട്, വെട്ടം, പള്ളിപ്പുറം, ആലത്തിയൂര്‍ എന്നീ ഗ്രാമങ്ങള്‍ കേരളത്തിലെ അതിപുരാതനമായ ഗ്രാമങ്ങളില്‍ പെട്ടവയാണ്. മധ്യകാലത്തോടെയാണ് ഈ പ്രദേശങ്ങള്‍ വെട്ടത്തു രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ വന്നു ചേരുന്നത്. കുറേ കാലത്തോളം വെട്ടത്തു രാജാക്കന്‍മാരുടെ ആസ്ഥാനവും തൃപ്രങ്ങോട് തന്നെയായിരുന്നു. രാജകുടുംബത്തിന്റെ കോവിലകത്തിന്റെ ഭാഗങ്ങളായ കോവിലകത്തുതറ, കോവിലകത്തുവളപ്പ് എന്നിവയുടെ അവശിഷ്ടങ്ങള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്. 13-ാം ശതകത്തില്‍ കോഴിക്കോട് സാമൂതിരി മലബാറിലെ ശക്തനായ ഭരണാധികാരിയായി ഉയരുകയും ക്രമേണ വെട്ടത്തുനാട് സാമൂതിരിയുടെ അധീശത്വം സ്വീകരിക്കുകയും ചെയ്തു. 18-ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. 13-ാം ശതകത്തില്‍, സാമൂതിരി തിരുനാവായ മാമാങ്കത്തിന്റെ അധ്യക്ഷപദവി പിടിച്ചെടുക്കുവാന്‍ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തില്‍, സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു. ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ സവര്‍ണ ജാതിക്കാരായിരുന്നു ഇവിടുത്തെ ദേശാധിപത്യം കൈയ്യാളിയിരുന്നത്. അവര്‍ക്ക് പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കല്‍പിച്ചുനല്‍കപ്പെട്ടിരുന്നു. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ അനാചാരങ്ങള്‍ കൊണ്ട് കലുഷിതമായിരുന്നു ഈ ഗ്രാമം. ചില താണ ജാതികളിലുള്ളവരെ കാണുന്നതുപോലും നമ്പൂതിരിമാര്‍ അയിത്തമായി കരുതിപ്പോന്നു. താണജാതിക്കാരെ മേല്‍ജാതിക്കാര്‍ അടിമകളായാണ് കരുതിയിരുന്നത്. അവരെ ക്രയവിക്രയാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതും അപൂര്‍വ്വമായിരുന്നില്ല. ഇസ്ളാംമതം, പ്രവാചകന്റെ കാലത്തു തന്നെ കേരളത്തില്‍ അറബിവ്യാപാരികളിലൂടെ പ്രചരിച്ചുതുടങ്ങിയിരുന്നു. സാമൂതിരിയുടെ കാലമായപ്പോഴേക്കും മുസ്ളീംസമൂഹം അഭിവൃദ്ധി പ്രാപിച്ചുതുടങ്ങിയിരുന്നു. സാമൂതിരിമാരുടെ ഭരണകാലത്ത് അറബികളുമായുള്ള വ്യാപാരത്തില്‍ ഇടനിലക്കാരായും, സൈന്യത്തില്‍, പ്രത്യേകിച്ചും നാവികസൈന്യത്തില്‍ ഭടന്മാരായും, മുസ്ളീങ്ങള്‍ക്കു ഗണനീയമായ സ്ഥാനമുണ്ടായിരുന്നു. 1763 മുതല്‍ 1791 വരെ, മലബാര്‍ പ്രദേശം മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദര്‍ അലിയുടെയും അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുവിന്റെയും അധീനതയിലായിരുന്നു. അക്കാലത്ത് മുസ്ളീംസമൂഹം പൂര്‍വ്വാധികം അഭിവൃദ്ധി പ്രാപിച്ചു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും മുസ്ളീങ്ങള്‍ മലബാറിലെ പ്രബലസമൂഹമായി വളര്‍ന്നിരുന്നു. അവരുടെ സാമൂഹ്യജീവിതം മതത്തിനും മതനിയമങ്ങള്‍ക്കും അനുസരിച്ചവിധത്തിലായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമായിരുന്നില്ല. ഇവിടുത്തുകാരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം അക്കാലത്ത് കൃഷിയായിരുന്നു. പായനെയ്ത്ത്, ഓലക്കുടനിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, കുട്ടയുണ്ടാക്കല്‍ മുതലായ പാരമ്പര്യ കൈത്തൊഴിലുകളും നടന്നുവന്നിരുന്നു. മരപ്പണി, ഇരുമ്പുപണി മുതലായവ കുലത്തൊഴിലായി അഭ്യസിച്ചുപോന്നു. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പര്‍ക്കംമൂലം അഭ്യസ്തവിദ്യരായ ആളുകളില്‍ ദേശീയബോധം വളരുകയും, 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അത് ദേശീയപ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു. 1885-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതു മുതല്‍ തന്നെ മലബാര്‍ പ്രദേശത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 1908-ല്‍ മലബാറില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ജില്ലാകമ്മറ്റി രൂപീകൃതമായി. 1914-18 ലെ ലോകമഹായുദ്ധ കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. 1916-ല്‍ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖയും ഇവിടെ ആരംഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് മലബാറില്‍ വിദേശവസ്ത്ര ബഹിഷ്ക്കരണം വളരെ വ്യാപകമായി തന്നെ നടന്നുവെങ്കിലും ഈ വക പ്രസ്ഥാനങ്ങള്‍ തൃപ്രങ്ങോട്ടു പഞ്ചായത്തിലുള്‍പ്പെട്ട ഗ്രാമവാസികളെ ഉണര്‍ത്തിയിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ തോല്‍പിക്കപ്പെട്ട തുര്‍ക്കി സുല്‍ത്താന്റെ സാമ്രാജ്യം ചെറു രാജ്യങ്ങളായി വിഭജിക്കുവാനും സുല്‍ത്താന്റെ മതപരമായ “ഖലീഫത്ത്” സ്ഥാനം നിഷേധിക്കുവാനും ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ സഖ്യശക്തികള്‍ തീരുമാനിച്ചത്. ഈ നടപടികള്‍ക്കെതിരായി ഇന്ത്യയിലെ മുസ്ളീങ്ങളുടെയിടയില്‍ “ഖിലാഫത്തു പ്രസ്ഥാനം” രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഖിലാഫത്തു കമ്മറ്റിയും യോജിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖിലാഫത്തു പ്രസ്ഥാനത്തില്‍ നിന്നാണ് “മാപ്പിളലഹള” എന്നറിയപ്പെടുന്ന “മലബാര്‍ കലാപം” പൊട്ടിപ്പുറപ്പെട്ടത്. 1921 ആഗസ്ത് 20-ാം തീയതി, തിരൂരങ്ങാടിപള്ളി വളഞ്ഞ്, ഖിലാഫത്തുനേതാവായ ആലിമുസല്യാരെ അറസ്റ്റ് ചെയ്യാന്‍, മലബാര്‍ കലക്ടറായിരുന്ന തോമസ് സായിപ്പിന്റെയും, പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് സായിപ്പിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം ശ്രമിച്ചു. ഈ സേനാ വിഭാഗവുമായി ഏറ്റുമുട്ടിയ മാപ്പിളസംഘത്തില്‍, തൃപ്രങ്ങോടു നിന്നു, കിഴക്കേ പീടികക്കല്‍ ചെറിയ മമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ പങ്കെടുക്കുകയും, ആലി മുസല്യാരോടൊപ്പം പോലീസ് അവരെയെല്ലാം അറസ്റ്റ് ചെയ്യുകയും, തുടര്‍ന്നു ആന്റമാനിലേക്ക് നാടുകടത്തുകയുമുണ്ടായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവരില്‍ ചിലര്‍ അവിടെ വെച്ചു മരിക്കുകയും, ശേഷിച്ചവര്‍ 1936-ല്‍ വിട്ടയക്കപ്പെട്ട്, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പള്ളിയില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നു പരക്കെ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. തൃപ്രങ്ങോട്ട് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ലഹളകള്‍ ഉണ്ടായില്ലെങ്കിലും ഇവിടെയുള്ള മുസ്ളീങ്ങള്‍ ആഗസ്ത് 22-ാം തിയതി തിരൂര്‍ കച്ചേരി ആക്രമിക്കുന്നതില്‍ പങ്കെടുത്തിട്ടുണ്ട്. ചമ്രവട്ടം സ്വദേശി അവളു എന്നയാള്‍ തിരൂര്‍ കോടതിക്കു മുകളില്‍ കോണ്‍ഗ്രസ്സ് പതാക സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിനു തൊട്ടുകിടക്കുന്ന കൊടക്കല്‍ (തിരുനാവായ പഞ്ചായത്ത്) എന്ന സ്ഥലത്ത് ലഹളയില്‍ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. കലാപം ഏതാണ്ട് ആറുമാസത്തോളം നീണ്ടുനില്‍ക്കുകയും, 1922 ഫെബ്രുവരി അവസാനത്തോടെ കെട്ടടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുമ്പ് തൃപ്രങ്ങോടിനെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ സംഭവം മലബാര്‍ കലാപമാണ്. മലബാര്‍ കലാപത്തിനു ശേഷം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ലഹള നടന്ന താലൂക്കുകളില്‍ മന്ദീഭവിക്കുകയുണ്ടായി. തന്നിമിത്തം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഈ പ്രദേശത്ത് മന്ദഗതിയിലായി. അക്കാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യലബ്ധിവരെ, കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ഖാദിപ്രസ്ഥാനം, മദ്യനിരോധനം, സാമൂഹികപരിഷ്ക്കരണം എന്നീ രംഗങ്ങളിലായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് അയിത്തോച്ചാടനം, പട്ടികജാതികളുടെ ഉദ്ധാരണം, ഖാദി വസ്ത്ര പ്രചാരണം മുതലായ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, തൃപ്രങ്ങോട് പഞ്ചായത്തില്‍ ഈ വക പ്രസ്ഥാനങ്ങളുടെ തുടക്കം വളരെ താമസിച്ചായിരുന്നു. ഈ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട പരപ്പേരി സ്ക്കൂള്‍ തുടങ്ങിയതു ബി.ഇ.എം മിഷനാണ്. സ്കൂള്‍ തുടങ്ങിയത് 1878-നു മുമ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ 1878-ല്‍ സ്ഥാപിച്ച ഒരു അനാഥാലയം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ആലത്തിയൂരില്‍ 1978-ല്‍ സ്ഥാപിക്കപ്പെട്ട കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ (കെ.എച്ച്.എം.എച്ച്.എസ്) ആണ് ഈ പഞ്ചായത്തിലെ ആദ്യഹൈസ്കൂള്‍.

ഭൂവിനിയോഗചരിത്രം

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മലബാറില്‍ ഭൂമിയുടെ ഭൂരിഭാഗവും സവര്‍ണ്ണജന്മിഭൂവുടമകളുടെ കൈവശമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ദേവസ്വങ്ങളുടെ ഉടമസ്ഥതയിലും വലിയൊരു ഭാഗം ഭൂമിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍, നായര്‍പ്രമാണികള്‍, മുസ്ളീംപ്രമാണികള്‍ മുതലായവരായിരുന്നു ജന്മിമാര്‍. ബഹുഭൂരിപക്ഷം കര്‍ഷകരും സ്വന്തമായി ഭൂമിയില്ലാത്ത പാട്ടക്കുടിയാന്മാരായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ അധികവും പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു. കൂടെക്കൂടെ നടന്നുകൊണ്ടിരുന്ന ഭൂമിയൊഴിപ്പിക്കലും, കുടിയൊഴിപ്പിക്കലും ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം കലുഷിതമാക്കിയിരുന്നു. പാട്ട വര്‍ദ്ധനവും മുറയ്ക്കു നടന്നുവന്നിരുന്നു. ഭാരിച്ച പാട്ടം താങ്ങാനാവാത്ത വിധം കൃഷിക്കാര്‍ നിര്‍ധനരും കടബാധിതരും ആയിരുന്നു. ഈ വക അനീതികള്‍ക്കെതിരായി ഏറനാട്ടിലും മറ്റും ചെറിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് നാമമാത്രമായെങ്കിലും അല്‍പം ആശ്വാസം നല്‍കിയ ആദ്യത്തെ നിയമം, 1887-ല്‍ പാസ്സാക്കപ്പെട്ട മലബാര്‍ കുടിയായ്മ-കുഴിക്കൂര്‍ ചമയബില്ല് ആയിരുന്നു. 1921-ലെ കലാപത്തിനു വഴിവെച്ച ഒരു കാരണം കാര്‍ഷികരംഗത്തുണ്ടായിരുന്ന ഈ പീഡനങ്ങളാണ്. ഗവണ്‍മെന്റ് പിന്നീട് പല അന്വേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം, ചിലതരം കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 1930-ല്‍ മലബാര്‍ കുടിയായ്മ നിയമം പാസ്സാക്കി. ഈ നിയമം പിന്നീട് 1945, 1951, 1954 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 1957-ല്‍ ഒഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. താമസിയാതെ ഇതൊരു നിയമമായി നിയമസഭ പാസ്സാക്കി. ഒഴിപ്പിക്കല്‍ എന്ന ഒഴിയാത്ത ഭീഷണിയില്‍ നിന്നും കൃഷിക്കാര്‍ അതോടുകൂടി മുക്തരായി.

സാംസ്കാരികചരിത്രം

തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍കാവ്, ഗരുഡന്‍കാവ് എന്നീ പൌരാണികക്ഷേത്രങ്ങള്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങളും കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് പരക്കെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ മഹാക്ഷേത്രങ്ങളില്‍ ഒന്നാണുതാനും. ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത്, “ശംബരന്‍” എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതുകൊണ്ട്, അതിനു ചുറ്റുമുള്ള പ്രദേശം ശംബരവട്ടം എന്നറിയപ്പെടുകയും പിന്നീട് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരൈതീഹ്യം. ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങിനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതീഹ്യം. ബുദ്ധ-ജൈന സംസ്ക്കാരങ്ങളുടെ സ്വാധീനം ഇവിടുത്തെ പൂജാരീതിയിലും ആരാധനാ സമ്പ്രദായത്തിലും കാണുന്നതിനാല്‍, പുരാതനകാലത്തു ഇവിടം ഒരു ബുദ്ധ-ജൈന സങ്കേതമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഭാരതപ്പുഴയില്‍ ഒരു തുരുത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍ കാവ് ആലത്തിയൂരിന്റെ ഗ്രാമക്ഷേത്രമാണ്. ഗരുഡന്‍കാവില്‍ കൂര്‍മാവതാര സങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഷ്ണുവും ഗരുഡപ്രതിഷ്ഠയുമാണുള്ളത്. സാക്ഷാല്‍ പെരുന്തച്ചന്‍ അന്നത്തെ വെട്ടത്തു രാജാവിന്റെ മുമ്പില്‍ മരം കൊണ്ടുള്ള ഒരു ഗരുഡ പ്രതിമ കാഴ്ചവെച്ചുവെന്നും അതാണിവിടുത്തെ പ്രതിഷ്ഠയെന്നും ഒരൈതിഹ്യമുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും പഴയ മുസ്ളീം പള്ളിയാണ് കൈനിക്കര ജുമാമസ്ജിദ്. സ്ഥലത്തെ കാരണവന്‍മാരുടെ അഭിപ്രായത്തില്‍ പള്ളി ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്ഥാപിക്കപ്പെട്ടതെന്നു കരുതാം. ക്രിസ്തുമതം മലബാര്‍ പ്രദേശത്ത് പ്രചരിച്ചത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായാണ്. ബാസല്‍ മിഷന്‍കാരുടെ പ്രവര്‍ത്തനഫലമായാണ് തൃപ്രങ്ങോട്, പരപ്പേരിയില്‍ ക്രിസ്ത്യന്‍ സമൂഹം ഉയര്‍ച്ച കൈവരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ ക്രിസ്തുമതവിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാകേന്ദ്രം പരപ്പേരി പള്ളിയാണ്. അനേകം പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന നാടാണിത്. എ.ഡി 1237-1295 കാലത്ത് ആലത്തിയൂര്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനാണ് തലക്കുളത്ത് ഭട്ടതിരി. വരാഹമിഹിരന്റെ ബൃഹത് ജാതകത്തിന്, ഭട്ടതിരി “ദശാധ്യായി” എന്ന പേരില്‍ സമഗ്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മുഹൂര്‍ത്തരത്നം എന്ന ജ്യോതിശാസ്ത്രഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണെന്ന് പറയപ്പെടുന്നു. 1465-1545 കാലത്തുണ്ടായിരുന്ന നീലകണ്ഠ സോമയാജി മധ്യകാലത്തെ പ്രസിദ്ധനായ കേരളീയ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ആര്യഭട്ടീയ ഭാഷ്യം, സിദ്ധാന്തദര്‍പ്പണവും ടീകയും, തന്ത്രസംഗ്രഹം, സുന്ദരരാജപ്രശ്നം, ഗ്രഹണ ഗ്രന്ഥം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സത് സംസ്കൃത കൃതികളായ മാതാംഗലീല (ആനച്ചികിത്സ), മനുഷ്യാലയ ചന്ദ്രിക (തച്ചു ശാസ്ത്രം) എന്നീ കൃതികളുടെ കര്‍ത്താവാണ്. ഇദ്ദേഹം തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു. 1828-1888 കാലത്തു ജീവിച്ച കുഞ്ഞുണ്ണി മൂസ്സത്, കിഴക്കെമ്പുല്ലത്ത് പ്രസിദ്ധ ഭിഷഗ്വരനും, സംസ്കൃതപണ്ഡിതനും, പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെ ഗുരുവുമായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധികേട്ട വ്യാകരണ പണ്ഡിതനും, സംസ്കൃതാധ്യാപകനും, വൈദ്യോത്തമനുമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലുള്ള ആലത്തിയൂരിലെ പാരമ്പര്യ വൈദ്യന്മാരായിരുന്നു ആലത്തിയൂര്‍ നമ്പിമാര്‍. “ആലത്തൂര്‍ മണിപ്രവാളം” എന്ന സുപ്രസിദ്ധ വൈദ്യശാസ്ത്രഗ്രന്ഥം രചിച്ചത് ആലത്തിയൂര്‍ നമ്പിമാരിലൊരാളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധനായ സാഹിത്യ വിമര്‍ശകന്‍ കെ.എം.കുട്ടികൃഷ്ണമാരാര്‍ തൃപ്രങ്ങോട്ടാണ് ജനിച്ചത്. അദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിച്ച്, സാഹിത്യശിരോമണി ബിരുദം നേടിയ ശേഷം മഹാകവി വള്ളത്തോളിന്റെ സഹായിയായി അദ്ദേഹത്തിന്റെ കൃതികള്‍ക്ക് “ടിപ്പണി” എഴുതി. കലാമണ്ഡലത്തില്‍ സാഹിത്യ അധ്യാപകനായി കുറേക്കാലം പ്രവര്‍ത്തിച്ചു. ചമ്രവട്ടം സ്വദേശിയായ സുപ്രസിദ്ധ സാഹിത്യകാരനായ സി.രാധാകൃഷ്ണനാണ് ഈ നാട്ടില്‍ ജനിച്ച മറ്റൊരു പ്രസിദ്ധവ്യക്തി. നവജീവന്‍ ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ ഏറ്റവും പഴയ ഗ്രന്ഥാലയം. 1952-ലാണ് ഈ ഗ്രന്ഥാലയം സ്ഥാപിതമായത്. ചവിട്ടുകളി, അയ്യപ്പന്‍പാട്ട്, ബദര്‍ കിസ്സപ്പാട്ട്, കോല്‍ക്കളി, പൂതന്‍കളി, പകിടകളി, ദഫ്മുട്ട്, അറവനമുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ പാരമ്പര്യകലകള്‍ പണ്ടുകാലത്ത് ഇവിടെ ഏറെ സജീവമായി നിലനിന്നിരുന്നു. തൃപ്രങ്ങോട് കേന്ദ്രമാക്കി മുന്‍കാലത്ത് കിഴക്കേ പീടികയില്‍ വലിയ മമ്മുക്കുട്ടി എന്നയാളുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഒരു കോല്‍ക്കളി കേന്ദ്രമുണ്ടായിരുന്നു.