ചരിത്രം

തൃക്കരിപ്പൂര്‍ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രപാണിക്ഷേത്രവും, തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുളത്തില്‍ നിന്നും താമരപ്പൂക്കള്‍ പറിച്ച് ചക്രപാണിയില്‍ അര്‍പ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി. ഈ സ്ഥലനാമമാണ് പിന്നീട് തൃക്കരിപ്പൂരായതെന്നാണ് ഐതിഹ്യം. ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങള്‍ ബ്രഹ്മാണ്ഡ പുരാണത്തില്‍ കേരളമഹാത്മ്യം എന്ന അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാന്‍ പരശുരാമന്‍ മലനാട്ടില്‍ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളില്‍ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂര്‍ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂര്‍. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താന്‍ തുനിഞ്ഞ പരശുരാമന്‍, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമന്‍ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാല്‍ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂര്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കോലത്തുനാട്ടിലെ സ്വരൂപങ്ങളില്‍ പ്രധാനമായ അള്ളടസ്വരൂപം ആരംഭിക്കുന്നതുതന്നെ ഒളവക്കടവു തൊട്ടാണ്. പൂര്‍ണ്ണമായും ജാതിമതാചാരങ്ങള്‍ പാലിച്ചുകൊണ്ട് നിലനിന്നിരുന്ന ഒരു വ്യവസ്ഥിതി തന്നെയാണ് ഇവിടെയുണ്ടായിരുന്നത്. കാര്‍ഷിക വൃത്തിയും അതോടൊപ്പം ജാതിക്കനുസരിച്ച കുലത്തൊഴിലുകളും ചെയ്താണ് ജനങ്ങള്‍ ഉപജീവനം കഴിച്ചിരുന്നത്. ഭൂമി പ്രധാനമായും ഏതാനും ജന്മിമാരുടെ കീഴിലായിരുന്നു. ഈ പ്രദേശത്തെ പ്രധാന ഭൂവുടമ, തെക്കെ തൃക്കരിപ്പൂരിലെ താഴെക്കാട്ടു മനക്കാര്‍ ആയിരുന്നു. ആനകളും ആനച്ചങ്ങലയുമുള്ള അവര്‍ എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കിക്കൊണ്ട് നീണ്ടകാലം ജനങ്ങളെ അടക്കി ഭരിച്ചവരായിരുന്നു. താഴെക്കാട്ട് മനയുടെ പ്രതാപകാലത്തും, അതിനുശേഷവും ഉദിനൂര്‍ ദേവസ്വത്തിന്റെയും അതുപോലെ ഉടുമ്പുന്തല, കൈക്കോട്ടു കടവ് എന്നിവിടങ്ങളിലെ മുസ്ളീം പ്രഭുക്കന്മാരുടെ കീഴിലും  ധാരാളം കുടിയാന്മാര്‍ കര്‍ഷകരായിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരാഹ്വാന രംഗങ്ങളില്‍ ഏര്‍പ്പെട്ട  പ്രമുഖര്‍ നാണാട്ട് കണ്ണന്‍നായര്‍, കെ.സി.കോരന്‍ എന്നിവരായിരുന്നു. കണ്ണന്‍നായര്‍ ഖാദി പ്രവര്‍ത്തനത്തിലും മദ്യവര്‍ജ്ജന പരിപാടികളിലും ശ്രദ്ധയൂന്നിയപ്പോള്‍ കെ.സി.കോരന്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളുമായാണ് ബന്ധപ്പെട്ടത്. അവരെ സ്വാമിആനന്ദതീര്‍ത്ഥനൊന്നിച്ച്  വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് പരിശ്രമിച്ചു. തുളുവന്‍ കണ്ണന്‍, കലശക്കാരന്‍ കുഞ്ഞിരാമന്‍, മാമുനികോരന്‍, ചന്തന്‍, കപ്പണക്കാരന്‍ കുഞ്ഞമ്പു എന്നിങ്ങനെ നിരവധി പേര്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സമരസേനാനി   ടി.കെ.കൃഷണന്‍മാസ്റ്റര്‍ ഖാദി പ്രവര്‍ത്തനത്തിലും രാഷ്ട്രഭാഷാ പ്രചരണത്തിലും സജീവമായി രംഗത്തിറങ്ങിയ വ്യക്തിയായിരുന്നു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ പയ്യന്നൂര്‍ ഉപ്പ് സത്യാഗ്രഹം തൃക്കരിപ്പൂരിലെ ഒളവറയ്ക്ക് സമീപമുള്ള ഉളിയെ കടവില്‍വെച്ചാണ് നടന്നത്. 1939-ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് നേതാവ് എന്‍.ഡി.രങ്കയെ പങ്കെടുപ്പിച്ചുകൊണ്ട് കൊടക്കാട്ട് വെച്ച് നടന്ന കര്‍ഷകസംഘം സമ്മേളനത്തില്‍ തൃക്കരിപ്പൂര്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഭൂപ്രഭുക്കന്മാരായിരുന്ന താഴെക്കാട്ട് മനയുടെ കുടുംബത്തില്‍ നിന്നാണ് മലബാര്‍ കര്‍ഷക വിമോചന പ്രസ്ഥാനത്തിന്റെ പാടുന്ന പടവാളെന്ന് പ്രസിദ്ധനായ ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പ് രംഗത്ത് വന്നത്. മനയിലെ തന്നെ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ്, ഹരീശ്വരന്‍ തിരുമുമ്പ് എന്നിവരും കര്‍ഷക പ്രസ്ഥാനത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൊട്ടുക്കന്റെ കണ്ണന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.വി.കോരന്‍ എന്നിവരുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഗുണഫലമാണ് ഒളവറ ഗ്രന്ഥാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയ പ്രദേശമാണ് തൃക്കരിപ്പൂര്‍. 1917-ല്‍ താഴെക്കാട്ട് മന വക ഊട്ടു മഠത്തില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് സൌത്ത് തൃക്കരിപ്പൂര്‍ ഗവ: ഹൈസ്കൂളായതു മുതല്‍ തന്നെ പ്രദേശത്തിന്റെ ഈ രംഗത്തെ ചരിത്രം ആരംഭിക്കുന്നു. കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ തൃക്കരിപ്പൂരുണ്ട്. അവരിലാദ്യം ഓര്‍ക്കേണ്ട വ്യക്തി ഗുരു ചന്തുപ്പണിക്കരാണ്. കഥകളി രംഗത്ത് പ്രസിദ്ധനായ കലാമണ്ഡലം കൃഷ്ണന്‍നായരടക്കമുള്ള പ്രഗത്ഭമതികളുടെ ഗുരുസ്ഥാനം അലങ്കരിച്ച ഈ പ്രതിഭാധനന്‍ താഴെക്കാട്ട് മനയുടെ കളിയോഗത്തിലൂടെയാണ് അരങ്ങേറുന്നത്. തെയ്യം കലാകാരന്മാരായ ചന്തുപ്പെരുമലയന്‍, കൃഷ്ണന്‍ പെരുമലയന്‍, രാമന്‍ പണിക്കര്‍ എന്നിവരും കോല്‍ക്കളിയിലും കളരിപ്പയറ്റിലും ലക്ഷ്മണന്‍ ഗുരുക്കളും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്. തൃക്കരിപ്പൂരിലെ ഗ്രന്ഥാലയങ്ങളുടെയും വായനശാലകളുടെയും ചരിത്രം പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രം കൂടിയാണ്. 1940-ന് ശേഷം രൂപികരിച്ച കൊയൊങ്കര ആചാര്യ നരേന്ദ്രദേവ് ഗ്രന്ഥാലയം, സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന ഒളവറ ഗ്രന്ഥാലയം, മുഹമ്മദ് അബ്ദുറഹിമാന്‍ ഗ്രന്ഥാലയം തുടങ്ങിയ നിരവധി ഗ്രന്ഥാലയങ്ങളും വായനശാലകളും അവയുടെ സജീവമായ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ക്രിസ്തുമതാനുയായികളുടെ ഒരു ആരാധനാ കേന്ദ്രമാണ് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ചര്‍ച്ച്. കഥകളി രംഗത്തെന്നപോലെ തുള്ളല്‍ പ്രസ്ഥാനത്തിലും പ്രഗത്ഭരായ ആശാന്മാര്‍ ഇവിടെയുണ്ടായിരുന്നു. തുള്ളലിലെ പറയന്‍തുള്ളലില്‍ പ്രാവീണ്യം നേടിയ കലാചാര്യനായിരുന്നു തങ്കയത്തിലെ അപ്പാട്ട് കുഞ്ഞിരാമപൊതുവാള്‍ ആശാന്‍. കോല്‍ക്കളിയുടെ ആചാര്യനായിരുന്ന ലക്ഷ്മണന്‍ ഗുരുക്കള്‍, തെയ്യം കലാകാരന്മാരായിരുന്ന ചന്തുപ്പെരുമലയന്‍, കൃഷ്ണന്‍ പെരുമലയന്‍, രാമന്‍പണിക്കര്‍, അമ്പുപ്പണിക്കര്‍ എന്നിവരുടെ സാന്നിദ്ധ്യവും പ്രാതിനിധ്യവും പഞ്ചായത്തിനെ ധന്യമാക്കിയിരിക്കുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഒളവറ വായനശാല ആന്റ് ഗ്രാന്ഥാലയവും, തങ്കയം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല ആന്റ് ഗ്രാന്ഥാലയവുമടക്കം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന  ഗ്രന്ഥാലയങ്ങള്‍ ഇവിടെയുണ്ട്. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒട്ടേറെ അമെച്വര്‍ കലാസമിതികള്‍ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും, നടനും ഗായകനുമായ കെ.എം.കുഞ്ഞമ്പുവിന്റെ സ്മരണയെ നിലനിര്‍ത്തുന്ന തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാസമിതിയടക്കം പല കലാസമിതികളും ഇവിടെ വളരെ നന്നായി പ്രവര്‍ത്തിച്ച് വരുന്നു.