പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

ചെളി കൂടിയ മണലുള്ളതും ചതുപ്പു നിലങ്ങളുള്ളതുമായ പടിഞ്ഞാറെ കായലോര തീരസമതലവും ചൊരിമണലും മണല്‍ കുന്നുകളുമുള്ള അല്‍പം ഉയര്‍ന്ന മധ്യഭാഗവും മണല്‍പ്രദേശമായ കിഴക്കെ കായലോരവും ചേര്‍ന്നതാണീ ഗ്രാമത്തിന്റെ ഭൂപ്രകൃതി. പ്രധാനകൃഷി നെല്ല്, തെങ്ങ് എന്നിവയും ഇടവിളകള്‍ കശുമാവ്, വാഴ, കവുങ്ങ്, കുരുമുളക്, മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചില്‍ , പപ്പായ, പൈനാപ്പിള്‍ , വെറ്റിലക്കൊടി എന്നിവയും അപൂര്‍വ്വമായി റബറുമാണ്. കൃഷിയാവശ്യത്തിനായി താഴ്ത്തിയെടുത്ത പൊടിപ്പാടങ്ങളും ഉയര്‍ത്തിയെടുത്ത കരിപ്പാടങ്ങളും നിറഞ്ഞതാണീ പ്രദേശം. ഇരിപ്പൂ കൃഷിയുള്ള കൃഷിനിലങ്ങളില്‍ വേനല്‍ക്കാലത്ത് പച്ചക്കറികളും പയര്‍ , എള്ള് എന്നിവയും കൃഷി ചെയ്തുവരുന്നു. പഴയകാലത്ത് കര്‍ഷകരുടെ മുഖ്യവരുമാന മാര്‍ഗ്ഗം തെങ്ങുകൃഷിയായിരുന്നു. അക്കാരണത്താല്‍തന്ന കയറുല്പന്നങ്ങളുടെ തൊഴില്‍ ഇവിടെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ആദ്യകാലത്ത് കൃഷി ചെയ്തിരുന്ന നെല്ലിനങ്ങള്‍ വിരിപ്പ്, മുണ്ടകന്‍ , ഓരുമുണ്ടകന്‍ , ചെട്ടിവിരിപ്പ്, കറുത്തമുണ്ടകന്‍ എന്നിവയായിരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ ഭക്ഷ്യാവശ്യത്തിന് ഏറെക്കുറെ ഇവിടെ ഉല്പാദിപ്പിക്കുന്ന നെല്ല് അന്ന് തികയുമായിരുന്നു. കാലക്രമത്തില്‍ കൃഷിച്ചിലവിനുണ്ടായ വര്‍ദ്ധനയും കര്‍ഷക തൊഴിലാളികളുടെ ലഭ്യതയിലുണ്ടായ കുറവും നെല്‍കൃഷിയെ അധ:പ്പതിപ്പിച്ചു. എണ്‍പതുകളുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ നാളികേരത്തിനുണ്ടായ വിലവര്‍ദ്ധനവും നെല്‍വയലുകളുടെ തിരോധാനത്തിനു വേഗത കൂട്ടി. പല ആവശ്യങ്ങള്‍ക്കുമായി വയലുകള്‍ നികത്തപ്പെട്ടു.

മത്സ്യബന്ധനം

തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ വേമ്പനാട്ടു കായലാണ്. 1,2,9 വാര്‍ഡുകളിലായി 4 കിലോമീറ്ററും 4,5 വാര്‍ഡുകളായി 2 കിലോമീറ്ററും കായലോരമുണ്ട്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും പാണാവള്ളി പഞ്ചായത്തിന്റെയും അതിര്‍ത്തിയിലൂടെയുള്ള പൂച്ചാക്കല്‍ തോട് കിഴക്കും പടിഞ്ഞാറുമുള്ള കായലിനെ ബന്ധിക്കുന്നു. പഞ്ചായത്തില്‍ 1, 2, 9, 4, 5, 6, 7 വാര്‍ഡുകളിലാണ് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വേമ്പനാട്ട് കായലാണ് പ്രധാന മത്സ്യബന്ധന മേഖല. മത്സ്യബന്ധന മേഖലയില്‍ ഏറിയ പങ്കും ജോലി ചെയ്യുന്നത് പുരുഷന്മാരാണ്. എങ്കിലും വിപണന മേഖലയില്‍ സ്ത്രീകള്‍ക്കാണ് മുഖ്യസ്ഥാനം. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ , മെയ്, ജൂണ്‍ , ജൂലൈ, ആഗസ്റ് മാസങ്ങളിലാണ് പ്രധാനമായും മത്സ്യബന്ധനം നടക്കുന്നത്. സെപ്തംബര്‍ , ഒക്ടോബര്‍ , നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ കായല്‍ ആഫ്രിക്കന്‍ പായലാല്‍ മൂടപ്പെടുന്നതിനാല്‍ മത്സ്യബന്ധനത്തിനു തടസ്സം നേരിടുന്നു. ഇന്ന് കൃഷിയിടങ്ങളില്‍ പലതിലും ശാസ്ത്രീയമായ മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചിട്ടുണ്ട്. പാടശേഖരങ്ങളിലെ നെല്‍കൃഷി ഇല്ലാതായതോടുകൂടി മത്സ്യസമ്പത്ത് പെരുകുവാനുള്ള സാധ്യതകള്‍ ഇല്ലാതായി. മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ നാരന്‍ ചെമ്മീന്‍ , കരിമീന്‍ എന്നിവയും ജൂണ്‍ , ജൂലൈ, ആഗസ്റ് മാസങ്ങളില്‍ തെള്ളിച്ചെമ്മീന്‍ , ചൂടന്‍ ചെമ്മീന്‍ , കൂരി, കൊഴുവ, ആറ്റുകൊഞ്ച് എന്നിവയും ലഭിക്കുന്നു.

ഗതാഗതം

പ്രകൃതിയുടെ പ്രത്യേകതമൂലം ഈ പഞ്ചായത്തില്‍ റോഡുനിര്‍മ്മാണം വളരെയധികം ക്ളേശകരമാണ്. സംരക്ഷണവും അതുപോലെ തന്ന. മുന്‍കാലത്ത് റോഡ് സ്വപ്നം മാത്രമായിരുന്നു. പള്ളിപ്പുറം ദ്വീപ് പ്രദേശത്തേയ്ക്ക് റോഡുണ്ടാക്കുക അസാദ്ധ്യമായിരുന്നു. വേമ്പനാട്ടു കായല്‍വഴി ബോട്ടുകളിലും, വള്ളങ്ങളിലുമായിരുന്നു യാത്ര. ചരക്കു ഗതാഗതത്തിന് വലിയ കേവുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ചെങ്ങണ്ടപാലം നിര്‍മ്മിക്കുന്നതിന് മുമ്പുതന്ന ചേര്‍ത്തല അരൂക്കുറ്റി റോഡുണ്ടായിരുന്നു. ബസ്റ് കോസ്റ് സിന്റിക്കേറ്റിന്റെ വക കരി ഗ്യാസ് വണ്ടി ഓടിയിരുന്നു. പഞ്ചായത്തിലെ പ്രധാന റോഡായ തുറവൂര്‍ ഉദയനാപുരം എന്ന പേരിലറിയപ്പെടുന്ന തൈക്കാട്ടുശ്ശേരി-ഫെറി മാക്കേകടവു റോഡ് നിര്‍മ്മിച്ചത് 1947-ന്റെ ആരംഭകാലത്താണ്. കേരളത്തിലെ മറ്റ് ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ 3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നേര്‍രേഖ റോഡ് അപൂര്‍വ്വമാണ്. നാട്ടുകാരും ഐക്കഫും ചേര്‍ന്ന് നിര്‍മ്മിച്ച നടപ്പാതയാണ് പിന്നീട് പൂച്ചാക്കല്‍ - കോടംതുരുത്ത് - ഫെറി റോഡായത്. 1959-ല്‍ ചെങ്ങണ്ടപ്പാലം പൂര്‍ത്തിയാക്കിയതോടെ ഈ പ്രദേശത്ത് വികസനത്തിന്റെ ആദ്യകിരണം കണ്ടുതുടങ്ങി. ചെറുകിട വ്യവസായ മേഖലയില്‍ കയര്‍ വ്യവസായ വികസനത്തിന് ഗ്രാമീണ റോഡുകള്‍ സഹായകവുമായിട്ടുണ്ട്.

അടിസ്ഥാന മേഖലകള്‍

നിലവില്‍ പഞ്ചായത്തില്‍ ഒരു സ്വകാര്യ മാര്‍ക്കറ്റും പൂച്ചാക്കല്‍ ടൌണില്‍ പഞ്ചായത്തു വക മാര്‍ക്കറ്റുമാണ് ഉള്ളത്. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം തേവര്‍വട്ടം എല്‍ പി സ്ക്കൂളാണ്. ഈ വിദ്യാലയം 1898-ലാണ് സ്ഥാപിച്ചത്. ഇന്ന് 3 ലോവര്‍ പ്രൈമറി സ്ക്കൂളുകളും 2 യു.പി സ്ക്കൂളുകളും 3 ഹൈസ്ക്കൂളുകളുമടക്കം ആകെ 8 സ്ക്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്. 2 ഹൈസ്ക്കൂളുകളില്‍ എല്‍ പി, യു.പി, എച്ച്.എസ് വിഭാഗങ്ങളും ഒരു ഹൈസ്ക്കൂളില്‍ യു.പി, എച്ച്.എസ് വിഭാഗങ്ങളുമുണ്ട്. ഇവയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹൈസ്ക്കൂളും ഒരു യു.പി സ്ക്കൂളും 2 എല്‍ പി സ്ക്കൂളുകളും സ്വകാര്യ മേഖലയില്‍ 2 ഹൈസ്ക്കൂളുകളും ഒരു യു.പി സ്ക്കൂളും ഒരു എല്‍ പി സ്ക്കൂളും ഉള്‍പ്പെടുന്നു. കൂടാതെ ഒരു അണ്‍ എയ്ഡഡ് സ്ക്കൂളും 3 മലയാളം നേഴ്സറി സ്ക്കൂളും ഒരു ഇംഗ്ളീഷ് മീഡിയം നേഴ്സറി സ്ക്കൂളും 2 ഹിന്ദി വിദ്യാലയങ്ങളുമുണ്ട്. അനൌപചാരിക രംഗത്ത് 5 ആശാന്‍ കളരികളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പാരമ്പര്യ വൈദ്യന്മാരും, ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും പരിചരിക്കുന്നതിനായി പാരമ്പര്യ വൈദഗ്ദ്ധ്യം നേടിയ സ്ത്രീകളും (വയറ്റാട്ടികള്‍ ) ഉണ്ടായിരുന്നു. ഇപ്പോഴും തൈക്കാട്ടുമന പാരമ്പര്യ ചികിത്സാ രീതികള്‍ നിലനിര്‍ത്തിപ്പോരുന്നു. ആയൂര്‍വേദ ചികിത്സാ രീതിയില്‍ നിന്നും അലോപ്പതി ചികിത്സാ രീതിയിലേയ്ക്ക് ഭൂരിഭാഗം വരുന്ന ജനവിഭാഗത്തിനും മാറുവാന്‍ കഴിഞ്ഞത് 1920 കളോടെയാണ്. രണ്ട് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ മൂന്ന് ആശുപത്രികള്‍ പഞ്ചായത്തു പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. ഗവ. ആശുപത്രി തൈക്കാട്ടുശ്ശേരി 1920-ല്‍ ഡിസ്പെന്‍സറിയായി ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1930-ല്‍ ഇപ്പോഴത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. താലൂക്ക് നിലവാരം കഴിഞ്ഞാല്‍ ഇത്രയധികം രോഗികളെ കിടത്തി ചികിത്സിപ്പിക്കുന്ന ഗവ. ആശുപത്രികള്‍ അപൂര്‍വ്വമാണ്. 1930-കളില്‍ കൊപ്രാ വ്യവസായവും 1940-കളില്‍ 4 വന്‍കിട കയര്‍ ഫാകടറികളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കയറ്റുമതി രംഗത്തുവരെ കയര്‍ വ്യവസായം പുരോഗമിച്ചിരുന്നു. ഐ സി എം കമ്പനി, കുടകുത്തുംപറമ്പ്, വാര്യംപറമ്പ്, വല്യാറ തുടങ്ങിയ കമ്പനികളായിരുന്നു ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് കയര്‍ ഫാക്ടറികള്‍ ആകെ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. വ്യവസായ രംഗത്ത് രണ്ടാമതായി വരുന്ന മേഖലയാണ് കറുത്ത കക്കാ വ്യവസായം. പഞ്ചായത്തില്‍ സുലഭമായി കിട്ടുന്ന അസംസ്കൃത പദാര്‍ത്ഥമാണ് സിലിക്കാ മണല്‍ . പല വ്യവസായങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്.

സംസ്കാരം

സ്വാതന്ത്ര്യ സമരത്തോടൊപ്പം വളര്‍ന്ന നവോത്ഥാന സംസ്കാരബോധം ഈ പഞ്ചായത്തിലും കുറെയൊക്കെ ഉണ്ടായിത്തീര്‍ന്നിരുന്നു. ജന്മിത്വത്തിലൂടെ വളര്‍ന്നു നിലവിലിരുന്ന അടിമ-ഉടമ വ്യവസ്ഥിതി സ്വാതന്ത്യ്ര ലബ്ധിയോടെ അല്‍പാല്‍പം മാറിവന്നു. ജന്മിത്വത്തിനെതിരെ നടന്ന സമരങ്ങളുടെ അലയൊലികള്‍ ഇവിടെയും ചലനങ്ങള്‍ സൃഷ്ടിച്ചു. പ്രസിദ്ധരായ സാംസ്കാരിക നായകന്‍മാരുടെ പ്രേരണയോ പ്രചോദനമോ പ്രചാരണമോ ഒന്നും കാര്യമായി ഈ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ ബാധിച്ചിട്ടില്ല. വിദ്യാഭ്യാസത്തോടൊപ്പം കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുമെല്ലാം ഇവിടുത്തെ ജനതയെ കുറെയൊക്കെ സാമൂഹ്യ വീക്ഷണമുള്ളവരാക്കി മാറ്റിയിട്ടുണ്ട്. ജാതിമത ചിന്തകളുടെ അടിസ്ഥാനത്തില്‍ കലഹങ്ങളൊന്നും ഉണ്ടായതായി അറിവില്ല. സാംസ്കാരിക സങ്കേതങ്ങള്‍ എന്ന് അറിയപ്പെടാവുന്ന വിധം ഈ പഞ്ചായത്തില്‍ 3 ഗ്രന്ഥശാലകളേയുള്ളൂ.