തൈക്കാട്ടുശ്ശേരി

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി ബ്ളോക്കില്‍ ഉള്‍പ്പെടുന്ന 1-ാം ഗ്രേഡ് ഗ്രാമപഞ്ചായത്താണ് തൈക്കാട്ടുശ്ശേരി. തൈക്കാട്ടുശ്ശേരി വില്ലേജു പരിധിയില്‍ വരുന്ന പഞ്ചായത്താണിത്. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 13.82 ചതുരശ്ര കിലോമീറ്ററാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ വേമ്പനാട്ടു കായലാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും പാണാവള്ളി പഞ്ചായത്തിന്റെയും അതിര്‍ത്തിയിലൂടെയുള്ള പൂച്ചാക്കല്‍ തോട് കിഴക്കും പടിഞ്ഞാറുമുള്ള കായലിനെ ബന്ധിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ മൌട്ടന്‍ (മുട്ടം) എന്നറിയപ്പെട്ടിരുന്ന പ്രദേശം ഉള്‍പ്പെടുന്ന കരപ്പുറം (ചേര്‍ത്തല) ദേശത്തിന്റെ ചരിത്രവുമായി ബന്ധപെടുന്നതാണ് ഈ പ്രദേശം. കരപ്പുറം പ്രദേശത്തെ ഒരു കരയായിരുന്നു തൈക്കാട്ടുശ്ശേരി. കുറ്റിക്കാടുകളും മണല്‍പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കാലാന്തരത്തില്‍ കൃഷിക്കായി മണല്‍പ്രദേശങ്ങള്‍ താഴ്ത്തി പാടങ്ങള്‍ രൂപപ്പെടുത്തി. അന്ന് താഴ്ത്തിയെടുത്ത മണ്ണാണ് ഇന്നത്തെ സിലിക്കാ മണല്‍കുന്നുകള്‍. പടിഞ്ഞാറെ തീരപ്രദേശം കൂടുതലും കൃഷിയ്ക്കായി നികത്തിയെടുത്തതും, ചിറകള്‍ പിടിപ്പിച്ച് ഉണ്ടാക്കിയതുമാണ്. പണ്ടുകാലത്ത് ജനവാസമില്ലാത്ത മണല്‍പ്രദേശത്തു കൂടി പകല്‍ പോലും യാത്ര ചെയ്യാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. മണല്‍പ്പരപ്പുകള്‍ താഴ്ത്തിയും തീരപ്രദേശങ്ങള്‍ ചിറകെട്ടി ഉയര്‍ത്തിയും മണ്ണില്‍ പൊന്ന് വിളയിക്കാന്‍ ഒരു ജനത പാടുപെട്ടതിന്റെ ഫലമാണ് ഇന്നത്തെ രൂപത്തില്‍ ഈ ഗ്രാമം സൃഷ്ടിക്കപ്പെട്ടത്.