തൈക്കാട്ടുശ്ശേരി

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലാണ് തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അരൂക്കുറ്റി, ചേന്നം പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് തൈക്കാട്ടുശ്ശേരി. അരൂകുറ്റി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് 86.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള ഈ ബ്ളോക്ക് പ്രദേശം ദ്വീപുകളുടെ ഒരു കൂട്ടമാണ്. ബ്ളോക്കിലെ ഏറ്റവും ചെറിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. ബ്ളോക്കിലുള്‍പ്പെടുന്ന പഞ്ചായത്തുകളുടെയെല്ലാം അതിര്‍ത്തികള്‍ വേമ്പനാട്ട് കായലാണ്. കായലിനപ്പുറം വടക്ക് എറണാകുളം ജില്ലയും കിഴക്ക് കോട്ടയം ജില്ലയുമാണ്. വിശദമായി പറഞ്ഞാല്‍ വടക്കുഭാഗത്ത് വൈറ്റില ബ്ളോക്കും, കിഴക്കുഭാഗത്ത് മുളന്തുരുത്തി, വൈക്കം ബ്ളോക്കുകളും, വൈക്കം മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കഞ്ഞിക്കുഴി, ചേര്‍ത്തല ബ്ളോക്കുകളും, ചേര്‍ത്തല മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ചേര്‍ത്തല മുനിസിപ്പാലിറ്റിയും പട്ടണക്കാട് ബ്ളോക്കുമാണ് തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. തൈക്കാട്ടുശ്ശേരി ബ്ളോക്കിലെ ഭൂപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും ആറു മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ മുഴുവന്‍ ഭൂപ്രദേശങ്ങളും തീരസമതലമേഖലയില്‍ പെടുന്നു. പഴയ തിരുവിതാംകൂറിന്റെ വടക്കേയറ്റമായിരുന്ന കരപ്പുറം (ചേര്‍ത്തല) പ്രദേശത്തിന്റെ വടക്കു ഭാഗമാണ് ഇപ്പോഴത്തെ തൈക്കാട്ടുശ്ശേരി ബ്ളോക്കുപഞ്ചായത്ത്. ബ്ളോക്കിന്റെ വടക്കേയറ്റമായ അരൂക്കുറ്റിയില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചുങ്കം പിരിവിനായി സ്ഥാപിച്ചിരുന്ന “ചൌക്ക”(കംസ്റ്റംസ് കാര്യാലയം)യും, എട്ടുകൊട്ടാരവും, രാജഭരണ കാലത്തെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളും സമീപകാലം വരെ ഇവിടെ കാലപ്പഴക്കത്തെ അതിജീവിച്ച് ഇവിടെ നിലനിന്നിരുന്നു. 1963-ലാണ് തൈക്കാട്ടുശ്ശേരി ഗ്രാമവികസന ബ്ളോക്ക് സ്ഥാപിതമായത്. ആദ്യകാലത്ത് തൈക്കാട്ടുശ്ശേരിയിലായിരുന്നു ബ്ളോക്കിന്റെ ആസ്ഥാനം. പിന്നീട് 1970-ല്‍ പാണാവള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. തുടക്കത്തില്‍ ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, മറ്റത്തില്‍ ഭാഗം എന്നീ പഞ്ചായത്തുകളാണ് ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്നത്. 1995-ലാണ് ബ്ളോക്ക് പഞ്ചായത്തിലെ ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നത്. ടി.കെ.ഹരിദാസ് ആയിരുന്നു ആദ്യ പ്രസിഡന്റ്. നെല്ലും തെങ്ങും സമൃദ്ധമായി കൃഷി ചെയ്തുപോന്നിരുന്ന ഒരു ഭൂപ്രദേശമാണ് തൈക്കാട്ടുശ്ശേരി. സിലിക്ക, കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയ കക്ക എന്നിവ വന്‍തോതില്‍ ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട്. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കേരളാ കണ്‍സ്ട്രക്ഷന്‍സ് കമ്പോണന്റ് ആണ് ഇവിടത്തെ പ്രധാന പൊതുമേഖലാ സ്ഥാപനം. അരുക്കുറ്റി-ചേര്‍ത്തല എന്‍.എച്ച് 47 ആണ് ഈ ബ്ളോക്കുപ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡ്.