ചരിത്രം

ചരിത്രത്തിലെന്നും സവിശേഷമായ സ്ഥാനം നേടിയിട്ടുള്ള ചേര്‍ത്തല താലൂക്കിലാണ് കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് അറബിക്കടലും തെക്കും വടക്കും യഥാക്രമം പട്ടണക്കാടും കുത്തിയതോടും വയലാറും അതിരിട്ട ഹരിതമനോഹരമായ തുറവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തലക്കു പണ്ട് കരപ്പുറം എന്നാണ്  പേര് പറഞ്ഞിരുന്നത്. കരപ്പുറം എന്ന പേര് സൂചിപ്പിക്കുന്നത് ഈ പ്രദേശം കടല്‍ വാങ്ങി കരയായിതീര്‍ന്നതാണെന്നാണ്. അഴീക്കല്‍, കടലുണ്ടി, വൈക്കം, കടുത്തുരുത്തി എന്നിവയും അങ്ങനെവന്ന പേരുകളാണെന്നാണ് കരുതപ്പടുന്നത്. 1640 വരെ കരപ്പുറം ചേര്‍ത്തല ഭരിച്ചിരുന്നത് മൂത്തേടത്തു കൈമള്‍ എന്ന നാടുവാഴിയായിരുന്നു. കരപ്പുറത്ത് ഐക്കരകൈമള്‍, പായരപ്പാട്ട് കൈമള്‍, കോടനാട് കൈമള്‍, ചെല്ലനാട്ടു കൈമള്‍ എന്നിങ്ങനെ പേര് പറയപ്പെട്ട എഴുപത്തിരണ്ട് മാടമ്പി കുടുംബങ്ങളുണ്ടായിരുന്നു. അവരെ കരപ്പുറം കൈമള്‍മാരെന്ന് വിളിച്ചിരുന്നു. മൂത്തേടം, ഇളയടം എന്നീ നാടുവാഴി കുടുംബത്തില്‍പ്പെട്ടവരായിരുന്നു കരപ്പുറം കൈമള്‍മാര്‍. തുറയ്ക്ക്  തുറമുഖം എന്ന അര്‍ത്ഥവും ശബ്ദതരാവലി പറയുന്നു. തൂറവൂര് തുറമുഖം ഉണ്ടായിരുന്ന ഊരാണ് എന്ന വാദഗതിയുണ്ട്. ക്രിസ്തുവര്‍ഷത്തിന്റെ ആരംഭകാലത്ത് മനക്കോടത്ത് വാണിജ്യ പ്രധാന്യമുള്ള ഒരു തുറമുഖം ഉണ്ടായിരുന്നു. നമ്പൂതിരിമാരുടെ ധാരാളം മനകളവിടെ ഉണ്ടായിരുന്നതു കൊണ്ടാണ് മനക്കോടം എന്ന സ്ഥലപ്പേര് കൈവന്നതെന്നു പറയുന്നു. മനക്കോടം പള്ളി സ്ഥാപിച്ചത് പോര്‍ച്ചുഗീസുകാരാണ്. 1640 ലാണ് വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ നാമധേയത്തില്‍ ആ പള്ളി സ്ഥാപിച്ചതെന്നു കാണുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തുറവൂര്‍ മഹാക്ഷേത്രവും മനക്കോടും പള്ളിയുമാണ് തുറവൂര്‍ പഞ്ചായത്തിലെ പുരാതന ദേവാലയങ്ങള്‍. തിരുമല ദേവസ്വം, തുറവൂര്‍ ദേവസ്വം എന്നീ ദേവസ്വങ്ങളും പളളക്കീഴ് മന, നെടുപുറത്ത് മന, തേവലപ്പൊഴിമന എന്നീ നമ്പൂതിരി കുടുംബങ്ങളും പാറായി തരകന്‍മാരെന്ന ക്രിസ്തീയ കുടുംബവും തുരുത്തുക്കാട്ട്  കര്‍ത്താക്കന്‍മാര്‍, പൂവത്തില്‍ കൈമള്‍മാര്‍ എന്നീ നായര്‍ കുടുംബങ്ങളുമാണ് തുറവൂര്‍ പഞ്ചായത്തിലെ ഭൂമിയും അതിലെ ഭോഗങ്ങളും ഒരു കാലത്ത് അനുഭവിച്ചു കൊണ്ടിരുന്നത്. ക്രിസ്തീയദേവാലയങ്ങളായ മനക്കോടം പള്ളി, വളമംഗലം പള്ളി, ആലയ്കാപറമ്പ് പള്ളി, പാട്ടം പള്ളി എന്നിവ കൂടാതെ ചെറിയ കുരിശുപള്ളികളും ഉണ്ട്. ഇവിടെ ഒരു കഥകളി സംഘം ഉണ്ടായിരുന്നു. പപ്പനാശാന്റെ (പത്മനാഭന്‍ ഭാഗവതര്‍)  നേതൃത്വത്തിലാണ്  ആ കഥകളി സംഘം രൂപം കൊണ്ടത്. ചിത്ര രചനാരംഗത്ത് മാടപ്പള്ളി ഗോവിന്ദക്കര്‍ത്താവും അറയ്ക്കല്‍ പത്മനാഭന്‍നായരും ശ്രീധരന്‍പിള്ളയും അതിനുമുമ്പ് വലിയവീട്ടില്‍ തങ്കനാശാനും പ്രശസ്തരും പ്രഗത്ഭരും ആയിരുന്നു. കര്‍ണ്ണാടക സംഗീതത്തിലും കീര്‍ത്തികേട്ട പലരും ഇവിടെയുണ്ടായിരുന്നു. ചങ്ങരത്ത് കൃഷ്ണപണിക്കര്‍, ചണ്ണാപള്ളി ശങ്കരക്കുറുപ്പ്, കേശവന്‍ ഭാഗവതര്‍ തുടങ്ങിയവര്‍ പഞ്ചായത്തിലെ സംഗീതചരിത്രത്തില്‍  സ്ഥാനം പിടിച്ചിട്ടുള്ള വ്യക്തികളാണ്. വൈദ്യത്തിന് വളരെ പ്രശസ്തമായ ഒരു പാരമ്പര്യമാണ് പഞ്ചായത്തിനുള്ളത്. കേളവൈദ്യരും മനക്കോടം കേശവന്‍ വൈദ്യരും  നാരായണന്‍ വൈദ്യരും കോരപ്പുഴ ശങ്കുവൈദ്യരും വാസു വൈദ്യരും  മറ്റു വൈദ്യശ്രേഷ്ടന്‍മാരായിരുന്നു. മനക്കോടം കേശവന്‍ വൈദ്യര്‍ ആയൂര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വിഭാഗത്തിന്റെ ഓണററി പ്രൊഫസറായിരുന്നു.