പഞ്ചായത്തിലൂടെ

ആലപ്പുഴ ജില്ലയ്ക്ക് ശക്തിയും  സൌന്ദര്യവും  നല്‍കികൊണ്ട് ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കരയോടു ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമമാണ് തുറവൂര്‍ പഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര് പള്ളിത്തോട്ടിലുള്ള അറബിക്കടലാണ്. ചേര്‍ത്തല താലൂക്കില്‍പ്പെട്ട ഈ ഗ്രാമം ആയിരത്താണ്ടുകള്‍ക്കു മുമ്പേ കടല്‍ വച്ചതാണ് എന്നു പറയപ്പെടുന്നു. ചേര്‍ത്തലയ്ക്ക് പണ്ട് കരപ്പുറം എന്നായിരുന്നു പേര്. കടല്‍ വച്ചകര എന്ന അര്‍ത്ഥത്തിലാവാം ആ  പേര് വന്നിട്ടുള്ളത്. കേരളത്തിലെ തീരസമതലത്തില്‍പ്പെടുന്ന ഒരു പഞ്ചായത്താണ് തുറവൂര്‍.  19.18 ചതുരശ്രകിലോമീറ്റര്‍  വരുന്ന ഈ ഭൂപ്രദേശത്ത്  കായലിനോട്  തൊട്ടു കിടക്കുന്ന ചതുപ്പു നിറഞ്ഞ കരിനിലങ്ങളില്‍ എക്കല്‍ കലര്‍ന്ന ചെളി മണ്ണും മദ്ധ്യഭാഗത്തും കടല്‍ തീരത്തും മണല്‍മണ്ണുമാണ്. പരമ്പരാഗതമായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് കാര്‍ഷികമേഖലയിലും പരമ്പരാഗതവ്യവസായമായ  കയര്‍മേഖലയിലുമായിരുന്നു. കൂടാതെ  പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ജനങ്ങള്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നു. പട്ടണക്കാട് ബ്ളോക്കില്‍പ്പെടുന്ന 8 പഞ്ചായത്തുകളില്‍ ഏറെ കാര്‍ഷിക പ്രധാന്യമുള്ള ഒരു പഞ്ചായത്താണ്  തുറവൂര്‍. പ്രസിദ്ധമായ ചെട്ടിവരിപ്പു നെല്ല് വിളയുന്ന കരിനിലങ്ങളില്‍ ഭൂരിഭാഗവും ഈ പഞ്ചായത്തിലാണുള്ളത്. ഏതാനും കി.മീറ്ററുകള്‍ മാത്രം  അകലെ സ്ഥിതി ചെയ്യുന്ന കൊച്ചി തുറമുഖം, വിമാനത്താവളം എന്നിവയുടെ  സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ഈ പഞ്ചായത്ത് വ്യവസായ വളര്‍ച്ചക്ക് ആവശ്യമായ റോഡ് (എന്‍.എച്ച് 47) ) റെയില്‍ഗതാഗത സൌകര്യങ്ങളാലും സമ്പന്നമാണ്. തുറവൂര്‍ പഞ്ചായത്തില്‍ മൂന്ന് പ്രാഥമിക സഹകരണ സര്‍വ്വീസ് ബാങ്കുകളും കൂടാതെ ബാങ്ക് ഓഫ് ഇന്‍ഡ്യയും ഉണ്ട്.  സുദീര്‍ഘമായൊരു സാംസ്ക്കാരിക ചരിത്രം വിളംബരം ചെയ്യുന്ന പ്രകൃതി മനോജ്ഞമായ  ഒരു പ്രദേശമാണ്  തുറവൂര്‍.  കടലിനോട് ബന്ധപ്പെടുത്തി കരപ്പുറം എന്നു കൂടി പറയപ്പെടുന്ന ചേര്‍ത്തല താലൂക്കിലെ ഫലഭൂയിഷ്ഠമായ ഈ പ്രദേശത്ത് കൃഷിയും മത്സ്യബന്ധനവുമായി ഒരു കൂട്ടം മനുഷ്യര്‍ അതിപ്രാചീനകാലം മുതലേ അധിവസിച്ച് പോരുന്നു. വ്യത്യസ്ത മതങ്ങളിലും ജാതികളിലുമുള്‍പ്പെട്ട ആ ജനസമൂഹം  പരമ്പരയായി നേടിയെടുത്ത സംസ്ക്കാരമാണ് പഞ്ചായത്തിനുള്ളത്. ആയൂര്‍വേദത്തിലെ “സഹസ്രയോഗം” മലയാളത്തിലാക്കിയ പ്രസിദ്ധനായ മനക്കോടം കേശവന്‍ വൈദ്യനെപ്പോലുള്ള വ്യക്തിത്വങ്ങളെ എടുത്തു പറയാനുണ്ട്.  പ്രാര്‍ത്ഥനാകേന്ദ്രങ്ങളും ആശ്വാസ കേന്ദ്രങ്ങളും  കലാ കേന്ദ്രങ്ങളുമായി  പരിണമിച്ചിരുന്ന  ക്ഷേത്രങ്ങളും ഭജനമഠങ്ങളും  പള്ളികളും  തയ്ക്കാവുകളും ചാപ്പലുകളും തുറവൂര്‍ പ്രദേശത്ത് അങ്ങിങ്ങായി കാണാം.