പഞ്ചായത്തിലൂടെ

പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ പന്തളം ബ്ളോക്കില്‍ കുരമ്പാല, പന്തളം തെക്കേക്കര എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 7.84 ചതുരശ്ര കിലോമീറ്ററാണ്. ജില്ലയുടെ പടിഞ്ഞാറെ അറ്റത്തുള്ള പന്തളം ഗ്രാമപഞ്ചായത്തിന്റെ കിഴക്കു ഭാഗത്താണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. വടക്ക് അച്ചന്‍കോവിലാറും, കിഴക്ക് വള്ളിക്കോട് ഗ്രാമപഞ്ചായത്തും, തെക്ക് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് പന്തളം ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ആര്‍ദ്രത കൂടിയ ഉഷ്ണകാലാവസ്ഥയുള്ള ഒരു പ്രദേശമാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. ഭൂമിയുടെ പൊതുവായ ചരിവ് കൂടുതല്‍ തെക്കോട്ടാണ്. തുമ്പമണ്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു മലഞ്ചരക്ക് വിപണന കേന്ദ്രമായിരുന്നു. പാണ്ടിനാടുമായി നേരിട്ടു വ്യാപാരം നടത്തിയിരുന്നു. കരിമ്പു കൃഷി വളര പുഷ്ടിപ്പെട്ടിരുന്നു. “കടയ്ക്കാട്ടു ശര്‍ക്കര” എന്ന ബ്രാന്‍ഡ് തന്നെ ഇപ്പോഴും നിലവിലുണ്ട്. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത് പന്തളം തെക്കേക്കര, തോന്നല്ലൂര്‍ വില്ലേജ് യൂണിയനുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ്. തിരു-കൊച്ചി സംസ്ഥാനത്ത് നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ (1953 ആഗസ്റ്റ്) തുമ്പമണ്‍ പഞ്ചായത്തില്‍ റ്റി റ്റി ജേക്കബ് (റിട്ട. മജിസ്ട്രേറ്റ്) പ്രസിഡന്റായി ഒരു കമ്മിറ്റി നിലവില്‍ വന്നു. തുമ്പമണ്‍ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ സമ്മേളനം 1953 ആഗസ്റ്റ് 15-ന് ഉതലക്കുഴി  (ഇപ്പോള്‍ എം ജി ഓഡിറ്റോറിയം നില്‍ക്കുന്ന സ്ഥലം) വച്ച് കൂടി. ഗ്രാമപഞ്ചായത്ത് ആദ്യകാലങ്ങളില്‍ കൊല്ലം ജില്ലയിലും തുടര്‍ന്ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലും 1982 നവംബര്‍ 1 മുതല്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കിലുമാണ് സ്ഥിതി ചെയ്തിരുന്നത്. ചേരചോള യുദ്ധകാലത്ത് രാജ്യാതിര്‍ത്തികള്‍ സൈനികത്താവളങ്ങളാക്കി മാറ്റിയപ്പോള്‍ പന്തളം രാജ്യത്തിന്റെ ഒരു അതിരായ തുമ്പമണ്ണും ഒരു സൈനികത്താവളമായി മാറി. ഇവിടുത്തെ പല ഭവനങ്ങളുടെയും  പേരുകള്‍ ഭാഷാപരമായി വിശകലനം ചെയ്താല്‍ ഈ സ്ഥലം രാജവംശത്തിന്റെ ആയുധനിര്‍മാണവും സൂക്ഷിപ്പും നടന്നിരുന്ന ഗ്രാമമായിരുന്നു എന്ന് അനുമാനിക്കാം. മലയാള സാഹിത്യത്തറവാട്ടിലെ അറിയപ്പെടുന്ന കവിയും വിനോദ സാഹിത്യകാരനുമായ പന്തളം കെ.പി ഈ ഗ്രാമത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വൃക്തിയായിരുന്നു. ഇദ്ദേഹം രചിച്ച “അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി” എന്ന പ്രസിദ്ധമായ വരികള്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും പ്രാര്‍ഥനാ ഗീതമാക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയതും ഇത് പ്രഭാതഗീതമായി ആറുമാസം ആകാശവാണി പ്രക്ഷേപണം ചെയ്തതും പ്രത്യേകം പ്രസ്താവ്യമാണ്. നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന തുമ്പമണ്‍ ഗ്രാമം പണ്ട് പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്നു. വിസ്തൃതിയിലും ജനസംഖ്യയിലും ചെറുതായ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ്.