ചരിത്രം

പണ്ടുകാലം മുതല്‍ പ്രശസ്തി നേടിയ ഒരു പശ്ചിമ തീരപ്രദേശമാണ് ഇന്നത്തെ തൃക്കുന്നപ്പുഴ. “ശ്രീമൂലവാസ” മെന്ന പേരിലാണ് അക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകള്‍ നിര്‍ബാധം അടുക്കുകയും ചരക്കുകള്‍ കയറ്റി ഇറക്കുകയും ചെയ്യാവുന്ന ഒരു തുറമുഖവും തുറമുഖപ്പട്ടണവും ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നത്തെ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്തുനിന്നും ആറേഴു നാഴിക പടിഞ്ഞാറ് ഇന്നു കടലായി കാണുന്ന ഭാഗത്തായിരുന്നു പ്രസ്തുത തുറമുഖപട്ടണത്തിന്റെയും പഴയ ശാസ്താക്ഷേത്രത്തിന്റെയും മറ്റും ആസ്ഥാനമെന്നു ചില പുരാതന രേഖകളില്‍ കാണുന്നുണ്ട്. ഈ പ്രദേശത്തിന്റെ അധീശത്വം ബുദ്ധമതക്കാരായ പാലി ആര്യന്മാര്‍ക്കായിരുന്നതായും, ഇവിടെ അതിമനോഹരമായ ഒരു വിഹാരം ബുദ്ധപ്രതിമയോടുകൂടി നിലനിന്നിരുന്നതായും, ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നിരവധി മതസമ്മേളനങ്ങള്‍ നടന്നിരുന്നതായും “ഹുയന്‍സാങ്” എന്ന ചൈനീസ് സഞ്ചാരി രേഖപ്പെടുത്തിക്കാണുന്നുണ്ട്. ചെറുപുഴയുടെ പടിഞ്ഞാറേക്കരയില്‍ വിശാലമായ ഒരു പുല്‍തകിടിയും പടര്‍ന്നു പന്തലിച്ചു പൂത്തുലഞ്ഞു നിന്ന ‘തിരുക്കൊന്ന’ (കണിക്കൊന്ന)യും ദൃശ്യമായി. വശ്യമനോഹരമായ ആ കാഴ്ച കണ്ടപ്പോള്‍ “ആഹാ! തിരുക്കൊന്നയും പുവും, വിശ്രമിക്കാന്‍ പറ്റിയ സ്ഥലം! തോണി അങ്ങോട്ടടുക്കട്ടെ” എന്നു പെരുമാള്‍ കല്പിച്ചു. യാത്രാമദ്ധ്യേ വിശ്രമിക്കാനിറങ്ങിയ പെരുമാള്‍ പിന്നെ സ്ഥിര വിശ്രമം അവിടെത്തന്നെയാക്കി.ചക്രവര്‍ത്തി തിരുമേനി തിരുവാമൊഴിഞ്ഞ തിരുക്കൊന്നപ്പുഴ ആളുകള്‍ പറഞ്ഞുപറഞ്ഞു തൃക്കുന്നപ്പുഴയായി.ഇങ്ങനെയാണ് പഴയ ശ്രീമൂലവാസത്തിനു തൃക്കുന്നപ്പുഴയെന്നും ക്ഷേത്രത്തിനു തൃക്കുന്നപ്പുഴ ശാസ്താ ക്ഷേത്രമെന്നും പേരു ലഭിച്ചത്.

പ്രാദേശിക ചരിത്രം

1969 ലെ അറവുകാട് സമരാഹ്വാനത്തിന്റെ അലയൊലികള്‍ ഈ തീരദേശഗ്രാമത്തിലെ ദേശസ്നേഹികളിലും വിപ്ളവബോധമുണര്‍ത്തി. ഏകദേശം 200 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പല്ലനയാര്‍, പമ്പായാറിന്റെ ഭാഗമായ പൂക്കൈതയാറും കായംകുളം പൊഴിമുഖവുമായി ബന്ധിപ്പിക്കുന്നതിന് വെട്ടിയുണ്ടാക്കിയതാണ്. ഭൂമിശാസ്ത്രപരമായി ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് ഒഴുകുന്ന പല്ലനയാര്‍ ഈ ഗ്രാമത്തിന്റെ രമണീയതയ്ക്ക് മാറ്റു കൂട്ടുന്നു. പല്ലന ദേശത്തിന്റെ ഹൃദയത്തുടിപ്പുകള്‍ മഹാകവി കുമാരനാശാന്റെ ആകസ്മിക ദേഹവിയോഗമോര്‍ത്ത് ഇന്നും ദു:ഖസ്മൃതികളയവിറക്കുന്നു. മഹാകവിയോടൊപ്പം ബോട്ടപകടത്തില്‍ മരിച്ച മറ്റ് ഒട്ടനേകം പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത് ലക്ഷ്മിത്തോപ്പില്‍ ആശാന്‍ സ്മാരകഗ്രന്ഥശാലാ സമുച്ചയത്തിന്റെ സ്ഥലത്താണ്.