ചരിത്രം

സാമൂഹിക- സാംസ്കാരിക ചരിത്രം

തൃക്കരുവ പഞ്ചായത്തിന്  ഐതിഹ്യങ്ങളും ചരിത്രസത്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാംസ്കാരിക ചരിത്രമാണുള്ളത്. ചിരപുരാതനമായ  ഭാരത സംസ്കാരത്തിന്റെയും ഏ.ഡി ഒന്നാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം  നൂറ്റാണ്ടു വരെ കേരളത്തിലെ  മലഞ്ചരക്കുകള്‍ വാങ്ങാന്‍ വേണ്ടി  അഷ്ടമുടിക്കായലില്‍  നങ്കൂരമടിച്ചിരുന്ന ഗ്രീക്കുകാര്‍ , റോമാക്കാര്‍ , അറബികള്‍ , ചൈനാക്കാര്‍ തുടങ്ങിയ വിദേശീയരുടെ  സാംസ്കാരിക  പാരമ്പര്യങ്ങളുടേയും അന്തര്‍ദ്ധാരകളോടു കൂടിയ  ഒരു സമ്മിശ്ര സംസ്കാരമാണ് ഇവിടെ എന്നു പറയാം. അഷ്ടമുടിക്കായലിന്റെ തീരത്ത് ഇന്ന് സര്‍വ്വസാധാരണമായി  കാണുന്ന ചീനവലകള്‍ ഇതിന്റെ ഒരു പ്രതൃക്ഷോദാഹരമാണ്. ഏ.ഡി ഒന്നാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ കൊല്ലം തുറമുഖം നീണ്ടകരയും, അതിന്റെ പ്രാന്തപ്രദേശങ്ങളായ പ്രാക്കുളം, അഷ്ടമുടി, കല്ലട എന്നീ പ്രദേശങ്ങളുമായിരുന്നവെന്നതിന് ചരിത്ര രേഖകളുണ്ട്. ഏ.ഡി 851-ല്‍ കേരളം സന്ദര്‍ശിച്ച സുലൈമാന്‍ എന്ന അറബിസഞ്ചാരി, അഷ്ടമുടിക്കായലില്‍ ധാരാളം ചൈനീസ് കപ്പലുകള്‍ നങ്കൂരമിട്ടുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘കൊല്ലത്തിന്റെ  ചരിത്രം’  എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍  ഭാസ്കരനുണ്ണിയുടെ പരാമര്‍ശം ഇങ്ങനെയാണ് “അഷ്ടമുടിക്കായലിന്റെ തീരത്ത് തൃക്കരുവ വില്ലേജിന്റെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള മുനമ്പിന്റെ പേര് ‘ചാമ്പ്രാണിക്കോടി’യെന്നാണ്.” ചൈനക്കാരുടെ ചെറിയ ചമ്പ്രാണിക്കപ്പലുകള്‍  അടുത്തിരുന്നതുകൊണ്ടായിരിക്കണം ചാമ്പ്രാണിക്കോടിക്ക് ആ പേരുണ്ടായത്. തൃക്കരുവ ഭദ്രകാളീ ക്ഷേത്രത്തിന്റെ  ഉടമകളായിരുന്ന കുറ്റിയഴികത്തു കുടുംബക്കാര്‍ പട്ടു നിര്‍മ്മാണ വ്യവസായം നടത്തിയിരുന്നതായും, പട്ടുവസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്നതായും പറയപ്പെടുന്നു. പഞ്ചായത്തിന്റെ  സാംസ്കാരിക ചരിത്രം അതിപുരാതനമാണ്. പുരാണ പ്രസിദ്ധമായ  ദക്ഷയാഗ കഥയുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങളുടേയും മൂടുപടമണിഞ്ഞു നില്‍ക്കുന്ന തൃക്കരുവ ഭദ്രാകാളീ ക്ഷേത്രവും അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രവും സംസ്കാരിക ചരിത്രത്തിലെ  പല വൃദ്ധിക്ഷയങ്ങള്‍ക്കും മൂകസാക്ഷികളാണ്. മാര്‍ത്താണ്ഡ വര്‍മ്മയുടെ അജ്ഞാതവാസക്കാലത്ത് അഷ്ടമുടിക്കായലില്‍ തോണി മുങ്ങി നീന്തിക്കയറിയ യുവരാജാവിന് അഭയം നല്‍കിയത് പ്രാക്കുളം വലിയമഠം കുടുംബമാണ്. തൃക്കരുവായുടെ സാംസ്കാരിക ചരിത്രത്തില്‍ ത്യാഗോജ്ജ്വലമായ ഒരദ്ധ്യായമാണ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും സംഭാവന ചെയ്തിട്ടുള്ളത്.  സ്വാതന്ത്ര്യസമര ചരിത്രത്തിലെ  ത്യാഗോജ്ജലരും ധീരദേശാഭിമാനികളുമായ  നേതാക്കളാണ് കോട്ടൂര്‍ വടക്കതില്‍ പി.കെ. പത്മനാഭ പിള്ള, കേരളാ പ്രദേശ് കോണ്‍ഗ്രസ്സ്  കമ്മിറ്റി പ്രസിഡന്റായിരുന്ന കുമ്പളത്തു ശങ്കുപിള്ള, അഡ്വക്കേറ്റ് വെള്ളാശ്ശേരില്‍ പത്മനാഭപിള്ള (കടയ്ക്കല്‍ ലഹളക്കേസില്‍ പ്രതികളായിരുന്നവര്‍ക്കു വേണ്ടി വാദിച്ചു) ഏ.പി.പിള്ള, കാഞ്ഞാവില്‍ റ്റി.ബാലകൃഷ്ണ പിള്ള എന്നിവര്‍. ‘ക്വിറ്റ് ഇന്ത്യ’  പ്രക്ഷോഭണ കാലത്ത് (1942) തൃക്കരുവ ക്ഷേത്ര മൈതാനത്തുവച്ച്  അഡ്വക്കേറ്റ് എം.ജി കോശിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മഹാസമ്മേളനവും, പ്രസംഗമദ്ധ്യേ അദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ നാട്ടുകാര്‍ കാട്ടിയ ധീരതയും അച്ചടക്കവും സാംസ്കാരിക ചരിത്രത്തിലെ ഒരു മഹനീയാദ്ധ്യായമാണ്. 1921 ലെ ചരിത്ര പ്രസിദ്ധമായ  വൈക്കം സത്യാഗ്രഹത്തില്‍ ഈ പഞ്ചായത്തില്‍ നിന്നും പലരും പങ്കെടുത്തിട്ടുണ്ട്. അയിത്തത്തിനെതിരെ നടന്ന ഐതിഹാസികമായ ‘പെരിനാട് ലഹള’  (കല്ലുമാല സമരം) ഗ്രാമത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. മന്നത്തിന്റെ നേത്യത്വത്തില്‍ മഹാറാണിക്കു മെമ്മോറിയല്‍ സമര്‍പ്പിക്കുവാന്‍ നിയുക്തമായ  12 അംഗ ഡപ്യൂട്ടേഷനിലെ  ഒരംഗമായിരുന്നു പ്രാക്കുളം പരമേശ്വരന്‍ പിള്ള എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പെരിനാട് പ്രദേശത്ത് ആദ്യമായി ഒരു തൊഴിലാളി സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്  തൃക്കുരവായിലാണ്. ‘പെരിനാട് ലേബറേഴ്സ് അസോസിയേഷന്‍’ കയര്‍ തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആവേശം പകര്‍ന്ന ട്രേഡ് യൂണിയനാണ്. കാഞ്ഞാവെളിയില്‍ നിന്ന് പ്രാക്കുളത്തേക്കുള്ള റോഡ് നിര്‍മ്മിക്കുവാന്‍ കഴിഞ്ഞത് പ്രാക്കുളം പരമേശ്വര പിള്ള (തോട്ടുവയലില്‍ )യുടെ മേധാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു. സാഹിത്യ കലാരംഗങ്ങളില്‍ തൃക്കരുവായുടെ പൈതൃകം പ്രത്യേകം സ്മരണീയമാണ്. സാഹിത്യ ചരിത്രത്തില്‍  സ്ഥാനം പിടിച്ച മൂന്ന് അതികായന്മാരാണ് കരുവാ കൃഷ്ണനാശാന്‍ , സരസകവി കണിയാങ്കട, തിരുനല്ലൂര്‍ കരുണാകരന്‍ എന്നിവര്‍. ഒരു  തികഞ്ഞ സംസ്കൃത പണ്ഡിതനും, വാഗ്മിയും പത്രപ്രവര്‍ത്തകനുമായ കൃഷ്ണനാശാന്‍ ചട്ടമ്പി സ്വാമികളുടേയും ശ്രീനാരായണ ഗുരുവിന്റേയും  വത്സല ശിഷ്യനായിരുന്നു അദ്ദേഹം. കുപ്പണ തെക്കേ കിഴക്കതില്‍ വീട്ടില്‍ സ്ഥാപിച്ചിരുന്ന അച്ചുകൂടത്തില്‍ നിന്ന് ഏ.ഡി 1898 ല്‍ പ്രസിദ്ധീകരിച്ചിരുന്ന ‘വിദ്യാവിലാസിനി’  എന്ന മാസിക കേരളത്തിലെ സാഹിത്യ നായകന്മാരുടെ വിഹാര രംഗമായിരുന്നുവെന്നു പറയാം. എം.എ. ബേബി ,സ്പോര്‍ട്സ് രംഗത്ത് പ്രശ്സതനായ  ഒളിമ്പിയന്‍  രഘുനാഥന്‍ എന്നിവര്‍ തൃക്കരുവായുടെ അഭിമാനമാണ്.