പഞ്ചായത്തിലൂടെ
ഭൂപ്രകൃതി, ജലപ്രകൃതി
അഷ്ടമുടിക്കായലിന്റെ തീരത്ത് കൊല്ലം നഗരത്ത് വടക്കുപടിഞ്ഞാറായി മൂന്നുവശവും കായലിനാല്‍ ചുറ്റപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും, സംസ്കാരത്തെയും അഷ്ടമുടിക്കായല്‍ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കായല്‍ പ്രദേശങ്ങളും താഴ്വരകളും തീരസമതലവും ഉയര്‍ന്ന പ്രദേശങ്ങളും ചരിവ് ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത്. തെക്കന്‍ ഇടനാട് മേഖലയില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്നു. കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കില്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ അഷ്ടമുടി കായലും, കിഴക്ക് പെരിനാട് പഞ്ചായത്തുമായി 18.39 ച.കി.മീറ്ററില്‍ തൃക്കരുവ ഗ്രാമപഞ്ചായത്ത് വ്യാപിച്ചു കിടക്കുന്നു. തൊട്ടടുത്ത പട്ടണമായ കൊല്ലം 10 കിലോമീറ്റര്‍ ദൂരെയാണ്. കായലിനോടു ചേര്‍ന്ന് 3 ഭാഗത്തായി തീരസമതലം വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് കണ്ടു വരുന്നത്. പ്രധാന കൃഷി തെങ്ങാണ്. തീരസമതലവുമായി ബന്ധപ്പെടുത്തി ധാരാളം കയര്‍ വ്യവസായ സ്ഥാപനങ്ങളുണ്ട്. പ്രധാന തൊഴില്‍ കയര്‍ മേഖലയിലാണ്. പഞ്ചായത്തിന്റെ മൂന്നുഭാഗവും കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സുകള്‍. 24 കുളങ്ങളും മുളക്കല്‍ ഏല തോട്, ചെറുകര തോട്, ചിറക്കര തോട് , മുക്കത്തു തോട്, മണപ്പുറത്തു തോട് എന്നീ തോടുകളും പഞ്ചായത്തിലുണ്ട്.
കൃഷിയും ജലസേചനവും
ഈ ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശമാകെ പുരാതന കൃഷി നെല്ലായിരുന്നു എന്നാണ് വായ്മൊഴിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. കായലോര പ്രദേശമാകെ നെല്കൃഷിയായിരുന്നത് കാലക്രമേണ മിക്കഭാഗവും കര പുരയിടമായി മാറുകയായിരുന്നു. മറ്റ് തീരപ്രദേശ ഗ്രാമങ്ങള്‍പോലെ തന്നെ തെങ്ങാണ് സര്‍വ്വ സാധാരണം. പ്രധാനമായും കേരകൃഷിയും കുറഞ്ഞ തോതിലുള്ള നെല്‍കൃഷിയുമാണ് നാട്ടില്‍ പണ്ടുമുതലേ നിലനിന്നിരുന്നത്. വിളപുരയിടങ്ങളിലായി (തരിശുഭുമിയില്‍ ) മിക്കവരും കൂവരക്, തിന, ഇറങ്ങ് എന്നിവയും സമൃദ്ധിയായി കൃഷി ചെയ്തിരുന്നു. പ്രസ്തുത ഇടങ്ങളില്‍ മരച്ചീനിക്കൃഷി തുടങ്ങി. നാടന്‍ ഇനങ്ങളായ നഞ്ചുവെള്ള, കോഴിപ്പൂവരന് , വര്ക്കലവെള്ള, ഏത്തയ്ക്കാമുട്ടന് , നെടുമങ്ങാടന് ഏഴുറ്റന് , അരിയന് റൊട്ടിവെള്ള, സിന്ദൂരവെള്ള എന്നിവയായിരുന്നു പ്രധാന മരച്ചീനി വിളകള്‍ . ഇന്ന് ഈ ഇനങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. തൃക്കരുവ ഗ്രാമപഞ്ചായത്തില്‍ കൃഷിയോഗ്യമായ കരപുരയിടം 607.39 ഹെ. ആണ്. നെല്‍ക്കൃഷിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന 60.50 ഹെ. 40% വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി നികത്തി കഴിഞ്ഞു.
മത്സ്യബന്ധനം
പ്രസിദ്ധമായ അഷ്ടമുടിക്കായലിന്റെ അനുഗ്രഹം കൊണ്ടു സമ്പന്നമാണു ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ മൂന്ന് വശങ്ങളിലും അതിരിടുന്ന അഷ്ടമുടിക്കായലും പത്തു വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മുപ്പതോളം കുളങ്ങളും തോടുകളും പ്രകൃതിയുടെ വരദാനങ്ങളായുണ്ട്. തീരപ്രദേശത്ത് അധിവസിക്കുന്ന ഭൂരിഭാഗം ആള്‍ക്കാരും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. വള്ളവും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതിയാണ് പരക്കെ നടന്നുവരുന്നത്. ഇതുകൂടാതെ ചീനവല ഉപയോഗിച്ചും, കരയില്‍ നിന്നു വലവീശിയും, പെട്രോമാക്സ് വെളിച്ചത്തില്‍ കോരിയും കമ്പിയും ഉപയോഗിച്ചും, വടികളുടെ സഹായത്തോടെ മുങ്ങിത്തപ്പിയും, തൂപ്പ് ഉപയോഗിച്ചും, ചൂണ്ട ഉപയോഗിച്ചും പലതരത്തില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. വീശുവല, കോരുവല, കുറ്റിവല, മടവല, നീട്ടുവല, കമ്പാവല, ചീനവല, ഞണ്ടുവല എന്നിങ്ങനെ വൈവിദ്ധ്യമാര്ന്നയിനം വലകള്‍ മത്സ്യബന്ധനത്തിന് ഉപയോഗിച്ചു വരുന്നു. കരിമീന്‍, കണമ്പ്, പൂമീന്‍, കുഴാവലി, പള്ളത്തി, ചുണ്ടന്, കളിമീന്‍, പുലാവ്, കാരല്‍, ഒറത്ത (വെട്ടന്, നിലംപതുങ്ങി) ഇലമ്പാട്ട, കൂരിത്തോട്, ചൂട, പ്രാച്ചി, ഞുണ്ണാ, കടിമീന്‍ , പാര തുടങ്ങിയ മത്സ്യങ്ങളും തെള്ളി, നാരന്‍ , ഓവി തുടങ്ങിയ ചെമ്മീന്‍ വര്‍ഗ്ഗങ്ങളും, ഞണ്ട്, കോരഞണ്ട്, വെളുത്തകക്കാ, കറുത്തകക്കാ, ചിപ്പികക്കാ, മുരിങ്ങ, ആമ എന്നിവയുമടങ്ങിയ മത്സ്യ സമ്പത്ത് അഷ്ടമുടിക്കായലിലുണ്ട്.
വിദ്യാഭ്യാസം
നീണ്ടകര അഴിമുഖത്തിനു കിഴക്കുഭാഗത്തുള്ള അഷ്ടമുടിക്കായലിന്റെ കിഴക്കേ തീരത്തായി, വ്യവസായ കേന്ദ്രമായ കുണ്ടറയ്ക്കു പടിഞ്ഞാറും, കൊല്ലം നഗരത്തിനു വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ തൃക്കരുവ ഗ്രാമം വിദ്യാഭ്യാസ പരമായി പൊതുവെ മുന്നില്‍ നില്ക്കുന്നു. കൊല്ലവര്‍ഷം 1066 ല്‍ (എ.ഡി 1890) ചെമ്മക്കാട് തട്ടാന്റയ്യത്ത് കിഴക്കതില്‍ അയ്യപ്പന് പിള്ള ആരംഭിക്കുകയും പിന്നീട് കെ.പി പരമുശേഖരന് പിള്ള സാറിന് കൈമാറുകയും, പിന്നീട് മാര്‍കൂറിലോസ് ചാരിറ്റബിള്‍ ട്രസ്റിനു വില്‍ക്കുകയും ചെയ്ത കാവറ വടക്കതില്‍ എല്‍ പി എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം. 1904-ല്‍ കുഞ്ഞുരാമന് മുതലാളി ആരംഭിക്കുകയും 1970 ല്‍ സര്‍ക്കാരിനു കൈമാറുകയും ചെയ്തതാണ് പ്രാക്കുളം എല്‍ പി എസ്. 1917-ല്‍ കാഞ്ഞാവെളിയിലെ കളിയില്ക്കാരുടെ പുരയിടത്തില്‍ പ്രാക്കുളം പരമേശ്വരന് പിള്ള ആരംഭിച്ചതാണ്. പ്രാക്കുളം എന്‍ എസ് എസ് ഹൈസ്ക്കൂള്. കൊല്ലവര്‍ഷം 1097ല്‍ (എ.ഡി 1921) വിജയദശമി ദിനത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ഉപദേശ പ്രകാരം കാവിള പെരുമാള്‍ ഗോവിന്ദന് ആരംഭിച്ചതാണ് ശ്രീനാരായണ വിലാസം സംസ്കൃത സ്ക്കൂള്. ആദ്യഘട്ടത്തില്‍ സംസ്കൃതം ശാസ്ത്രി വരെയുള്ള ക്ളാസ്സുകളാണ് നടത്തിയിരുന്നത്. ശാസ്ത്രി പാസ്സായ വിദ്യാര്‍ത്ഥികള്‍ പ്രാക്കുളം ഹൈസ്കുളില് ചേര്‍ന്ന് 8-ാം ക്ളാസില്‍ പഠനം തുടര്‍ന്നിരുന്നു. 1964-ല്‍ പ്രസ്തുത സ്ക്കൂള് പുതിയ രീതിയിലുള്ള ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്ക്കൂള് ആയി ഉയര്‍ത്തി. പെരിനാട് എല്‍ പി ജി എസ് ഉം 9-9-1963 (24-1-1138 ല്‍ ) അഷ്ടമുടി എല്‍പി സ്ക്കൂളും ആരംഭിച്ചു. കാലക്രമത്തില്‍ അഷ്ടമുടി സ്ക്കൂള് യു.പി.എസ് സ്ക്കൂള് ആക്കുകയും 1981 -ഓടുകൂടി ഹൈസ്ക്കൂള് ആയി ഉയര്‍ത്തുകയും ചെയ്തു. 1114 ഇവമാസത്തില് (1938) ശ്രീ.പി.ഐ.കൊച്ചുകുഞ്ഞ് ആരംഭിച്ച ഇഞ്ചവിള യു.പി .എസ് മാത്രമാണ് നിലവില്‍ ഉള്ള ഏക യു.പി. സ്ക്കൂള് . 1959 ല്‍ പഞ്ചായത്തിന്റെ മാനേജുമെന്റില്‍ പ്രാക്കുളത്ത് എല്‍ പി സ്ക്കൂള് ആരംഭിച്ചു. അതിന് 1960 ല്‍ അംഗീകാരം ലഭിച്ചു. പ്രാക്കുളം ഹൈസ്ക്കുളിന് സമീപത്തായി ആരംഭിക്കുകയും ചെയ്ത സ്ക്കൂളാണ് എം.ജി.എസ്.യു.പി.എസ്. ഇപ്പോള്‍ പഞ്ചായത്തില്‍ 3 ഹൈസ്ക്കുളും ഒരു യു.പി സ്ക്കൂളും 4 എല്‍ പി സ്ക്കുകളുമാണുള്ളത്.
ഗതാഗതം
തൃക്കരുവ പഞ്ചായത്തിന്റെ രണ്ടു ഗതാഗത മാര്‍ഗങ്ങളാണ് റോഡും കായലും. ഇന്നു റോഡു തന്നെയാണ് ഈ പഞ്ചായത്തിന്റെ പ്രധാന ഗതാഗത ഉപാധി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ക്ക് ഓണാട്ടുകരയില്‍ നിന്നും ജലമാര്‍ഗമാണ് അരി ഈ പഞ്ചായത്തിലേക്ക് കൊണ്ടുവന്നിരുന്നത്. അതുപോലെ കരുനാഗപ്പള്ളി, കായംകുളം, ഇടത്വ, നിരണം, ഹരിപ്പാട് എന്നീ മേഖലകളില്‍ നിന്നും തൊണ്ടു കൊണ്ടു വന്നിരുന്നത് ജലമാര്‍ഗ്ഗമായിരുന്നു. ചന്തക്കടവ് സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നിവയായിരുന്നു പ്രധാന ചരക്ക് കടവുകള്‍. ഇതിന് പുറമേ തലചുമടായി കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു സാധനങ്ങള്‍ കൊണ്ടു വരാറുണ്ടായിരുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഇങ്ങനെ അരികൊണ്ടു വന്നിരുന്ന ഈച്ചാടി, കച്ചവടക്കാര്‍ പാവൂര്‍ ഏലാ വഴിയാണ് വന്നിരുന്നത്. ഇവര്‍ക്ക് സഹായകമായി ആനപട്ടമുക്കിലും ഇഞ്ചവിളയിലും അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിന്റെ അടുത്തുമായി ചുമടു താങ്ങികള്‍ ഉണ്ടായിരുന്നു. ഇക്കാലത്ത് കാളവണ്ടികളും കുതിര വണ്ടികളും വില്ലുവണ്ടികളും കേവ് വള്ളങ്ങളും കമ്പനി വള്ളങ്ങളും ഉണ്ടായിരുന്നു. യാത്ര സൌകര്യത്തിനും ജലമാര്‍ഗ്ഗമായിരുന്നു പ്രധാന ആശ്രയം. കൊല്ലം പട്ടണത്തിലേക്കോ, കൂരീപ്പുഴ, കാവനാട്, ചവറ, തെക്കുംഭാഗം കോയിവിള തുടങ്ങിയ ഭാഗങ്ങളിലേക്കോ ആളുകള്‍ പോയിരുന്നത് വള്ളങ്ങളിലാണ്. ഇതേ കാലത്തു തന്നെ മോട്ടോര്‍ ബോട്ടുകളും നിലവില്‍ വന്നു. “കൊല്ലം-ആലപ്പുഴ, കൊല്ലം-പട്ടക്കടവ്-കടപുഴ “ റൂട്ടിലായിരുന്നു മിക്ക ബോട്ടുകളും. ഏകദേശം 10 ബോട്ടുകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു. പില്ക്കാലത്ത് ബോട്ടുടമകളില്‍ നിന്നും ബോട്ടുകള്‍ വാങ്ങി ജലഗതാഗതം ദേശസാത്കരിക്കപ്പെട്ടു. തേവള്ളി പാലം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ കണ്ടച്ചിറ ചീപ്പ് ഉണ്ടാവുകയും മങ്ങാട്ടുവഴി കൊല്ലം-കാഞ്ഞാവെളി ബസ് സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു. പഞ്ചായത്തില്‍ നിലവില്‍ 6 ബോട്ടുജെട്ടികളുമുണ്ട് . പണ്ടുണ്ടായിരുന്ന പല കടത്ത് കടവുകളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.
സംസ്ക്കാരം
പ്രാക്കുളം എന്‍ എസ്സ് എസ്സ്. ഹൈസ്ക്കൂള് , എസ് എന്‍ വി സാന്‍സ്ക്രീറ്റ് ഹൈസ്ക്കൂള് (ഞാറയ്ക്കല്‍ ), ഗവണ്മെന്റ് ഹൈസ്ക്കുള് (അഷ്ടമുടി) എന്നി മൂന്ന് ഹൈസ്ക്കൂളുകളും, കാവറ വടകതില് എല്‍ പി സ്ക്കൂള് , ഗവണ്മെന്റ് എല്‍ പി സ്ക്കൂള് (പ്രാക്കുളം), തൃക്കരുവ പഞ്ചായത്ത് എല്‍ പി സ്ക്കുള് (പ്രാക്കുളം), എല്‍ .പി എസ് ഇഞ്ചവിള എന്നീ എല്‍ പി സ്ക്കുളുകളും ഇഞ്ചവിള യു.പി സ്ക്കൂള് എന്ന പേരില്‍ ഒരു മിഡില്‍ സ്ക്കൂളും ഉള്‍പ്പെടെ എട്ടു വിദ്യാലയങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. ഈ പഞ്ചായത്തില്‍ പ്രചാരത്തിലിരുന്ന പല കലാരൂപങ്ങളും ഇന്ന് നാമാവശേഷമായിരിക്കുകയാണ്. അഷ്ടമുടിയില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരുന്നല് കുഞ്ചു പിള്ള, തുണ്ടില്‍ കുഞ്ഞന്‍ പിള്ള, കോണ്ട്രാക്ര് നാണു പിളള, കിഴക്കുംഭാഗത്ത് പരമു പിള്ള, കുറ്റിയില്‍ വേലു ആശാന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു കഥകളി സംഘം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നര്‍മ്മ രസപ്രധാനമായ ഏഴാമത്തുകളി, കാക്കാരശ്ശി നാടകം, സീതകളി എന്നിവയും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ശ്രീരാമന് , സീത, ലക്ഷ്മണന് , രാവണന് തുടങ്ങിയ എല്ലാ പ്രധാന വേഷങ്ങളും കെട്ടി, പാട്ടുപാടി അഭിനയിക്കുന്ന പട്ടികജാതിക്കാരുടെ ഒരു കലാരൂപമാണ് സീതകളി. ഈ പഞ്ചായത്തില്‍ നിരവധി വായനശാലകളും ഗ്രന്ഥശാലകളും ക്ളബുകളുമുണ്ട്. പഞ്ചായത്തില്‍ പേരിനുമാത്രം ഒരു സംസ്കാരിക നിലയം കാഞ്ഞാവെളിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം, കരുവാ ഭദ്രകാളീ ക്ഷേത്രം, പ്രാക്കുളം കുമാരമംഗലം ക്ഷേത്രം, ഐപ്പുഴ സെന്റ് എലിസമ്പത്ത് പള്ളി, സെന്റ് തോമസ് ഓര്‍ത്തോഡോക്സ് സിറിയന്‍ പള്ളി, ഇഞ്ചവിള്ള മാര്‍ത്തോമാ പള്ളി, അഷ്ടമുടി അഷ്ടജലറാണി ദേവാലയം, കരുവ ജുമാ മസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധന കേന്ദ്രങ്ങള്‍. തൃക്കരുവായിലെ ചിരാപുരാതനമായ ഉത്സവങ്ങള്‍ തൃക്കരുവ ഭദ്രകാളി ക്ഷേത്രത്തിലും, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലുമാണ് നടന്നു വരുന്നത്. പല കരക്കാര് ചേര്‍ന്നു നടത്തിയിരുന്ന തൃക്കരുവ ക്ഷേത്രത്തിലെ ഉത്സവം ഒരു മാസത്തോളം നീണ്ടുനിന്നിരുന്നതായി പറയപ്പെടുന്നു. വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ‘ഉരുള്‍ നേര്‍ച്ച’ പ്രസിദ്ധമാണ്. മറ്റ് ക്ഷേത്രങ്ങളിലും പള്ളികളിലും വാര്‍ഷികോത്സവങ്ങളും പെരുന്നാളുകളും നടത്തി വരുന്നു. തൃക്കരുവ ഭദ്രകാളി ക്ഷേത്രം, കരുവാ മുസ്ളിം ജുമാഅത്തു പള്ളി, സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി എന്നിവയുടെ ഒരു ആത്മീയ ത്രികോണമാണ് തൃക്കരുവയുടെ ഹൃദയ സ്ഥാനം എന്നുപറയാം.